സാറിന് തിരക്കുള്ള ദിവസമാണെന്നറിയാം. എന്നാലും ഈ സന്ദേശം സാറ് കാണുമെന്നുള്ള വിശ്വാസത്തിൽ ഫോണിൽ അയയ്ക്കുകയാണ്. എന്റെ മമ്മ സാറാ സാറിന്റെ ചികിൽസയിലാണ്. വർഷങ്ങളായി വടക്കേ ഇന്ത്യയിൽ പല ആശുപത്രികളിലായി ചികിൽസയിലായിരുന്നു. ഞാനും മമ്മായും പപ്പായും ഒരു ഇളയ സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം. പപ്പായുടെയും മമ്മായുടെയും എന്റെയും ശമ്പളത്തിലാണ് കഷ്ടിമുഷ്ടി കടന്നു പോയിരുന്നത്. സഹോദരനും സഹോദരിയും കോളേജിൽ പഠിക്കുന്നു. അവരുടെ പഠനം കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. രോഗിയായിരുന്നെങ്കിലും അതു വകവെക്കാതെ അമ്മ ജോലി ചെയ്യുമായിരുന്നു. കുടുംബം പോറ്റാനുള്ള ശ്രമം. ഞാൻ മാത്രം ഡൽഹിയിൽ ജോലി ചെയ്യുന്നു. മറ്റെല്ലാവരും ബറോഡയിൽ ഒരു വാടകവീട്ടിലാണ് കഴിയുന്നത്. മമ്മാ നാട്ടിൽ ചികിൽസയ്ക്കായി വന്നപ്പോൾ കൂടെ നിൽക്കാൻ പപ്പാ മാത്രമാണുള്ളത്. വരുമാനമാണെങ്കിൽ എന്റേതു മാത്രമായി ചുരുങ്ങി. ചെലവേറിയ ചികിൽസ നിർദേശിച്ചാൽ പപ്പാ പറയുമായിരിക്കും പ്രയാസമാണെന്ന്. അത് ഡോക്ടർ കേൾക്കരുത്. ഏറ്റവും നല്ല ചികിൽസ നൽകണം. മമ്മായുടെ കൂടെ ജീവിച്ച് കൊതി തീരാത്ത ഒരു മകന്റെ മനസ്സായിട്ട് ഇതിനെ കാണണം.

അടുത്ത ദിവസം സാറായോടും ഭർത്താവിനോടും ഞാൻ ചികിൽസയെക്കുറിച്ച് സംസാരിച്ചപ്പോൾ മകൻ ഭയപ്പെട്ടതു പോലെ തന്നെ സംഭവിച്ചു. ചെലവിനെക്കുറിച്ച് ചോദിച്ച സാറായുടെ ഭർത്താവ് ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. എന്നിട്ടു പറഞ്ഞു - പ്രയാസമാണ് സാറേ. പതുക്കെയൊന്ന് ചിരിച്ചു കൊണ്ട് ഞാൻ അവരുടെ മകന്റെ സന്ദേശത്തെക്കുറിച്ച് പറഞ്ഞു. അപ്പോൾ ഒരു വിളറിയ ചിരിയോടെ അദ്ദേഹം പറഞ്ഞു എന്റെയും ആഗ്രഹങ്ങൾ അങ്ങനെയൊക്കെത്തന്നെയാണ് സാറേ. പക്ഷേ... അദ്ദേഹം മൗനിയായി താഴേക്കു നോക്കി ഇരുന്നതേയുള്ളൂ.

മകന് എവിടെയാണ് ജോലി?
ഒരു വലിയ സ്ഥാപനമാണ് സാറേ. ദാനധർമങ്ങൾക്ക് പേരു കേട്ട ഒരു സ്ഥാപനം. അതിന് അവരുടെ പക്കൽ ധാരാളം പണമുണ്ട്. പക്ഷേ, സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന കാര്യം വരുമ്പോൾ സ്ഥാപനം നഷ്ടത്തിലാണെന്ന സ്ഥിരം പല്ലവിയാണ് മറുപടി. മാസശമ്പളത്തിന്റെ നല്ലൊരു പങ്ക് മുറി വാടകയായിട്ടു പോകും. പിന്നെ അവന്റെ വയറ് പകുതിയെങ്കിലും നിറയ്‌ക്കേണ്ടേ? ബാക്കി വളരെ തുച്ഛം. അത് മുടങ്ങാതെ അവൻ വീട്ടിലെത്തിക്കും. വർഷം അഞ്ചായി ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ശമ്പളം അന്നും ഇന്നും തഥൈവ. ദാനധർമങ്ങൾ നടത്തിയാലല്ലേ പത്രത്തിൽ വാർത്ത വരികയുള്ളൂ. ജനം അറിയുകയുള്ളൂ. ഇത്തരക്കാർ എല്ലാം അങ്ങനെയല്ലേ... അദ്ദേഹം പറഞ്ഞു.

സത്യം എന്റെ മനസ്സ് അത് ഏറ്റു പറഞ്ഞു. അനുഭവങ്ങളുടെ ഒരു നിര തന്നെ മനസ്സിൽ തെളിഞ്ഞു വന്നു. കാൻസർ രോഗികൾക്കായി വിഭാവനം ചെയ്ത ഒരു കെട്ടിട നിർമാണത്തിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് ഞാൻ പ്രശസ്തരായ കുറേ സന്മനസ്സുകളെ ബന്ധപ്പെട്ടതാണ്. സംഭാവന തരാം, ഫോട്ടോ അടക്കം പത്രങ്ങളിൽ വരണം. ഏതൊക്കെ ചാനലുകൾ വരും? ഈ വരാൻ പോകുന്ന കെട്ടിടത്തിൽ ഫലകത്തിൽ എന്റെ പേരും ഉള്ളിൽ ചിത്രവും വെക്കാമല്ലോ അല്ലേ... അങ്ങനെ എത്രയെത്ര നിബന്ധനകൾ!

കഷ്ടം- എന്റെ മനസ്സ് പറഞ്ഞത് അങ്ങനെയാണ് അതിൽ പലരും സമൂഹത്തിനു മുന്നിൽ കർണനെക്കാൾ വലിയ ദാനശീലരാണ്.
കുറച്ച് ആളുകളേ ഉള്ളൂ കേട്ടോ ഇത്തരത്തിലുള്ളവർ. ഭൂരിപക്ഷവും അങ്ങനെയുള്ളവരല്ല. അക്കൂട്ടരിൽ ഒരാളുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞു വന്നത്. അദ്ദേഹത്തിനും ഉണ്ടായിരുന്നു ഒരു നിബന്ധന-ഞങ്ങൾ സഹായിക്കുന്നത് ആരും അറിയണ്ട. അങ്ങനെയൊരു വാർത്തയും വേണ്ട. പ്രസിദ്ധിക്കു വേണ്ടിയല്ല ഞങ്ങൾ ഈ തുക തരുന്നത്. നിങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ വിശ്വാസമുള്ളതു കൊണ്ടാണ്. നല്ലകാര്യമാണെന്ന് ഉറപ്പുള്ളതു കൊണ്ടാണ്. ഇരു ചെവിയറിയാതെ നൽകുന്ന ധർമത്തിനേ പ്രസക്തിയുള്ളൂ എന്നാണ് പൂർവികന്മാർ പഠിപ്പിച്ചിട്ടുള്ളത്.

ഞാൻ അറിയാതെ മനസ്സു കൊണ്ട് നമിച്ചു പോയി ആ പൂർവികരെ.

എല്ലാ മേഖലയിലുമുണ്ട് ഇത്തരക്കാർ. സ്വയംപു മുതൽ ചാനൽ ഇന്റർവ്യൂവിലെ വിദഗ്ധർ-ജ്ഞാനികൾ, ഫോട്ടോകളിൽ മുൻ നിരയിലേക്ക് തല നീട്ടുന്നവർ. ഇവരുടെയൊക്കെ ലക്ഷ്യം ഒന്നു തന്നെയാണ്- തിരഞ്ഞെടുക്കുന്ന രീതി വ്യത്യസ്തമാണെന്നു മാത്രം. ഞാനുൾപ്പെടെയുള്ള ഡോക്ടർമാർക്കിടയിലും ഇത്തരക്കാർ ധാരാളമാണല്ലോ എന്ന് മനസ്സ് മന്ത്രിച്ചു.

ഒളിമ്പിക്‌സിൽ മെഡൽ നേടിയവരെ അഭിനന്ദിക്കുന്ന ഒരു ചടങ്ങിലേക്ക് എന്റെ മനസ്സ് ഓടിയെത്തി. കോവിഡ് ഇല്ലായിരുന്നെങ്കിൽ അവർക്ക് നൽകുമായിരുന്ന സ്വീകരണവും അഭിന്ദന പ്രവാഹവും മനസ്സിൽ തെളിഞ്ഞു. കൈ നനയാതെ മീൻ പിടിക്കാൻ അറിയാവുന്ന രാഷ്ട്രീയക്കാർ തന്നെയായിരിക്കും മുൻപന്തിയിൽ. അവരുടെ പ്രസംഗങ്ങളും ചെവിയിൽ മുഴങ്ങുന്നതു പോലെ. അത് ഏതാണ്ട് ഇങ്ങനെയൊക്കെയായിരിക്കും-

ക്രിക്കറ്റിൽ ഇതു പോലെ ഒളിമ്പിക് മെഡൽ നേടിയ സച്ചിനു ശേഷം ആദ്യമായി കാണുകയാണ് ഒളിമ്പിക് മെഡൽ ജേതാക്കളെ... എന്നു തുടങ്ങുന്നതാണ് ഒരാളുടെ പ്രസംഗം. നാല്പത്തൊമ്പതു വർഷം പ്രതിപക്ഷം ഭരിച്ചിട്ടും ഇങ്ങനെയൊരു മെഡൽ കിട്ടാൻ ഞങ്ങളുടെ ഭരണ വരെ കാത്തിരിക്കേണ്ടി വന്നു... ഇത് ഭരണപക്ഷക്കാരനായ ഒരു നേതാവിന്റെ വാക്കുകളാണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ഞങ്ങളുടെ മതക്കാർ കുറേപ്പേർ ഉണ്ടായിരുന്നതു കൊണ്ടാണ് ഇന്ത്യ കളി ജയിച്ചത്- ഇത് മതമൗലികവാദവുമായി നടക്കുന്ന എല്ലാ കൂട്ടരുടെയും ഉള്ളിലിരിപ്പാണ്.

ഞങ്ങൾ അധികാരത്തിൽ വരട്ടെ വീതി കുറഞ്ഞ ഹോക്കി സ്റ്റിക്കുകൾക്ക് പകരം ഞങ്ങൾ വീതിയുള്ള സ്റ്റിക്കുകൾ തരാം. അതു പോലെ തന്നെ എല്ലാ കളിക്കാർക്കും ഗോൾവലയം കാക്കുന്ന ആ കളിക്കാരനു നൽകുന്ന വീതി കൂടിയ കാൽപ്പാഡുകൾ നൽകാം. പന്തിയിൽ പക്ഷഭേദം പാടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന പാർട്ടിയാണ് ഞങ്ങളുടേത്- പ്രതിപക്ഷത്തിന്റെ ശബ്ദമാണ് ഇങ്ങനെ ഉയർന്നു കേൾക്കുന്നത്. പോലീസ് മേധാവിയുടെ പ്രസംഗം പ്രൊഫഷണലിസം കലർന്നതായിരുന്നു. നമ്മുടെ ഹോക്കി ടീം ആസ്‌ട്രേലിയയോട് 7-1 നു തോറ്റു. ഇത് എന്തു കൊണ്ടു സംഭവിച്ചു? പക്ഷപാതിത്വമില്ലാത്ത സത്യസന്ധമായ ഒരു അന്വേഷണം വേണം. ആ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണം- ലോക്കൽ മെംബർ ആ പ്രസംഗത്തിന്റെ തുടർച്ച ഏറ്റെടുത്തു. ഒരു സ്മാരകമെങ്കിലും നമുക്ക് പടുത്തുയർത്തണം... പങ്കെടുത്തു കൊണ്ടിരിക്കുന്ന മീറ്റിങ്ങ് മാറിപ്പോയി എന്ന് നോട്ടീസ് നോക്കിയപ്പോളാണ് അദ്ദേഹത്തിന് മനസ്സിലായത്. അപ്പോഴേക്കും ജനം കൂവിവിളിക്കുന്നുണ്ടായിരുന്നു.
ആരു കളിച്ചാലെന്താ, ആരു ജയിച്ചാലെന്താ എന്ന മട്ടിൽ കുറച്ച് ഡോക്ടർമാർ സ്‌റ്റേജിൽ ഉണ്ടായിരുന്നു. അവർ രോഗികളുടെ കാര്യങ്ങൾ ഫോണിൽ അന്വേഷിക്കുന്ന തിരക്കിലായിരുന്നു.

പന്തുമായി വരുന്ന ഒരുവനെ ഒരിക്കലും തടയരുത് മകനേ.. അവനു വേണ്ടി വഴിമാറിക്കൊടുക്കുന്നതാണ് നമ്മുടെ സംസ്‌കാരം - ഭാരതീയ സംസ്‌കാരം. ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഉയർന്ന സംസ്‌കാരവാദികളുടെ ഈ ശബ്ദം കേട്ട് കളിക്കാർ ഞെട്ടി. അവസാന നിമിഷത്തെ പെനാൽറ്റി കിക്കിന്റെ സമയത്തു പോലും ഇത്ര സമ്മർദമില്ലായിരുന്നു എന്ന് അവരിൽ കുറച്ചു പേരെങ്കിലും ചിന്തിച്ചെങ്കിലും അത് സ്വാഭാവികം മാത്രം.

ചടങ്ങു തീരുന്നതിനു മുമ്പേ തന്നെ ജനം തിരിഞ്ഞു നിന്ന് കൈയടിക്കുന്നതു കണ്ട് സംഘാടകരും സ്റ്റേജിലുള്ളവരും ഞെട്ടി. ഒരു സിനിമ നടന്റെ വരവാണ് അതെന്ന് തിരിച്ചറിഞ്ഞ സംഘാടകർ പതിന്മടങ്ങ് ഊർജസ്വലരായി. നമ്മൾ ഇതുവരെ കാത്തിരുന്ന നമ്മുടെ പ്രിയപ്പെട്ട നായകന് എല്ലാവരും എഴുന്നേറ്റു നിന്ന് സ്വീകരണം നൽകണമെന്ന് ഞങ്ങൾ അഭ്യർഥിക്കുകയാണ്. ഈ യോഗത്തിന്റെ പ്രധാന ആകർഷണം ഇദ്ദേഹമാണ് എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. അടുത്ത സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടയിൽ നിന്ന് ഓടി വന്നതാണ് അദ്ദേഹം.

താമസിച്ചു വന്നതിന് ക്ഷമാപണം - നടൻ പ്രസംഗിച്ചു തുടങ്ങി. എറിഞ്ഞു സ്വർണം നേടുന്നവരുടെ നേട്ടം എടുത്തു പറയേണ്ടതാണ്. ഹോക്കിസ്റ്റിക്കും ജാവലിനുമെല്ലാം ഞാൻ കോളേജു പഠന കാലത്ത് ധാരാളം എറിഞ്ഞിട്ടുണ്ട്. അതു കൊണ്ടുതന്നെ അതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം. അതിനു വേണ്ടി സഹിക്കേണ്ടി വരുന്ന ത്യാഗങ്ങൾ എനിക്കറിയാം. എന്റെ അടുത്ത സിനിമയിൽ ഒരു ഹോക്കി കളിക്കാരനായാണ് ഞാൻ അഭിനയിക്കുന്നത്. ജനത്തിന്റെ കൈയടി ശബ്ദം കേട്ടിട്ടാവണം അദ്ദേഹം എളിമയോടെ കൈ കൂപ്പി നിന്നു.
പുറത്തേക്കിറങ്ങിയ എന്റെ മുന്നിൽ ലോട്ടറി ടിക്കറ്റുമായി ഒരാൾ.

ഞാനും പണ്ട് ഇതു പോലെ ഒരു സ്‌റ്റേജിലിരുന്നതാ-അയാൾ പറഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോൾ ആളെ മനസ്സിലായി.
സാറിന് എന്നെ മനസ്സിലായി അല്ലേ... എത്രയെത്ര മീറ്റുകൾ... എത്രയെത്ര മെഡലുകൾ എത്രയെത്ര പൊള്ളയായ വാഗ്ദാനങ്ങൾ... ഞാൻ ഇതാ കോടികൾ വിറ്റ് ഉപജീവനം നടത്തുന്നു. അയാൾ കൈയിലിരുന്ന ലോട്ടറി ടിക്കറ്റ് എടുത്തുയർത്തി.
അപ്പോഴും സ്‌റ്റേജിൽ നിന്ന് മൈക്കിൽ അവതാരകയുടെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു.
ഒളിമ്പിക് മെഡൽ ജേതാവിന് ഒരു കോടി രൂപ.
മറ്റൊരാളുടെ വക കാക്കനാട്ട് ഒരു ഫ്‌ളാറ്റ്.
പത്തുലക്ഷവുമായി മറ്റൊരാൾ... സർക്കാർ ജോലി എന്ന വാഗ്ദാനവുമായി മന്ത്രി. ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ ലോട്ടറി ടിക്കറ്റുമായി അയാൾ നടന്നു നീങ്ങി.

ഇത്തരം പൊള്ളയായ വാഗ്ദാനങ്ങളും പ്രശസ്തിക്കു വേണ്ടിയുള്ള പ്രകടനങ്ങളുമായി നടക്കുന്നവരൊന്നും പക്ഷേ, സാറായുടെ മകനെയും അവന്റെ പപ്പായെയും പോലുള്ളവരുടെ അധ്വാനങ്ങളും സങ്കടങ്ങളും ആഗ്രഹങ്ങളുമൊന്നും കാണില്ലല്ലോ എന്ന് ഞാനോർത്തു. അത്തരം പ്രകടനങ്ങളൊന്നുമില്ലെങ്കിലെന്ത്! നമ്മുടെയൊക്കെ ജീവിതം അർഥമുള്ളതാകുന്നത് സാറായുടെ മകനെപ്പോലെ എങ്ങനെയും അതിജീവിക്കണമെന്ന് ആഗ്രഹമുള്ള യുവാക്കളുടെ-മക്കളുടെ നിശ്ചയദാർഢ്യത്തിലാണല്ലോ. സാറായുടെ ഭർത്താവിനെപ്പോലെ ഇല്ലായ്മകളോടു പൊരുത്തപ്പെടാനാണ് മിക്കവരും ശ്രമിക്കുക. ആ പൊരുത്തപ്പെടലും മകന്റെ അതിജീവനശ്രമവും മുന്നിലുള്ളതു കൊണ്ടാണല്ലോ പ്രകടനക്കാരുടെ കാട്ടിക്കൂട്ടലുകളൊക്കെ എന്തു പൊള്ളത്തരമാണെന്ന് നമ്മൾ തിരിച്ചറിയുന്നത്.

Content Highlights:  Dr VP Gangadharan column Snehaganga