ചെറിയൊരു പനിയുംകൊണ്ടാണ് അമാന്‍ഡ വീട്ടില്‍ വന്നത്. വൈറല്‍ പനിയാണ്. സാരമില്ല. ആള്‍ അമേരിക്കക്കാരിയായതുകൊണ്ട്, അവര്‍ക്ക് കഴിക്കാന്‍ 'ഓട്സ് വേണോ, അതോ ബ്രഡ്ഡ് മതിയോ..'എന്ന് ചോദിച്ചു.

അപ്പോള്‍ അമാന്‍ഡ ചോദിച്ചു: 'എനിക്ക് കുറച്ച് കഞ്ഞി കിട്ടുമോ. ഉപ്പിട്ട് ചൂടുള്ള കഞ്ഞി...? കുറച്ച് പയറും കൂടിയുണ്ടെങ്കില്‍ വലിയ സന്തോഷം.'

കേരളത്തില്‍ വന്നാല്‍ അമാന്‍ഡയുടെ പ്രിയ ഭക്ഷണം കഞ്ഞിയാണ്. അത് വളരെ 'സിമ്പിള്‍ ആയ, വീടിന്റെ ഫീല്‍ തരുന്ന' ഭക്ഷണമാണെന്ന് അമാന്‍ഡ.

ഞങ്ങളുടെ മൂത്ത മകന്‍ ഗോപു അമേരിക്കയില്‍ എം.ബി.എ. പഠിക്കുമ്പോള്‍ ബോസ്റ്റണിലെ കാമ്പസില്‍ 'ലിംഗ്വിസ്റ്റിക്‌സ്' പഠിക്കുകയായിരുന്നു അമാന്‍ഡ. അവരുടെ പഠനത്തിന്റെ ഭാഗമായി മലയാളം പഠിക്കുന്നുണ്ടായിരുന്നു. മലയാള വ്യാകരണത്തിലാണ് അമാന്‍ഡയുടെ ഗവേഷണം. ഭാഷ പ്രയോഗിക്കാനറിയാവുന്ന ഒരാളുടെ അടുത്തുനിന്ന് സംശയങ്ങള്‍ ചോദിക്കാനും ഭാഷയെക്കുറിച്ച് അറിയാനും വേണ്ടിയാണ് അമാന്‍ഡ ഗോപുവിനെ പരിചയപ്പെട്ടത്. ഗോപുവിന്റെ അടുത്തുനിന്ന് അമാന്‍ഡ, നമ്മുടെ സാധാരണ മലയാളഭാഷാ പ്രയോഗരീതികള്‍ കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ടാവും. അതല്ലാതെ, വ്യാകരണം ചോദിച്ചാല്‍ കാര്യം നമ്മുടെ സ്വന്തം മലയാളമാണെങ്കിലും നമ്മളും കുഴഞ്ഞുപോകുകയല്ലേ ഉള്ളൂ...?

മലയാളം പഠിക്കാനാണ് വന്നതെങ്കിലും അമാന്‍ഡയ്ക്ക് ഭാഷയെക്കാള്‍ ഇഷ്ടമായത് ഈ നാടിനെയാണ്. 'ഇവിടെ ജീവിതമുണ്ട്' എന്നാണ് അമാന്‍ഡ പറയുന്നത്. അമേരിക്കയില്‍നിന്ന് വരുമ്പോള്‍ മിക്കപ്പോഴും അവര്‍ വീട്ടില്‍ വരാറുണ്ട്. കേരളത്തിലെ വീടുകളില്‍ വന്നാല്‍ ശരിക്കും ഒരു 'ഹോംലി ഫീല്‍' കിട്ടുമെന്നാണ് അമാന്‍ഡ പറയുന്നത്. അത് അത്രയ്ക്കധികം ഉള്ളില്‍ തൊടുന്ന അനുഭവമാണെന്ന് പിന്നെയും പിന്നെയും പറയുന്നു അമാന്‍ഡ.

മുമ്പൊരിക്കല്‍ ഇവിടെയായിരിക്കുമ്പോള്‍ അവര്‍ക്ക് ഇതുപോലെ ചെറിയൊരു പനിവന്നു. താമസിച്ചിരുന്ന വീട്ടിലെ വല്യമ്മ അമാന്‍ഡയ്ക്ക് കഞ്ഞിയും ചുക്കുകാപ്പിയും ഒക്കെ ഉണ്ടാക്കിക്കൊടുത്തു. ഉണ്ടാക്കിക്കൊടുക്കുക മാത്രമല്ല, അടുത്തുവന്നിരുന്ന് സ്‌നേഹത്തോടെ അത് കഴിപ്പിച്ചു. അങ്ങനെയൊരു അനുഭവം അമേരിക്കയില്‍ ഒരിടത്തുനിന്നും കിട്ടില്ലെന്ന് അവര്‍ പറയുന്നത്, അവിടെ ജനിച്ചുവളര്‍ന്നതിന്റെ പരിചയത്തില്‍ നിന്നാണ്. പനിയോ അസുഖങ്ങളോ ഒക്കെ വന്നാല്‍ നിറയെ ആശംസാ സന്ദേശങ്ങള്‍ വരും 'വേഗം സുഖമാകട്ടെ...' എന്നൊക്കെ. അത്രയ്ക്ക് അടുപ്പമുള്ളവര്‍ ചിലപ്പോള്‍ പൂക്കളൊക്കെ കൊടുത്തയയ്ക്കും. പക്ഷേ, അടുത്തുവരാനോ ഒന്നു കൈപിടിച്ച് അടുത്തിരിക്കാനോ ചേര്‍ത്തുപിടിച്ച് ഒന്നാശ്വസിപ്പിക്കാനോ ആരും തയ്യാറാവില്ല. വീട്ടിലുള്ളവരാണെങ്കില്‍പ്പോലും അസുഖക്കാരുടെ അടുത്തേക്ക് വരാതിരിക്കുകയാണ് ചെയ്യുക. അവിടെ എല്ലാം മെക്കാനിക്കലാണ്. ഇവിടെയാകട്ടെ, എല്ലാറ്റിനും ഒരു മനുഷ്യമുഖമുണ്ട്. സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും കരുതലിന്റെയും അനുഭവം.

അമേരിക്കയില്‍ എല്ലാവരും 'കഴിഞ്ഞുകൂടിപ്പോകുക' മാത്രമാണ് ചെയ്യുന്നത്. 'ജീവിക്കുക' എന്നു പറയുന്ന ആ സ്‌നേഹാനുഭവമുണ്ടല്ലോ അത് തീരെയില്ല. 'Existance' ആണ് അവിടെ. അതേയുള്ളു...അതിനപ്പുറം 'Life' എന്നൊന്നില്ല.

എന്തൊക്കെ കുറ്റങ്ങളും കുറവുകളും പരാതികളും പറയുമെങ്കിലും ഇവിടെ ജീവിതത്തിന് ചില മൂല്യങ്ങളൊക്കെയുണ്ട്. വിലമതിക്കാനാവാത്തതാണ് ആ മൂല്യങ്ങള്‍. അമേരിക്കയില്‍ ആരും ഒട്ടുമേ മൈന്‍ഡു ചെയ്യുക പോലുമില്ലാത്തതാണ് ആ മൂല്യങ്ങള്‍.

അവിടെ ഒരു സ്‌കൂളില്‍ പഠിപ്പിക്കുന്നുമുണ്ട് അമാന്‍ഡ. കുട്ടികളോട് പറയുമ്പോഴൊക്കെ ജീവിതത്തിലെ മൂല്യങ്ങളെക്കുറിച്ചും മനുഷ്യര്‍ക്കിടയിലെ സ്‌നേഹംനിറഞ്ഞ അടുപ്പത്തെക്കുറിച്ചുമൊക്കെ പറയും അമാന്‍ഡ. പക്ഷേ, ഫോര്‍മല്‍ അല്ലാത്ത ബന്ധങ്ങളൊന്നും കണ്ടുപരിചയമേയില്ലാത്ത കുട്ടികള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍പോലും കഴിയാറില്ല.

എല്ലാം നല്ലരീതിയിലാണെങ്കില്‍, കേരളത്തില്‍ ഒരു കുടുംബമായി സെറ്റില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് അമാന്‍ഡ പറയുന്നതു കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിവരും, 'അമേരിക്കയില്‍ നിന്ന് വന്ന് ഇവിടെ താമസിക്കാന്‍പോകുന്നു. നല്ല കാര്യം...' എന്ന്.

നമ്മുടെ നാട്ടിലെ പ്രകൃതിയും ഭാഷയും ഒക്കെ എത്രയൊക്കെപ്പറഞ്ഞാലും മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നതാണെന്ന് അമാന്‍ഡ പറയുന്നു. 'കമിങ് വിത്ത് യൂ' എന്ന് ഇംഗ്ലീഷില്‍ പറയുന്നതുപോലെയല്ല, 'കൂടെ വരുന്നു' എന്ന് മലയാളത്തില്‍ പറയുന്നത് എന്നാണ് അമാന്‍ഡ പറയുന്നത്. 'കൂടെ' എന്ന വാക്കിന് ഹൃദയത്തില്‍നിന്ന് വരുന്ന ഫീല്‍ ഉണ്ട്.

'with' എന്ന വാക്കില്‍ ആ ഹൃദ്യമായ ഫീല്‍ ഇല്ല. നിങ്ങളുടെ ഭാഷയും ഭൂമിയുമൊക്കെ മനുഷ്യമനസ്സിലേക്ക് അത്രയും അടുത്തു നില്‍ക്കുന്നതാണെന്ന് അമാന്‍ഡ.

അമേരിക്കയില്‍ എല്ലാവരും 'ജീവിതകാലം കഴിച്ചുകൂട്ടുക'യാണ് ചെയ്യുന്നത്. അതിന്റെ ബോറടികള്‍ മാറ്റാനുള്ള കുറേ ആഘോഷങ്ങളും. 'ഇവിടെയാണ് ഹൃദയത്തോടുചേര്‍ന്ന ജീവിതമുള്ളത്'എന്നാണ് അമാന്‍ഡയുടെ കണ്ടെത്തല്‍.

'ഭാഷകൊണ്ടും പ്രകൃതികൊണ്ടും ജീവിതംകൊണ്ടും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന നാടാണ് കേരളം' എന്ന് ഒരു അമേരിക്കക്കാരി പറയുമ്പോള്‍ നമുക്ക് കൗതുകമായിരിക്കും. നമ്മുടെ ആളുകളാണെങ്കില്‍ 'എങ്ങനെയെങ്കിലും ഒന്ന് അമേരിക്കയില്‍ എത്തിപ്പെട്ട് അവിടെ ജീവിക്കാന്‍' വേണ്ടി വെമ്പല്‍കൊണ്ട് നടക്കുമ്പോഴാണ് അവിടെനിന്ന് ഇങ്ങോട്ട്, ഇവിടത്തെ കഞ്ഞിയും മലയാളവും വീട്ടുകാരുടെ അടുപ്പവുമൊക്കെ തേടി ഒരു ചെറുപ്പക്കാരി വരുന്നത്.

ഹൃദയത്തില്‍നിന്ന് വരുന്ന സൗമ്യമധുരമായ മൂല്യങ്ങള്‍ക്ക് മഹത്ത്വം കല്‍പിക്കുന്ന മനുഷ്യര്‍ക്ക് അതിന്റെ വില പറഞ്ഞുമനസ്സിലാക്കാനാവില്ല. അതിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. മനുഷ്യര്‍ക്കൊക്കെ ഉള്ളിന്റെ ഉള്ളില്‍ എപ്പോഴും ആ മോഹമുണ്ടായിരിക്കുമല്ലോ. ഹൃദ്യമായ ഒരു മനുഷ്യജീവിതം നയിച്ച്, ലളിതമധുരമായി പ്രിയപ്പെട്ടവര്‍ക്കൊപ്പം കഴിഞ്ഞ്, സ്‌നേഹത്തോടെ ജീവിക്കാനുള്ള മോഹം. 

'എല്ലാം കളഞ്ഞുപോയി...'എന്ന് എത്രയൊക്കെ സ്വയം കുറ്റംപറഞ്ഞാലും ഇപ്പോഴുമുണ്ട് നമ്മുടെയിടയില്‍, നമ്മുടെയുള്ളില്‍ ആ വീട്ടുജീവിതം. അതിന്റെ മധുരവും മഹത്ത്വവും മൂല്യവും.

 

Content Highlight: Dr. VP Gangadharan