പ്രിയപ്പെട്ട സാറിന്, ഒരു സന്തോഷവാര്‍ത്ത പങ്കുവെയ്ക്കാനാണ് ഞാന്‍ സാറിന് ഈ ഫോണ്‍ മെസേജ് അയയ്ക്കുന്നത്. ഈ വര്‍ഷത്തെ 'ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡി'ന് എന്നെ തിരഞ്ഞെടുത്തിരിക്കുന്നു (നഴ്സിങ് സേവനത്തിന് രാഷ്ട്രം നല്‍കി ആദരിക്കുന്ന ഒരു ബഹുമതിയാണത്).

സസ്‌നേഹം
ശോഭ, കോഴിക്കോട്

സന്തോഷം തോന്നി, 'ഇനിയും ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് പറക്കാന്‍ സാധിക്കട്ടെ ശോഭയ്ക്ക്..'- മനസ്സ് മന്ത്രിച്ചു.

ശോഭ, പത്മജ, പുഷ്പ, ശ്രീദേവി.. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ എന്റെ കൂടെ മെഡിക്കല്‍ ഓങ്കോളജിയില്‍. അങ്ങനെ വിശേഷിപ്പിച്ചാല്‍ പോരാ, ഒരു വന്‍ശക്തിയായി എന്റെകൂടെ നിന്നിരുന്ന ആ മുഖങ്ങളെല്ലാം മനസ്സില്‍ തെളിഞ്ഞുവന്നു. കൂടെ സരസ്വതി സിസ്റ്ററും.

എന്റെ പ്രൊഫഷണല്‍ ജീവിതത്തിന്റെ ആദ്യകാലഘട്ടം, അതുപോലെതന്നെ, നഴ്സിങ് പഠനം കഴിഞ്ഞ് ആദ്യമായി കളരിയിലിറങ്ങുന്ന ചുറുചുറുക്കുള്ള ഒരുപറ്റം കുട്ടികള്‍. എല്ലാ അര്‍ഥത്തിലും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു ഞങ്ങള്‍. അതി സമര്‍ഥരായ ഒരുകൂട്ടം കുട്ടികളെന്നു മാത്രമല്ല, നല്ലൊരു മനസ്സിന്റെ ഉടമകളായിരുന്നു അവരെല്ലാവരും. രോഗികളോടുള്ള അവരുടെ സമീപനം, ഇടപെഴകല്‍, ആശ്വാസമേകുന്ന വാക്കുകള്‍, യഥാര്‍ഥ പ്രൊഫഷണലിസം... ഇതെല്ലാം ചേര്‍ന്നപ്പോള്‍ റീജണല്‍ കാന്‍സര്‍ സെന്ററിലെ ആദ്യ വാര്‍ഡായ 'മെഡിക്കല്‍ ഓങ്കോളജി വാര്‍ഡ്' ഒരു സ്വര്‍ഗരാജ്യമായി മാറി എന്ന് പറയാതെ വയ്യ. ഈ ടീമിന്റെ കൈകളിലൂടെ തിരികെ ജീവിതത്തിലേക്ക് വന്ന എത്രയെത്ര പേര്‍. അവര്‍ ഈ പേരുകളെല്ലാം നന്ദിയോടെ സ്മരിക്കുന്നു. കൂടെ, ഈ ഞാനും.

ഇവരുടെ കൂടെ കുറേക്കാലം ജോലിചെയ്യാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. അതിനേക്കാളുപരി ഇന്നും അവര്‍ എന്റെ ജീവിതത്തിന്റെ ഭാഗമായി തുടരുന്നു എന്നത് മനസ്സിന് സന്തോഷം നല്‍കുന്നു.

ഇത്തരം കുറേ 'ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍'മാര്‍ മനസ്സിലേക്ക് ഓടിയെത്തി. അടയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഞാന്‍ വിദ്യാര്‍ഥിയായിരുന്ന കാലഘട്ടം, കുട്ടികളുടെ വാര്‍ഡിന്റെ ചുമതല സിസ്റ്റര്‍ നിര്‍മലയ്ക്ക് ആയിരുന്നു. 'നിര്‍മല' എന്നത് ഞാന്‍ വിളിക്കുന്ന പേരായിരുന്നു. അത്ര നിര്‍മലയായ ഒരു കന്യാസ്ത്രീയമ്മ. ശമ്പളത്തിന്റെ നല്ലൊരു പങ്ക് വാര്‍ഡിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് സിസ്റ്റര്‍ ചെലവാക്കിയിരുന്നത്. കളിപ്പാട്ടങ്ങളും ബിസ്‌കറ്റും, പലതരം മിഠായികള്‍, അച്ചാര്‍... ഇതെല്ലാം സിസ്റ്ററിന്റെ കസ്റ്റഡിയിലുണ്ടാകും.

ആ ദിവസം ഓര്‍മയില്‍ തെളിഞ്ഞുവന്നു

അന്ന് ചെന്നൈ നഗരത്തില്‍ ഹര്‍ത്താലായിരുന്നു. മൈലുകള്‍താണ്ടി അന്നും സിസ്റ്റര്‍ ആശുപത്രിയിലെത്തി. കാല്‍നടയായി മറീന ബീച്ച് മുതല്‍ അടയാര്‍ വരെ. കുട്ടികള്‍ക്ക് ഈ സാധനങ്ങളെല്ലാം എടുത്തുകൊടുക്കാന്‍ സിസ്റ്റര്‍ വന്നേ മതിയാവൂ എന്നു മനസ്സിലാക്കിക്കൊണ്ട് അലമാരയുടെ താക്കോലുമായി ഓടിയെത്തിയതാണ് ആ വലിയ മനസ്സ്. സിസ്റ്ററിനെ, ആ മനസ്സിനെ എങ്ങനെ വിശേഷിപ്പിക്കും.രാധ, പത്മിനി. തുടങ്ങിയവരെല്ലാം അടയാറില്‍ ഇതേ മനഃസ്ഥിതിയോടെ ജീവിച്ചവരായിരുന്നു. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സേവിച്ചവരായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പഠിക്കുന കാലഘട്ടം

'ഡോക്ടറേ, ഗുഡ്മോര്‍ണിങ്, സുഖമാണോ...?'ചെടിക്കള്‍ക്കിടിയില്‍ നിന്ന് റോസീറ്റാമ്മ സിസ്റ്ററിന്റെ ശബ്ദം. ചുറ്റുംനില്‍ക്കുന്ന റോസാപ്പൂക്കളേക്കാള്‍ മനോഹരമായി ചിരിച്ചുകൊണ്ട് സിസ്റ്ററിന്റെ മുഖം തെളിഞ്ഞുനില്‍ക്കും. 'കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഒരു കാലഘട്ടമാണ് സിസ്റ്റര്‍ വിരമിച്ചപ്പോള്‍ അകന്നുപോയത്' എന്ന് എല്ലാവരും ഓര്‍ക്കാറുണ്ട്.

കാരിത്താസ് ആശുപത്രിയിലെ ആന്‍സിയമ്മ സിസ്റ്റര്‍, അനൂജ സിസ്റ്റര്‍. ആ നിര അങ്ങനെ നീണ്ടുപോകുന്നു. രോഗികളുടെ ബന്ധുക്കളുടെ വേദനയില്‍ പങ്കുചേര്‍ന്ന്, അവരെ കെട്ടിപ്പിടിച്ച് സമാശ്വസിപ്പിക്കുന്ന എത്രയെത്ര രംഗങ്ങള്‍. അതിലെ നിറംമങ്ങാത്ത കഥാപാത്രങ്ങളായിരുന്നു ഇവരെല്ലാം. അക്കൂട്ടത്തില്‍ തെളിഞ്ഞുവരുന്ന മറ്റൊരു മുഖം കൂടെയുണ്ട്. രൂപത്തിലും ഭാവത്തിലും പ്രവൃത്തിയിലും 'ഭൂമിയിലെ മാലാഖ'യായി വിശേഷിപ്പിക്കാവുന്ന ശ്രീജ സിസ്റ്റര്‍. വരുടെയെല്ലാം കൂടെ ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചതിന് ദൈവത്തിന് നന്ദി.

അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ ലേക്ഷോര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജിയിലെ ഫിലോമിന സിസ്റ്റര്‍. സിസ്റ്റര്‍ ഒരു പ്രതിഭാസമായിരുന്നു. സ്വന്തം ജീവിതം കത്തിത്തീരുമ്പോഴും മരണത്തിലേക്ക് നടന്നടുക്കുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിക്കാനുള്ള ഒരു മനസ്സ്. അതാണ് ഫിലോമിന സിസ്റ്ററിനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കുന്നത്. അതുകൊണ്ടാണ്, സിസ്റ്റര്‍ എല്ലാവരുടേയും 'മമ്മി'യാകുന്നത്. ചിത്രം പൂര്‍ത്തിയാകുന്നില്ല. ഇനിയും എത്രയെത്ര ശോഭമാര്‍, രാധമാര്‍, ഫിലോമിനമാര്‍...

ജനം, സമൂഹം വരെ മറക്കരുത്. സ്‌നേഹിക്കണം, ബഹുമാനിക്കണം,ആദരിക്കണം.

'ഹാപ്പി ഡോക്ടേഴ്സ് ഡേ' വാര്‍ഡില്‍ നിന്നുള്ള സിസ്റ്ററിന്റെ ആശംസകളാണ് ചിന്തകള്‍ക്ക് വിരാമമിട്ടത്.
ഈ 'മാലാഖ'മാരുടെയെല്ലാം ശബ്ദം ഒന്നിച്ച് കാതില്‍ അലയടിക്കുന്നപോലെ.
'ഡോക്ടര്‍മാര്‍ സന്തോഷിക്കുന്നത്.അവരുടെ ദിവസങ്ങള്‍ ധന്യമാകുന്നത് നിങ്ങളിലൂടെയാണ്.' -ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നി.

Content Highlight: Oncologist Dr. VP Gangadharan, VP Gangadharan, VPG, Florence Nightingale Medal 2019, Nurse N Sobana