കള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിനും 'എ പ്ലസ്' കിട്ടിയതിന്റെ സന്തോഷമുണ്ടായിരുന്നു ആ അമ്മയ്ക്ക്. സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കണമെന്നാണ് മകള്‍ക്ക് ആഗ്രഹം. കണക്കുപരീക്ഷ മകള്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. കണക്കില്‍ ആള്‍ മോശമല്ലെങ്കിലും മാര്‍ക്ക് കിട്ടുമ്പോള്‍ പ്രതീക്ഷിക്കും പോലെ ഉണ്ടാകാറില്ലായിരുന്നു.

'കുട്ടികളെ അവരുടെ താത്പര്യത്തിന് വിടുന്നതാണല്ലോ ശരി' എന്നു പറഞ്ഞപ്പോള്‍ ആ അമ്മയ്ക്കും അക്കാര്യത്തില്‍ തര്‍ക്കമില്ലായിരുന്നു. കുട്ടികള്‍ക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാവാമെങ്കിലും എല്ലാവര്‍ക്കും അതനുസരിച്ച് പഠനം തുടരാന്‍ കഴിഞ്ഞെന്നു വരണമെന്നില്ല. പലപ്പോഴും കുട്ടികള്‍ക്ക് സ്വന്തം ശേഷി ഏതേതു മേഖലകളിലാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ പോലും കഴിഞ്ഞെന്നു വരാറില്ല. കൂട്ടുകാരുടെ താത്പര്യങ്ങള്‍, ചില അധ്യാപകരുടെ സ്വാധീനങ്ങള്‍, ചില ചില വിഷയങ്ങള്‍ മികച്ചതാണെന്ന മട്ടിലുള്ള പൊതുവിചാരങ്ങള്‍ തുടങ്ങി പല കാര്യങ്ങളും അവരുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. സ്വന്തം കഴിവും ശേഷിയും ഏതു മേഖലയിലാണെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ നേട്ടം എന്നേ പറയാനുള്ളൂ. 

മകള്‍ക്ക് സയന്‍സ് പഠിക്കാനുള്ള താത്പര്യവും സയന്‍സ് പഠിച്ചു പോകുന്നത് കൂടുതല്‍ സാധ്യതകള്‍ തുറന്നുതരുമല്ലോ എന്ന ധാരണ കൊണ്ടായിരുന്നു. താത്പര്യമുള്ള വിഷയം പഠിക്കാനുള്ള അവസരം എല്ലാവര്‍ക്കും കിട്ടാറില്ല. ഇപ്പോള്‍ പഠനാവസരങ്ങള്‍ കൂടുതലുള്ളതിനാല്‍ കുറേയൊക്കെ അതു സാധിക്കുമായിരിക്കും.

മുമ്പ് അങ്ങനെയായിരുന്നില്ല സ്ഥിതി. ഞങ്ങളൊക്കെ പഠിക്കുന്നകാലത്ത് കിട്ടുന്ന വിഷയം പഠിക്കുക എന്നതു മാത്രമായിരുന്നു ഗതി. ഒരു താത്പര്യവുമില്ലാത്ത വിഷയങ്ങളില്‍ ചെന്നുപെട്ട് കുഴങ്ങിപ്പോയ നിരവധിയാളുകളുണ്ട്. എത്തിപ്പെട്ട മേഖലയില്‍ പ്രത്യേക മികവോടെ ശോഭിക്കാന്‍ കഴിഞ്ഞവരുമുണ്ട്. നമുക്കു താത്പര്യമില്ലാത്ത വിഷയം പഠിച്ച്, താത്പര്യമില്ലാത്ത മേഖലയില്‍ ജോലിചെയ്ത് കഴിയേണ്ടിവരുന്നവര്‍ക്ക് മറ്റെല്ലാറ്റിനും പുറമേ ആ ദുരിതം കൂടി അധികമായി പേറേണ്ടിവരും.

ഏതു മേഖലയിലായാലും പഠിച്ച പ്രൊഫഷനുമായി ബന്ധപ്പെട്ടു നേടിയ അറിവും കഴിവുകളും ഉപയോഗിക്കാത്ത ധാരാളം ആളുകളുണ്ടല്ലോ എന്ന ഖേദമാണ് ആ അമ്മ പങ്കുവെച്ചത്. അവരും ആതുരശുശ്രൂഷാ രംഗത്തു തന്നെയുള്ളവരാണ്. മെഡിക്കല്‍ പ്രൊഫഷനിലും എം.ബി.ബി.എസും പോസ്റ്റ് ഗ്രാജ്വേഷനും കൂടി കഴിഞ്ഞിട്ടു പോലും പ്രാക്ടീസ് ചെയ്യാതിരിക്കുന്നവരുണ്ട്.
 
'പഠിച്ചു നേടുന്ന അറിവും പ്രൊഫഷണല്‍ മികവും കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകണം' എന്നു മാത്രമേ മകളോട് താന്‍ പറയാറുള്ളൂ എന്നു പറഞ്ഞു ആ അമ്മ.

ഒരമ്മ അങ്ങനെ മകളോട് പറയുന്നത് അതിശയകരമായി തോന്നി. പഠിക്കുന്ന വിഷയം ഏതായാലും അവരവരോടും പൊതു സമൂഹത്തോടും ഒരു ഉത്തരവാദിത്വമുണ്ട്. പഠിച്ചുനേടുന്ന അറിവ് നന്മയാര്‍ന്ന മനസ്സോടെ സമൂഹത്തിനു ഗുണകരമായ വിധത്തില്‍ ഉപയോഗിക്കണം. ഏതു വിഷയം പഠിച്ചാലും ഏതു പ്രൊഫഷനിലെത്തിയാലും ആ ഉത്തരവാദിത്വം നിറവേറ്റാനാവുകയാണ് പ്രധാനം.
 
മകളോട് അതു പറഞ്ഞപ്പോള്‍ അവളുടെ പ്രതികരണം: 'അമ്മേ അത് ഇപ്പോള്‍ ഞാന്‍ വെറുതേ വീട്ടിലിരുന്നാലും ആളുകള്‍ക്ക് ഉപകാരമുള്ള ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും' എന്നായിരുന്നു.

നമ്മുടെ സമൂഹത്തോടും സഹജീവികളോടും നമുക്കുള്ള ആ സാമൂഹിക ബാധ്യത നിറവേറ്റാനുള്ള സന്മനസ്സാണ് എല്ലാ കുട്ടികളിലും നാം വളര്‍ത്തിയെടുക്കേണ്ടത്. അത്തരമൊരു മനോഭാവമുണ്ടാകണമെങ്കില്‍ പക്ഷേ, കുട്ടികള്‍ക്ക് കുറച്ചൊരു അറിവും ലോകബോധവുമുണ്ടായ ശേഷം മാത്രം ഏതെങ്കിലുമൊരു പ്രൊഫഷണല്‍ പഠനത്തിലേക്കു തിരിയുകയാണ് വേണ്ടത് എന്നാണെനിക്കു തോന്നുന്നത്. അതിന് ഇപ്പോഴത്തേതു പോലെ പ്ലസ് ടു കഴിഞ്ഞാല്‍ നേരേ ഒരു പ്രൊഫഷണല്‍ കോഴ്‌സില്‍ ചെന്നു ചേര്‍ന്ന്, പിന്നെ ആ വിഷയം മാത്രം പഠിച്ച്, അതിനപ്പുറം ഒന്നിനെക്കുറിച്ചും അറിവില്ലാത്തവരായി പുറത്തിറങ്ങുന്ന രീതി മതിയാവില്ല. ചില പ്രത്യേക വിഷയങ്ങളും പ്രത്യേക ചോദ്യോത്തരങ്ങളും മാത്രം തിരഞ്ഞെടുത്ത് ഫീഡ് ചെയ്ത് ബ്രോയ്‌ലര്‍ കോഴികളെ വളര്‍ത്തിയെടുക്കുന്നതു പോലെ സൃഷ്ടിച്ചെടുക്കുന്ന അത്തരം പ്രൊഫഷണലുകള്‍ നമ്മുടെ സമൂഹത്തിന് എന്തുമാത്രം ഗുണംചെയ്യുമെന്ന് സംശയമുണ്ട്. 

പ്ലസ് ടു കഴിഞ്ഞ് നല്ലൊരു കോളേജില്‍ നിന്ന്, നല്ലൊരു വിഷയത്തില്‍ ബിരുദം നേടിയ ശേഷമാണ് അതുമായി ബന്ധപ്പെട്ട് ഇഷ്ടപ്പെട്ട മേഖലകളിലേക്കു തിരിയുന്നതെങ്കില്‍ അത് പഠിക്കുന്നയാള്‍ക്കും പൊതു സമൂഹത്തിനുമൊക്കെ എന്നും നന്മ പകരുന്നതായിരിക്കും. 'ഡിഗ്രി പഠിക്കാന്‍ വേണ്ടി മൂന്നു കൊല്ലം കളയണ്ടേ' എന്നാണ് എല്ലാവരും ചോദിക്കാറുള്ളത്. ഒരു പ്രൊഫഷണല്‍ ബിരുദം നേടിക്കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ അതില്‍ത്തന്നെ പ്രാക്ടീസ് തുടരേണ്ടി വരുമെന്ന് ഓര്‍ക്കണം. ഇപ്പോള്‍ മൂന്നു കൊല്ലം ബിരുദ പഠനത്തിനു ചെലവാക്കിയാല്‍ അതു കൊണ്ട് കൂടുതല്‍ ശരിയായ മേഖലയിലേക്ക് എത്താന്‍ പറ്റുമെന്നുണ്ടെങ്കില്‍ അത് ജീവിതത്തിലേക്കുള്ള വലിയ നേട്ടമായിരിക്കും. നല്ലൊരു കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നത് ജീവിതത്തെക്കുറിച്ച് പുതിയൊരവബോധവും കാഴ്ചപ്പാടും നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, തീവ്രമായ മത്സരങ്ങളുടെ ഈ ലോകത്ത് വിജയത്തെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് മറ്റൊന്നാണല്ലോ. 

ഇപ്പോള്‍ പത്താം ക്ലാസിലെത്തുമ്പോള്‍ത്തന്നെ ഒരുക്കം തുടങ്ങുകയാണല്ലോ. പഠന വിഷയങ്ങളുടെ സാധ്യതയെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചുമൊക്കെ ഇപ്പോള്‍ കുട്ടികള്‍ക്ക് നല്ല ധാരണയുണ്ടാവും. അത്തരം വിവരങ്ങള്‍ അവര്‍ക്കു ലഭിക്കാനുള്ള സാധ്യതകള്‍ വളരെക്കൂടുതലുണ്ട് ഇപ്പോള്‍. എന്നാല്‍, ജീവിതത്തെക്കുറിച്ച്, ജീവിത വിജയത്തെക്കുറിച്ച് ഒക്കെയുള്ള വിവരങ്ങള്‍ ഒരു സംസ്‌കാരമായി പകര്‍ന്നുകിട്ടുന്നത് അച്ഛനമ്മമാരില്‍ നിന്നായിരിക്കും. 

പഠനവും പിന്നീടുള്ള പ്രൊഫഷണല്‍ ജീവിതവുമൊക്കെ ആസ്വദിക്കാന്‍ കഴിയണമെന്നും അത് നമുക്കും മറ്റുള്ളവര്‍ക്കും നന്മ പകരുന്നതായിരിക്കണമെന്നുമുള്ള തീരുമാനം ഉള്ളിലുണ്ടാവണം. അപ്പോഴേ, നമ്മുടെ കഴിവും ഇഷ്ടവുമൊക്കെ മനസ്സിലാക്കി, നമ്മുടെ വഴിയിലൂടെ മുന്നേറാനുള്ള ആത്മബലവും തിരിച്ചറിവും ഉണ്ടാവുകയുള്ളൂ. 

ഏതു വിഷയം പഠിച്ചാലും ഏതു പ്രൊഫഷനില്‍ എത്തിയാലും ഏറ്റവും മികവോടെ പ്രവര്‍ത്തിക്കാന്‍ അത്തരക്കാര്‍ക്കേ കഴിയൂ. പഠനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമൊക്കെ അങ്ങനെയൊരു ഉന്നത ബോധ്യമുണ്ടായാലല്ലേ ശരിക്കും ഉന്നത വിദ്യാഭ്യാസമാവുകയുള്ളൂ. കോഴ്‌സുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കെത്തിയതു കൊണ്ടു മാത്രമല്ലല്ലോ ഉന്നത വിദ്യാഭ്യാസമാകുന്നത്. ശരിക്കും ഉന്നതരാവാന്‍ നമുക്കു വേണ്ടത് ആ തിരിച്ചറിവും മനോഭാവവും തന്നെയാണ്.

Content Highlights: Dr.VP Gangadharan Health Column