ഡോക്ടര്‍ എഴുന്നേറ്റോ... ഉറക്കമുണര്‍ന്നത് ഫോണിലൂടെ സതീഷ് സാറിന്റെ ചോദ്യം കേട്ടു കൊണ്ടാണ്. ഒരു പാട്ട് റെക്കോഡ് ചെയ്യാന്‍ സഹായിക്കാമോ.. സാറിന്റെ ചോദ്യത്തിന് ശരി എന്ന് ഞാന്‍ ഉത്തരം നല്‍കിയത് പാതി ഉറക്കത്തിലായിരുന്നു. ബുള്‍ബുളില്‍ ഒന്നു രണ്ട് വരികള്‍ വായിച്ചാല്‍ മതിയാകും എന്നു കരുതിയാണ് ശരി എന്ന് ഉത്തരം നല്‍കിയത്. രാവിലെ ഒമ്പതു മണിയായപ്പോള്‍ സാര്‍ വീണ്ടും വിളിച്ചു. ഞാന്‍ അതിരാവിലെ കണ്ട ഒരു സ്വപ്‌നത്തെ തുടര്‍ന്നാണ് ഡോക്ടറെ വിളിച്ചത്. ഡോക്ടറും ആദിയും കൂടി ഒരു പാട്ടുപാടണം. ശരിക്കും ഞെട്ടലോടെയാണ് ഞാന്‍ അതു കേട്ടത്.

ഗുരുവായൂര്‍ കണ്ണനെക്കുറിച്ചുള്ള ഒരു ഭക്തിഗാനമാണ് ഡോക്ടറേ... ഞാനതിന് ഈണം ഇട്ടു കഴിഞ്ഞു. മോഹനരാഗമാണ്. ഏത് രാഗമായാലും എനിക്ക് ഒരു പോലെയാണ് പാടിയാല്‍ ശരിയാവില്ലല്ലോ... എന്ന് പറയാനാണ് തോന്നിയതെങ്കിലും പറഞ്ഞില്ല.ഗാനരചയിതാവ് വിധിതയാണ്. നമ്മുടെ പാട്ടുകാരന്‍ മധു ബാലകൃഷ്ണന്റെ ഭാര്യ. ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ സഹോദരി. ഭക്തരെ കാണാന്‍ സാധിക്കാതെ ദുഃഖിച്ചിരിക്കുന്ന കണ്ണനെയാണ് - ഗുരുവായൂരപ്പനെയാണ്- വിധിത ആ വരികളില്‍ പ്രതിപാദിച്ചിരിക്കുന്നത്. സതീഷ് സാര്‍ ആവേശത്തിലായിരുന്നു.

ഡോക്ടര്‍ എന്താ ഒന്നും മിണ്ടാത്തത്...
സാറിന്റെ ഈ ചോദ്യം കേട്ടാണ് ഞാന്‍ സ്വപ്നലോകത്തിലല്ല എന്ന് തിരിച്ചറിഞ്ഞത്.
ഞാന്‍... ഞാന്‍ പാടാനോ...
അരുതാത്തതെന്തോ ചെയ്യാന്‍ പോകുന്ന പോലെ ഞാന്‍ സാറിനോട് പറഞ്ഞു. സാറേ.. അത് ശരിയാവില്ല. എനിക്ക് പകരം സാറു തന്നെ പാടിയാല്‍ മതി. കൂടെ പാടാന്‍ ആദിയുമുണ്ടല്ലോ... ഞാന്‍ വേണ്ട സാറേ. അത് ശരിയാവില്ല...
ഞാന്‍ പറഞ്ഞു നിര്‍ത്തുന്നതിനു മുമ്പ് സാറ് ചോദിച്ചു. ങേ! അപ്പോള്‍ രാവിലെ സമ്മതിച്ചതോ!
അത്.. സാറേ... എനിക്ക് മുഴുമിക്കാനായില്ല.

ഇത് എന്റെയൊരു സ്വപ്നമാണ് ഡോക്ടറേ. ആ സമയത്ത് കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്നാണ് പ്രമാണം. സാര്‍ വാചാലനായി. ആ സമയത്ത് പല്ലി ചിലച്ചെന്നോ ഞാന്‍ കണ്ടത് ദുഃസ്വപ്നമായിരുന്നെന്നോ ഞാന്‍ സാറിനോട് ചോദിച്ചില്ല. പറഞ്ഞുമില്ല. ഒരാഴ്ചയ്ക്കുള്ളില്‍ നമുക്ക് ഇതു റെക്കോഡ് ചെയ്യണം- സാറിന്റെ ആവേശം കണ്ട് ഞാന്‍ വീണ്ടും ഞെട്ടി. 

അടുത്ത രണ്ടു മൂന്നു ദിവസം എനിക്ക് കാളരാത്രികളായിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍. ഒന്ന് കണ്ണടയ്ക്കുമ്പോഴേക്ക് ഞാന്‍ സ്‌റ്റേജില്‍ നിന്ന് പാട്ടു പാടുന്ന ഒരു രംഗം മനസ്സില്‍ തെളിഞ്ഞു വരും. കര്‍ണ കഠോരമായ എന്റെ ശബ്ദം മൈക്കിലൂടെ- ചീമുട്ടയും പഴത്തൊലിയും ചെരിപ്പും സ്റ്റേജിലേക്കെറിഞ്ഞ് കൂക്കി വിളിക്കുന്ന കാണികള്‍... കൈ കൊട്ടി കളിയാക്കിച്ചിരിച്ചു കൊണ്ട് കണ്ണിറുക്കുന്ന ഗുരുവായൂര്‍ കണ്ണനെക്കൂടി കാണുമ്പോള്‍ ഞാന്‍ ഉറക്കമുണരും. കൃഷ്ണാ എന്നെ രക്ഷിക്കണേ എന്ന് അറിയാതെ വിളിച്ചുപോയ രാത്രികള്‍! വയസ്സായപ്പോള്‍ ഉറക്കത്തിലും കൃഷ്ണനെ വിളിച്ചു തുടങ്ങി അല്ലേ! അല്ലേലും പ്രായമാകുമ്പോള്‍ ഈശ്വര വിശ്വാസം താനേ കൂടും. അടുത്ത് കിടന്ന് ചിത്ര പാതിയുറക്കത്തില്‍ പറയും.

നമുക്ക് ആ പാട്ടൊന്ന് പാടി നോക്കാം. അടുത്ത ദിവസം തന്നെ സതീഷ് സാര്‍ ആദിയെയും കൂട്ടി വീട്ടിലേക്ക് വന്നു. കൂടെ ആദിയുടെ മാതാപിതാക്കളായ രജീഷും ദിവ്യയുമുണ്ടായിരുന്നു. ഞാന്‍ ദയനീയമായി സതീഷ് സാറിന്റെ മുഖത്തേക്ക് നോക്കി. അതൊന്നും കണ്ട ഭാവം നടിക്കാതെ സാര്‍ കീബോര്‍ഡില്‍ തന്റെ വിരലുകള്‍ ചലിപ്പിച്ചു കൊണ്ട് പാട്ടിന്റെ ഈണം വായിക്കുകയായിരുന്നു. 

സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാന്‍ ആ പാട്ടിന്റെ രണ്ടു വരികള്‍ പാടിത്തീര്‍ത്തു. ഞാന്‍ ആകെ വിയര്‍ത്തു കുളിച്ചിരുന്നു. പാട്ടു പാടുമ്പോള്‍, അതെഴുതിയ കടലാസു കഷണം കൈയിലിരുന്ന് വിറച്ചത് ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. അതിലെഴുതിയ അക്ഷരങ്ങള്‍ ഇടയ്ക്കിടെ മങ്ങുന്നുണ്ടായിരുന്നോ! അടുത്ത രണ്ടു വരികള്‍ ആദി മനോഹരമായി പാടിത്തീര്‍ത്തു. അതും കൂടിയായപ്പോള്‍ എന്റെ മനസ്സിലെ ആധി രണ്ടിരട്ടിയായി വര്‍ധിച്ചു. ആദിയുടെ പാട്ടിന്റെയും സ്വരത്തിന്റെയും താളത്തിന്റെയും ഏഴയലത്തു പോലും എത്താന്‍ എനിക്ക് സാധിക്കില്ലല്ലോ എന്നത് ഒരു അപകര്‍ഷതാബോധമായി മനസ്സില്‍ തെളിഞ്ഞുവന്നു. 

സതീഷ് സാറേ, സാറ് പാടിയാല്‍ മതി. ഞാന്‍ പാടിയാല്‍ ശരിയാവില്ല. ഞാന്‍ ഒരിക്കല്‍ക്കൂടി ധൈര്യപൂര്‍വം പിന്മാറാനുള്ള ഒരു ശ്രമം നടത്തി നോക്കി. പക്ഷേ, സാര്‍ വിടാനുള്ള ഭാവമില്ലായിരുന്നു. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ സാറ് കീബോര്‍ഡില്‍ പാട്ടിന്റെ ഈണം വായിച്ചുകൊണ്ടിരുന്നു. എത്ര പ്രാവശ്യം ആ പാട്ട് ഞാന്‍ വീണ്ടും വീണ്ടും പാടി എന്ന് ഓര്‍മയില്ല. ഓരോ പ്രാവശ്യവും സാറ് എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. തെറ്റുകള്‍ തിരുത്തിത്തന്നു കൊണ്ടേയിരുന്നു. 

പാടാം എന്നുള്ള ആത്മവിശ്വാസം വന്നു അല്ലേ? പോകാന്‍ നേരം സാറ് തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു. നാളെ സ്റ്റുഡിയോയില്‍ പോയി നമുക്ക് ഒന്നു പാടി നോക്കാം. ട്രാക്കൊക്കെ ഞാന്‍ ഇട്ടു വെച്ചിട്ടുണ്ട്. അതു കേട്ടതും എന്റെ നെഞ്ചിടിപ്പ് നിന്നു പോയതു പോലെ. കൃഷ്ണാ!! ഞാന്‍ അറിയാതെ മനസ്സില്‍ വിളിച്ചു പോയി.

ആ രാത്രിയിലും എനിക്ക് ഉറക്കം വന്നില്ല. മയങ്ങിത്തുടങ്ങുമ്പോഴേക്കും ആ പാട്ടിന്റെ വരികള്‍ ഒരശരീരി കണക്കെ ചെവിയില്‍ മുഴങ്ങും. ഉടനെ ഞാന്‍ ഞെട്ടിയുണരും. ഉറക്കച്ചടവോടെയാണ് രാവിലെ റെക്കോഡിങ് സ്റ്റുഡിയോയിലെത്തിയത്. ഇതാണ് ഞാന്‍ പറഞ്ഞ സന്തോഷ്. സന്തോഷിന്റെ ജീവനാണ് ഈ സ്റ്റുഡിയോ. സതീഷ് സാര്‍ സന്തോഷിനെ പരിചയപ്പെടുത്തി.  ഞാന്‍ യാന്ത്രികമായി ഒന്നു ചിരിച്ചു. അങ്ങനെ ചിരിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. എന്റെ മുഖത്തെ ദയനീയത കണ്ടിട്ടാവണം, സന്തോഷ് പറഞ്ഞു- ഡോക്ടര്‍ സംഗീതോപകരണങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്ന ആളല്ലേ! അപ്പോള്‍ പാടാന്‍ എളുപ്പമായിരിക്കും. ഞാന്‍ ഒന്ന് കിടുങ്ങി. കൂടുതല്‍ ദയനീയതയോടെ സന്തോഷിന്റെ മുഖത്തേയ്ക്ക് നോക്കി. വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയെന്ന് സന്തോഷ് സംശയിച്ചെങ്കില്‍ തെറ്റു പറയാനാകില്ല. എത്ര തവണ പാട്ട് വീണ്ടും വീണ്ടും പാടി എന്ന് ഓര്‍ത്തെടുക്കാന്‍ പ്രയാസം. പക്ഷേ, ഓരോ വരികളും സതീഷ് സാര്‍ ക്ഷമയോടെ കേട്ട് വീണ്ടും വീണ്ടും ഈണമിട്ട് തന്നു കൊണ്ടേയിരുന്നു. പ്രോല്‍സാഹിപ്പിക്കാന്‍ കൂട്ടിന് സന്തോഷും. 

ഒന്നാം ദിവസത്തെ പാട്ടു കേട്ട് ഗോകുലും അപ്പുവും ഒരേ സ്വരത്തില്‍ പറഞ്ഞു-അച്ഛന്റെ പാട്ട് കേട്ടിട്ട് പദ്യ പാരായണം പോലെ തോന്നുന്നു. ഈ പണി വേണോ എന്ന് ഒരു ധ്വനി അവരുടെ വാക്കുകളിലുണ്ടായിരുന്നു. അതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല എന്ന് എന്റെ മനസ്സും പറയുന്നുണ്ടായിരുന്നു. അന്നു രാത്രിയും അടുത്ത ദിവസം രാവിലെയും ഞാന്‍ ആ പാട്ട് വീണ്ടും വീണ്ടും പാടി. ഫോണില്‍ റെക്കോഡ് ചെയ്തു വെച്ച് വീണ്ടും വീണ്ടും കേട്ടു. തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചു. രണ്ടാം ദിവസം റെക്കോഡിങ്ങിനു പോയപ്പോള്‍ കുറച്ചൊരു ആത്മവിശ്വാസം കൈവന്നതു പോലെ. പാട്ടു പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ സതീഷ് സാര്‍ പറഞ്ഞു - നന്നായിട്ടുണ്ട്. ഇതു മതി. സ്റ്റുഡിയോയില്‍ വന്ന വിധിതയും മധു ബാലകൃഷ്ണനും പറഞ്ഞു- നന്നായിട്ടുണ്ട്, പാട്ട്. 

എന്നാലും... മധു പാടിയാല്‍ മതിയായിരുന്നു- ഞാന്‍ ഒഴിഞ്ഞു മാറാന്‍ ഒരു ശ്രമം കൂടി നടത്തി നോക്കി. ഓരോ ഭക്തിഗാനവും പാടാന്‍ ഒരു നിയോഗമുണ്ട്. ഈശ്വരന്‍ കല്പിച്ചു തരുന്ന ഒരു നിയോഗം. ഈ പാട്ടില്‍ അത് ഡോക്ടര്‍ക്കാണെന്ന് വിചാരിച്ചോളൂ- മധു ചിരിച്ചു. സന്തോഷത്തോടെയാണ് തിരികെ വീട്ടിലേക്ക് പോയത്. ഞാന്‍ പാടിയ വരികള്‍ രാത്രി വീണ്ടും വീണ്ടും കേട്ടിരുന്നു. സതീഷ് സാര്‍ പാടിയതും കൂടെ പാടിയ ആദിയുടെ പാട്ടും കേട്ടപ്പോള്‍ മനസ്സു പറഞ്ഞു- പോരാ! നിന്റെ പാട്ടു പോരാ. കുറച്ചു കൂടി നന്നായിട്ടു പാടണം. ഒന്നു കൂടി ശ്രമിച്ചാലോ! ശ്രമിക്കണം-ആരൊക്കെയോ വിളിച്ചു പറയുന്നതു പോലെ തോന്നി. സതീഷ് സാറ് പാടിയത് വീണ്ടും വീണ്ടും കേട്ടു. 

രാവിലത്തെ നടത്തത്തിനിടയിലും സാറിന്റെ പാട്ട് മനസ്സിലേക്ക് ആവാഹിച്ചെടുക്കുകയായിരുന്നു. സാറേ, എന്റെ പാട്ട് ഒന്നു കൂടി റെക്കോഡ് ചെയ്താലോ! കുറച്ചു കൂടി നന്നായിട്ട് പാടാമെന്ന് ഒരു തോന്നല്‍. ഒരു ജാള്യത്തോടെയാണ് ഞാനതു പറഞ്ഞത്. ചെയ്യാമല്ലോ! സന്തോഷം. സാറിന്റെ വാക്കുകളില്‍ ആവേശം. അങ്ങനെ ഞാന്‍ ഒരിക്കല്‍ കൂടി റെക്കോഡിങ് സ്റ്റുഡിയോയിലേക്ക്. സാര്‍ ഒന്നു കൂടി പാട്. ഭാവവും വികാരവും കൊണ്ടു വന്നാല്‍ മതി. പിച്ചൊക്കെ നമുക്ക് പിന്നീട് ശരിയാക്കാം, സന്തോഷിന്റെ വാക്കുകളും ഊര്‍ജം പകരുന്നവയായിരുന്നു. അന്നും ഞാന്‍ വീണ്ടും വീണ്ടുമായി പലതവണ പാടി റെക്കോഡ് ചെയ്തു. രാത്രി ആ പാട്ടു കേട്ട ഗോകുലും അപ്പുവും പറഞ്ഞു- കൊള്ളാമല്ലോ! അച്ഛന്‍ നന്നായി മെച്ചപ്പെട്ടിട്ടുണ്ട്.പക്ഷേ, ആ പാട്ടു കേട്ടിട്ടും എന്തു കൊണ്ടോ എനിക്ക് തൃപ്തിയായില്ല. കുറേക്കൂടി നന്നായി പാടാന്‍ സാധിക്കും എന്ന ചിന്ത മനസ്സിനെ വേട്ടയാടാന്‍ തുടങ്ങി. അന്നും അര്‍ധരാത്രി വരെ വീണ്ടും വീണ്ടും ഞാന്‍ പാടി.  റെക്കോഡ് ചെയ്ത് കേട്ടു കൊണ്ടിരുന്നു. ഊണിലും ഉറക്കത്തിലും ആ പാട്ടും ഈണവും എന്നെ വിട്ടുപോകുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. അടുത്ത ദിവസം രാവിലെയും അവസ്ഥ അതു തന്നെ. 

സാറേ... ഞാന്‍ ഒരിക്കല്‍ക്കൂടി പാടി നോക്കട്ടേ! സതീഷ് സാറിന്റെ മറുപടി വേണ്ടാ എന്നാകരുതേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. ഡോക്ടറേ, സന്തോഷം! ഡോക്ടര്‍ ഇത്രയും ആത്മാര്‍ഥതയോടെ ശ്രമിക്കുന്നതാണ് വലിയ സന്തോഷം. റെക്കോഡിങ്ങിന് ഞങ്ങള്‍ തയ്യാര്‍. അങ്ങനെ അതാ വീണ്ടുമൊരിക്കല്‍ക്കൂടി ഞാന്‍ റെക്കോഡിങ് സ്റ്റുഡിയോയിലേക്ക്! 

നമുക്ക് മുഴുവന്‍ പാട്ടും ഒന്നുകൂടി പാടാം. ആദിയും പാടട്ടെ. സതീഷ് സാറിന്റെ ആവേശത്തിന് ഒരു കുറവുമില്ലായിരുന്നു. ഒന്നല്ല, സാറ് എത്ര തവണ വേണമെങ്കിലും പാടിക്കോ. കേള്‍ക്കാന്‍ സുഖമുള്ള പാട്ടാണ്. സന്തോഷും പ്രോല്‍സാഹിപ്പിച്ചു.  അന്നും എത്ര വട്ടം ആ പാട്ടു പാടിയെന്ന് ഓര്‍ത്തെടുക്കാനാവുന്നില്ല. റെക്കോഡിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ സന്തോഷ് പറഞ്ഞു- സാറ് പാട്ടൊന്നു കേട്ടു നോക്കൂ, എന്റെ ജോലി കഴിഞ്ഞു. സതീഷ് സാറും ഞാനും കൂടി പാട്ട് മൊത്തത്തില്‍ തയ്യാറാക്കിക്കഴിഞ്ഞു.  സ്റ്റുഡിയോയില്‍ ഇരുന്ന് കേള്‍ക്കുമ്പോള്‍ സാറിന് കൂടുതല്‍ നന്നായി ആസ്വദിക്കാന്‍ കഴിയും. 

പാതിമനസ്സോടെയാണ് ഞാന്‍ പാട്ടുകേള്‍ക്കാനിരുന്നത്. കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു സംതൃപ്തി തോന്നി. ഒരു ദൗത്യം പൂര്‍ത്തീകരിച്ച ഒരനുഭൂതി. അസ്സലായിട്ടുണ്ട്-സ്റ്റുഡിയോയിലുണ്ടായിരുന്ന എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.ഒരു വലിയ ഭാരം താഴെ ഇറക്കിവെച്ച ആശ്വാസമായിരുന്നു എന്റെ മനസ്സില്‍.  നമുക്ക് ഈ പാട്ട് ഒന്നു ചിത്രീകരിച്ചാലോ! സതീഷ് സാറിന്റേതായിരുന്നു ഈ ആശയം.  ഞാനും രജീഷും അതിനെ പിന്താങ്ങുകയും ചെയ്തു. സിദ്ധുവിനോട് പറയാം. എന്റെ മനസ്സില്‍ ആദ്യമായും അവസാനമായും വന്ന പേര് അതു തന്നെയായിരുന്നു - സിദ്ധാര്‍ഥ് ശിവ. 

ഈ ചെറിയ പണിക്കൊക്കെ സിദ്ധാര്‍ഥ് വരുമോ? സതീഷ് സാറിനായിരുന്നു സംശയം. ഫ്രീ ആണെങ്കില്‍ സിദ്ധു വരും. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. ഫോണില്‍ വിളിക്കേണ്ട താമസം സിദ്ധു പറഞ്ഞു -ഞാന്‍ റെഡിയാണ് സാര്‍. എനിക്ക് ആ പാട്ടൊന്നു കേള്‍ക്കണം. സിദ്ധുവിലെ പ്രൊഫഷനല്‍ സംവിധായകന്‍ പുറത്തു വന്നു. വൈകിട്ട് സിദ്ധുവും രജീഷും ഞാനും ചര്‍ച്ചയ്ക്കായി കൂടിയപ്പോള്‍ രജീഷ് പതുക്കെ എന്റെയടുത്തേക്ക് മാറിയിരുന്ന് പറഞ്ഞു- സിദ്ധു ഒരു ഡിമാന്റ് വെച്ചിട്ടുണ്ട്. ഞാന്‍ ഒന്നമ്പരന്നു- ങേ! സിദ്ധാര്‍ഥിന് അങ്ങനെ ഡിമാന്റുകളോ!

രജീഷ് പറഞ്ഞു- ആ. ഒരു ഡിമാന്റ് വെച്ചിട്ടുണ്ട്, ഇതില്‍ ഡോക്ടര്‍ തന്നെ അഭിനയിക്കണം. എന്നാല്‍ സിദ്ധു ഷൂട്ടിങ്ങിന് റെഡി.എനിക്ക് ചിരിയാണ് വന്നത്. അതാ അടുത്ത കുരിശ്! ഞാന്‍ അറിയാതെ പറഞ്ഞു പോയി. അത്.. സാറ് തന്നെ ചെയ്യണം. സിദ്ധു സംശയമില്ലാത്തവണ്ണം പറഞ്ഞു. ഞാന്‍ എന്താണ് പറയുന്നതൊന്നും ആരും മൈന്‍ഡ് ചെയ്യുന്നതേയില്ല!

അടുത്ത ദിവസം രാത്രി സിദ്ധുവും ഞാനും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൂടെ സിദ്ധുവിന്റെ സഹായിയായ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. സിദ്ധു ആ പാട്ടിനെ ഒരു കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു. കൃത്യസമയത്ത് സതീഷ് സാറിന്റെ ഫോണ്‍കോള്‍. നമുക്കതു വേണ്ട! ആ ഷൂട്ടിങ് ശരിയാവില്ല. സതീഷ് സാറിന്റെ വാക്കുകള്‍ സിദ്ധുവും കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, വേണ്ട. ഞാന്‍ മറ്റൊന്നും പറയാന്‍ ശ്രമിച്ചില്ല.  സിദ്ധുവിന്റെ മുഖം വാടുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്നാല്‍ വേണ്ട സാറേ... സിദ്ധു പതുക്കെ പറഞ്ഞു.അടുത്ത ദിവസം ഉച്ചയായപ്പോള്‍ രജീഷിന്റെ ഫോണ്‍ കോള്‍- നമ്മുടെ ഷൂട്ടിങ് പ്രോഗ്രാം എന്തായി? എന്നാണ് ഗുരുവായൂര്‍ക്ക് പോകേണ്ടത്?

അത് വേണ്ടെന്ന് വെച്ചല്ലോ! സതീഷ് സാര്‍ പറഞ്ഞില്ലേ? എന്റെ സ്വരം മാറുന്നത് രജീഷ് മനസ്സിലാക്കിയെന്നു തോന്നുന്നു.ഓ! മാറ്റി വെച്ചോ? ഞാനറിഞ്ഞില്ല ഡോക്ടറേ! സതീഷ് സാറ് എന്തു പണിയാ കാണിച്ചത്! രജീഷിന്റെ വാക്കുകളില്‍ ഈര്‍ഷ്യയുണ്ടായിരുന്നു. ഞാന്‍ സതീഷ് സാറിനോടൊന്നു ചോദിക്കട്ടെ. രജീഷ് പെട്ടെന്ന് ഫോണ്‍ വെച്ചു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ ആശുപത്രിയില്‍ ജോലിയില്‍ മുഴുകി. അര മണിക്കൂര്‍ കഴിഞ്ഞു കാണും.  രജീഷിന്റെ ഫോണ്‍ കോള്‍ വീണ്ടും. ഷൂട്ടിങ്ങ് വേണ്ടെന്നു വെച്ചെന്നൊന്നും പറഞ്ഞില്ലെന്നാല്ലോ സതീഷ് സാറ് പറഞ്ഞത്. ഞാന്‍ എന്തായാലും കണക്കിന് കൊടുത്തു. ഡോക്ടര്‍ ഒന്ന് സാറിനെ വിളിക്കുമോ...എന്തോ ഒരു പന്തികേട്- രജീഷ് എന്തോ സംശയിക്കുന്നതു പോലെയാണ് പറഞ്ഞു നിര്‍ത്തിയത്. 

മനസ്സില്ലാ മനസ്സോടെയാണ് ഞാന്‍ സതീഷ് സാറിനെ വിളിച്ചത്. ഡോക്ടറേ ഞാന്‍ ഷൂട്ടിങ് വേണ്ടെന്നല്ല പറഞ്ഞത്. ഞാനും വിധിതയും വരുന്ന രംഗങ്ങളുടെ കാര്യമാണ് വേണ്ടെന്നു പറഞ്ഞത്. സതീഷ് സാര്‍ കരയുകയാണോ! ഒരു തേങ്ങല്‍ കേട്ടതു പോലെ.  എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ അന്ധാളിച്ചിരുന്നു പോയി. ഡോക്ടര്‍ തന്നെ സിദ്ധുവിനെ വിളിച്ച് പ്രശ്‌നം പരിഹരിക്കണം.  സോറി, സോറി, സോറി... സതീഷ് സാര്‍ ചെയ്യാത്ത കുറ്റം സമ്മതിച്ച് മാപ്പു പറയുകയാണ്. തെറ്റു പറ്റിയത് എനിക്കാണ്- ഞാന്‍ പറഞ്ഞു. പക്ഷേ, അതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ലായിരുന്നു.

നോ പറയരുത്. എനിക്ക് തെറ്റു പറ്റി- കൂടുതല്‍ ആമുഖങ്ങളൊന്നുമില്ലാതെ ഞാന്‍ സിദ്ധുവിന് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഞങ്ങള്‍ക്ക് വിഷമം വരണ്ട എന്നു കരുതി സാറ് മുന്‍കൈയെടുത്ത് വീണ്ടും ഷൂട്ട് ചെയ്യാമെന്നാക്കിയതല്ലേ എന്ന് സിദ്ധാര്‍ഥ് സംശയം പ്രകടിപ്പിച്ചു. ഏയ്... അതല്ല. ഞാന്‍ കൃത്യമായി വീണ്ടും വിശദീകരിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നാലു ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാകണം. പാട്ട് നമുക്ക് ഏപ്രില്‍ 18ന് കമ്യൂണിയന്‍ കളിക്കൂട്ടത്തിന് റിലീസ് ചെയ്യണം. തീരുമാനം ഏകകണ്ഠമായിരുന്നു. ഷൂട്ടിങ്ങിനുള്ള വീട് കണ്ടു പിടിച്ചത് ഗോപകുമാറാണ്.  ഈ പാട്ട് ചിത്രീകരിക്കാന്‍ വേണ്ടി ഒരുക്കിയ ഒരു സെറ്റ് ആണോ എന്ന് തോന്നിപ്പിക്കുന്ന വീടും ചുറ്റുവട്ടവും. വീട്ടിലും പുറത്തെ ചുമരിലും ജനാലകളിലും എല്ലാം ഗുരുവായൂരപ്പന്റെ പടങ്ങളും സ്റ്റിക്കറുകളും.  ഗുരുവായൂരപ്പന്‍ നമുക്കു വേണ്ടി ഈ വീട് തന്നതു പോലെയുണ്ട്... ദിവ്യയാണ് അതു പറഞ്ഞത്. ഞങ്ങളെല്ലാവരും അത് ശരി വെച്ചു. മണികണ്ഠന്‍, ഗോപകുമാര്‍, രജീഷ്, ദിവ്യ, സിദ്ധുവും സംഘവും. ദിവസങ്ങള്‍ കടന്നു പോയത് അറിഞ്ഞില്ല. ഞങ്ങള്‍ ഒരു കുടുംബമായിക്കഴിഞ്ഞിരുന്നു. 

അന്ധനായ ഒരപ്പൂപ്പനായി ഞാനും എന്റെ പേരക്കുട്ടിയായി ആദിയും രംഗങ്ങള്‍ ആസ്വദിച്ച് അഭിനയിച്ചു. ഗുരുവായൂര്‍ അമ്പല നടയിലെ രംഗങ്ങള്‍ക്കു ശേഷം സുരേഷ് കുറുപ്പുസാറിന്റെ വീട്ടില്‍ ഒപ്പിയെടുത്ത ഒരു സ്വപ്‌നരംഗത്തോടെ ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. നാലു ദിവസത്തെ പരിചയം മാത്രമുള്ള സിദ്ധുവിന്റെ സംഘത്തോട് യാത്ര പറയുമ്പോള്‍ നാല്പതു വര്‍ഷത്തെ സൗഹൃദത്തിനു ശേഷം പിരിയുന്നതു പോലെ തോന്നി. 

ഒറ്റ ദിവസം കൊണ്ടു തന്നെ സിദ്ധു പാട്ടും ദൃശ്യങ്ങളും ഇഴുകിച്ചേരും വിധം ഒരുക്കി മനോഹരമായ ആല്‍ബമാക്കി മാറ്റി. അതിന്റെ പ്രകാശനം നിര്‍വഹിച്ചത് മധുബാലകൃഷ്ണന്‍ തന്നെയാണ്. സ്റ്റേജില്‍ വിധിത, മധു, സതീഷ് സാര്‍, രജീഷ്, സിദ്ധു, ആദി, ഞാന്‍. പാട്ടിലെ രംഗങ്ങള്‍ കണ്ട് മധുവും വിധിതയും കണ്ണു തുടയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്കും കണ്ണു നിറഞ്ഞോ! ഈ വേഷവും അഭിനയവും വേണ്ടായിരുന്നു... ഇങ്ങനെ കാണാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമില്ല- ഗിരിജ, ആലീസ്,. അമ്പിളി, മരിയ... അവര്‍ മനസ്സു തുറന്നു. 

അര്‍ഥവത്തായ നല്ല വരികള്‍.  മനോഹരമായ സംഗീതം. നന്നായി പാടി... നന്നായി അഭിനയിച്ചിരിക്കുന്നു രണ്ടു പേരും- അഭിനന്ദനങ്ങള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഇതു പോലെ ക്ഷമയോടെ കുറ്റവും കുറവും പരിഹരിച്ചു തരുന്ന ഒരധ്യാപകനും ഏതു വിഷമഘട്ടത്തിലും പ്രോല്‍സാഹനത്തിനും സഹായത്തിനുമെത്തുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉണ്ടെങ്കില്‍ ഏതു ബാലികേറാമലയും കീഴടക്കാമെന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരനുഭവമായിരുന്നു അത്. കൂടെ കുറച്ചു ദൈവകടാക്ഷവും- ആരോ ഓര്‍മിപ്പിച്ചതു പോലെ തോന്നി. 

അതെ. അങ്ങനെ ഞാന്‍ പാടി. അഭിനയിച്ചു. ഊര്‍ജം തന്ന് കൂടെ നിന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി. ഇനിയൊരിക്കലും ഈ സാഹസത്തിന്....

Content Highlights: Kannane Thozhaan is a devotional video album sung by Dr V P Gangadharan shared experience