കോവിഡ് 19 വൈറസുകളുടെ ജനിതകമാറ്റം ലോകമെമ്പാടും ചൂടുള്ള ഒരു ചര്‍ച്ചാ വിഷയമാണല്ലോ! ശാസ്ത്രലോകവും രാവും പകലുമെന്നില്ലാതെ ഈ മാറ്റങ്ങളെക്കുറിച്ചുള്ള പരീക്ഷണനിരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുന്നു. അതിവേഗം പടരാനും തനിക്കെതിരേയുള്ള ആയുധങ്ങളെ പ്രതിരോധിക്കാനുള്ള ശക്തിയാര്‍ജിക്കാനായി വൈറസ് നടത്തുന്ന തയ്യാറെടുപ്പുകളായും ഈ ജനിതകമാറ്റങ്ങളെ നോക്കിക്കാണാന്‍ സാധിക്കും. മറ്റൊരു കോണിലൂടെ നോക്കണം എന്നു മാത്രം. ജീവിക്കാന്‍ വേണ്ടിയുള്ള വൈറസിന്റെ പോരാട്ടം! ജീവിതമെന്ന മൗലികാവകാശത്തിനു വേണ്ടിയുള്ള വൈറസിന്റെ പോരാട്ടമായി ഇതിനെ കണ്ടാല്‍ നമ്മളില്‍ കുറച്ചു പേരെങ്കിലുമുണ്ടാവും വൈറസിനോട് കൂറു പ്രഖ്യാപിക്കുന്നവരായി. വൈറസിന്റെ പക്ഷം ചേരുന്നവരായി. വൈറസിനെ അവര്‍ ന്യായീകരിച്ചെന്നും വരാം. പക്ഷേ, ഇതല്ല എന്റെ ഇന്നത്തെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് മനുഷ്യ മനസ്സുകളില്‍ വന്ന ജനിതകമാറ്റമാണ് എന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. നാം മാറിയതെങ്ങനെ! നമ്മുടെ മനസ്സുകള്‍ മാറിയതെങ്ങനെ! ഇാെക്കെ ഒന്ന് അവലോകനം ചെയ്യുന്നത് രസകരമായിരിക്കുമെന്ന് തോന്നുന്നു. അതും ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കാണാന്‍ സാധിച്ചാല്‍ നന്ന്.

കോവിഡ് വ്യാപനം കേരളത്തില്‍ തുടങ്ങിയ കാലഘട്ടത്തിലേക്ക് നമുക്ക് തിരിച്ചു പോകാം. ഓര്‍മകള്‍ ഒന്നൊന്നായി മനസ്സിലേക്ക് തിരയടിച്ചെത്തുന്നു. ഹോസ്പിറ്റലില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തങ്ങളുടെ താമസ സ്ഥലത്തേക്ക് തിരിച്ച നേഴ്‌സുമാരെ പൊതുജനം വഴിയില്‍ തടഞ്ഞു. സ്ഥലത്തെ വാര്‍ഡ് മെംബര്‍ അടക്കമുള്ള ദിവ്യന്മാര്‍ ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ഈ യജ്ഞത്തില്‍ പങ്കാളികളായി. നിങ്ങളാണ് ഈ നാട്ടില്‍ കോവിഡ് പരത്തുന്നത്! ഇനി ഇവിടെ താമസിക്കണ്ട. മറ്റൊരിടം കണ്ടെത്തി സ്ഥലം വിട്ടോളൂ- പഞ്ചായത്ത് പ്രസിഡന്റാണ് ഈ ആജ്ഞ പുറപ്പെടുവിച്ചത്.

ഉടുതുണിക്ക് മറുതുണി പോലുമെടുക്കാന്‍ സാവകാശം കിട്ടാതെ ആ നഴ്‌സുമാര്‍ക്ക് വേറേ അഭയസ്ഥാനം കണ്ടെത്തേണ്ടി വന്നു. അവരോടു കനിവു തോന്നിയ ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ അവര്‍ക്ക് താമസസ്ഥലമൊരുക്കി. പായും തലയണയുമില്ലാതെ തറയില്‍ ഷീറ്റ് വിരിച്ചു കിടക്കേണ്ടി വന്ന അവര്‍ ആ അനുഭവം വിവരിച്ചപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു.

അന്ന് അവരെ വഴിയില്‍ തടഞ്ഞ ആ വാര്‍ഡുമെമ്പർ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വന്നു. നഴ്‌സുമാരോട് കുശലം പറഞ്ഞ് തിരികെ പോയ അദ്ദേഹത്തെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു- തിരികെ അവിടെച്ചെന്ന് താമസിക്കാനാണ് അദ്ദേഹം പറഞ്ഞതെന്ന്. എന്തായാലും ഞങ്ങളിനി ആ വീട്ടിലേക്കില്ല. ഉറക്കെ വിളിച്ചു പറഞ്ഞ റിനി സിസ്റ്ററിന്റെ ശബ്ദത്തില്‍ തെളിഞ്ഞ അമര്‍ഷമുണ്ടായിരുന്നു.

വാര്‍ഡു മെമ്പറുടെ വീട്ടിലിരിക്കുന്ന ഒരു ഫലകത്തില്‍ കോവിഡ് വാരിയര്‍ എന്ന് രേഖപ്പെടുത്തി അദ്ദേഹത്തിന്റെ പേര് സുവര്‍ണലിപികളിലുണ്ട്.

ഈ അടുത്ത ദിവസം കോവിഡ് വാക്‌സിനേഷന്‍ ക്യാംപില്‍ ഭയമില്ലാതെ ഓടി നടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു- അദ്ദേഹത്തിന്റെ മനസ്സിന് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു.

ഞാന്‍ മരട് പോലീസ് സ്റ്റേഷനിലെ എസ്. ഐ. ആണ്. ഗംഗാധരന്‍ സാറല്ലേ... സാറ് രണ്ടാഴ്ച ക്വാറന്റീനില്‍ പോകണം. സാറിന്റെ ഒരു രോഗി കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്... മൂന്നോ നാലോ വട്ടം വന്നിട്ടുണ്ട് ഇങ്ങനെയുള്ള ഫോണ്‍ വിളികള്‍. ആ രോഗിയെ ഞാനല്ല നോക്കിയതെന്നും എന്റെ സഹപ്രവര്‍ത്തകയായ ഡോക്ടറാണ് കഴിഞ്ഞ ദിവസം കണ്ടതെന്നും പറഞ്ഞു ഫലിപ്പിക്കാന്‍ കുറേയേറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.
എന്തു ചെയ്യാനാണ് സാറേ... കോണ്‍ടാക്റ്റ് ട്രേസിങ്ങിന്റെ ഭാഗമായി ഞങ്ങള്‍ സാറിനെ തപ്പിയെടുത്തതാണ്. വിദേശത്തു നിന്നെത്തിയ ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള കോണ്‍ടാക്റ്റ് ട്രേസിങ്ങിന്റെ ഓര്‍മകള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. സ്വന്തം ഭാര്യ പോലും അറിയാതെ അദ്ദേഹം നടത്തിയ ഒരു സന്ദര്‍ശനം. അതും കണ്ടുപിടിക്കപ്പെട്ടു! ശിവ ശിവ! കോവിഡിന്റെ ഒരു കളിയേ!

ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. കോവിഡ് ബാധിച്ച രോഗിയെ അന്വേഷിച്ചു പോലും ആരും വരാതായിരിക്കുന്നു. ഒരു സാധാരണ പനി എന്ന നിലയിലേക്ക് ഇന്ന് അതിനെ ജനം കണ്ടു തുടങ്ങിയിരിക്കുന്നു. പോലീസുകാരുടെ മനസ്സിലും വന്നു കോവിഡിന്റെ ആ ജനിതകമാറ്റം!

അയ്യോ! പഴയ കാര്യമൊന്നും ഓര്‍മിപ്പിക്കല്ലേ! കോവിഡാണെന്നറിഞ്ഞാല്‍ സൈറണ്‍ മുഴക്കി ഒരു ആംബുലന്‍സ് വീട്ടുമുറ്റത്ത് പാഞ്ഞെത്തും. മറ്റേതോ ഗ്രഹങ്ങളില്‍ നിന്ന് വന്നിറങ്ങിയ കണക്ക് മുഖമടക്കം വെളുത്ത ആവരണം ധരിച്ച കുറച്ചു പേര്‍ ഇറങ്ങി വന്ന് അയാളെ കൂട്ടിക്കൊണ്ടു പോകുന്ന കാഴ്ച. ചിത്രയാണ് ഈ ചിത്രം പങ്കുവെച്ചത്. തിരിച്ചു വന്നാലായി വന്നില്ലെങ്കിലായി എന്ന മനസ്സോടെയാണ് പോകുന്നയാളും അയയ്ക്കുന്നവരും കൊണ്ടു പോകുന്നവരും! തിരിച്ചു വന്നില്ലെങ്കിലും ആരും ആരെയും കുറ്റപ്പെടുത്തില്ല! എവിടെയൊക്കെയോ അന്ത്യവിശ്രമം കൊള്ളുന്ന എത്രയോ പേര്‍! എന്റെ മനസ്സും അസ്വസ്ഥമാകുന്നുണ്ടായിരുന്നു. വീടിനു മുന്നില്‍ തൂക്കിയിടുന്ന ബോര്‍ഡ്. കാവലിന് അടുത്തു തന്നെ പോലീസുകാര്‍. അയിത്തം പ്രഖ്യാപിച്ച് അയല്‍വാസികളും നാട്ടുകാരും.... ഇവരുടെയെല്ലാം മനസ്സിന് ഇന്ന് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു. കോവിഡാണോ... സുഖമായി ഒരു മുറിയില്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞാല്‍ മതി. ഒരേ സ്വേരത്തില്‍ ഇവരെല്ലാം ഏറ്റു പറയുന്നു.

ലോക് ഡൗണ്‍, ഡബിള്‍ ലോക്ഡൗണ്‍, ട്രിപ്പിള്‍ ലോക് ഡൗണ്‍...മൈക്രോ കണ്ടെയ്ന്‍മെന്റ്.. ഒറ്റപ്പെടുത്തലുകളുടെയും ഒറ്റപ്പെടലുകളുടെയും വേദന അനുഭവിച്ചവര്‍ എത്രയെന്ന് വിവരിക്കാന്‍ സാധിക്കില്ല. മുംബൈയില്‍ നിന്ന് എത്തി എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം ഫ്‌ളാറ്റില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞ റെസിഡെന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. പോലീസ് ഇടപെട്ട് ഫ്‌ളാറ്റില്‍ കയറാന്‍ കഴിഞ്ഞ അവരെ ജനലും വാതിലും തുറക്കാന്‍ അനുവദിക്കാതെ ഭ്രഷ്ട് കല്പിച്ചവര്‍.

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നതിനാല്‍ അവരുടെ വരുമാന മാര്‍ഗമായ പാല്‍ വില്‍പ്പന തടഞ്ഞ് പാല്‍ ഒഴുക്കിക്കളഞ്ഞ പൊതുക്കാര്യക്കാര്‍... ഇവരുടെയൊക്കെ മനസ്സിന് ജനിതകമാറ്റം വന്നിരിക്കുന്നു. എടാ.. അപ്പുറത്തെ വീട്ടിലെ ജയന് കോവിഡാണെന്നു തോന്നുന്നു ഞാന്‍ ഒന്ന് അന്വേഷിച്ചു വരാം... എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. മനസ്സുകള്‍ മാറിയിരിക്കുന്നു.

വൈദ്യശാസ്ത്ര മേഖലയിലും വന്നല്ലോ മാറ്റങ്ങള്‍ ധാരാളം. അവരുടെ മനസ്സുകളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ജനിതകമാറ്റം അല്ലേ! അലോപ്പതി, ഹോമിയോ, ആയുര്‍വേദം, യുനാനി, നാട്ടു ചികില്‍സകള്‍ ഏതെല്ലാം ചികില്‍സാ രീതികള്‍! എന്തെല്ലാം മരുന്നുകള്‍! എല്ലാവരും പറഞ്ഞു- അല്ല, അവകാശപ്പെട്ടു ഞങ്ങളുടെ മരുന്ന് കോവിഡ് രോഗത്തെ കീഴ്‌പ്പെടുത്തി. ഞങ്ങള്‍ പ്രതിരോധിക്കുന്നു.... അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു കൊണ്ടിരുന്നപ്പോള്‍ കോവിഡ് ചിരിച്ചു. അവരും ചിരിച്ചു കാണും!‌ അവരുടെ മനസ്സുകളിലും മാറ്റം സംഭവിച്ചു. ചികില്‍സാ രീതികള്‍ വലിയൊരു പരിധിവരെ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. പ്രതിരോധകുത്തിവെപ്പുകള്‍ വന്നെത്തിയിരിക്കുന്നു എന്നത് ആശ്വാസകരം.

അടഞ്ഞു കിടന്നിരുന്ന കടകള്‍, ഹോട്ടലുകള്‍, സിനിമാശാലകള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍... എല്ലാം ഒന്നൊന്നായി തുറന്നു തുടങ്ങിയിരിക്കുന്നു. താമസിയാതെ കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് സ്‌കൂളിലേക്കും പോയിത്തുടങ്ങും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണിക്ക് കോവിഡ് കണക്കുകളുമായി പ്രത്യക്ഷപ്പെട്ടിരുന്ന മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ഇപ്പോള്‍ കാണാനില്ല. കോവിഡ് ദിവ്യന്മാര്‍ നടത്തിയിരുന്ന ചാനല്‍ ചര്‍ച്ചകളും ഇല്ലാതായിരിക്കുന്നു. ഭീതിയോടെ മാത്രം പുറത്തിറങ്ങി നടന്നിരുന്ന ജനങ്ങളും ഇപ്പോളില്ല. എല്ലാവരുടെയും മനസ്സില്‍ ജനിതകമാറ്റം വന്നിരിക്കുന്നു. കൊറോണ വൈറസിനെ തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന ഒന്നായി കാണാന്‍ ജനമനസ്സുകള്‍ ശീലിച്ചിരിക്കുന്നു. അത്തരത്തിലും സംഭവിച്ചിരിക്കുന്നു ജനിതകമാറ്റം.

സന്തോഷത്തോടെയുള്ള ഒരുപ പൊട്ടിച്ചിരി ശബ്ദം ചെവിയില്‍ മുഴങ്ങുന്നു. അതെ അത് കൊറോണ വൈറസിന്റെ ശബ്ദം തന്നെ. ഞാന്‍ അന്നും ഇന്നും നിങ്ങളുടെ കൂടെ ഒരേ പോലെ ജീവിക്കുന്നു. ആരംഭ കാലങ്ങളില്‍ നിങ്ങള്‍ എന്നെ മനസ്സിലാക്കിയില്ല. നിങ്ങളിലേക്ക് കടന്നു വന്ന എന്നെ നശിപ്പിക്കാന്‍ നിങ്ങള്‍ തന്നെ, നിങ്ങളുടെ ശരീരം തന്നെ രാസവസ്തുക്കള്‍ നിര്‍മിച്ചു. ആ രാസവസ്തുക്കളില്‍ നശിച്ചതു നിങ്ങളാണ്. നിങ്ങളുടെ ശ്വാസകോശങ്ങളും മറ്റവയവങ്ങളുമാണ്. അതില്‍ നിന്ന് രക്ഷ നേടാനായാണ് ഞാന്‍ ജനിതകമാറ്റം നടത്തിയത്. എനിക്കൊരിക്കലും ഇനി ആ പഴയ വൈറസായി ജനിതമാറ്റത്തിലൂടെ തിരികെപ്പോകാന്‍ കഴിയില്ല. പക്ഷേ, മനസ്സിന് ജനിതക മാറ്റം വന്ന നിങ്ങളോ... നിങ്ങള്‍ വീണ്ടും പഴയകാല മനസ്സിലേക്ക് മാറും. തിരികെയുള്ള ഒരു ജനിതകമാറ്റം. കൊറോണ വൈറസ് ചിരി തുടര്‍ന്നു കൊണ്ടേയിരുന്നു. വിജയച്ചിരിയാണോ! അതോ പരാജയത്തിന്റെ നിസ്സഹായതയിലുള്ള സങ്കടച്ചിരിയോ...ഞാനും അറിയാതെയൊരു ചിരിയിലായി...

Content Highlights: Dr VP Gangadharan column Snehaganga