സ്തനാര്‍ബുദ ചികിത്സയിലെ നൂതന സാങ്കേതിക വിദ്യകളും ഗവേഷണങ്ങളും ചര്‍ച്ചചെയ്യുന്ന ഒരു തുടര്‍പഠന കളരിയില്‍ പങ്കെടുക്കാനാണ് ഞാന്‍ മാര്‍ച്ച് 8ാം തീയതി അമല കാന്‍സര്‍ ആശുപത്രിയിലെത്തിയത്. ഗബ്രിയേലച്ചനെ ഓര്‍ക്കാതെ ഈ ആശുപത്രിമുറ്റത്തേക്ക് കാലെടുത്തു വെക്കാനാകില്ല. ചെറിയ ഒരു സംരംഭമായി ആരംഭിച്ച ഈ ആശുപത്രി ഇന്ന് കാന്‍സര്‍ ചികിത്സാ രംഗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. അതിന്റെ പിറകില്‍ സ്ഥാപകന്‍ എന്നതിലുപരി, ഗബ്രിയേലച്ചന്റെ ദീര്‍ഘവീക്ഷണവും സമര്‍പ്പണബുദ്ധിയും പ്രശംസിക്കാതെ വയ്യ.

ചായവിശ്രമ വേളയ്ക്കിടയിലാണ് എന്റെ സുഹൃത്തും സഹപാഠിയുമായ സുബ്ബുവിനെ കണ്ടത്. അമ്മ വീട്ടിലുള്ള കാര്യം സുബ്ബു പങ്കുവെച്ചത് നര്‍മസംഭാഷണങ്ങള്‍ക്കിടയിലാണ്.

'ഗംഗാധാരനെ കാണണമെന്ന് പറഞ്ഞു. ഊണ് വീട്ടില്‍നിന്നാക്കാം...'

ക്ഷണം നിരസിക്കാനായില്ല. 'ഞങ്ങള്‍ നാലുപേരുണ്ട് കേട്ടോ...' എന്നുമാത്രം ഞാന്‍ പറഞ്ഞുനിര്‍ത്തി.

കതക് തുറന്ന് ഞങ്ങളെ വീട്ടിലേക്ക് ആനയിച്ചത് വീട്ടമ്മയായ ശോഭയായിരുന്നു.

'അമ്മയെ ക്കാണാന്‍ ഗംഗാധരന്‍ വരുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു...' സുബ്ബുവും ഭാര്യ ശോഭയും ഒരേ സ്വരത്തില്‍ പറഞ്ഞു.

'ഇവരേക്കാള്‍ ഉറപ്പ് എനിക്കായിരുന്നു...' തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ.

സുബ്ബുവിന്റെ മാത്രം അമ്മയല്ല, മെഡിക്കല്‍ വിദ്യാഭ്യാസ കാലത്ത് ഞങ്ങളുടെയെല്ലാം ഒരമ്മ. അമ്മയുടെ കൈപിടിച്ച് അകത്തുകയറുമ്പോള്‍ എന്റെ സ്വന്തം അമ്മയുടെ കൈയിലെ തണുപ്പ്. പിച്ചവെച്ചു നടക്കുന്ന ഒരു കുഞ്ഞിനെ കൈപിടിച്ച് നടത്തുന്നപോലെ അമ്മ എന്റെ കൈപിടിച്ച് അകത്തെ മുറിയിലേക്ക് നടന്നുനീങ്ങി. സോഫയിലിരുത്തി ഒരുനിമിഷം അമ്മ എന്നെ നോക്കിനിന്നു.

'എത്രവര്‍ഷത്തെ പരിചയം, ബന്ധം അല്ലേ...?' അമ്മ എന്റെ കൈയിലെ പിടിവിടാതെ എന്റെയടുത്ത് തന്നെയിരുന്നു.

'അമ്മയ്ക്ക് 95 വയസ്സായി, പഴയ കാര്യങ്ങളൊക്കെ മറന്നുകാണും കേട്ടോ...' സുബ്ബുവാണ് അമ്മയെ നോക്കി സംസാരിച്ചത്.

'ഞാനോ, ഗംഗാധരനെ മറക്കാനോ...' അമ്മ ഉത്സാഹത്തോടെ പറഞ്ഞു. 'നിങ്ങളെല്ലാവരും കൂടി തൊടുപുഴയില്‍ വീട്ടില്‍വന്ന് താമസിച്ചത് ഞാന്‍ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു... രസകരമായ കുറച്ചു ദിവസങ്ങള്‍...'

എന്റെ മനസ്സും ചിന്തകളും വര്‍ഷങ്ങള്‍ പിറകോട്ടോടി. ആ രസകരമായ ദിവസങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നു.

ഒന്നാംവര്‍ഷ എം.ബി.ബി.എസിന് പഠിക്കുന്ന കാലഘട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടെ സുബ്ബു, ജോര്‍ജ്, ജോസ് ടോം.... അങ്ങനെ നീണ്ടുപോകുന്ന കൂട്ടുകാരുടെ പട്ടിക. ഒരു മെഡിക്കല്‍ എക്‌സിബിഷന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ഒരുപറ്റം 'വയറന്മാര്‍' തൊടുപുഴയില്‍ സുബ്ബുവിന്റെ വീട്ടിലെത്തുന്നത്. ഞങ്ങളെ സ്വീകരിക്കാന്‍ അമ്മ... ഇഡ്ഡലി, ദോശ, ഉപ്പുമാവ്, തയിര്‍സാദം, സാമ്പാര്‍സാദം... അങ്ങിനെ നീണ്ടുപോകുന്നു അമ്മയുടെ മെനു. നടത്തളത്തിലിരുന്ന് പാട്ടും ഡാന്‍സുമായി ദിവസങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. നിര്‍ബന്ധിച്ച് എല്ലാവരേയും ഊട്ടുന്ന അമ്മ... അമ്മയുടെ സ്‌നേഹത്തില്‍ ചാലിച്ച സ്വാദിഷ്ടമായ വിഭവങ്ങള്‍. 10 ദിവസം കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മ വാതില്‍ക്കല്‍: 'ഇനിയും എല്ലാവരും വരണം, കേട്ടോ...'

'അമ്മേ, അധികം നിര്‍ബന്ധിക്കരുത് കേട്ടോ... ഇവനിവിടെത്തന്നെ കൂടും...' എന്നെ ചൂണ്ടി ജോര്‍ജ് പറഞ്ഞതാണത്.

1974ല്‍ നടന്ന ആദ്യത്തെ കണ്ടുമുട്ടല്‍... അമ്മ വര്‍ഷങ്ങള്‍ക്കുശേഷവും ലവലേശം മാറ്റമില്ലാതെ അതെല്ലാം ഓര്‍ത്തിരിക്കുന്നു.

ഞാന്‍ കുറച്ചുനേരം അമ്മയെ നോക്കിയിരുന്നു. അമ്മ എന്റെ കൈ മുറുകെ പിടിച്ചുകൊണ്ടിരുന്നു... പിടിവിടാന്‍ മടിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ. അമ്മമാരുടെ കൈകള്‍ക്കെല്ലാം ഒരേ മൃദുലത, നേര്‍മ്മത. ഞാന്‍ കൊച്ചുഗംഗയായി മാറുകയായിരുന്നു... അമ്മയുടെ സ്വന്തം ഗംഗ... എത്രയെത്ര രാത്രികളില്‍ അമ്മയുടെ കൈകളിലെ തണുപ്പും അമ്മയുടെ സാമീപ്യത്തിലൂടെയുള്ള സുരക്ഷയും ആസ്വദിച്ച് ആ കൊച്ചു ഗംഗ ഉറങ്ങിയിരിക്കുന്നു. നഷ്ടപ്പെട്ടുപോയ ആ അമ്മയെ വീണ്ടും കണ്ട പ്രതീതി.

ശോഭ ഭക്ഷണം വിളമ്പിത്തരുമ്പോള്‍ ഞാന്‍ അമ്മയുമൊത്ത് സ്വപ്നലോകത്തായിരുന്നു.

'മാമ്പഴപ്പുളിശ്ശേരി ഉഗ്രനാണ് കേട്ടോ...' ശോഭയുടെ ഈ വാക്കുകളാണ് എന്നെ വീണ്ടും തീന്‍മേശയുടെ മുന്നിലേക്കെത്തിച്ചത്. അമ്മ, അച്ഛന്‍, മണിച്ചേട്ടന്‍, ബാലച്ചേട്ടന്‍, ചേച്ചി, ഗംഗ... ഒരുമിച്ചിരുന്നുള്ള അത്താഴങ്ങള്‍... ഞാനറിയാതെ കണ്ണ് നിറയുകയായിരുന്നു.

'ലളിതമായ നല്ല ഊണ്, സ്വാദിഷ്ടമായ വിഭവങ്ങള്‍...' സാരഥി ജഫ്രി കാര്‍ സ്റ്റാര്‍ട്ടുചെയ്തുകൊണ്ടു പറഞ്ഞു.

'അവരുടെയെല്ലാം മനസ്സിലെ സ്‌നേഹവും ആത്മാര്‍ഥതയും ആഹാരത്തിലും വിളമ്പലിലും അറിയാമായിരുന്നു...' മണിയാണ് പറഞ്ഞത്.

'അമ്മയുടെ തണലില്‍ വളര്‍ന്ന സുബ്ബുവിനും ശോഭയ്ക്കും മാറിച്ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സാധിക്കില്ല...' എനിക്ക് സംശയമില്ലായിരുന്നു.

ഇതേപോലെയായിരുന്നു തിരുപ്പൂരില്‍ ഞങ്ങളെല്ലാവരും അമ്മയുടെ കൂടെ... നാലുവര്‍ഷം മുമ്പ് അമ്മയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മത്തായിയും അരവിന്ദാക്ഷനും തിരുപ്പൂരില്‍ അമ്മയുമൊത്തുള്ള അവരുടെ ഓര്‍മകള്‍ പങ്കുവെച്ചത് ഞാനോര്‍ത്തു.

ആദ്യവര്‍ഷ എം.ബി.ബി.എസ്. പരീക്ഷയ്ക്ക് ശേഷമുള്ള അവധിദിവസങ്ങള്‍... ഞങ്ങള്‍ പത്ത് 'കുരങ്ങന്മാര്‍' തിരുപ്പൂരിലെ വീട്ടില്‍ അമ്മയുടെ കൂടെ... തലങ്ങും വിലങ്ങും മുറിയില്‍ക്കിടന്ന് ഡാന്‍സും പാട്ടുമായി ആഘോഷപൂര്‍ണമായി പത്ത് ദിവസങ്ങള്‍... കൂടെ പാടാനും തുള്ളാനും ബാലച്ചേട്ടനും ചേച്ചിയും. ഇടവിട്ടിടവിട്ട് തമിഴ് വിഭവങ്ങളുമായി അടുക്കളയില്‍ നിന്ന് അമ്മയുടെ വിളിവരും: 'ഗംഗേ, എല്ലാവരും കഴിക്കാന്‍ വാ...'

'ആ വിളിക്കായി ഞങ്ങള്‍ കാതോര്‍ത്തിരിക്കും...' അരവിന്ദാക്ഷനാണ് പറഞ്ഞുനിര്‍ത്തിയത്.

അച്ഛന്‍ പോയി, അമ്മ പോയി, ബാലച്ചേട്ടന്‍ പോയി, ചേച്ചിയും പോയി... ഗംഗയും കുറേ ഓര്‍മകളും മാത്രം ബാക്കി... മരണമില്ലാത്ത ഓര്‍മകള്‍...

സുബ്ബുവും ശോഭയും അമ്മയിലൂടെ മാര്‍ച്ച് 8ന് എനിക്ക് സമ്മാനിച്ചത് ആ ഓര്‍മകളുടെ ഒരു തിരിച്ചുവരവാണ്... അമ്മയെ കാണാന്‍ സാധിച്ചതിന് ഒരായിരം നന്ദി.

Content Highlights: Dr VP Gangadharan column