ഗംഗമ്മാമാ ഞാന്‍ അമ്മൂമ്മയുടെ മുറി വൃത്തിയാക്കുകയായിരുന്നു. കുറേ പഴയ കടലാസ്സുകള്‍...അമ്മൂമ്മ എഴുതിവെച്ച കുറിപ്പുകള്‍. പഴയ ന്യൂസ് പേപ്പര്‍ കഷണങ്ങള്‍.എല്ലാം നിങ്ങളെല്ലാവരെയും കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളുമായിരുന്നു. ചേച്ചിയുടെ മകള്‍ രഞ്ജന പറഞ്ഞുനിര്‍ത്തി. അമ്മ മരിച്ചിട്ട് നാലുവര്‍ഷമായി. അമ്മയുടെ മുറിയും സാധനങ്ങളും അമ്മയുടെ ശാരീരികമായ അഭാവത്തിലും പഴയപോലെ തുടരുന്നു. 'അമ്മൂമ്മയുടെ മുറി ഞാനൊന്ന് അടുക്കി വൃത്തിയാക്കാന്‍ ശ്രമിച്ചതാണ്. സാധിക്കുന്നില്ല. ഗംഗമ്മാമാ...'രഞ്ജനയുടെ ശബ്ദം പതറുന്നത് ഫോണിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. 'അമ്മൂമ്മയുടെ ശേഖരങ്ങളെല്ലാം ഞാന്‍ ഗംഗമ്മാമന് ഇപ്പോള്‍ തന്നെ ഇമെയില്‍ ചെയ്യാം... മനസ്സിലാക്കിയില്ല, തിരിച്ചറിഞ്ഞില്ല, അല്ലേ ഗംഗമ്മാമ'.രഞ്ജനയുടെ ആത്മഗതം. മണിച്ചേട്ടന്‍, ബാലചേട്ടന്‍, ചേച്ചി (പത്മജച്ചേച്ചി), ഗംഗ... അച്ഛന്‍, അമ്മ... എന്റെ മനസ്സ് വര്‍ഷങ്ങള്‍ പിറകോട്ടുപോയി.

ഫോണ്‍ ശബ്ദിക്കുന്ന കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. രഞ്ജനയുടെ മെയിലുകള്‍ ഓരോരോന്നായി വന്ന് തുടങ്ങിയിരിക്കുന്നു. അമ്മയുടെ ശേഖരങ്ങള്‍... ഞാന്‍ ജനിച്ച സമയവും എന്റെ ജാതകവും... എന്റെ പഠനത്തിന്റെ പൂര്‍ണ വിവരങ്ങള്‍... എനിക്ക് ലഭിച്ച അംഗീകാരങ്ങള്‍... പത്രവാര്‍ത്തകള്‍ എല്ലാം അമ്മ ശേഖരിച്ച് വച്ചിരിക്കുന്നു. എന്റെ മാത്രമല്ല... ഞങ്ങളുടെയെല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍, സന്ദര്‍ഭങ്ങള്‍ എല്ലാം അമ്മയുടെ കൈപ്പടയില്‍ കുറിച്ചു വെച്ചിരിക്കുന്നു. ഞങ്ങളാരും അറിയാതെ, അമ്മയുടെ സ്വകാര്യ സ്വത്തായി ഇതെല്ലാം അമ്മ കൂടെ കൊണ്ടുനടന്നിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.

'അമ്മൂമ്മയെ നമ്മാളാരും മനസ്സിലാക്കിയില്ല, തിരിച്ചറിഞ്ഞില്ല അല്ലേ ഗംഗമ്മാമാ... രഞ്ജനയുടെ വാക്കുകള്‍ ഒരശരീരി പോലെ..ശരിയാണ്, ഞാന്‍ അമ്മയെ പൂര്‍ണമായി മനസ്സിലാക്കിയിരുന്നില്ലയെന്നൊരു കുറ്റബോധം. പലപ്പോഴും എന്റെ പഠനവിവരങ്ങളും അംഗീകാരങ്ങളും അമ്മയുമായി പങ്കുവെച്ചിട്ടില്ല. മനഃപൂര്‍വമല്ല. അതിലൊന്നും വലിയ കാര്യമല്ല എന്ന് മനസ്സില്‍ തോന്നുന്നത് കൊണ്ടാണ്. പക്ഷെ അമ്മ അത് എന്ത് മാത്രം ഇഷ്ടപ്പെട്ടിരുന്നെന്നും ആ ഓര്‍മകളെ താലോചിച്ചിരുന്നെന്നും ഞാന്‍ തിരിച്ചറിയാന്‍ താമസിച്ചുപോയത് പോലെ.

അതെ നമ്മള്‍ അമ്മമാരെ മനസ്സിലാക്കുന്നത്...,തിരിച്ചറിയുന്നത്, അവരുടെ മരണശേഷമാണ്, അവരുടെ അഭാവത്തിലാണ്.

എന്റെ അമ്മ ഒരിക്കല്‍പോലും ഒരു പരാതിയും എന്നോട് പറഞ്ഞിട്ടില്ല. അമ്മയുടേതായ ഒരാവശ്യവും മുന്നോട്ട് വെച്ചിട്ടില്ല. സ്വന്തം ദുഃഖങ്ങളെല്ലാം സ്വകാര്യ ദുഃഖങ്ങളായി മാത്രം കൊണ്ടുനടന്നിരുന്ന അമ്മ. അച്ഛന്‍ മരിച്ച് കിടക്കുമ്പോള്‍ പോലും കരച്ചിലമര്‍ത്തി എന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചുകൊണ്ടിരുന്നു അമ്മ. അമ്മയുടെ അവസാന ദിവസം. ഞാനിപ്പോഴും ഓര്‍ക്കുന്നു. അന്ന് അമ്മ കരയുന്നുണ്ടായിരുന്നു. ഞങ്ങളെയെല്ലാം വിട്ട് പോകേണ്ടി വരുന്നതിന്റെ സങ്കടം തന്നെയായിരിക്കണം അമ്മയെ കരയിച്ചത്. അമ്മയുടെ കടലാസ് ശേഖരങ്ങള്‍ക്കിടയിലൂടെ അമ്മയുടെ തിളക്കമാര്‍ന്ന മുഖം... അമ്മയുടെ ശബ്ദം നിങ്ങളെയൊക്കെ ഞാന്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നു'.

നല്ല മനുഷ്യരൊക്കെ പോവുകയാണ് അല്ലേ സാറെ, എന്റെ സാരഥി ജഫ്രിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. വിശാലച്ചേച്ചിയും പോയി ജഫ്രി കൂട്ടിച്ചേര്‍ത്തു. ഒരു സ്വപ്നലോകത്തായിരുന്നു അല്ലേ? കൂടെയുണ്ടായിരുന്ന നാരായണന്റെ ശബ്ദം. അല്ല, ഞാന്‍ അമ്മയുടെ അടുത്തായിരുന്നു. മനസ്സ് മന്ത്രിച്ചു.