ഴിഞ്ഞ ഞായറാഴ്ച ഒരു നല്ലദിവസം തന്നെയായിരുന്നു. എന്നെക്കാണാൻ മൂന്നുപേർ വന്നു. എല്ലാവരും കാൻസർ രോഗം മാറി സുഖമായി ജീവിക്കുന്നവർ. ഇവർ എനിക്ക്‌ തരുന്നതെന്താണെന്ന്‌ അവർ തിരിച്ചറിയാറില്ല. സമൂഹവും തിരിച്ചറിയാറില്ല. അവരെനിക്ക്‌ തരുന്നത്‌ ‘പോസിറ്റീവ്‌  എനർജിയാണ്‌.... ടൺ കണക്കിന്‌ പോസിറ്റീവ്‌ എനർജി’.

അതിലൊരാൾ ഞാൻ 2006 ൽ ചികിത്സിച്ച നൗഫിയയായിരുന്നു. ഞാനവളെ വ്യക്തമായി ഓർക്കുന്നു. അധികമൊന്നും സംസാരിക്കാതെ വാപ്പയുടേയും ഭർത്താവിന്റേയും പുറകിൽ ഒതുങ്ങി നിൽക്കുന്ന ഒരു നാടൻ പെൺകുട്ടി. വലത്തേ കാലിലെ എല്ലിനെ ബാധിച്ചിരുന്ന കാൻസറിനെക്കുറിച്ച്‌ അവൾക്ക്‌ വലിയ ധാരണയൊന്നുമില്ലാത്ത പോലേ തോന്നി. ചികിത്സയെക്കുറിച്ച്‌ വിശദീകരിച്ചപ്പോഴും അവളിൽ വലിയ മാറ്റമൊന്നും കണ്ടില്ല. ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി മരുന്നുകൾ നൽകേണ്ടിവന്നു. പക്ഷേ ഞങ്ങൾക്കവളുടെ വലതുകാൽ രക്ഷിച്ചെടുക്കാൻ സാധിച്ചില്ല. വലതുകാൽ മുട്ടിന്‌ മുകളിൽ മുറിച്ചു കളയേണ്ടി വന്നു.

മൂന്നു മാസത്തിന്‌ ശേഷം തുടർ പരിശോധനയ്ക്ക്‌ വന്നാൽ മതിയെന്ന്‌ പറഞ്ഞ്‌ വീട്ടിലേക്ക്‌ പറഞ്ഞു വിട്ടെങ്കിലും രണ്ടാഴ്ചയ്ക്കകം അവളേയും കൊണ്ട്‌ വാപ്പ അത്യാഹിത വിഭാഗത്തിലേക്കോടിയെത്തി. ‘ഇന്നലെ മുതൽ അവൾ ആരോടും ഒന്നും സംസാരിക്കുന്നില്ല ഡോക്ടറേ, അവൾ കിടക്കയിൽ ഒരേ കിടപ്പാണ്‌ ‘ - വാപ്പ കരഞ്ഞുതുടങ്ങി. എന്നും കൂടെക്കാണുന്ന ഭർത്താവ്‌ എവിടെയെന്ന്‌ ചോദിച്ചതിന്‌ അവൾ മറുപടിയൊന്നും തന്നില്ല. ഒരു വികാരവുമില്ലാത്ത മുഖഭാവമാണ്‌. മറുപടിയെന്നോണം അവളെന്നെ നോക്കി. ഒരു വാക്കെങ്കിലും അവളുടെ വായിൽ നിന്ന്‌ വീണുകിട്ടാൻ ശ്രമിച്ചെങ്കിലും എനിക്ക്‌ പരാജയം സമ്മതിക്കേണ്ടി വന്നു. ഒരാഴ്ചയോളം അവൾ വാർഡിലുണ്ടായിരുന്നു. ഇടയ്ക്കൊരു ദിവസം വാപ്പ പറഞ്ഞു. ‘അവളുടെ ഭർത്താവ്‌ അവളെ ഉപേക്ഷിച്ചു പോയി സാറെ. കാൻസറിനേക്കാൾ അവളുടെ മനസ്സിൽ ആഘാതം ഏല്പിച്ചു അത്‌’... വാപ്പയ്ക്ക്‌ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.

പരിശോധനയിൽ അവൾക്ക്‌ കാൻസർ എന്ന അസുഖത്തിന്റെ ഒരു ലാഞ്ച്ഛന പോലുമില്ലെന്ന്‌ തിരിച്ചറിഞ്ഞു. മാനസികരോഗ വിദഗ്ദ്ധന്റെ ചികിത്സയ്ക്കായി അവൾ തിരികെ നാട്ടിലേക്ക്‌ പോയി.
ആശുപത്രിയിൽ പല സന്ദർഭങ്ങളിലും ഞങ്ങൾ അവളെക്കുറിച്ച്‌ സംസാരിക്കാറുണ്ട്‌. പക്ഷേ തുടർ പരിശോധനയ്ക്ക്‌ അവൾ ഒരിക്കൽപ്പോലും വന്നില്ല. കഴിഞ്ഞ ശനിയാഴ്ചയാണ്‌ എനിക്ക്‌ അപ്രതീക്ഷിതമായി ആ ഫോൺ കോൾ ലഭിക്കുന്നത്‌. ‘ഞാൻ നൗഫിയായുടെ വാപ്പയാണ്‌. സാറിന്റെ അസുഖത്തെ കുറിച്ച്‌ അറിഞ്ഞത്‌ മുതൽ അവൾക്ക്‌ സാറിനെ കാണണമെന്ന്‌ ഒരേ വാശി. ഞങ്ങൾ ഞായറാഴ്ച സാറിന്റെ വീട്ടിലേക്ക്‌ വരികയാണ്‌. സാധാരണ തുടർ പരിശോധനയ്ക്ക്‌ വരാത്തവരെ ഞാൻ യാന്ത്രികമായി ശകാരിക്കും. നൗഫിയയെ മനസ്സിലാക്കിയ ഞാൻ വരാൻ മാത്രമേ പറഞ്ഞുള്ളൂ.

അങ്ങനെയാണ്‌ ഇക്കഴിഞ്ഞ ഞായറാഴ്ച 11 വർഷത്തെ നീണ്ട ഇടവേളയ്ക്ക്‌ ശേഷം നൗഫിയ എന്റെ മുന്നിലെത്തുന്നത്‌. അവൾ അടിമുടി മാറിക്കഴിഞ്ഞിരുന്നു. ചെറിയ ഒരു മൗനത്തിന്‌ വിരാമമിട്ടത്‌ അവൾ തന്നെയാണ്‌ ‘സാറിന്റെ അസുഖമെല്ലാം മാറിയോ?’ ഞാൻ ... അവൾ തിരുത്തി. ഞങ്ങളെല്ലാവരും... കൂടെയുള്ള വാപ്പയേയും ബന്ധുക്കളേയും പരിചയപ്പെടുത്തിക്കൊണ്ടവൾ പറഞ്ഞു. ഞങ്ങളെല്ലാവരും സാറിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. സാറിനോട്‌ ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങിപ്പോയത​​േല്ല. ഒരു ദീർഘനിശ്വാസത്തിന്‌ ശേഷം അവൾ വാചാലയായി. ബി.എസ്‌സി.ക്ക്‌ പഠിക്കുമ്പോഴാണ്‌ എനിക്ക്‌ അസുഖം വന്നത്‌. പഠിത്തം മുടങ്ങിപ്പോയി. ഞാൻ പിന്നെ ചേർന്നത്‌ ബി.എ. ലിറ്ററേച്ചറിനാണ്‌. അത്‌ റാങ്കോടെ പാസ്സായി. പി.എസ്‌.സി. പരീക്ഷ എഴുതി സർക്കാർ ജോലി കിട്ടി. പൊന്നാനിക്കടുത്ത്‌ ഒരു കോളേജിൽ സ്റ്റാഫാണ്‌ ഞാനിന്ന്‌. 

ഞാനെന്തൊരു പൊട്ടിയായിരുന്നു സാറെ. ജീവിതം എന്താണ്‌ എന്ന്‌ എനിക്ക്‌ മനസ്സിലായി. അതിന്‌ എനിക്ക്‌ സാധിച്ചത്‌ കാൻസർ വന്നത്‌ കൊണ്ടാണ്‌. ആത്മവിശ്വാസവും ഈ ധൈര്യവും എനിക്ക്‌ സമ്മാനിച്ചത്‌ എന്റെ വലത്തേക്കാലും കൊണ്ടു പോയ കാൻസറാണ്‌. ഈ വെപ്പുകാലും കൊണ്ട്‌ ലൈൻ ബസ്സിൽക്കയറിയാണ്‌ ഞാൻ കോളേജിൽ പോകുന്നത്‌. അവൾ അഭിമാനത്തോടെ പറഞ്ഞ്‌ നിർത്തി.

ഒരു മഴ പെയ്ത്‌ തോർന്ന പ്രതീതി. വാക്കുകൾ കിട്ടാതെ പോയത്‌ എനിക്കാണ്‌. എന്റെ സംസാര ശേഷി നഷ്ടപ്പെട്ട നിമിഷങ്ങൾ. ഞാൻ അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു. കോളേജിൽ എല്ലാവർക്കും ഇവളെ വളരെ ഇഷ്ടമാണ്‌ സാറെ. എല്ലവരേക്കാളും കൂടുതൽ ജോലി ചെയ്യുന്നതും ഇവളാണ്‌ സാറെ. ഇനി ഇവൾക്ക്‌ ഒരു വിവാഹത്തേക്കുറിച്ച്‌ ആലോചിക്കണം. വാപ്പ കരച്ചിലടക്കാൻ പാടുപെടുന്നത്‌ കണ്ടു. അതല്ല സാറെ എന്റെ മുൻഗണനാക്രമം ഇനിയെന്റെ ജീവിതം കാൻസർ രോഗികൾക്കുള്ളതാണ്‌. ഞാൻ സാറിന്റെ കൂടെ കൂടുകയാണ്‌. പക്ഷേ സ്റ്റേജിൽക്കയറിയോ, പൊതുവേദിയിലോ എനിക്കിപ്പോഴും സംസാരിക്കാൻ സാധിക്കുമെന്ന്‌ തോന്നുന്നില്ല. സാറെ, അവൾ ചിരിച്ചു. എന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിനോട്‌ എനിക്കോ ഞങ്ങൾക്കോ യാതൊരു വിധ ദേഷ്യമോ വിരോധമോയില്ല സാറെ. അതൊക്കെ ഞാൻ എന്നേ മറന്നു. അവളുടെ മനസ്സിലും കാൻസറിന്റെ ഒരു കോശം പോലും അവശേഷിച്ചിട്ടില്ല എന്നെനിക്ക്‌ മനസ്സിലായി.

ഞങ്ങളിറങ്ങുകയാണ്‌ സാറെ, സാർ പൊന്നാനിഭാഗത്തേക്ക്‌ വരികയാണെങ്കിൽ വീട്ടിൽ വരണം. അല്ലെങ്കിൽ ഞാൻ ഇങ്ങോട്ട്‌ വരാം. അടുത്ത പ്രാവശ്യം ഞാൻ സാറിനെ കാണാൻ വരുന്നത്‌ എന്റെ കാറിലായിരിക്കും. സ്വയം കാറോടിച്ച്‌. ഞാൻ ഡ്രൈവിങ്‌ പഠിക്കാൻ പോകുകയാണ്‌. പുറത്തിറങ്ങി യാത്രയാക്കുമ്പോൾ രണ്ടു കൈയും കൂപ്പി ഞാൻ അവളെ തൊഴുതു. ടൺ കണക്കിന്‌ പോസിറ്റീവ്‌ എനർജി തന്നതിന്‌. ഒരു മാസത്തേക്കെങ്കിലും ഈ ഇന്ധനം മതി എന്റെ ജീവിതം മുന്നോട്ടു നയിക്കാൻ.

 

content highlights: dr. vp gangadharan, positive energy, cancer treatment