ര്‍ഷങ്ങളായി ചികിത്സയിലൂടെ എന്നോട് വളരെ അടുത്തുപോയ രണ്ട് ജീവിതങ്ങള്‍. കാന്‍സര്‍ രോഗികളാണെന്ന് കോടതിയില്‍ സാക്ഷ്യപ്പെടുത്താന്‍ രേഖകള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ എന്നെ സമീപിച്ചിരുന്നു. അവരുടെ മനസ്സ് തുറന്നപ്പോള്‍. 

മുപ്പത്തഞ്ചുകാരിയായ 'സല്‍മ'യാണ് അതില്‍ ഒന്നാമത്തെ കഥാപാത്രം. ആലപ്പുഴക്കാരി. ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജീവനക്കാരി. ഒരുവര്‍ഷം മുമ്പ്, അവളുടെ സഹോദരന്റെ വിവാഹത്തിന് ഞാനും പോയിരുന്നു. ഉടുത്തൊരുങ്ങി അതിഥികള്‍ക്കിടയില്‍ ഓടിനടന്നിരുന്ന സല്‍മയുടെ രൂപം മനസ്സില്‍ തെളിഞ്ഞുവന്നു.

എന്തൊരു സന്തോഷമായിരുന്നു അന്നവള്‍ക്ക്. നവവധുവിന്റെ കൈപിടിച്ച് അവള്‍ ഓടി എന്റെയടുത്ത് വന്നു. 'ഇത് ഫസീല. എന്റെ പുന്നാര പുതിയ അനിയത്തി...' അവള്‍ ഫസീലയുടെ കൈപിടിച്ച് ചുംബിച്ചു.

'ചികിത്സയുടെ സമയത്ത് പലപ്പോഴും ഏകയായി ഇരിക്കേണ്ടിവന്ന എനിക്ക് അള്ളാഹു അറിഞ്ഞുതന്നതാണ് ഇവളെ' -സല്‍മ വാചാലയായി. 'ഇനി എനിക്ക് ഒരു കൂട്ടായി' -സല്‍മയുടെ കണ്ണുകള്‍ ഈറനണിയുന്നത് കാണാമായിരുന്നു.

കൈമുട്ടിന് വേദനയുമായിട്ടാണ് കഴിഞ്ഞയാഴ്ച സല്‍മ എന്നെ കാണാന്‍ വന്നത്. 'ബാത്ത്റൂമില്‍ തെന്നി വീണു സാറേ. വലത്തെ കൈമുട്ട് കുത്തിയാണ് വീണത്. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല...' - അവള്‍ തിരിഞ്ഞ് ഉമ്മയെ നോക്കി ചിരിച്ചു.

'ഭാഗ്യംതന്നെ' -ഞാനും അത് ആവര്‍ത്തിച്ചു.

'കുടുംബക്കോടതിയിലെ എന്റെ ഡൈവോഴ്സ് കേസ് സാറിന് അറിയാമല്ലോ !? അതിന് കൊടുക്കാന്‍ സാറെനിക്കൊരു സര്‍ട്ടിഫിക്കറ്റ് തരണം. എന്റെ രോഗാവസ്ഥ കാണിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ്. എന്റെ ക്ഷീണവും ശരീരത്തിലെ രക്തക്കുറവും ആഴ്ചയിലൊരിക്കല്‍ രക്തം കുത്തിവയ്‌ക്കേണ്ടിവരുന്ന കാര്യവുമൊക്കെ സാറ് അതില്‍ സൂചിപ്പിച്ചാല്‍ നന്നായിരുന്നു. കേസ് വിധിയാകുന്നതിന് മുമ്പ് ഞാന്‍ പോകും സാറേ...' അവള്‍ എന്റെ വലത്തെ കൈയില്‍ മുറുകെപ്പിടിച്ചു. എന്തോ ഓര്‍ത്തിട്ടെന്നപോലെ അവള്‍ എന്റെ ഇടത്തെ കൈയും മുറുകെപ്പിടിച്ചു. 'സാര്‍, എന്നോട് ക്ഷമിക്കണം. ഞാന്‍ സാറിനോട് കുറേ നുണകള്‍ പറഞ്ഞു'- അവള്‍ ഉറക്കെ കരഞ്ഞു. 'പറയാന്‍ സാധിക്കാഞ്ഞിട്ടാണ് സാറേ, സാറെന്നോട് ക്ഷമിക്കില്ലേ' -ഒരു കൊച്ചുകുട്ടിയെപ്പോലെ അവള്‍ വിതുമ്പി.

ഉമ്മയാണ് സംഭാഷണം തുടര്‍ന്നത്. 'അവള്‍ വീണതല്ല സാറേ, അവളെ തള്ളിയിട്ടതാണ്. കുറേ ഉപദ്രവിക്കുകയും ചെയ്തു. ആ പെണ്ണ് ഫസീല. അത് സ്ത്രീയല്ല സാറേ. മനുഷ്യജന്മമല്ല, പിശാചാണ്. പിശാച്' -ഉമ്മ രോഷാകുലയായി.

'അങ്ങനെ പറയല്ലേ ഉമ്മാ... ശപിക്കല്ലേ, അവളെ...' -സല്‍മ കരച്ചില്‍ നിര്‍ത്തി.

'അവളെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല സാറേ. അവള്‍ക്ക് ഭര്‍ത്താവുമൊത്ത് അവളുടെ വീട്ടില്‍ താമസിക്കണം. അതിന് തടസ്സം ഞാനാണെന്നതാണ് അവളെ പ്രകോപിപ്പിക്കുന്നത്. ഇക്ക എന്നെ വിട്ട് മാറിത്താമസിക്കാന്‍ തയ്യാറാകുന്നില്ല സാറേ.  എന്റെ സ്ഥിതി സാറിനറിയാവുന്നപോലെ ഇക്കാക്കുമറിയാം. എത്ര എത്ര രാത്രികളില്‍ ശ്വാസം കിട്ടാത്ത എന്നേയും തൂക്കിയെടുത്ത് ഇക്ക സാറിന്റെയടുത്ത് ഓടിവന്നിട്ടുണ്ട്, അല്ലേ? എന്റെ കാലശേഷമേ ഇക്ക താമസം മാറുകയുള്ളൂ എന്ന് ശാഠ്യംപിടിക്കും. ഞാന്‍ ഇക്കയെ പലവട്ടം ഉപദേശിച്ചതാണ് സാറേ, അവളുടെ വീട്ടിലേക്ക് താമസംമാറ്റാന്‍. ഇക്ക സമ്മതിക്കുന്നില്ല...'-സല്‍മ പറഞ്ഞുനിര്‍ത്തി.

'പക്ഷേ, കള്ളക്കേസ് കൊടുക്കണോ...?' -ഉമ്മ വീണ്ടും രോഷാകുലയായി. 'ഞങ്ങളെല്ലാം അവളെ ഉപദ്രവിക്കുന്നെന്നും പ്രത്യേകിച്ച് സല്‍മയാണ് അവളെ പീഡിപ്പിക്കുന്നതെന്നും കാണിച്ച് അവള്‍ കേസ് കൊടുത്തിരിക്കുകയാണ് സാറേ.. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഇവള്‍, അവളെ ദേഹോപദ്രവം ഏല്‍പിച്ചെന്നുവരെ അവള്‍ പരാതിപ്പെട്ടിട്ടുണ്ട് സാറേ. അവള്‍ ഗുണം പിടിക്കില്ല സാറേ...' -ഉമ്മ കരഞ്ഞുതുടങ്ങി.

'അങ്ങനെ പറയല്ലേ. ഉമ്മാ...' -ഉമ്മയുടെ കണ്ണീര്‍ തുടച്ചുകൊണ്ട് സല്‍മ വീണ്ടും പറഞ്ഞു: 'ഇക്കയോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണവള്‍ ഇങ്ങനെയെന്ന് വിചാരിച്ചാല്‍ മതി, അല്ലേ സാറേ...?'

അവള്‍ സല്‍മയെ ന്യായീകരിക്കുന്നതു കണ്ട് ഞാന്‍ ചിന്തിച്ചു: 'ഇത്ര നൈര്‍മല്യമുള്ള ഒരു സ്ത്രീമനസ്സ് തിരിച്ചറിയാന്‍ സാധിക്കാത്ത മറ്റൊരു സ്ത്രീ. അതേ, അത് സ്ത്രീജന്മമല്ല...' -ഉമ്മയുടെ ശബ്ദം ചെവിയില്‍ മുഴങ്ങുന്നപോലെ.

ഏറെ സമാനതകളുള്ള ജീവിതമാണ് രണ്ടാമത്തെ കഥാപാത്രത്തിന്റേത്. 15 വയസ്സുകാരനായ മകനേയും രോഗിയായ അച്ഛനേയും കൂട്ടിക്കൊണ്ടാണ് അലക്‌സ് എന്റെയടുത്ത് വന്നത്.

'കല്‍ക്കത്തയിലെ ജോലിയൊക്കെ ഉപേക്ഷിച്ച് അപ്പയെ ശുശ്രൂഷിക്കാന്‍ ഞാന്‍ നാട്ടിലെത്തി സാറേ. ഇവനെ ഞാന്‍ നാട്ടില്‍ സ്‌കൂളില്‍ ചേര്‍ത്തു.' -തൃശ്ശൂരുകാരനായ അലക്‌സ് പറഞ്ഞുനിര്‍ത്തി.

'പക്ഷേ, അവള്‍ ഞങ്ങളെ ഉപേക്ഷിച്ചുപോയി സാറെ. എന്നേയും മകനേയും അപ്പയേയും അവള്‍ക്ക് വേണ്ട. കൂടെ താമസിച്ച് അപ്പയുടെ അവസാനകാലം വരെ ശുശ്രൂഷിക്കാന്‍. എനിക്ക് ഒരു തുണയായി നില്‍ക്കാന്‍. അതിന് അവള്‍ തയ്യാറല്ല. അതിനുള്ള ഒരു മനസ്സ് അവള്‍ക്കില്ല സാറേ അവള്‍ക്ക് അടിച്ചുപൊളിച്ചു ജീവിക്കണം. എണ്‍പത് വയസ്സുകാരനായ അപ്പയ്‌ക്കെതിരേ അവള്‍ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തിരിക്കുകയാണ് സാറേ. ഇല്ലാത്ത ഒരു സ്ത്രീധനപ്രശ്‌നവും കൂടി ചേര്‍ത്തപ്പോള്‍, കേസ് കൂടുതല്‍ സങ്കീര്‍ണമായി. കോടതിയില്‍ കൊടുക്കാന്‍ സാറൊരു സര്‍ട്ടിഫിക്കറ്റ് തരണം. അപ്പയുടെ രോഗത്തെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വിശദമായ ഒരു സര്‍ട്ടിഫിക്കറ്റ്.

അവളുടെ നാട്ടിലെ കുടുംബക്കോടതിയിലാണ് കേസ്. അപ്പയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്, നാട്ടിലെ കോടതിയിലേക്ക് കേസ് ഒന്ന് മാറ്റിക്കിട്ടാന്‍വേണ്ടി അപേക്ഷിക്കാനാണ് സാറേ സര്‍ട്ടിഫിക്കറ്റ്..'

'മറ്റൊരു സ്ത്രീ, അല്ല പിശാച്...' -ഉമ്മയുടെ ശബ്ദം വീണ്ടും.

'സാറിന്റെ അനുഗ്രഹം വേണം. ഇവന്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്' -മകനെ ചൂണ്ടിക്കാണിച്ച് അലക്‌സ് പറഞ്ഞു. 'ഇവനെ ഓര്‍ത്തെങ്കിലും ആ അമ്മ തീരുമാനങ്ങള്‍ മാറ്റിയിരുന്നെങ്കില്‍...' -മനസ്സ് മന്ത്രിച്ചു. 

Content Highlight: Oncologist Dr. VP Gangadharan