രഞ്ഞു കൊണ്ടാണ് തമ്പി ആശുപത്രി മുറിയിലേക്ക് കയറി വന്നത്. എന്റെ കൈയില്‍ മുറുകെ പിടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു- ഞാന്‍ തകര്‍ന്നു പോയി ഡോക്ടറേ... എന്റെ മനസ്സ് തകര്‍ന്നു പോയി. അയാളുടെ കൈകള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. കാലുകള്‍ നിലത്തുറപ്പിച്ചു നില്‍ക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ നാവ് കുഴയുന്നുണ്ടായിരുന്നു. ഭാവവ്യത്യാസങ്ങളില്ലാത്ത മുഖം. എന്നാല്‍, കവിളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ തമ്പിയെ ഞാന്‍ അടുത്തൊരു കസേരയില്‍ പിടിച്ചിരുത്തി. തമ്പിയെ ആദ്യമായി പരിചയപ്പെട്ടത് എന്റെ ഓര്‍മയിലേക്ക് ഓടിയെത്തി. അതൊരു ഫോണ്‍ വിളിയിലൂടെയായിരുന്നു.

ഗം..ഗം ഗാധരന്‍ സാ...റല്ലേ...ഞാ.. ഞാ... ഞാന്‍. ടമ്പി. എന്റെ ആ ഫാര്യ.... ഫാര്യക്കാണ് അസു...ഖം
15 വര്‍ഷം മുമ്പ് ഒരു ദിവസം അതിരാവിലെ വന്ന ഫോണ്‍ വിളി ഇങ്ങനെ ചിതറിയും മുറിഞ്ഞും ആകെ കുഴഞ്ഞുമായിരുന്നു. രാവിലെ തന്നെ വെള്ളമടിച്ച് കിറുങ്ങിയാണോ ഭാര്യയുടെ രോഗവിവരം പറയാന്‍ വിളിക്കുന്നത്. കെട്ട് ഇറങ്ങുമ്പോള്‍ വിളിക്ക്... അപ്പോള്‍ സംസാരിക്കാം. ദേഷ്യം മറച്ചു വെക്കാതെ തന്നെയാണ് ഞാന്‍ പ്രതികരിച്ചത്.
അപ്പോള്‍ ഫോണില്‍ അയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നത് അവ്യക്തമായി എനിക്ക് കേള്‍ക്കാമായിരുന്നു. അതില്‍ ശ്രദ്ധകൊടുക്കാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

പിന്നെ ഒരാഴ്ചയോളം കഴിഞ്ഞാണ് ഏറെ പ്രായം തോന്നിക്കുന്ന ഒരാളും മുടി നരച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു സ്ത്രീയും കൂടി ആശുപത്രിയില്‍ ഓ.പിയിലെത്തി. ഇത് തമ്പി. എന്റെ തമ്പിച്ചായന്‍. എന്റെ കെട്ടിയോന്‍. ഞാന്‍ ആനി... സംസാരിച്ചു തുടങ്ങിയത് സ്ത്രീയാണ്. സാറിന്റെ തിരക്ക് ഒഴിയട്ടെ എന്നു കരുതി കുറച്ചു നേരമായി പുറത്ത് കാത്തിരിക്കുകയായിരുന്നു. ഞാനാണ് രോഗി. സാറിനെ കാണാന്‍ ഫയല്‍ എടുത്തിട്ടുണ്ട്.
ഞാന്‍ ആനിയുടെ ഫയല്‍ ശ്രദ്ധയോടെ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടെ അവര്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി. ഡോക്ടറേ... ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടേ.. കെറുവിക്കരുത്...

പറയേണ്ട എന്ന മട്ടില്‍ തമ്പി വിലക്കുന്നത് എനിക്ക് കാണാമായിരുന്നു. ഇതിയാന്‍ കഴിഞ്ഞ ദിവസം രാവിലെ വിളിച്ചിരുന്നു. സാറ് കുറേ വഴക്കു പറഞ്ഞു എന്നും പറഞ്ഞ് കരയുകയായിരുന്നു. പാവമാണ് സാറേ. തമ്പിച്ചായന്‍ കുടിക്കത്തൊന്നുമില്ല. അസുഖം കൊണ്ടാ സംസാരം കുഴഞ്ഞു പോകുന്നേ... വെള്ളമടിച്ചവരെപ്പോലെയായിപ്പോകും സംസാരം...
തമ്പിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

സുവിശേഷ പ്രസംഗകനാണ് സാറേ. വലിയില്ല, കുടിയില്ല, ഒരു ദുഃസ്വഭാവവുമില്ല. പറയുന്ന സുവിശേഷം പോലെ തന്നെ സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന മനുഷ്യന്‍. അസുഖത്തിനുള്ള മരുന്നു മാത്രം കഴിക്കുകേല സാറേ... അതാ ഇങ്ങനെ...

സോറി.. തമ്പി. സോറി.. ക്ഷമിക്കണം... ഞാന്‍ വിചാരിച്ചു. ശരിക്കും സങ്കടത്തോടെയാണ് ഞാന്‍ പറഞ്ഞുപോയത്. ഞാന്‍ പറഞ്ഞെത്തും മുമ്പ് തമ്പി എന്റെ കൈയില്‍ കടന്നു പിടിച്ചു. സാ..സാറേ, സാറെന്നോട് സോറി പറയരുത്..... കുറേ നേരം സംസാരിച്ചിരുന്ന ശേഷമാണ് അവര്‍ രണ്ടു പേരും മുറി വിട്ടു പോയത്. ഇനി കൃത്യമായി മരുന്നുകള്‍ കഴിച്ചോളാം എന്ന് ഉറപ്പു തന്നിട്ടാണ് തമ്പി മുറി വിട്ടു പോയത്. തമ്പിയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു.
പാര്‍ക്കിന്‍സണിസം മാത്രമല്ല പ്രശ്‌നം കേട്ടോ! സംസാരത്തിന്റെ ബുദ്ധിമുട്ടുകള്‍ മാറും. മരുന്നുകള്‍ മുടങ്ങാതെ കഴിച്ചാല്‍ മതി- ഞാന്‍ പറഞ്ഞപ്പോള്‍ തമ്പി തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് പതുക്കെ നടന്നുനീങ്ങി.
അന്നു മുതല്‍ നീണ്ട 15 വര്‍ഷത്തെ സുഹൃദ്ബന്ധം. തമ്പിയുമായുള്ള ബന്ധത്തെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

ആശുപത്രിയില്‍ വരുന്നതിന്റെ തലേദിവസം തമ്പിയുടെ ഫോണ്‍ വിളി വരും. എന്റെ സംസാരം ശരിയായിട്ടില്ല സാറേ എന്നു പറഞ്ഞു കൊണ്ടാണ് മിക്കവാറും തുടങ്ങുക. ഞങ്ങള്‍ നാളെ രാവിലെ വരുന്നുണ്ട് കേട്ടോ. ആനിക്ക് വയ്യ സാറേ. ഭയങ്കര ദേഹവേദനയാണ്. ഏതായാലും നാളെ കാണുമല്ലോ... ഞങ്ങളെ നേരത്തേ വിട്ടേക്കണേ സാറേ...ഒരു സുവിശേഷ പ്രസംഗമുള്ളതാ മല്ലപ്പള്ളിയില്‍...

പിറ്റേന്ന് പറഞ്ഞ സമയത്തിനു മുമ്പു തന്നെ ഓ.പി.മുറിയുടെ വാതില്‍ക്കല്‍ചിരിച്ചു കൊണ്ടു നില്‍ക്കുന്ന തമ്പിയുടെ മുഖം കാണാം. കൈയില്‍ ഒരു പഴയ ബാഗും ചെറിയൊരു തുണിസഞ്ചിയും ചേര്‍ത്തു പിടിച്ചുള്ള ആ നില്പ് കാണേണ്ടതാണ്. ഓ.പിയിലെ നഴ്‌സുമാര്‍ വന്നു പറയും സാറേ, നമ്മുടെ തമ്പി അങ്കിള്‍ വന്നിട്ടുണ്ട്.
അതെ, വളരെപ്പെട്ടെന്ന് തമ്പി ആശുപത്രി ജീവനക്കാരുടെ പ്രിയപ്പെട്ട തമ്പിയങ്കിള്‍ ആയി മാറിക്കഴിഞ്ഞിരുന്നു. എല്ലാവരോടും സ്‌നേഹപൂര്‍വം ഒരപു കുശലാന്വേഷണം. ലഘുവായ ഒരു സാരോപദേശവും എപ്പോഴും പതിവാണ്. ഓണം, ക്രിസ്മസ്, പുതുവല്‍സരം... തുടങ്ങി എന്തെങ്കിലും വിശേഷ ദിവസങ്ങളോടടുത്താണ് വരവെങ്കില്‍ തുണിസഞ്ചികളുടെ എണ്ണം കൂടും. ഇതാ, പിള്ളേര്‍ക്കുള്ള ഉപ്പേരി, കേക്ക്... ഓരോ പായ്ക്കറ്റായി സഞ്ചിയില്‍നിന്ന് പുറത്തേക്കെടുക്കും. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന തമ്പിയങ്കിള്‍... സിസ്റ്റര്‍മാര്‍ പറയുമായിരുന്നു.

എനിക്ക് വലിയ പ്രശ്‌നമൊന്നും ഇല്ല സാറേ.. ആനി എന്നും സംഭാഷണം ആരംഭിക്കുന്നത് ഇങ്ങനെയായിരിക്കും.
ഇന്നലെ തമ്പി ഫോണില്‍ക്കൂടി പറഞ്ഞല്ലോ ആനിക്ക് ഭയങ്കര വേദനയാണെന്ന്... എന്റെ ചോദ്യത്തിന് തമ്പിയുടെ മറുപടി ഒരു പുഞ്ചിരിയായിരിക്കും.
അതിയാന്‍ അങ്ങനെയാ സാറേ. എനിക്ക് ഒരു ചെറിയ പ്രശ്‌നം വന്നാല്‍ മതി അതിയാന് അത് സഹിക്കാന്‍ കഴിയില്ല. അതാ അങ്ങനെ.
ആനി പറഞ്ഞു നിര്‍ത്തും മുമ്പ് തമ്പി കയറിപ്പറയും- ഇവള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ പിന്നെ എനിക്ക് ആരാ സാറേ... ആരുമില്ല സാറേ... ഇവളില്ലാതെ ഞാന്‍ ഒറ്റയക്ക്...

തമ്പിയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്.
ഒരു നെടുവീര്‍പ്പോടെയാണ് തമ്പി പറയുക... ദൈവത്തിന്റെ ആഗ്രഹം പോലെയാണല്ലേ സാറേ എല്ലാം...

ദുഃഖം തളംകെട്ടിയ മുഖവും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുറിയിലേക്ക് കടന്നു വന്ന ആനിയെ കണ്ടപ്പോളാണ് ഞാന്‍ ചിന്തയില്‍നിന്ന് ഉണര്‍ന്നത്. ഒരിക്കലും കാണാത്തതാണ് ആനിയുടെ ഈ മുഖഭാവം! ആനി തമ്പിയുടെ പിറകില്‍ വന്ന് തോളില്‍ കൈവെച്ച് നിന്നു. തമ്പിയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. സാവധാനം ആനിയുടെ കൈകള്‍ പിടിച്ച് തന്റെ കണ്ണീര്‍ ഒപ്പാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്തോ മറന്നിട്ടെന്ന പോലെ തമ്പി മടിയില്‍നിന്ന് ആ പഴയ ബാഗ് എടുത്തു. അതില്‍നിന്ന പുറത്തേയ്‌ക്കെടുത്ത സുവിശേഷ പുസ്തകത്തിനിടയില്‍നിന്ന് ഒരു പഴയ ഫോട്ടോയും ദിനപത്രത്തിന്റെ കഷണവും പുറത്തേയ്‌ക്കെടുത്തു.

ഇതെന്റെ മോളാണ് സാര്‍. ഒരേയൊരു മോള്‍. ഇത് മോളുടെ ഭര്‍ത്താവ്. മോളുടെ ഭര്‍ത്താവ് എന്നല്ല, സ്വന്തം മോന്‍ എന്നു തന്നെയാണ് ഞാന്‍ കരുതാറുള്ളത്. വൈദിക വേഷത്തില്‍ നില്‍ക്കുന്ന ആ മോന്റെ മുഖത്ത് തലോടിക്കൊണ്ട് തമ്പി പറഞ്ഞു. ഇത് കൊച്ചുമോളും മോനും- ആ ഫോട്ടോയിലുണ്ടായിരുന്ന രണ്ടു കൊച്ചു കുട്ടികളുടെ ചിത്രം കാണിച്ചു കൊണ്ട് തമ്പി പറഞ്ഞു.

മകളും ഭര്‍ത്താവും മക്കളുമാണ്.പിന്നെ തമ്പി, കൈയിലുണ്ടായിരുന്ന ആ പത്രത്തിന്റെ കഷണം എന്റെ നേരേ നീട്ടി. ഒരു ചരമവാര്‍ത്തയായിരുന്നു അതില്‍. തമ്പിയുടെ മകളുടെ ഭര്‍ത്താവായ ആ വൈദികന്‍ ചിരിച്ചു നില്‍ക്കുന്ന ചിത്രം. തലച്ചോറില്‍ രക്തസ്രാവമായിരുന്നു സാറേ മരണകാരണം. 40 വയസ്സേയുള്ളൂ ഞങ്ങളുടെ മോന്. എല്ലാം അത്രയും പെട്ടെന്നായിരുന്നു. 24 മണിക്കൂര്‍ വെന്റിലേറ്ററിലായിരുന്നു. കല്‍ക്കത്തയിലെ ഒരു ആശുപത്രിയിലായിരുന്നു. അതിയാന്‍ പോയിരുന്നു കല്‍ക്കത്തയ്ക്ക്- ആനിയുടെ വാക്കുകള്‍ കുഴയുന്നുണ്ടായിരുന്നു.

എന്നാലും ദൈവമേ... എനിക്ക് ഇങ്ങനെയൊരു പരീക്ഷണം... തമ്പി പൊട്ടിക്കരയുകയായിരുന്നു. എല്ലാം അങ്ങയുടെ ഹിതം... ഞാനത് സ്വീകരിക്കുന്നു ദൈവമേ. രണ്ടു കൈകളും ഉയര്‍ത്തി അങ്ങു മുകളില്‍ എവിടെയോ കണ്ണുനട്ട് നില്‍ക്കുന്ന തമ്പിയുടെ രൂപം.. അത് എന്റെ മനസ്സിന്റെ ആഴങ്ങളില്‍ കൊത്തിവെച്ചതു പോലെ പതിഞ്ഞു...

Content Highlights:  Dr VP Gangadharan column Snehaganga, shares story of Thampi, cancer treatment, cancer patient