ന്നര മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം കഴിഞ്ഞദിവസം വീണ്ടും ആശുപത്രിയിലെത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി, ഉടന്‍തന്നെ കീമോ തെറാപ്പി തുടങ്ങണം എന്നുപറഞ്ഞ് വിട്ടതാണ്.

'എന്തുപറ്റി ഇത്രയുംനാള്‍...?' എന്നു ചോദിച്ചതിന്, 'ഒന്നും ചെയ്തില്ല ഡോക്ടറേ...' എന്ന് മറുപടി.

തുടയില്‍ അര്‍ബുദബാധ മൂലമുള്ള മുഴ വ്യക്തമായി കാണാവുന്ന നിലയിലാണ് ആള്‍. ഉടന്‍ കീമോ തെറാപ്പി തുടങ്ങണം 'രോഗം ഭേദമാക്കാന്‍ കഴിയും' എന്നൊക്കെ വിശദമായി പറഞ്ഞതാണ്. അതും കേട്ട് സമ്മതിച്ച് ആള്‍ നേരേ പോയത് ധ്യാനത്തിന്. രണ്ടാഴ്ചയോളം ധ്യാനം കഴിഞ്ഞപ്പോള്‍ കാന്‍സര്‍ ഭേദമായെന്നാണ് അവിടെനിന്ന് പറഞ്ഞതത്രെ!

'കീമോ തെറാപ്പി തുടങ്ങാനുള്ള സമയം വെറുതേ കളഞ്ഞത് മോശമായി' എന്നു പറഞ്ഞപ്പോഴും അദ്ദേഹത്തിന് വലിയ ഖേദമൊന്നുമില്ല.

'എന്താണ് ജോലി...?' എന്നു ചോദിച്ചപ്പോള്‍ പറഞ്ഞു: 'ടീച്ചറാണ്' എന്ന്.

ചെറിയൊരു ചിരിവന്നത് അടക്കാന്‍ പറ്റാതെയാണ് ഞാന്‍ ചോദിച്ചത് 'പഠിപ്പിക്കുന്നത് സയന്‍സ് ആയിരിക്കും അല്ലേ..' എന്ന്.

അതേ... കുട്ടികളെ സയന്‍സ് പഠിപ്പിക്കുന്ന ടീച്ചറാണ് കാന്‍സര്‍ കണ്ടെത്തിയ ഉടന്‍ ചികില്‍സ ഒഴിവാക്കി ധ്യാനിക്കാന്‍ പോയത്!

ഫെബ്രുവരി നാലിന് അന്താരാഷ്ട്ര കാന്‍സര്‍ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടികള്‍ക്കിടയിലാണ് ഇത് എഴുതുന്നത്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നും നമ്മുടെ നാട്ടില്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് ഇത്തരം ധ്യാനവും പൂജയും ഓതിക്കലും മറ്റു പല പല രീതിയിലുള്ള വ്യാജ ചികിത്സകളും.

ആധുനിക ശാസ്ത്രീയ സമ്പ്രദായങ്ങള്‍ അനുസരിച്ച് ഗവേഷണനിരീക്ഷണങ്ങളിലൂടെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പുതിയ ചികിത്സാ സംവിധാനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലും സാധാരണമായിട്ടുണ്ട്. ലോകനിലവാരമുള്ള ചികിത്സ നമുക്ക് ഇവിടെ സാധ്യമാകുന്നു. വലിയൊരളവു വരെ കാന്‍സറിനെ മറികടക്കാനും ഇന്ന് നമുക്ക് കഴിയുന്നുണ്ട്. എന്നിട്ടും ചികിത്സയെ അന്ധവിശ്വാസങ്ങള്‍ കൊണ്ട് നേരിടാനുള്ള ശ്രമങ്ങളെക്കുറിച്ച് എന്തു പറയാനാണ്...!

മൂന്നുനാല് വര്‍ഷം മുമ്പ് 'ലിംഫോമ'യുമായി വടകര ഭാഗത്തുനിന്ന് വന്ന ഒരാള്‍ ഒരുഘട്ടം കീമോ പൂര്‍ത്തിയാക്കി പോയിട്ട് പിന്നെ ഒരു വിവരവുമില്ലായിരുന്നു. ആ രോഗിയുടെ നാട്ടില്‍ നിന്നുതന്നെയുള്ള മറ്റൊരാളും അന്ന് ചികിത്സയിലുണ്ടായിരുന്നു. അദ്ദേത്തോട് പറഞ്ഞപ്പോള്‍ത്തന്നെ ചികിത്സ മുടക്കിയയാള്‍ ഏതുവഴിയാണ് പോയിട്ടുണ്ടാവുക എന്ന് ഊഹിച്ച് പറഞ്ഞു... അത് ശരിയുമായിരുന്നു. വെള്ളം ഓതിച്ച് കുടിച്ചാല്‍ മതി, കീമോയൊന്നും വേണ്ട എന്നു കരുതിയിരുന്ന രോഗിയെ കൈയോടെ കൂട്ടിക്കൊണ്ടു വന്ന് ചികിത്സ തുടരാന്‍ വേണ്ട കാര്യങ്ങളൊക്കെ ചെയ്തു നാട്ടുകാരന്‍. ഏതാനും മാസത്തെ ചികില്‍സ കൊണ്ട് രോഗം പൂര്‍ണമായി ഭേദമാവുകയും ചെയ്തു.

അടുത്തകാലത്ത് കേട്ട മറ്റൊന്ന്, കോയമ്പത്തൂരിലെ ഒരുതരം ഉപ്പുചികിത്സയെ കുറിച്ചാണ്. ഹിമാലയത്തില്‍നിന്ന് കൊണ്ടുവരുന്ന ഒരുതരം ഉപ്പ് വലിയൊരു മുറിയില്‍ കൂട്ടിയിട്ട് അതിനു ചുറ്റും രോഗികള്‍ ഇരിക്കും. ആ ഉപ്പില്‍ നിന്നുള്ള കാറ്റ് തട്ടിയാല്‍ കാന്‍സര്‍ ഭേദമാകുമെന്നാണ് അവകാശ വാദം. അവിടെയും പോയിരുന്ന് കാറ്റുകൊള്ളാന്‍ ശാസ്ത്രം പഠിച്ചവരും പഠിപ്പിക്കുന്നവരും തയ്യാറാകുന്നുണ്ടെന്നതാണ് അതിശയകരം.

കര്‍ണാടകയിലെ ഷിമോഗയില്‍ ഇത്തരത്തിലുള്ള മറ്റൊരുതരം വ്യാജചികിത്സ ഇപ്പോഴും കാര്യമായി നടന്നുവരുന്നുണ്ട്.

മറ്റൊരു സിദ്ധൗഷധമാണ് 'കറ്റാര്‍വാഴ'. അതിന്റെ നീര് കുടിച്ചാല്‍ ഏതു കാന്‍സറും മാറുമെന്നാണ് ഒരു കൂട്ടരുടെ പ്രചാരണം. ഇതുകൊണ്ടുള്ള ചികിത്സയില്‍ ചില പ്രാദേശിക ഭേദങ്ങളുണ്ട്. കോഴിക്കോടന്‍ ഭാഗത്തു നിന്നുള്ളവര്‍ കറ്റാര്‍വാഴയുടെ നീരുമാത്രം കുടിച്ചാണ് രോഗമെല്ലാം മാറ്റുന്നത്. എറണാകുളത്തുകാരുടെ രോഗം മാറാന്‍ കറ്റാര്‍വാഴ നീരിനൊപ്പം തേനും ചേര്‍ക്കണം. പാലാ പ്രദേശത്തു നിന്നുള്ള ചില കറ്റാര്‍വാഴക്കാര്‍ നീരിനൊപ്പം കുറച്ച് കള്ളും ചേര്‍ത്താണത്രെ കുടിക്കുന്നത്. കറ്റാര്‍വാഴയും തേനും ഒക്കെ നല്ലതുതന്നെയാണ്. രോഗത്തിന് ചികിത്സിക്കുന്നതിന് പകരമായി ഇത്തരം സൂത്രപ്പണികളില്‍ വീണുപോകരുതെന്നേയുള്ളു.

കോട്ടയത്ത് കാരിത്താസ് ആശുപത്രിക്കടുത്ത് ഒരുവീട്ടില്‍ പ്രത്യേകതരം 'ഔഷധജ്യൂസ് തെറാപ്പി' ഉണ്ടായിരുന്നു. അവര്‍ തരുന്ന ജ്യൂസ് മൂന്നുദിവസമോ ഏഴുദിവസമോ മറ്റോ കഴിച്ചാല്‍ ഒരുവിധം അസുഖമൊക്കെ മാറുമെന്നാണ് പ്രചാരണം. ഒരിക്കല്‍ അവിടെച്ചെന്നു നോക്കാനായി ചിലരെ വിട്ടപ്പോള്‍ കണ്ടത് ദിവസങ്ങളായി ഈ ജ്യൂസ് അല്ലാതെ, മറ്റൊന്നും കഴിക്കാതെ ചില രോഗികള്‍ തളര്‍ന്നുകിടക്കുന്ന കാഴ്ചയായിരുന്നു.

'ആദിവാസി ചികിത്സ' എന്ന പേരില്‍ ആദിവാസി മൂപ്പന്മാരെയും മറ്റും ഉപയോഗിച്ചും അല്ലാതെയും ഒക്കെ നടത്തുന്ന ചികിത്സകള്‍ പലയിടത്തും ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ട്.

ചിലയിനം രോഗങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന ഒറ്റമൂലികള്‍ പോലെ ചില ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ചെറിയ ചെറിയ അറിവുകള്‍ വെച്ച് ഏതു രോഗത്തിനും ചികിത്സിക്കുകയാണ് ഇവര്‍. എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരം സമ്പ്രദായങ്ങളിലേക്ക് വളരെവേഗം ചെന്നുവീഴുന്നതെന്നാണ് മനസ്സിലാകാത്തത്.

ആയുര്‍വേദത്തിലും മോഡേണ്‍ മെഡിസിനിലും യോഗ്യതയുള്ള ഒരു ഡോക്ടര്‍ എല്ലാ കാന്‍സര്‍ രോഗികള്‍ക്കും ഒരേതരം ചികിത്സ നല്‍കിവരുന്ന അവിശ്വസനീയമായ ഒരു കാര്യവുമുണ്ട് നമ്മുടെ നാട്ടില്‍. ആയുര്‍വേദ മരുന്നാണ് നല്‍കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അതിനൊപ്പം 'ഹൈഡ്രോക്‌സി യൂറിയ' ചേര്‍ന്ന ഗുളികകളും എല്ലാവര്‍ക്കും നല്‍കും. വൈദ്യശാസ്ത്രം ചിട്ടയായി പഠിച്ചവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്.

ആയുര്‍വേദവും ഹോമിയോയും മോഡേണ്‍ മെഡിസിനും കുറച്ച് മന്ത്രതന്ത്രങ്ങളും എല്ലാംകൂടി ചേര്‍ത്ത് രോഗികളെ കുഴപ്പത്തിലാക്കുന്ന കൂട്ടരുമുണ്ട്.

സ്തനാര്‍ബുദം വന്ന ഒരു രോഗി 10 വര്‍ഷമായി തന്റെ മരുന്നുകള്‍ കഴിച്ച് സുഖമായിരിക്കുന്നു എന്നായിരുന്നു ഒരു ചികിത്സകന്‍ പറഞ്ഞിരുന്നത്. ആ രോഗിക്ക് 10 കൊല്ലം മുമ്പ് സ്തനാര്‍ബുദം വന്നതുമായിരുന്നു. അന്ന് ഓപ്പറേഷന്‍ ചെയ്ത് സ്തനത്തിലെ അര്‍ബുദ കോശങ്ങള്‍ മാത്രം നീക്കംചെയ്യുകയും കൃത്യമായി മരുന്നുകള്‍ കഴിക്കുകയും ചെയ്തിരുന്നതാണ്. അതിനുശേഷമാണ് സര്‍വരോഗ ചികിത്സകന്റെ പിടിയിലായത് എന്നുമാത്രം.

'മുള്ളാത്ത'യും 'ലക്ഷ്മിതരു'വും ഒക്കെ ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സകള്‍ ഇപ്പോള്‍ അങ്ങനെ കേള്‍ക്കാറില്ല. അതിന്റെ കാലം കഴിഞ്ഞിട്ടുണ്ടാവണം.

ഒരിക്കല്‍ 'ചെറുനാരങ്ങ'യുടെ അത്ഭുത ശക്തിയെക്കുറിച്ചുള്ള ഒരു പരസ്യപ്രചാരണക്കുറിപ്പ് കണ്ട് സത്യമായും അമ്പരന്നുപോയി. അതില്‍ ചെറുനാരങ്ങയുടെ മഹിമയെക്കുറിച്ച് പറയുന്നത് മറ്റാരുമല്ല, ഞാന്‍ തന്നെയായിരുന്നു...! സ്വപ്നത്തില്‍പ്പോലും ചിന്തിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതായി എന്റെ ചിത്രവും വെച്ച് വന്ന ഒരു പ്രചാരണം...! ഉടന്‍തന്നെ സൈബര്‍ സെല്ലില്‍ കേസ് കൊടുത്തതുകൊണ്ട് അധികം വൈകാതെ അത് നിന്നെന്നു തോന്നുന്നു.

ഇത്തരം കള്ളങ്ങളും വ്യാജവാര്‍ത്തകളും തയ്യാറാക്കുന്നവര്‍ ചെയ്യുന്നത് കൊലപാതകത്തിന് തുല്യമായ കുറ്റം തന്നെയാണ്... പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നതും അതേ കുറ്റംതന്നെ.

ഇത്തരം വ്യാജചികിത്സകളുടെ പിടിയില്‍പ്പെടാതെ ആധുനിക ശാസ്ത്രീയ സമ്പ്രദായങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കിടയിലും കാന്‍സറിന്റെ കാര്യത്തില്‍ ഒരുതരം ഒളിച്ചുകളിയാണ് ഇഷ്ടപ്പെടുന്നത്.

കഴിഞ്ഞദിവസം വന്ന ഒരു സ്ത്രീ പറഞ്ഞത്, 'ഒന്നര വര്‍ഷമായി അച്ഛന് കാന്‍സര്‍ ഉണ്ടെങ്കിലും ഇക്കാര്യം അച്ഛന്‍ അറിയാതെ സൂക്ഷിക്കുകയാണ്' എന്നായിരുന്നു.

മറ്റ് ഏത് അസുഖം വന്നാലും രോഗിയോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് ചികിത്സയെടുക്കുന്നവരും കാന്‍സറിന്റെ കാര്യത്തില്‍ ഒളിച്ചുകളിയില്‍ താത്പര്യമെടുക്കുന്നത് കുറവല്ല.

'കാന്‍സര്‍' എന്നത് ഒരൊറ്റ രോഗമല്ലെന്നും പല പല തരത്തിലുള്ള കാന്‍സറുകളുണ്ടെന്നും അതില്‍ നല്ലൊരു പങ്കും പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നും ഒക്കെയുള്ള കാര്യങ്ങള്‍ ഇനിയും ആളുകള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

കാന്‍സര്‍ സംബന്ധമായ അറിവുകളും അതിജീവനകഥകളും വായിക്കാം

Content Highlights: dr vp gangadharan note on world cancer day