ഴിഞ്ഞദിവസം ഫോണില്‍ വന്ന ഒരു സന്ദേശം നോക്കിയപ്പോള്‍ രാത്രി വൈകിയിരുന്നു... അതിനാല്‍ അന്ന് തിരികെ വിളിക്കാന്‍ കഴിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞാണ് ആ നമ്പറിലേക്ക് വിളിക്കാനായത്. സന്ദേശം അയച്ചത് സുധീഷ് ആയിരുന്നു. ഏതാണ്ടൊരു 20 കൊല്ലം മുമ്പ് തിരുവനന്തപുരത്ത് ആര്‍.സി.സി.യില്‍ വെച്ചാണ് സുധീഷിനെ ചികിത്സിച്ചിരുന്നത്. അസുഖം പൂര്‍ണമായും ഭേദമായിരുന്നു. എങ്കിലും പിന്നീട് തുടര്‍ച്ചയായി സുധീഷ് വിളിക്കുകയും കാണുകയും ചെയ്യാറുണ്ട്.

ആര്‍.സി.സി. വിട്ട് എറണാകുളത്തേക്കു വന്നിട്ട് ലേക്ഷോര്‍ ആശുപത്രിയില്‍ ചേരുന്നത് 2003-ലാണ്. തിരുവനന്തപുരം വിടുന്നതു മുതലുള്ള ഒരോ കാര്യങ്ങളും വിശദമായി ചോദിച്ചറിയുമായിരുന്നു സുധീഷ്.

ഒരു ദിവസം രാവിലെ ലേക്ഷോറില്‍ ചേരാനായി ഞാനെത്തുമ്പോള്‍ സുധീഷിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേരുണ്ട് അവിടെ, ബൊക്കെയും മറ്റുമായി. ആശുപത്രി മാനേജ്മെന്റ് ഇത്തരമൊരു സ്വീകരണത്തിന്റെ കാര്യമൊന്നും പറഞ്ഞിരുന്നില്ല, അവര്‍ അറിഞ്ഞിരുന്നുമില്ല. അമ്പരപ്പിക്കുന്ന വലിയൊരു സ്‌നേഹാനുഭവമായിരുന്നു അത്. ആര്‍.സി.സി.യില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് ഏതാണ്ടെല്ലാവരും... എറണാകുളത്തും പരിസരത്തുമായുള്ളവര്‍. എല്ലാവരെയും വിളിച്ച് സ്വീകരണപരിപാടി ഒരുക്കി, വളരെ ഭദ്രമായി എല്ലാം ചെയ്തു സുധീഷ്. അതായിരുന്നു സുധീഷിന്റെ സ്‌നേഹം... അതായിരുന്നു സുധീഷിന്റെ പ്രകൃതം.

ഏതാണ്ടൊരു നാലുകൊല്ലം മുമ്പാണ്. ഒരു ദിവസം സുധീഷ് മോളെയും കൂട്ടി വന്നു. പ്ലസ് ടു കഴിഞ്ഞ് എം.ബി.ബി.എസിന് ചേരണമെന്ന ആഗ്രഹവുമായി കഴിയുകയാണ് അച്ഛനും മകളും. 'നല്ലൊരു ഡോക്ടറായി നൂറുകണക്കിനാളുകള്‍ക്ക് ചികിത്സയ്ക്കപ്പുറമുള്ള സൗഖ്യം പകരാന്‍ കഴിയും' എന്ന് ഞാന്‍ അവളെ ആശംസിച്ചു. അപ്പോള്‍ സുധീഷ് പറഞ്ഞു: 'അവള്‍ പഠനം കഴിഞ്ഞിട്ട് ഡോക്ടറുടെ കൂടെ ഒരു ടീമില്‍ ജോലി ചെയ്യണമെന്നാണ് ആഗ്രഹം...' അച്ഛനും മോളും പങ്കു വെച്ചത് ഒരേ ആഗ്രഹം. 'ആദ്യം നല്ലതുപോലെ പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കട്ടെ... അതു കഴിഞ്ഞ് ഏറ്റവും നല്ല അവസരം, ഏറ്റവും നല്ല രീതിയില്‍ വിനിയോഗിക്കാം' എന്ന മട്ടിലാണ് ഞാന്‍ സുധീഷിനോട് സംസാരിച്ചത്.

സുധീഷിന്റെ മെസ്സേജ് കണ്ട് തിരികെ വിളിക്കാന്‍ ഏതാനും ദിവസം കഴിഞ്ഞല്ലോ എന്നൊരു തോന്നലുണ്ടായിരുന്നു എനിക്ക്. തിരികെ വിളിച്ചപ്പോള്‍ മോളാണ് ഫോണ്‍ എടുത്തത്. അവള്‍ ഇപ്പോള്‍ എം.ബി.ബി.എസ്. അവസാന വര്‍ഷം പഠിക്കുകയാണ്. മകള്‍ ഡോക്ടറാവുമെന്ന് ഉറപ്പാണെങ്കിലും കോഴ്സ് പൂര്‍ത്തിയായി കാണാന്‍ സുധീഷിന് കഴിഞ്ഞില്ല. അച്ഛനെക്കുറിച്ച് പറഞ്ഞപ്പോള്‍, മോളുടെ ശബ്ദം കരച്ചിലിന്റേതായി: ''അച്ഛന്‍ പോയി ഡോക്ടര്‍... രണ്ടു ദിവസമായി. ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു! വൈകാതെ മരിച്ചു.''

സുധീഷിന്റെ വീട് എവിടെയാണെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും പോയിട്ടുണ്ടായിരുന്നില്ല. അടുത്ത ദിവസം തന്നെ വീട്ടില്‍ പോയി. അധികം അകലെയല്ലെങ്കിലും അവിടെ നേരത്തേ പോകാന്‍ കഴിഞ്ഞിരുന്നില്ല. സുധീഷ് ഇല്ലെങ്കിലും ആ പ്രസരിപ്പിന്റെ പ്രകാശം അവിടെ ബാക്കിയുണ്ടായിരുന്നു.

''ഡോക്ടറേ ആ കസേരയില്‍ ഇരിക്കൂ... അത് അച്ഛന്റെ കസേരയാണ്...'' -അവര്‍ എന്നെ ഒരു കസേരയില്‍ ഇരുത്തി. ''ഡോക്ടറേ നോക്കൂ, ആ കസേരയില്‍ ഇരുന്നാല്‍ നേരേ കാണാവുന്നത് ആ ഫോട്ടോയാണ്. സുധീഷും മകളും ഞാനും നില്‍ക്കുന്ന ഒരു ഫോട്ടോ. അച്ഛന് ആ കസേരയില്‍ ഇരുന്നാല്‍ എപ്പോഴും ഈ ഫോട്ടോ കാണാനാവുമായിരുന്നു. എപ്പോഴും ഡോക്ടറുടെ കാര്യം പറയുമായിരുന്നു. ഒരു അസുഖം വന്ന് അത് ചികിത്സിച്ചയാള്‍ എന്ന മട്ടിലല്ല... അതിനൊക്കെയപ്പുറത്ത്...''

സുധീഷിന്റെ സ്‌നേഹത്തെയും കരുതലിനെയും കുറിച്ച് അവര്‍ പറയാതെ തന്നെ എനിക്കറിയാമായിരുന്നു.

നമ്മുടെ ജീവിതം സാര്‍ഥകമാണെന്ന് സഫലമാണെന്ന് നമുക്ക് ഒരനുഭവ ബോധ്യമുണ്ടാകുന്നത് ഇത്തരം സ്‌നേഹം അനുഭവിക്കാനാകുമ്പോഴാണല്ലോ... മറ്റുള്ളവര്‍ നമ്മെ വിലമതിക്കുേമ്പാഴാണല്ലോ നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. സുധീഷിന്റെ സ്‌നേഹവും അദ്ദേഹം നല്‍കിയിരുന്ന ആദരവും ജീവിതത്തിലെ വലിയ സമ്പാദ്യമാണെനിക്ക്.

വീട്ടില്‍ നിന്നിറങ്ങി തിരികെ കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ മോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ''ഡോക്ടറേ, അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കണം എനിക്ക്... അതിനെന്നെ സഹായിക്കില്ലേ...?''

ആ മകള്‍ കോഴ്സ് പൂര്‍ത്തിയാക്കി സഹപ്രവര്‍ത്തകയായി എത്തുന്നത് കാത്തിരിക്കുകയാണ് ഞാനും. അത്തരം ആഹ്ലാദങ്ങള്‍ കൊച്ചു കൊച്ചു സന്തോഷങ്ങളല്ല, വലിയ വലിയ ആനന്ദങ്ങളാണ്... നമ്മുടെ ചെറിയ ജീവിതത്തെ മഹത്വപൂര്‍ണമാക്കുന്ന വലിയ ആനന്ദങ്ങള്‍.

 

content highlight: Dr. v.p.gangadharan oncologist