ന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങാനൊരുങ്ങുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. 'ഡോക്ടറേ... ഒരു കാര്യം പറയാനുണ്ടായിരുന്നു...' അവര്‍ വിതുമ്പലോടെയാണ് പറഞ്ഞത്.

മൂന്നു വര്‍ഷത്തിലധികമായി പരിചയമുള്ളയാളാണ്. 30 വയസ്സിനടുത്തു മാത്രം പ്രായമുള്ള സ്ത്രീ. എന്നാല്‍, കൂടുതല്‍ പക്വത തോന്നിക്കുന്ന പെരുമാറ്റം. ജീവിതാനുഭവങ്ങളുടെ തീച്ചൂടേറ്റ് അവര്‍ നന്നായി വിളറിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ അത് ആര്‍ക്കും മനസ്സിലാകും.

എന്താണ് പറയാനുള്ള കാര്യമെന്ന് ചോദിച്ചപ്പോള്‍ തെല്ലൊരു മടിയോടെ അവര്‍ പറഞ്ഞു: 'ഡോക്ടറേ എന്റെ കൈയില്‍ കുറച്ചു പൈസയുണ്ട്. കുറച്ചേയുള്ളൂ. എന്നാലും അത് ഒരു പാവം കുട്ടിക്ക് കൊടുക്കണം...'

അപ്പോള്‍ ഞാന്‍ ചിരിയോടെ പറഞ്ഞു: 'അതിനെന്താ പൈസ നമുക്ക് ഏറ്റവും അര്‍ഹതയുള്ള ഒരാള്‍ക്ക് കൊടുക്കാമല്ലോ. പക്ഷേ, അത് ഇപ്പോള്‍ വേണ്ട. തത്കാലം നമ്മുടെ ഈ ചികിത്സകള്‍ പൂര്‍ത്തിയാകട്ടെ. രോഗം പൂര്‍ണമായി ഭേദപ്പെടുകയാണല്ലോ. ചികിത്സയൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞു മതി അതൊക്കെ.'

'അതല്ല... ഡോക്ടര്‍. പാവപ്പെട്ട ഒരാള്‍ക്ക് കുറച്ചു പൈസ കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നതാണ്...അതിനായി കൂട്ടി വെച്ചതാണ്' ഞാന്‍ പതുക്കെ അവരുടെ കൈ പിടിച്ചു. അവരുടെ കണ്ണ് നിറഞ്ഞുവരുന്നുണ്ടായിരുന്നു.

കല്യാണം കഴിഞ്ഞ് വൈകാതെയാണ് അവര്‍ അസുഖവുമായി വന്നത്. അച്ഛനോടൊപ്പമായിരുന്നു അവര്‍ വന്നിരുന്നത്. ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗാവസ്ഥയാണ്. എന്നാല്‍, ജാഗ്രതയോടെ കുറച്ചുനാള്‍ ചികിത്സിക്കണമെന്നേയുള്ളൂ.

എന്നാല്‍, പിന്നീടൊരിക്കല്‍ സന്ദര്‍ശനത്തിനു വന്നപ്പോള്‍ അച്ഛനും മകളും വലിയ വിഷമത്തിലായിരുന്നു. ഭര്‍ത്താവ് അവര്‍ക്ക് ഡൈവോഴ്സ് നോട്ടീസ് അയച്ചിരിക്കുന്നു. രോഗവിവരം നേരത്തേ അറിയമായിരുന്നിട്ടും അതറിയിക്കാതെ കല്യാണം നടത്തി വഞ്ചിച്ചു എന്നു പറഞ്ഞായിരുന്നു ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തല്‍. രോഗനിര്‍ണയം നടത്തിയത് ഞാനാണെന്നും അത് എന്നായിരുന്നു എന്നും എന്താണ് അസുഖമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏതു കോടതിക്കു മുന്നില്‍ വന്നും വിശദീകരിക്കാമെന്നും അതിനായി എവിടെ വേണമെങ്കിലും വരാമെന്നും ഞാന്‍ അവരോടു പറഞ്ഞു.

അവര്‍ കരയുക മാത്രമാണ് അന്ന് ചെയ്തത്. പിന്നീട് ഞാന്‍ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ വസ്തുതയല്ലെന്ന് ഏതു കോടതിക്കും വ്യക്തമാകുന്നതായിരുന്നു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അതുകൊണ്ട് വലിയ കാര്യമുണ്ടായില്ല. ബന്ധുക്കളും വീട്ടുകാരുമെല്ലാം ചേര്‍ന്ന് ഒത്തുതീര്‍പ്പുണ്ടാക്കി ഡൈവോഴ്സ് നടത്തി.

'കേസിന്റെ കാര്യം ഞങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നു' എന്നാണ് അവര്‍ പറഞ്ഞത്. വിവരങ്ങള്‍ പറയുമ്പോള്‍ അച്ഛനും കരയുകയായിരുന്നു. രോഗത്തിന്റെ കാര്യത്തില്‍ കാര്യമായൊന്നും പേടിക്കേണ്ടതില്ല എന്നു മാത്രമേ എനിക്ക് ആശ്വസിപ്പിക്കാനുണ്ടായിരുന്നുള്ളൂ.

അവര്‍ വീണ്ടും അച്ഛനോടൊപ്പം സ്വന്തം വീട്ടില്‍ താമസമായി. അടുത്ത് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ചേര്‍ന്നു. ചികിത്സാ കാര്യങ്ങള്‍ മുടക്കമില്ലാതെ തുടര്‍ന്നു. രോഗം ഭേദമാകുന്ന കാര്യത്തില്‍ അവര്‍ക്കും ആത്മവിശ്വാസമായി. അങ്ങനെയാണ് അവര്‍ ശമ്പളത്തില്‍ നിന്ന് ചെറിയ തുക ശേഖരിച്ചു വെച്ച് ഏതാനും മാസംകൊണ്ട് കുറച്ചു പണം സമാഹരിച്ചത്.

അവര്‍ കൊണ്ടുവന്ന പണം ഞാന്‍ വാങ്ങി. ചെറിയൊരു തുകയേ ഉണ്ടായിരുന്നുള്ളു. ഞാന്‍ ആ പണം വാങ്ങാതിരുന്നാല്‍ അവര്‍ക്ക് അതെന്തു വലിയ വിഷമമാണുണ്ടാക്കുക എന്ന് എനിക്കു മനസ്സിലായിരുന്നു. എത്ര ചെറിയ തുകയായാലും അതൊരു വലിയ സഹായമായിത്തീരുന്ന ആളുകളുണ്ടെന്നും പണം ഏറ്റവും ആവശ്യമുള്ള ഒരു കുട്ടിക്ക് അതു കൊടുക്കാമെന്നും അവരോടു പറഞ്ഞു.

'ഡൈവോഴ്സ് കാര്യത്തില്‍ തീരുമാനമായി വീട്ടില്‍ ഒറ്റയ്ക്കായിപ്പോയ ശേഷം കടയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ തീരുമാനച്ചതാണ് സാറേ... നമ്മളെക്കാള്‍ വിഷമമുള്ള ഒരാള്‍ക്ക് ഒരു കുഞ്ഞു സഹായമെങ്കിലും ചെയ്യണമെന്ന്...' -നിറകണ്ണുകളോടെ അവര്‍ പറഞ്ഞപ്പോള്‍ എനിക്കും കണ്ണു നിറയുന്നുണ്ടായിരുന്നു.

************ ************* ***********

ആശുപത്രിയില്‍ ഒ.പി.യില്‍ കണ്‍സള്‍ട്ടേഷന് വന്നതാണ് അവര്‍. ഏതാണ്ടൊരു 50 വയസ്സുള്ള സ്ത്രീ. പെരിന്തല്‍മണ്ണയില്‍ നിന്നാണ്. കൂടെക്കൂടെ എന്റെ മുഖത്തേക്ക് അവര്‍ തറച്ചുനോക്കുന്നുണ്ട്. രോഗവിവരങ്ങളൊക്കെ ചോദിക്കുകയും പറയുകയും ചെയ്യുന്നതിനിടെയൊക്കെ പലപ്പോഴായി അവര്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരിക്കുന്നു.

ബ്രെസ്റ്റ് കാന്‍സറിന്റെ തുടക്കമായിരുന്നു അവര്‍ക്ക്. രോഗം കാര്യമായിട്ടില്ല. കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പോകാന്‍ സാധ്യതയില്ലെന്ന് പരിശോധനകളില്‍ നിന്ന് വ്യക്തമായി. അക്കാര്യമൊക്കെ അവരോട് വിശദമായി പറഞ്ഞു. അപ്പോഴും അവര്‍ ഇടയ്ക്കിടെ മുഖത്തേക്കിങ്ങനെ നോക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ സാറിനു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടായിരുന്നു. സാറിന് മുമ്പ് അസുഖം വന്ന് ആശുപത്രിയിലായില്ലായിരുന്നോ...ഹാര്‍ട്ട് അറ്റാക്ക്. അന്ന് പള്ളിയില്‍ മൗലവി പറഞ്ഞിരുന്നു നമുക്ക് ഈ ഡോക്ടര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം, അദ്ദേഹം ആശുപത്രിയിലാണ് എന്ന്. അന്ന് ഡോക്ടറെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. മൗലവി ഫോട്ടോയും കാണിച്ചുതന്നു.'

അവര്‍ പറഞ്ഞത് ശരിക്കും ഒരു ബഹുമതിയായിട്ടാണ് തോന്നിയത്. നമുക്ക് ഒരു പരിചയവുമില്ലാത്ത ആളുകള്‍, മതപരമായ, ദൈവികമായ ഒരു കൂട്ടായ്മയില്‍ നമുക്കായി പ്രാര്‍ഥിക്കുക എന്നത് എത്ര വലിയൊരനുഗ്രഹമാണ്.

കണ്ണുതുറന്ന് നമ്മെ കാണുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്ന ദൈവങ്ങളെപ്പോലെ പവിത്രതയുള്ള കൊച്ചു കൊച്ചു മനുഷ്യര്‍ നമുക്കിടയിലൊക്കെയുണ്ട്... ആത്മാവില്‍ മഹത്ത്വമുള്ള വലിയ മനുഷ്യര്‍... അവരൊക്കെയാണ് നമ്മുടെ ഈ ജീവിതത്തെ മഹത്ത്വമുള്ളതാക്കുന്നത്.