'ങ്കിളേ, ഡാഡിയുടെ പള്ളിയിലെ പരിപാടിയും സ്‌നേഹവിരുന്നും വരുന്ന വ്യാഴാഴ്ചയാണ്... അങ്കിളിനെ ക്ഷണിക്കാന്‍ വിളിച്ചതാണ്... വരുവോ...?' ആന്റണി പാലക്കന്റെ മോന്റെ ക്ഷണമാണ്.

'ഇല്ല മോനേ, ഞാന്‍ വരുന്നില്ല...' എന്റെ മറുപടി പെട്ടെന്നായിരുന്നു.

പാലക്കനെ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മനസ്സില്‍ അവനെന്നും ജീവിച്ചിരിക്കണം, പഴയ പാലക്കനായിതന്നെ.

അതിന് എന്റെ മനസ്സ് പറഞ്ഞുതന്ന മാര്‍ഗം. അവന്‍ മരിച്ചുകിടക്കുന്നത് കാണാന്‍ ഞാന്‍ പോയില്ല... അവന്റെ അടക്കിന് ഞാന്‍ പോയില്ല... അവന്റെ വിരുന്നിനും ഞാന്‍ പോകുന്നില്ല... ഞാനെന്റെ മനസ്സിനെ, ഓര്‍മകളെ കളിപ്പിക്കാനുള്ള ഒരു ശ്രമം നടത്തുകയാണ്. സ്വയം കളിപ്പിക്കാന്‍... കളിപ്പിക്കപ്പെടാന്‍...

പാലക്കനെ ആദ്യം കണ്ടുമുട്ടിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു... ഞാന്‍ മഹാരാജാസ് കോളേജ് ജീവിതം തുടങ്ങിയ കാലഘട്ടം.

എന്റെ സഹമുറിയന്‍ ശശിയുടെ കൂടെയാണ് അവന്‍ ഞങ്ങളുടെ ഹോസ്റ്റല്‍ മുറിയിലേക്ക് കടന്നുവന്നത്... വെള്ളമുണ്ടും വെള്ളഷര്‍ട്ടും വേഷം... ഷര്‍ട്ടിന്റെ കൈ പകുതി മടക്കിവെച്ചിരിക്കുന്നു... കഴുത്തില്‍ ബഹുവര്‍ണത്തിലുള്ള ഒരു കര്‍ച്ചീഫ് തിരുകിവെച്ചിരിക്കുന്നു...

നിറം കറുപ്പായിരുന്നതുകൊണ്ട് വെള്ളമുണ്ടും വെള്ളഷര്‍ട്ടും നല്ലപോലെ ചേരും...

എന്റെ ഈ ചിന്ത മനസ്സിലാക്കിയതുപോലെ എന്നെ നോക്കി അവന്‍ ചോദിച്ചു: 'നീ എന്താടാ കുന്തം വിഴുങ്ങിയപോലെ നിക്കണത്... ഇവനാരാടാ...?'

ഈ ചോദ്യം ശശിയോടായിരുന്നു.

'ഇത് ഗംഗാധരന്‍... തിരുപ്പൂരാണ് വീട്...'

ശശി ഉത്തരം പൂര്‍ത്തീകരിക്കും മുന്‍പ് പാലക്കന്റെ കമന്റ് വന്നു: 'പാണ്ടിയാണല്ലേ, എവിടന്ന് കെട്ടിയെടുക്കുന്നെടാ ഈ പാണ്ടികളെയൊക്കെ... എടാ, നീയൊക്കെ ഈ ശശീടെകൂടെ നടന്ന് കേടുവരാതെ നോക്കിക്കോണം കേട്ടാ... നമ്മ പറയാനുള്ളത് പറഞ്ഞു... ഇനി നിന്റെ ഇഷ്ടം...' അവന്‍ എന്നെ നോക്കി കണ്ണിറുക്കി.

തമാശയും കളിയും ചിരിയുമായി പാലക്കനുമൊത്തുള്ള മഹാരാജാസ് കോളേജ് ജീവിതം മനസ്സില്‍ തെളിഞ്ഞുവന്നു.

ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളായി മാറിയത് ബോള്‍ ബാഡ്മിന്റണ്‍ കളിയിലൂടെയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും കോളേജ് ബാഡ്മിന്റണ്‍ ടീം അംഗങ്ങളായിരുന്നു.

അഞ്ചുപേര്‍ ഒരു ടീമില്‍നിന്ന് കളിക്കുന്ന മത്സരം... ഞാന്‍ നെറ്റിനോടടുത്തുനിന്ന് മുന്നില്‍ കളിക്കുന്നു. എന്റെ പിറകില്‍ ബാക്ക് പൊസിഷനില്‍ പാലക്കനുണ്ടാകും. ഒരു പോയിന്റ് നഷ്ടപ്പെടുമ്പോള്‍ ഞങ്ങള്‍ വിഷമിക്കും. വിഷമിക്കാതെ, തമാശകലര്‍ന്ന കമന്റുമായി അവനുണ്ടാകും കൂടെച്ചേരാന്‍.

'നുമ്മക്ക് കളിക്കാനല്ലേ പറ്റുള്ളൂ... നിങ്ങ കേറിയടിയടാ... നുമ്മ പുറകി നോക്കിക്കോളാം...'

വാശിയേറിയ എത്രയെത്ര മത്സരങ്ങള്‍... എല്ലാം ഇന്നലെയെന്നപോലെ മനസ്സിലൂടെ ഓടിനീങ്ങുന്നു.

കേരള യൂണിവേഴ്‌സിറ്റിയുടെ ഫൈനല്‍ റൗണ്ട് കളിക്കാന്‍ കൊട്ടാരക്കരയില്‍ പോയ രംഗങ്ങള്‍ ഓര്‍മവരുന്നു... മീറ്റര്‍ഗേജ് ട്രെയിനില്‍ കൊല്ലത്തേക്കുള്ള യാത്ര... അവിടെ നിന്ന് ബസില്‍ കൊട്ടാരക്കരയ്ക്ക്. നേരം വളരെ വൈകിയാണ് കൊട്ടാരക്കരയിലെത്തിയത്.

പഴയ ഒരു ലോഡ്ജ് മുറിയില്‍ എല്ലാവരും കൂടി താമസം... പുറത്തുപോയി ആഘോഷമായിട്ടാണ് പാലക്കന്‍ രാത്രി ഉറങ്ങാനെത്തിയത്.

രാവിലെയാണ് ആദ്യത്തെ മത്സരം... കളി തുടങ്ങി... നിര്‍ണായകമായ ആദ്യത്തെ കുറച്ച് പോയിന്റുകള്‍... 'പന്ത് അവിടെക്കൊടുക്കെടാ...' പാലക്കനെ വിരല്‍ചൂണ്ടി എതിര്‍ ടീമിന്റെ ക്യാപ്റ്റന്റെ ആക്രോശം.

ഓരോ പ്രാവശ്യവും പാലക്കന്‍ പന്ത് അടിക്കുമ്പോഴും ബാറ്റില്‍ കൊള്ളാതെ പന്ത് അവിടെത്തന്നെ വീഴുന്നുണ്ടായിരുന്നു. പണ്ടൊരിക്കലും സംഭവിക്കാത്ത കാര്യം...

ഞാന്‍ പതുക്കെ നടന്ന് അവന്റെയടുത്തെത്തി... 'എന്തുപറ്റിയെടാ നിനക്ക്, കൂളായി കളിക്ക്...' ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

'നുമ്മ എന്ത് ചെയ്യാനാടാ... പന്ത് രണ്ടായിക്കാണുന്നു...' അവന്റെ ചുണ്ടില്‍ ഒരു വികൃതിച്ചിരി വിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. 'തലേരാത്രിയിലെ ആഘോഷം...' എന്റെ മനസ്സ് മന്ത്രിച്ചു.

'ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേള...' ഈ ഗാനം കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ പാലക്കനെ ഓര്‍ക്കും. മത്സരം കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി കൊട്ടാരക്കരയില്‍ ഒരുമിച്ചിരുന്ന് കണ്ടാസ്വദിച്ച സിനിമ... 'ജീവിതസമരം'. അതിലെ മനോഹരമായ ഈ ഗാനം... ആ രംഗം കണ്ടുകൊണ്ടിരിക്കുമ്പോള്‍ പാലക്കന്‍ എന്റെ കൈ മുറുകെപ്പിടിച്ചുകൊണ്ട് ഇടറിയ സ്വരത്തില്‍ പറഞ്ഞു: 'നിനക്കെന്നോട് കെറുവുണ്ടോ... കളി തോറ്റതിന്... സോറീ ഡാ...' ഇനീങ്ങനെ ഒരിക്കലും ഉണ്ടാകില്ല...'

അവന്റെ മനസ്സ് മനസ്സിലാക്കാന്‍ ഈ കുമ്പസാരം മതിയായിരുന്നു.

കോളേജ് തിരഞ്ഞെടുപ്പ്... കോളേജ് ഡേ... നാടകത്തിലെ അവന്റെ വേഷങ്ങള്‍... യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിന് എന്റെ സഹമുറിയന്‍ ശശിയെ കഥകളിമത്സരത്തിന് നിര്‍ബന്ധിച്ച് കൊണ്ടുപോയ രംഗങ്ങള്‍... എല്ലാം മനസ്സില്‍ ഓടിയെത്തി.

കോളേജില്‍ കലാപരിപാടികള്‍ നടന്നുകൊണ്ടിരുന്ന ഒരു ദിവസം... പാലക്കന്‍ അസ്വസ്ഥനായിരുന്നു: 'നീ ബാ നമുക്കൊരു സ്ഥലംവരെ പോയിട്ടുവരാം...'

അവന്‍ എന്നെയുംകൊണ്ട് പോയത് എറണാകുളം ജനറല്‍ ആശുപത്രിയിലെ വാര്‍ഡിലേക്കായിരുന്നു.

'ഇത് എന്റെ അമ്മ...' കിടക്കയില്‍ പുതച്ചുമൂടിക്കെടുന്നിരുന്ന അമ്മയുടെ അടുത്തിരുന്ന് അവന്‍ പറഞ്ഞു. അന്നാദ്യമായി അവന്റെ കണ്ണില്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു.

വര്‍ഷങ്ങള്‍ കഴിഞ്ഞു... ഞങ്ങള്‍ ഇടയ്ക്കിടക്ക് കണ്ടുമുട്ടാറുണ്ടായിരുന്നു.

'പാവത്താനായി, പെണ്ണുങ്ങളുടെ മുഖത്തുപോലും നോക്കാതെ നടന്നിരുന്ന ഇവനെങ്ങനെ ചിത്രയെ വളച്ചെടുത്തെടാ...?' എന്റെ വിവാഹനാളില്‍ അവന്റെ കമന്റ് അതായിരുന്നു.

അവന്‍ ചിത്രയുടേയും സുഹൃത്തായി... താമസിയാതെ എന്റെ മക്കളായ ഗോകുവിന്റേയും അപ്പുവിന്റേയും 'പാലക്കനങ്കിള്‍' ആയി അവന്‍ മാറി.

തിരുവനന്തപുരം ആര്‍.സി.സി.യില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലഘട്ടം... ഭാര്യയേയും കൊണ്ട് പാലക്കന്‍ എന്റെയടുത്തെത്തി.

'നുമ്മ പറഞ്ഞിട്ട് അവള്‍ ചികിത്സയ്ക്ക് സമ്മതിക്കുന്നില്ലെടാ... നീ പറ... ചെലപ്പോ അവള് സമ്മതിക്കും...'

ഞാനും പരാജയപ്പെടുകയായിരുന്നു. അതിനിടയിലും അവന്റെ നര്‍മബോധം കലര്‍ന്ന ഒരു വിവരണം എന്റെ മനസ്സില്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നു.

'എടാ ഞാനിവിടെ നിന്നെക്കാത്ത് രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ഇടയ്ക്ക് ഇരിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കും... എല്ലാവരും പരസ്പരം നോക്കും... ആരും ചിരിക്കില്ല... പരസ്പരം സംസാരിക്കില്ല... ഓരോരുത്തരും പരസ്പരം നോക്കിയിട്ട് മനസ്സില്‍ വിചാരിക്കുന്നത് അവനും ഈ ഗതി വന്നല്ലോ എന്നായിരിക്കും. എന്നെനോക്കി വിചാരിക്കുന്നതോ...?'

ഒരു ചെറിയ പുഞ്ചിരിക്കുശേഷം അവന്‍ തുടര്‍ന്നു: 'ഈ തടിയനും കാന്‍സര്‍ വന്നല്ലോ ദൈവമേ... ഇവനെയും നീ വെറുതെ വിട്ടില്ലേ എന്നായിരിക്കുമത്രേ...'

എത്രയോ വേദികളില്‍ ഞാന്‍ ഈ നര്‍മം പങ്കുവെച്ചിരിക്കുന്നു.

നാടകസിനിമ ലോകത്തിന് അവനെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍, പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന ദുഃഖസത്യം പലപ്പോഴും എന്നോടവന്‍ പങ്കുവെച്ചിട്ടുണ്ട്. ആത്മഗതമെന്നോണം അവന്‍ പറയുമായിരുന്നു: 'എന്റെ നിറവും ശരീരവുമായിരിക്കാം അതിന് കാരണം... നുമക്ക് ലുക്കില്ലല്ലോ...' അതായിരുന്നു അവന്റെ ഭാഷ്യം.

അന്നും ഇന്നും എന്നെ 'എടാ' എന്ന് ചേര്‍ത്തുവിളിക്കുന്നവന്‍, ഞങ്ങളുടെ അടുക്കളയില്‍ സ്വാതന്ത്രത്തോടെ കയറിയിറങ്ങുന്നവന്‍, എന്റെ കുടുംബത്തിലെ മൂന്ന് തലമുറകളേയും അടുത്തറിയുന്നവന്‍, ഗോകുവിന്റെയും അപ്പുവിന്റേയും ഉമയുടേയും ദേതുവിന്റേയും 'പാലക്കനങ്കിള്‍...' അവനെക്കുറിച്ചുള്ള ഓര്‍മകള്‍ മരണത്തിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കാവില്ല.

നിന്റെ വാക്കുകള്‍ ഞാന്‍ കടമെടുക്കുകയാണ്: 'നുമ്മ എവിടെപ്പോകാന്‍...?'

നീ പോവില്ല... നീ പോകേണ്ട... ഞങ്ങളെയെല്ലാം വിട്ട് നിനക്ക് പോകാനാകില്ല. നിന്റെ മരണം എനിക്ക് കാണേണ്ട... നിന്റെ അടക്ക് എനിക്ക് കാണേണ്ട... നിന്റെ സ്‌നേഹവിരുന്നിന് ഞാന്‍ വരില്ല. അതെ, എന്റെ മനസ്സില്‍ നീ മരിച്ചിട്ടില്ല... ഓര്‍മകള്‍ക്ക് മരണമില്ലെന്നത് സത്യം.

Content Highlights: dr vp gangadharan on best friend antony palakkan