'ത്ര എത്ര ജീവിതങ്ങള്‍ കൈകളിലൂടെ കടന്നുപോകുന്നു...' -മനസ്സ് ചിന്തിച്ചു. ചില ജീവിതങ്ങള്‍ മനസ്സില്‍ നൊമ്പരങ്ങള്‍ കോറിയിട്ടിട്ട് പോകുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ കണ്ട മൂന്ന് വ്യത്യസ്ത ജീവിതങ്ങള്‍... മനസ്സിനെ പിടിച്ചുകുലുക്കിയ മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍... ആ നൊമ്പരങ്ങള്‍ മനസ്സില്‍ നീറിക്കൊണ്ടിരിക്കുന്നു... അണയാത്ത ഒരു കനലായി പുകഞ്ഞുകൊണ്ടേയിരിക്കുന്നു.

അന്‍പത് വയസ്സുകാരനായ ഗോപി വന്നത് ഭാര്യയുടെയും സഹോദരങ്ങളുടെയും കൂടെയാണ്. കാന്‍സര്‍ ബാധിച്ചിരിക്കുന്നത് വന്‍കുടലിനെയാണ്, ഗോപി തന്നെയാണ് അസുഖത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. 'അസുഖം കരളിനെയും ബാധിച്ചുണ്ടെന്നാണ് മാവേലിക്കരയിലെ ഡോക്ടര്‍ പറഞ്ഞത്...' -ഗോപി എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞുനിര്‍ത്തി.പരിശോധനകള്‍ക്ക് ശേഷം, ചികിത്സയെക്കുറിച്ചും വിജയസാധ്യതയെക്കുറിച്ചും വിശദമായി അവരോട് സംസാരിച്ചു.

അതിനുശേഷം പുറത്തേക്കിറങ്ങുമ്പോള്‍ ഗോപി തിരിഞ്ഞുനിന്ന് ചോദിച്ചു: 'ഞാന്‍ രക്ഷപ്പെടുമോ ഡോക്ടറേ...?'

അതുവരെ മൗനിയായിരുന്ന ഗോപിയുടെ ഭാര്യയാണ് അതിന് മറുപടി നല്‍കിയത്: 'ചേട്ടന്റെ അസുഖം മാറും...' അവര്‍ ഉറക്കെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു.

'എന്തൊരു ധൈര്യം... ആത്മവിശ്വാസം...' -എന്റെ മനസ്സ് മന്ത്രിച്ചു.

'നിങ്ങളെല്ലാവരും പുറത്തിറങ്ങിനില്‍ക്ക്. എനിക്ക് ഡോക്ടറോട് കുറച്ചുകാര്യങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്...' -ഗോപിയുടെ ഭാര്യ പുറത്തേക്കുള്ള വാതില്‍ ചാരിയിട്ട് എന്റെ മുന്‍പില്‍ വന്ന് നിന്നു. പെട്ടെന്ന് എന്റെ രണ്ട് കൈയും അവരുടെ മുഖത്തേക്ക് ചേര്‍ത്തുവെച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: 'എനിക്കാരുമില്ല...മക്കളില്ല...അച്ഛനമ്മമാരില്ല... കൂടെപ്പിറപ്പുകളില്ല...എന്റെ ചേട്ടനെ ഡോക്ടര്‍ എനിക്ക് തിരികെത്തരണം...ഡോക്ടര്‍ എനിക്ക് വാക്കുതരണം...'

എന്റെ ചുണ്ടുകള്‍ വിറയ്ക്കുകയായിരുന്നു. ഞാന്‍ എന്തോ പറഞ്ഞോ...?

*********

തൊട്ടടുത്ത ദിവസം ഞാന്‍ വീട്ടില്‍ രോഗികളെ കണ്ടുതുടങ്ങിയതേയുള്ളു...കൈയിലൊരു റിപ്പോര്‍ട്ടുമായി ആദ്യം എന്റെ മുന്‍പില്‍ വന്നത് ഇരുപത്തഞ്ചു വയസ്സുകാരനായ യുവാവായിരുന്നു. അവന്‍ ഒറ്റയ്ക്കായിരുന്നു വന്നത്. ഇരുനിറം... പാറിപ്പറന്ന മുടി... മുഷിഞ്ഞ ഷര്‍ട്ടും അതിനേക്കാള്‍ മുഷിഞ്ഞ ജീന്‍സും... ഉറക്കംനിന്ന മിഴികള്‍... ഒരു വികാരവുമില്ലാത്ത മുഖഭാവം... ചെളിപുരണ്ട ഒരു കടലാസുകഷ്ണം എന്റെനേരെ വെച്ചുനീട്ടി അവന്‍ മിണ്ടാതെയിരുന്നു. ആ റിപ്പോര്‍ട്ടിലൂടെ ഒന്ന് കണ്ണോടിച്ചുകൊണ്ട് ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി.

ജനലിലൂടെ വിദൂരതയിലേക്ക് കണ്ണുംനട്ട് ഒരു ഭാവവ്യത്യാസങ്ങളുമില്ലാതെ ശെല്‍വിന്‍... ഒരാഴ്ച മുന്‍പ് ഒരു ശസ്ത്രക്രിയയിലൂടെ നീക്കംചെയ്ത സ്വന്തം വൃഷണത്തിന്റെ റിപ്പോര്‍ട്ടാണ് അവന്‍ എനിക്ക് വെച്ചു നീട്ടിയ കടലാസില്‍ ഉണ്ടായിരുന്നത്... കാന്‍സറാണ്.

'എന്തൊരു ധൈര്യം...' -എന്റെ മനസ്സ് മന്ത്രിച്ചു.

അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ചികിത്സാച്ചെലവിനെക്കുറിച്ചും ഞാന്‍ അവന് വിശദീകരിച്ചുകൊടുത്തു. കൂടെ ആരെയെങ്കിലും കൂട്ടി വന്നാല്‍ കുറച്ചുകൂടി വിശദമായി കാര്യങ്ങള്‍ പറയാമായിരുന്നു. ഞാന്‍ അവന്റെ മുഖത്തേക്ക് ഒരിക്കല്‍ക്കൂടി നോക്കി. മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളുമില്ല.

'എന്തൊരു മനുഷ്യന്‍...' -എന്റെ മനസ്സ് വീണ്ടും മന്ത്രിച്ചു.

പുറത്തേക്കിറങ്ങാന്‍ വാതില്‍ക്കലെത്തിയ അവന്‍... ഒരു നിമിഷം... എന്റെ കാല്‍ക്കല്‍ കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് കരഞ്ഞു: 'ഞാന്‍ രക്ഷപ്പെടുമോ ഡോക്ടറേ... എനിക്ക് ജീവിക്കണം...'-അവന്‍ തേങ്ങിത്തേങ്ങി കരയുകയായിരുന്നു.

'എന്റെ ഭാര്യ...' അവന് മുഴുമിപ്പിക്കാന്‍ കഴിയുന്നില്ല. 'എന്റെ ഭാര്യ പേറ്റുനോവുമായി ആശുപത്രിയിലാണ് സാറേ... അവളെ അവിടെ വിട്ടിട്ടാണ് ഞാന്‍ ഒറ്റക്കിങ്ങോട്ട് പോന്നത്...ഞങ്ങള്‍ ജീവിച്ചുതുടങ്ങിയതേയുള്ളൂ സാറേ...എന്റെ കൊച്ചിന് അച്ഛനില്ലാതെയാവുമോ സാറേ...'

എന്റെ ഹൃദയമിടിപ്പ് കൂടുന്ന പോലെ... കണ്ണില്‍ ഇരുട്ടുകയറുന്ന പോലെ.

**********

ശെല്‍വിന്റെ മുഖം മനസ്സില്‍ നിന്ന് മായുന്നതേയില്ല. അതേദിവസം തന്നെ... ഉച്ചയ്ക്ക് ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

'അടുത്തത് റീന 45 വയസ്സ്...' രമ്യ സിസ്റ്ററിന്റെ ഉച്ചത്തിലുള്ള നീണ്ട വിളി.

ചുറുചുറുക്കുള്ള ഒരു കൊച്ചു സുന്ദരിക്കുട്ടിയാണ് ആദ്യം മുറിയിലേക്ക് കയറിവന്നത്: 'ഇത് എന്റെ അമ്മ റീന, അത് എന്റെ അച്ഛന്‍...' അവള്‍ പരിചയപ്പെടുത്തി.

'ഞാന്‍ റൂബി, തുണിക്കടയില്‍ ഒരു സെയില്‍സ് ഗേളായി ജോലിചെയ്യുന്നു.

എന്റെ ചോദ്യത്തിന് ചിരികലര്‍ന്ന ഒരു മറുപടിയാണ് അവള്‍ നല്‍കിയത്: 'അമ്മയെ സാറ് കഴിഞ്ഞയാഴ്ച പരിശോധിച്ചതാണ്... ഇതാ എല്ലാ റിപ്പോര്‍ട്ടുകളും...' റൂബി ബാഗില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ എടുത്ത് നീട്ടി.

അമ്മയ്ക്ക് സ്തനാര്‍ബുദമാണെന്നും ചികിത്സ വേണമെന്നുമെല്ലാം വിശദമായി ഞാനവര്‍ക്ക് പറഞ്ഞുകൊടുത്തു.

'എല്ലാം ശരിയാകും...' എന്നു പറഞ്ഞ് പുറത്തേക്കിറങ്ങിയ റൂബി, ഒറ്റയ്ക്ക് തിരികെ മുറിയിലേക്ക് കയറിവന്നു. 'ഡോക്ടറെക്കാണാന്‍ പുതിയ ഫയലൊന്നുമെടുത്തിട്ടില്ല...' ഒരു കുറ്റബോധത്തോടെ അവര്‍ പറഞ്ഞു. പിന്നെ ചോദിച്ചു: 'ഈ റിപ്പോര്‍ട്ട് കൂടി ഡോക്ടര്‍ ഒന്ന് നോക്കാമോ...?'

'ദൈവമേ, അച്ഛനും കാന്‍സറാണ്...' -അറിയാതെ ഞാന്‍ പറഞ്ഞു. പക്ഷേ, ശബ്ദം പുറത്തുവന്നില്ല. 'പ്രോസ്റ്റേറ്റ് കാന്‍സറാണ്...എല്ലുകളേയും ബാധിച്ചിട്ടുണ്ട്...' ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.

ഒന്നും പറയാതെ റൂബി തിരിഞ്ഞുനടന്നു... 'എന്തൊരു ധൈര്യം...' എന്റെ മനസ്സ് വീണ്ടും...

വാതില്‍ക്കലെത്തിയില്ല. അവള്‍ ഓടിവന്ന് എന്റെ തോളില്‍ മുറുകെപ്പിടിച്ചു. അവള്‍ കരയുകയായിരുന്നു... 'ഒരാളെയെങ്കിലും ഡോക്ടര്‍ എനിക്ക് തിരികെ തരുമോ...?'

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍... ഒരുനിമിഷം ഞാന്‍ ചിന്തിച്ചു: 'എല്ലാവരേയും രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നെങ്കില്‍...!

'നീ വെറും ഒരു സാധാരണ മനുഷ്യന്‍... എന്റെ ഒരു ഉപകരണം മാത്രം...' -ദൈവത്തിന്റെ ശബ്ദം ചെവിയില്‍ മുഴങ്ങുന്നു.

അതെ, എനിക്കറിയാം... അമാനുഷികമായ ഒരു കഴിവുമില്ലാത്ത, ഒരു സാധാരണ ഡോക്ടര്‍.

ആയുധമില്ലാതെ കുരുക്ഷേത്രത്തില്‍ നില്‍ക്കേണ്ടി വരുന്ന അര്‍ജുനന്റെ അവസ്ഥ വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും മനസ്സുരുകി പ്രാര്‍ത്ഥിക്കാറുണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍... എനിക്ക് അമാനുഷിക സിദ്ധിയും ബലവും തരാനായി ഒരായിരം കൃഷ്ണന്മാര്‍ ആയുധങ്ങളുമായി പ്രത്യക്ഷപ്പെടണമേയെന്ന്...

'നീ പഠിച്ച ശാസ്ത്രം... ആയുധം... അത് നിനക്ക് സമ്മാനിച്ചത് ഞാന്‍ തന്നെയല്ലേ...!-ദൈവത്തിന്റെ ശബ്ദം വീണ്ടും ചെവിയില്‍

Content Highlight: Dr.VP Gangadharan writes, VP Gangadharan, Oncologist VPG