കോണ്‍കറേഴ്സ് ഓഫ് ദ ഗോള്‍ഡന്‍ സിറ്റി എന്ന പേരില്‍ മുമ്പ് ഒരു സിനിമയുണ്ടായിരുന്നു. പഠിക്കുന്ന സമയത്ത് കണ്ടതാണ്. മറക്കാനാവാത്ത ഒരനുഭവമാണാ സിനിമ. ടര്‍ക്കിയോ ഇറാനോ പോലൊരു രാജ്യത്തു നിന്നുള്ളതാണ് ആ ക്ലാസ്സിക്ക് സിനിമ. ഒരു ഗ്രാമത്തില്‍ നിന്ന് അച്ഛനും അമ്മയും അവരുടെ ആണ്‍മക്കളും പെണ്‍മക്കളും ഒക്കെ അടങ്ങിയ ഒരു കുടുംബം വലിയ പ്രതീക്ഷകളോടെ നഗരത്തിലേക്ക് ചേക്കേറുന്നതാണ് കഥ.

നഗരത്തിലെ അതിസങ്കീര്‍ണമായ ജീവിതാവസ്ഥകള്‍ അവരുടെ സ്വപ്നങ്ങളെയാകെ തകിടം മറിക്കുന്നു. പെണ്‍കുട്ടിക്ക് കോള്‍ഗേളായി മാറേണ്ടി വന്നു. ഓരോരുത്തരെയും കാത്തിരുന്നത് നഗരത്തിന്റെ ജീവിതദുരിതങ്ങളായിരുന്നു. ആകെ നാശമായ ജീവിതം. ജീവനെങ്കിലും ബാക്കി വേണമെന്നു കരുതി അവര്‍ തിരികെ പഴയ ഗ്രാമത്തിലേക്ക് വണ്ടി കയറുകയാണ്. അപ്പോള്‍ ഇതേപോലെ മറ്റൊരു കുടുംബം നഗരത്തില്‍ വണ്ടിയിറങ്ങുകയാണ്. ആദ്യത്തെ കുടുംബം നഗരത്തിലേക്കു വന്നപ്പോഴത്തെ അതേ സ്വപ്നങ്ങള്‍ പങ്കുവെച്ചാണ് അവരുടെ നഗര പ്രവേശം.

ഒരാള്‍ ഇറങ്ങുകയും മറ്റൊരാള്‍ കയറുകയും ചെയ്യുമ്പോള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആ മോഹം, അല്ലെങ്കില്‍ പ്രതീക്ഷ വലിയൊരു സിനിമാറ്റിക് അനുഭവമാണ്. അതുവരെ നമ്മള്‍ കണ്ടിരുന്ന ജീവിതാനുഭവങ്ങള്‍ക്കൊക്കെ അപ്പുറത്ത് ഒരു വിസ്മയാനുഭവമായി മാറുന്നതാണ് രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ അവരറിയാതെ നടക്കുന്ന മോഹങ്ങളുടെ ആ കൈമാറ്റം.

വളരെ മുമ്പ് എപ്പൊഴോ കണ്ട് മറക്കാനാവാതെ കിടന്ന ആ സിനിമ വീണ്ടും ഓര്‍മയിലെത്തി കഴിഞ്ഞ ദിവസം.ആ സിനിമയോട് ഇതിലെ ജീവിതാനുഭവങ്ങളെ ചേര്‍ത്തു വെയ്ക്കാനാവില്ല. എന്നാല്‍, ചില ജീവിതക്കാഴ്ചകള്‍ പെട്ടെന്ന് ആ സിനിമയെക്കുറിച്ചുള്ള ഓര്‍മ മനസ്സിലുണര്‍ത്തിയെന്നു മാത്രം.

ഏതാനും ദിവസങ്ങളേ ആയുള്ളൂ. ഒരു അച്ഛനും അമ്മയും മകളും വീട്ടില്‍ വന്നു. കുറച്ച് പ്രായം തോന്നിക്കുന്നവരാണ് അച്ഛനുമമ്മയും. പെണ്‍കുട്ടി ഹൈസ്‌കൂളില്‍ പഠിക്കുന്നു. ഓമനത്തമുള്ള കുട്ടി. ജീവിതഭാരം അവരെ നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ആ അച്ഛന്റെയും അമ്മയുടെയും മുഖത്തെ തളര്‍ച്ച കണ്ടാലറിയാം. സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ കരച്ചിലടക്കാനാവാതെ വിഷമിക്കുകയായിരുന്നു അവര്‍. കുറച്ചെങ്കിലും ആശ്വാസത്തോടെ സംസാരിച്ചത് മിടുക്കിയായ ആ കുട്ടിയാണ്.

അവള്‍ക്കാണ് കാന്‍സര്‍. നേരത്തേ നടത്തിയ ചില പരിശോധനകളുടെ റിസള്‍ട്ട് അവരുടെ കൈയിലുണ്ടായിരുന്നു. കുട്ടിയെ വീണ്ടും പരിശോധിച്ചു. ഗൗരവമുള്ളതാണെങ്കിലും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. അസുഖം അത്ര ഗുരുതരമായിട്ടുമില്ല. ചികിത്സിക്കാനവുമെന്ന് ഉറപ്പോടെ പറഞ്ഞപ്പോള്‍ കുട്ടിയുടെ മുഖം കുറച്ചൊന്നു തെളിഞ്ഞു. ഇതേ അസുഖം വന്ന് ചികില്‍സിച്ച് ഭേദമായ ചിലയാളുകളുടെ ഫോണ്‍ നമ്പര്‍ കൊടുത്തു. രോഗത്തെ അതിജീവിച്ചവര്‍ക്ക് പകരാന്‍ കഴിയുന്ന ആത്മവിശ്വാസം ഒന്നു വേറേയാണ്.

എന്നാല്‍, അച്ഛനമ്മമാരുടെ കരച്ചില്‍ ഒന്നു കൂടി പതിഞ്ഞ് ശക്തമാവുകയായിരുന്നു. ചികിത്സിക്കണമെങ്കില്‍ പക്ഷേ, ഡോക്ടര്‍..പണം വലിയ പ്രശ്‌നമാണ്. ഇതുവരെയുള്ള ചികിത്സയ്ക്ക് കുറേ പണം ചെലവായി. പലരുടെയും സഹായം കൈപ്പറ്റി. നിറയെ കടം വാങ്ങി. ഇനി എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയില്ല. അച്ഛനമ്മമാര്‍ കരച്ചില്‍ ഒതുക്കിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും അത്ര ഫലിച്ചില്ല.ചികിത്സിക്കാന്‍ നമുക്കു കഴിയും. അതിനുള്ള ചെലവ് കണ്ടെത്താന്‍ നമുക്ക് ശ്രമിക്കാം.ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ വഴി തെളിയുക തന്നെ ചെയ്യുമെന്ന് അവരെ ആശ്വസിപ്പിച്ചു. ഫോണ്‍ നമ്പറും മറ്റെല്ലാ വിവരങ്ങളും വാങ്ങി. അവര്‍ പുറത്തേക്കിറങ്ങുകയായിരുന്നു.

തൊട്ടു പിന്നാലെ കയറി വന്നവര്‍ ഈ കുടുംബത്തെ നോക്കി ഒരിത്തിരി നേരം നിന്നുപോയി. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതുപോലെ കരച്ചിലടക്കി വന്നതാണ് അവര്‍. ഭാര്യയും ഭര്‍ത്താവും. ഇരുവരും ഗള്‍ഫിലാണ്. അവര്‍ക്ക് മികച്ച ചികിത്സയായിരുന്നു ആവശ്യം. പണം വലിയ പ്രശ്‌നമായിരുന്നില്ല. രോഗം പൂര്‍ണമായി ഭേദമായി എന്ന് ഉറപ്പാക്കാനുള്ള പരിശോധന നടത്തി റിസല്‍റ്റ് അറിഞ്ഞ ശേഷമാണ് അവര്‍ വരുന്നത്. അവരുടെ ഭയങ്ങളൊക്കെ മാറ്റുന്നതായിരുന്നു പരിശോധനാ ഫലങ്ങള്‍. അതിന്റെ സന്തോഷം അവര്‍ക്കുണ്ടായിരുന്നു.

സന്തോഷം തുളുമ്പുന്ന നന്ദിവാക്കുകളുമായി അവരിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു- നമ്മള്‍ ചികിത്സിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. രോഗം ഭേദമാക്കുന്നത് നമ്മളല്ലല്ലോ.കുറച്ചു നേരം അവര്‍ നിശ്ശബ്ദരായിരുന്നു. പിന്നെ പെട്ടെന്ന് അവര്‍ ചോദിച്ചു- ഞങ്ങള്‍ എന്താണ് ഡോക്ടര്‍ ചെയ്യേണ്ടത്. അറിയാതെ ഒരു സന്തോഷം പകര്‍ന്ന, മനസ്സു നിറയ്ക്കുന്ന ചോദ്യമായിരുന്നു അത്.

പെട്ടെന്ന് ഞാന്‍ ചോദിച്ചു- ഇപ്പോള്‍ പുറത്തേയ്ക്കു പോയ ആ ഫാമിലിയെ ശ്രദ്ധിച്ചിരുന്നോ.ഉവ്വ് ഡോക്ടര്‍. അവര്‍ കരഞ്ഞുകൊണ്ട് പോകുന്നതു കണ്ടപ്പോള്‍ വിഷമം തോന്നിയിരുന്നു.ആ കുട്ടിക്ക് കാന്‍സറാണ്. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുകയാണ് അവര്‍. ആ കുട്ടിയുടെ ചികിത്സ ഏറ്റെടുക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?അതിനെന്താ ഡോക്ടര്‍! ഒരു സംശയവും വേണ്ട. അങ്ങനെയൊരു കാര്യം ചെയ്യാന്‍ അവസരം കിട്ടുന്നത് സന്തോഷമാണ്.

അവരുടെ മറുപടി നല്‍കിയ സന്തോഷം വളരെ വലുതായിരുന്നു. പെട്ടെന്ന് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് ആ പഴയ സിനിമ പെട്ടെന്ന് മനസ്സിലേക്ക് ഓടിക്കയറിയത്. മനസ്സില്‍ വിചാരങ്ങള്‍ പൊട്ടിവിടരുന്നതിനും പൊഴിയുന്നതിനുമൊക്കെ പ്രത്യേകിച്ച് കാരണവും യുക്തിയുമൊന്നും ഉണ്ടാകണമെന്നില്ലല്ലോ. എന്നാലും ഞാന്‍ ആലോചിച്ചു- ഇപ്പോള്‍ എന്താണ് ആ പഴയ സിനിമാ ഓര്‍മയുടെ പ്രസക്തി.

ഒരു കുടുംബം പുറത്തേക്കും ഒരു കുടുംബം അകത്തേക്കും കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയത്ത് അവരുടെ അനുഭവങ്ങളും സ്വപ്നങ്ങളും കണ്ടിരിക്കുന്നയാളുടെ മനസ്സിലുണ്ടാക്കുന്ന ആ വിസ്മയാനുഭവം. പണ്ടെന്നോ കണ്ട ആ സിനിമ പകര്‍ന്ന ആ വിസ്മയാഹ്ലാദം അറിയാതെ മനസ്സിലുണര്‍ന്നതാണ്. ആ സിനിമയില്‍ ജീവിതത്തിന്റെ ദുരന്താനുഭവങ്ങള്‍ മാത്രമേ പറയുന്നുള്ളൂ. ഇവിടെയാകട്ടെ വലിയ ദുരിതങ്ങളില്‍ നിന്നുള്ള മോചനവും മനസ്സു നിറഞ്ഞ ആഹ്ലാദവുമാണുള്ളത്.

മഹത്തായ ചില ജീവിതാനുഭവക്കാഴ്ചകള്‍ക്കു പിന്നില്‍ മാറിനിന്ന് ഒരു കാഴ്ചക്കാരനായി നില്‍ക്കാന്‍ കഴിയുന്നത് വലിയൊരു സുഖമാണ്. ഹൃദയം നിറയ്ക്കുന്ന വലിയൊരു സുഖാനുഭവം.