മ്മയും മകളും കൂടിയാണ് വന്നത്. അമ്മയുടെ സ്തനാര്‍ബുദം ഗൗരവമുള്ളതാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. സ്തനാര്‍ബുദ ചികിത്സയില്‍ ഇപ്പോള്‍ പൊതുവേ വലിയ മുന്നേറ്റങ്ങളാണുള്ളതും. ചികിത്സയെക്കുറിച്ചും പരിചരണങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ ആ അമ്മ സങ്കടത്തോടെയാണ് പറഞ്ഞത്... ഡോക്ടറേ എന്തു ചെയ്യാനാണ്.. എനിക്ക് രണ്ടു പെണ്‍മക്കളാണ്.

ചിരിയോടെയാണ് ഞാന്‍ പറഞ്ഞത് പെണ്‍ മക്കളാണല്ലോ വേണ്ടത്. പെണ്‍മക്കളുള്ള അമ്മമാരാണ് ഭാഗ്യവതികള്‍.

ആ അമ്മയ്ക്കും കേട്ടിരുന്ന മകള്‍ക്കും മുഖം പ്രകാശിച്ചെങ്കിലും അമ്മ പറഞ്ഞു മക്കള്‍ രണ്ടുപേരും അടുക്കളയില്‍ത്തന്നെയാണ് സാര്‍. ഞാനും അടുക്കളയിലായിരുന്നു. ഞങ്ങള്‍ ജോലിയൊന്നുമുള്ളവരല്ല.

അടുക്കളയില്‍ ജോലി ചെയ്യുന്ന അമ്മയെക്കുറിച്ചാണ് അപ്പോള്‍ ഞാന്‍ ഓര്‍ത്തത്. ഇപ്പോഴും നാം അടുക്കളയിലെ ജോലിയുടെ മഹത്ത്വത്തെക്കുറിച്ച് ഓര്‍ക്കാറില്ല. ഒരു വൈദഗ്ധ്യവുമില്ലാതെ ആര്‍ക്കും ചെയ്യാനാവുന്ന പണിയാണതെന്നാണ് നമ്മിലേറെപ്പേരും വീട്ടമ്മമാരുടെ ജോലിയെ കാണുന്നത്.

എന്നാല്‍ ഏറ്റവും മഹത്ത്വമേറിയതും തികഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ളതും ഏറ്റവും അവഗണിക്കപ്പെടുന്നതുമായ ജോലിയാണ് വീട്ടമ്മയുടേത്. വീട്ടിലെ മറ്റെല്ലാവര്‍ക്കും അവരുടെ ജോലി ചെയ്യാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് അടുക്കളിയിലെ വീട്ടമ്മയുടെ കഠിനാധ്വാനമാണ്.

രാവിലെ എല്ലാവരും എഴുന്നേല്‍ക്കും മുമ്പ് അമ്മ ഉണരും. പിന്നെ വിശ്രമമില്ലാതെ ജോലിയാണ്. പാചകമെന്ന ഒറ്റപ്പണി മാത്രം എടുത്തു നോക്കൂ. കൃത്യസമയത്ത് രുചികരമായി എല്ലാം ഒരുക്കിയിട്ടുണ്ടാവും. അതുമാത്രം എടുത്താല്‍ പുറത്തൊരു പാചക വിദഗ്ധനാണെങ്കില്‍ ശരിക്കുമൊരു പ്രൊഫഷനാണല്ലോ അത്. പാചകത്തെക്കാള്‍ വിഷമം പിടിച്ച പണിയാണ് വെച്ചുണ്ടാക്കുന്ന പാത്രങ്ങളെല്ലാം കഴുകി വെടിപ്പാക്കുക എന്നത്.

പി.ജി. ചെയ്യുന്ന സമയത്ത് ചിത്രയും ഞാനും ഒരുമിച്ചാണ് ഡല്‍ഹിയില്‍ കഴിഞ്ഞിരുന്നത്. വീട്ടിലുള്ളയാള്‍ വീട്ടു പണികളെല്ലാം ചെയ്യണം. അത്യാവശ്യം പാചകമൊക്കെ ചെയ്ത് ഒപ്പിക്കാനേ എനിക്ക് കഴിയാറുള്ളൂ. പാചകം എങ്ങനെയും ചെയ്യാമെന്നു വെയ്ക്കാം. പക്ഷേ, അതു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകുന്നതാണ് വലിയ പണി.

ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അമ്മയ്ക്ക് ഇതൊന്നും ഒരു വിഷമം പിടിച്ച പണിയേ ആയിരുന്നില്ലല്ലോ എന്ന് അതിശയം തോന്നിയത് പിന്നീടാണ്. തിരുപ്പൂരില്‍ താമസിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു മക്കളും എഴുന്നേറ്റു വരുമ്പോഴേക്ക് അമ്മ ഇഡ്ഡലിയൊക്കെ ഒരുക്കി വെച്ചിട്ടുണ്ടാവും. തിരുപ്പൂരിലെ ഇഡ്ഡലിയുടെ രുചി ഒന്നു വേറെയാണ്. പ്രത്യേക രുചിയുള്ള ചെറിയ ഇഡ്ഡലി. ഒരാള്‍ക്ക് ഒരു പത്തെണ്ണമൊക്കെ സുഖമായി കഴിക്കാം. ഞങ്ങള്‍ മൂന്നു പേരും കൂടി ഒരു പത്തു നാല്‍പത് ഇഡ്ഡലി അകത്താക്കും. എന്നിട്ട് കൂളായി എഴുന്നേറ്റു പോകും. അതാണ് അമ്മയ്ക്ക് സന്തോഷവും.

ഏതു വീടിന്റെയും നട്ടെല്ലാണ് വീട്ടമ്മ. മക്കളെ മൂല്യബോധത്തോടെയും നന്മയോടെയും വളര്‍ത്തിയെടുക്കുന്നത് അമ്മമാരാണ്. ഒട്ടേറെ മേഖലകളില്‍ അതീവ വൈദഗ്ധ്യത്തോടെ ജോലി ചെയ്യുന്നവര്‍. കേരളത്തിലെ വലിയ സാമൂഹിക പുരോഗതിയുടെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് ഇവിടത്തെ അമ്മമാര്‍ നല്ല വിദ്യാഭ്യാസവും ലോകപരിചയവും നേടിയവരാണ് എന്നതാണല്ലോ.

ഓരോ വീട്ടിലെയും കാര്യം എടുത്തു നോക്കിയാലറിയാം. അമ്മമാര്‍ എത്രയോ മണിക്കൂറാണ് പണിയെടുക്കുന്നത്. ഏതെങ്കിലും ജോലിക്കായി പുറത്തു പോകുന്നവര്‍ക്ക് ഏഴോ എട്ടോ മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയാകും. അതിന് പ്രതിഫലവും അംഗീകാരവും ഒക്കെ ലഭിക്കും. വീട്ടിലെ അമ്മമാര്‍ക്ക് ജോലി സമയം എന്നൊന്നില്ലല്ലോ. 12-14 മണിക്കൂര്‍ വരെയൊക്കെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അമ്മമാര്‍ കുറവല്ല. അതിനാകട്ടെ അംഗീകാരവുമില്ല, പ്രതിഫലവുമില്ല എന്നതാണല്ലോ അവസ്ഥ.

അമ്മ ചെയ്യുന്ന ജോലിക്ക് ശമ്പളം കൊടുക്കാമെന്നു വിചാരിച്ചാല്‍ ആര്‍ക്കാണ് അത് കണക്കാക്കാന്‍ കഴിയുക! വീടിനെ വീട് ആക്കുന്നത് അമ്മയാണ്. വീട്ടിലെ അംഗങ്ങളെ വൈകാരികമായി ഒരുമിപ്പിക്കുന്നതും വീടിനെ കുടുംബമാക്കുന്നതും അമ്മ എന്ന മഹനീയ സാന്നിധ്യമാണ്. അത് കണക്കാക്കാന്‍ കഴിയാത്ത മഹിമയാണ്. അടുക്കളയിലിരുന്ന് ലോകം പണിതൊരുക്കുന്നവരാണല്ലോ അമ്മമാര്‍.

ചികിത്സ തേടിയെത്തിയ ആ അമ്മയും അവരുടെ മക്കളും ചെയ്തുപോരുന്ന മഹത്വമേറിയ ജോലികളാണ് നമ്മുടെ ഓരോരുത്തരുടെയും വീടുകളെ നിലനിര്‍ത്തുന്നത്. ഇത്രയൊന്നും അവരോടു പറയാനായില്ലെങ്കിലും വീട്ടമ്മയായിരിക്കുന്നത് വലിയ കാര്യമാണെന്ന് അവരോട് പറഞ്ഞു. അപ്പോള്‍ ആ അമ്മയും മകളും ഒരു പോലെ പതുക്കെ ചിരിച്ചു. പറയുമ്പോള്‍ അങ്ങനെയൊക്കെ പറയാം പക്ഷേ, പറയുന്നതിലൊക്കെ എന്തു കാര്യം എന്ന മട്ടില്‍.

പറഞ്ഞിട്ട് കാര്യമുണ്ടല്ലോ. നമ്മളോരോരോത്തരും അമ്മമാരുടെ ജോലിയുടെ മഹത്ത്വത്തെക്കുറിച്ച് ബോധ്യമുള്ളവരാവുക എന്നതാണല്ലോ വലിയ കാര്യം.