'അച്ഛന്റെ ജീവിതത്തിലെ ഓരോരോ അധ്യായങ്ങള്‍ അവസാനിച്ചുകൊണ്ടിരിക്കുന്നു, അല്ലേ അച്ഛാ...?'

-ഞാന്‍ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്നത് കണ്ടുകൊണ്ട് ഉമ ചോദിച്ചു.

'അതെ' എന്ന ഒറ്റ വാക്കില്‍ ഞാനെന്റെ മറുപടി ഒതുക്കി. ആ 'അതെ' യുടെ പിറകിലെ എന്റെ മനസ്സും വികാരവും വിഷാദവും മനസ്സിലാക്കാന്‍ ഉമയ്‌ക്കെന്നല്ല, ഈ ലോകത്ത് ഒരാള്‍ക്കും സാധിക്കില്ല.

ജീവിതത്തിലെ ഓരോരോ കണ്ണികള്‍ ഊരിവീണുകൊണ്ടിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് തടയാന്‍ ഒരായുധവും എന്റെ കൈയിലില്ല എന്ന സത്യവും ഞാന്‍ മനസ്സിലാക്കുന്നു. എന്റെ നിസ്സഹായാവസ്ഥയില്‍ എന്റെകൂടെ നില്‍ക്കാന്‍ കുറേ നല്ല മനസ്സുകള്‍ എനിക്കുചുറ്റുമുണ്ട് എന്നത് മാത്രമാണ് ഒരാശ്വാസം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇഴുകിച്ചേര്‍ന്ന കണ്ണികള്‍... ഓര്‍മകള്‍ അറുപത് വര്‍ഷം പിറകോട്ട് ഓടി. അച്ഛന്‍, അമ്മ, മണിച്ചേട്ടന്‍, ബാലച്ചേട്ടന്‍, ചേച്ചി, ഗംഗ... അച്ഛന്‍... അമ്മ എന്ന ഒരു സ്‌നേഹമരം... അതിന്റെ ശിഖരങ്ങളായി ഞങ്ങള്‍ നാലുപേര്‍... ആ ശിഖരങ്ങളെല്ലാം വളര്‍ന്നുവലുതായി... ഓരോ ശിഖിരത്തിലും ചെറിയ ചെറിയ ചില്ലകള്‍... പൂക്കള്‍.. കായ്കള്‍... സന്തോഷകരമായ ഒരു ജീവിതമായിരുന്നു അത്.

കാലം മുന്നോട്ടുപോയി... ആ മരം ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. ആദ്യം ഞങ്ങളെ വിട്ടുപിരിഞ്ഞത് അച്ഛനായിരുന്നു... പിന്നെ ബാലച്ചേട്ടന്‍... അമ്മ... അവസാനം, കഴിഞ്ഞ ബുധനാഴ്ച ചേച്ചിയും എന്നെ വിട്ടുപിരിഞ്ഞു... ഇനി ആ മരത്തില്‍ ശിഖരങ്ങളായി അവശേഷിക്കുന്നത് മണിച്ചേട്ടനും ഞാനും മാത്രം... മുഖത്തോടു മുഖം നോക്കിയിരിക്കുമ്പോള്‍ ഞാനും മണിച്ചേട്ടനും ഓര്‍ത്തിരുന്നതും അതുതന്നെയാണ്.

കഴിഞ്ഞ ഒരു മാസമായി ചേച്ചിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. 'സമയം കിട്ടുമ്പോഴൊക്കെ നീ വരണം, ഇല്ലെങ്കില്‍ ഫോണില്‍ വിളിക്കണം... നമ്മുടെ കുട്ടിക്കാലം... പഴയ ഓര്‍മകള്‍... അതാണ് എനിക്ക് ഊര്‍ജം തരുന്നത്...' -കിതപ്പിനിടയിലും ചേച്ചി തുടരും.

Dr.Gangadharan'നീ സ്‌കൂളില്‍ പോകുമ്പോള്‍ വഴക്കിടാറുള്ളത് ഓര്‍മയുണ്ടോ...? വൈക്കത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എത്രയെത്ര ദിവസങ്ങള്‍ നമ്മള്‍ കെട്ടിപ്പിടിച്ച് കരഞ്ഞിരിക്കുന്നു... കരഞ്ഞുകരഞ്ഞ് തളര്‍ന്നുറങ്ങിയിരിക്കുന്നു... പരസ്പരം സമാധാനിപ്പിച്ചിരിക്കുന്നു... പ്രത്യേകിച്ചും അമ്മയെ ഓര്‍ത്ത്, അമ്മയുടെ സാമീപ്യം കൊതിച്ച്... നിന്റെ ശബ്ദം കേള്‍ക്കുമ്പോഴാണ്... നിന്നെ കാണുമ്പോഴാണ് ഈ ഓര്‍മകളിലൂടെ ഞാന്‍ ഊളിയിടുന്നത്...' -ശ്വാസം കിട്ടാതാകുമ്പോള്‍ ചേച്ചി നിര്‍ത്തും.

ഇതുപോലെ എത്രയെത്ര കഥകള്‍... ഞാനും ആ കഥകള്‍ കേട്ടിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു.

ചേച്ചി ഇപ്പോള്‍ കണ്ണുതുറക്കുന്നില്ല... ആ ചുണ്ടുകള്‍ ചലിക്കുന്നില്ല... മുഖത്ത് ചിരിയില്ല... കഥപറയാനും കേള്‍ക്കാനും ചേച്ചിയില്ല. ചലനമറ്റ് കിടക്കുന്നത് ചേച്ചിയുടെ ഭൗതികശരീരം മാത്രമാണ്. ചുറ്റും കത്തിച്ചുവെച്ച വിളക്കുതിരികള്‍... നാമജപം മുഴങ്ങുന്നു: 'ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ...'

കാര്‍മികന്റെ ശബ്ദം അതിലുമുച്ചത്തില്‍: 'ബന്ധുമിത്രാദികള്‍ക്കെല്ലാം ചുറ്റും പ്രദക്ഷിണം വയ്ക്കാം. എന്റെ കൈയില്‍നിന്ന് പൂ വാങ്ങി ആ കാല്‍ക്കല്‍ തൊട്ടുവണങ്ങി നമസ്‌കരിക്കുക... ചേച്ചിയുടെ പേര്, മരിച്ച നാള്‍ ഇവ മനസ്സില്‍ ഓര്‍ത്ത് ധ്യാനിച്ച്, 'എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍, വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പൊറുക്കണേയെന്ന്, മാപ്പാക്കണേയെന്ന് മനസ്സില്‍ ഉറക്കെ പ്രാര്‍ത്ഥിച്ചുകൊണ്ട് ആ കാല്‍തൊട്ടുവണങ്ങുക...'

-എന്റെ മനസ്സും മന്ത്രിച്ചു: 'അറിഞ്ഞോ, അറിയാതെയോ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍, ചേച്ചിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഈ കുഞ്ഞനിയന് മാപ്പുനല്‍കണമേ...'

ചേച്ചിയുടെ നിഷ്‌കളങ്കതയാര്‍ന്ന ചിരി കണ്‍മുന്നില്‍ തെളിഞ്ഞുവന്നു. ചേച്ചിയുടെ ശബ്ദം എങ്ങുനിന്നോ ഒരശരീരി പോലെ ചെവിയില്‍ പതിച്ചു: 'എന്നെ നോവിച്ചവര്‍, എന്റെ മനസ്സിനെ വേദനിപ്പിച്ചവര്‍... അവരില്‍ പലരും എനിക്കുചുറ്റും പ്രദക്ഷിണം വയ്ക്കുന്നതും, എന്റെ കാല്‍ക്കല്‍ പുഷ്പം അര്‍പ്പിച്ച് നമസ്‌കരിക്കുന്നതും ഞാനറിയുന്നു... പിന്നെ, നീ...'

ചേച്ചി എന്നെനോക്കി കണ്ണിറുക്കുന്നതു പോലെ. 'ഞാനും നീയും സ്ഥിരം വൈരികളായിരുന്നിേല്ല, വഴക്കാളികളായിരുന്നില്ലേ... അടിപിടിയും പിച്ചും മാന്തും... വഴക്കില്ലാത്ത ഒരുദിവസം പോലും നമ്മുടെ കുട്ടിക്കാലത്തുണ്ടായിരുന്നില്ല. ആ വഴക്കുകളാണ്, ആ കുട്ടിക്കാലമാണ്, പിന്നീടുള്ള നമ്മുടെ ആത്മബന്ധത്തിന് തറക്കല്ലിട്ടത്. അവസാനശ്വാസം വരെ നിന്റെ സാമീപ്യം ഞാന്‍ ആഗ്രഹിച്ചതും ശബ്ദം കേള്‍ക്കാന്‍ കൊതിച്ചതും അതുകൊണ്ടാണ്...' -ചേച്ചിയുടെ ശബ്ദം വായുവില്‍ അലിഞ്ഞുചേര്‍ന്നപോലെ...

ഞാന്‍ പതുക്കെ തിരക്കില്‍നിന്ന് മാറിനിന്നു. ഒറ്റയ്ക്കുനിന്ന് മനസ്സുതുറന്നൊന്ന് കരയാന്‍വേണ്ടി മാത്രം.

ഞാന്‍ കരയാന്‍ പാടില്ല... കരഞ്ഞാല്‍ ചേച്ചിക്ക് സഹിക്കില്ല... എനിക്കറിയാം... എന്റെ വേദനകള്‍ താങ്ങാനുള്ള ശേഷി ചേച്ചിയുടെ മനസ്സിനില്ലായിരുന്നു. സ്‌നേഹത്തില്‍ പൊതിഞ്ഞ ചേച്ചിയുടെ ശാസനകള്‍ അതിന്റെ സൂചനകളായിരുന്നു.

'നീ നിന്റെ ആരോഗ്യംകൂടി കുറച്ചൊക്കെ നോക്കണം... രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, കൃത്യസമയത്ത് ആഹാരം കഴിക്കാതെ... അച്ചു അവനെ ഉപദേശിക്കണം കേട്ടോ...' -എന്നെ ചൂണ്ടിക്കാണിച്ച് ചേച്ചി അച്ചുവിനോട് പറയും.

ഇന്നലെ ഫോണില്‍ സംസാരിക്കുമ്പോഴും സ്‌കൂളില്‍ എന്റെ സഹപാഠിയായിരുന്ന അച്ചു ആ സംഭാഷണവും രംഗങ്ങളും അയവിറക്കുന്നുണ്ടായിരുന്നു.

'എടോ, തന്റെ ചേച്ചിയുടെ ആ ചിരി മതി നമ്മുടെയൊക്കെ മനസ്സുനിറയാന്‍... ഡോക്ടര്‍ സുദയകുമാറിന്റെ സ്ഥിരം വാക്കുകളായിരുന്നു അത്.

അവസാനനാളുകളില്‍ ഐ.സി.യു.വില്‍ കിടക്കുന്ന സമയത്തുപോലും ആ ചിരി മാഞ്ഞുപോയിരുന്നില്ല. സുദയകുമാര്‍ തന്നെയാണ് കഴിഞ്ഞ ബുധനാഴ്ചയും എന്നെ ആദ്യം വിളിച്ചത്: 'ചേച്ചിയെ വീണ്ടും ഐ.സി.യു.വിലേക്ക് മാറ്റി കേട്ടോ... പള്‍സും പ്രഷറുമൊന്നും കുഴപ്പമില്ല, പക്ഷേ, മുഖത്തെ ആ ചിരി മാഞ്ഞുപോയി... അത് അപകടസൂചനയായി തോന്നുന്നു...' -സുദയകുമാര്‍ പെട്ടെന്ന് പറഞ്ഞുനിര്‍ത്തി.

എനിക്കറിയാമായിരുന്നു, ചേച്ചിയുടെ ആ ചിരി മാഞ്ഞുപോയാല്‍ പിന്നെ, ചേച്ചിയില്ല... ആ ചിരി ഇല്ലാതെ ചേച്ചിക്ക് ജീവിക്കാന്‍ സാധിക്കില്ല...

മണിക്കൂറുകള്‍ക്കകം ഡോക്ടര്‍ സുകുമാരന്റെ ഫോണ്‍ വന്നു: 'ചേച്ചി പോയി കേട്ടോ...'

ആ ചിരിയില്ലാതെ ചേച്ചി ജീവിക്കേണ്ട... അച്ഛന്റെയും അമ്മയുടെയും ബാലച്ചേട്ടന്റെയും കൂടെ ചിരിച്ചുകളിച്ച് ജീവിക്കുന്ന ചേച്ചിയെ ഞാന്‍ മനസ്സില്‍ കണ്ടു. ആണ്ടിലൊരിക്കല്‍ ഞാനൂട്ടുന്ന ശ്രാദ്ധമുണ്ണാന്‍ വരുന്ന ചേച്ചിയെ കണ്ടുകൊണ്ട് ഈ കുഞ്ഞനിയന്റെ മനസ്സ് തൃപ്തിപ്പെട്ടോളാം.

പെട്ടെന്ന് കൈയില്‍ ആരോ പിച്ചുന്നപോലെ... ചേച്ചിയുടെ അതേ വിരല്‍സ്പര്‍ശം. 'നിനക്കത് മതിയാവില്ലെന്നെനിക്കറിയാം...' -ശബ്ദവും ചേച്ചിയുടെ തന്നെയായിരുന്നു.

Contet highlights: Dr VP Gangadharan Writes