'സംഭവബഹുലമാണ് ഡോക്ടറുടെ ജീവിതം... ഒരു പുരുഷായുസ്സില്‍ ഒരാള്‍ക്കും കണാന്‍ സാധിക്കാത്തത്ര ജീവിതങ്ങള്‍ ഡോക്ടറുടെ കൈകളിലൂടെ കടന്നുപോയിട്ടുണ്ട്... അതില്‍ പലതും ഡോക്ടറുടെ മനസ്സിനെ പിടിച്ചുകുലുക്കിയിട്ടുമുണ്ട്... ഇത് എന്റെ വാചകങ്ങളല്ല, ഡോക്ടറുടെ വാചകങ്ങള്‍ ഞാന്‍ കടമെടുത്തതാണ്. എനിക്കറിയേണ്ടത് അതല്ല, ഡോക്ടര്‍ ഒരിക്കലും കാണാത്ത രോഗികള്‍, അവരുടെയും ബന്ധുക്കളുടെയും വേദനകള്‍ ഡോക്ടറുടെ വേദനയായി മാറിയ അനുഭവങ്ങള്‍... ഇതാണ് ഈ ഇന്റര്‍വ്യൂവിലെ ആദ്യചോദ്യം...' പ്രിയ പറഞ്ഞു നിര്‍ത്തി.

'എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്,

കല്ലാണ് നെഞ്ചിലെന്ന്...

എന്റെ മനസ്സില്‍ ഉയര്‍ന്നുവന്നത് ഈ വരികളും കഴിഞ്ഞ ആഴ്ചയിലെ അനുഭവങ്ങളുമാണ്.

സമയം ഏകദേശം രാത്രി 8 മണിയോടടുത്തു കാണും. ഞാന്‍ ഓഫീസ് മുറിയില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങുകയായിരുന്നു.

'സാര്‍, ഒരു രോഗിയുടെ ബന്ധു സാറിനെ കാണാന്‍ പുറത്ത് നില്‍ക്കുന്നുണ്ട്. നമ്മുടെ രോഗിയല്ല കേട്ടോ...' സിസ്റ്റര്‍ നവ്യ പറഞ്ഞുനിര്‍ത്തി.

ചെറുപ്പക്കാരിയായ ഒരു യുവതിയാണ് മുറിയിലേക്ക് കയറിവന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകള്‍, വിഷാദം മുറ്റിനിന്ന മുഖഭാവം.

'ഞാന്‍ ഫാത്തിമ... ഞാനൊരു ധര്‍മസങ്കടത്തിലാണ് സാറേ...' മുഖവുരയൊന്നുമില്ലാതെ അവള്‍ സംസാരിച്ചുതുടങ്ങി. 'എനിക്ക് സാറിന്റെ സഹായം വേണം. സാറിന്റെ തീരുമാനമനുസരിച്ച് ഞാന്‍ മുന്നോട്ടു പോകാം...'

'എന്തെങ്കിലും ജോലിക്കാര്യമായിരിക്കും' എന്റെ മനസ്സ് അങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല.

'ധനസഹായത്തിനായിരിക്കും എന്നു വിചാരിച്ചാണ് സാര്‍ മിണ്ടാതിരിക്കുന്നത്, അല്ലേ...?'

ഫാത്തിമയുടെ സംശയം സ്വാഭാവികം.

'എനിക്കൊരു തീരുമാനമെടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഞാന്‍ സാറിനെ തേടിപ്പിടിച്ച് ഈ സമയത്തെത്തിയത്...' ഫാത്തിമ തുടര്‍ന്നു. 'രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് എന്റെ ആകെ സ്വത്ത് സാറേ... ഇളയവള്‍ക്ക് ഒന്നര വയസ്സും മൂത്ത മകന് അഞ്ചുവയസ്സും മാത്രം പ്രായം. ഭര്‍ത്താവ് ഒരുവര്‍ഷം മുന്‍പ് ഒരു റോഡപകടത്തില്‍ മരിച്ചു. അതുകഴിഞ്ഞ് ഒരുമാസം പോലുമായിട്ടില്ലായിരുന്നു...' ഫാത്തിമ കരഞ്ഞുതുടങ്ങി. 'മകന്... മകന്...' മുഴുമിപ്പിക്കാന്‍ കഴിയുന്നില്ല. 'ബ്ലഡ് കാന്‍സറാണെന്ന്...' ഫാത്തിമ പൊട്ടിക്കരയുകയായിരുന്നു. 'ഞാന്‍ തളര്‍ന്നില്ല സാറേ... അവനെയും കൊണ്ട് ഞാന്‍ തിരുവനന്തപുരത്തേക്ക് ഓടി. കഴിഞ്ഞമാസം വരെ ഞാന്‍ അവിടെത്തന്നെയായിരുന്നു. അസുഖം കുറഞ്ഞുവന്നതാണ് സാറേ... ഞാന്‍ സന്തോഷിച്ചു. പക്ഷേ, പതിന്മടങ്ങ് വീറോടെ അസുഖം തിരികെ വന്നു. ഡോക്ടര്‍മാരെല്ലാം കൈമലര്‍ത്തി. തിരികെ കൊണ്ടുപോയിക്കോള്ളാന്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി എല്ലാ ദിവസവുമെന്നപോലെ രക്തം കൊടുത്തുകൊണ്ടിരിക്കുകയാണ് അവന്. സഹിക്കാനാവാത്ത വേദനയില്‍ അവന്‍ പുളയുന്നത് കാണുമ്പോള്‍...' ഫാത്തിമയുടെ കരച്ചിലിന്റെ ആക്കം കൂടി.

'വേദനസംഹാരികള്‍ മാത്രം കൊടുത്താല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ് സാറേ... പക്ഷേ, ബന്ധുക്കള്‍ എന്നെ കുറ്റപ്പെടുത്തി പറയുന്ന വാക്കുകള്‍... അതെനിക്ക് സഹിക്കാന്‍ പറ്റുന്നില്ല... അതാണ് ഞാന്‍ സാറിനെ കാണാന്‍ വന്നത്... ഞാന്‍ അവനെ കൊലയ്ക്ക് കൊടുക്കുകയാണെന്നാണ് അവരില്‍ പലരും എന്നെ കുറ്റപ്പെടുത്തുന്നത്.

വിലകൂടിയ മരുന്നും ചികിത്സയും രക്തവും കൊടുത്ത് അവനെ രക്ഷിക്കാന്‍ ശ്രമിക്കാതെ, അവനെ വെറുതെ... അങ്ങനെ പോകുന്നു അവരുടെ കുറ്റാരോപണം. പൈസ ചെലവാക്കാന്‍ എനിക്ക് മടിയാണെന്നാണ്... ഭര്‍ത്തൃവീട്ടുകാരുടെ ആരോപണം ഇത്തരത്തിലാണ്.

ഞങ്ങള്‍ പാവങ്ങളാണ് സാറേ, പക്ഷേ, അവനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ ലോകത്ത് എവിടെ കൊണ്ടുപോയി ചികിത്സിക്കാനും ഞാന്‍ വഴി കണ്ടെത്താം. സാധിക്കില്ലെങ്കില്‍, പിന്നെ... പിന്നെ... അവനെയിങ്ങിനെ വേദന... തീറ്റിക്കണോ സാറേ... ഇതിനാണ് സാര്‍ എനിക്കൊരു ഉത്തരം തരേണ്ടത്...'

ഞാനവന്റെ ആശുപത്രിക്കടലാസുകളിലൂടെ കണ്ണോടിച്ചു. രക്ഷപ്പെടാന്‍, രക്ഷപ്പെടുത്താന്‍ സാധ്യതയില്ലാത്ത അസുഖമാണെന്ന് തിട്ടപ്പെടുത്താന്‍ അധികസമയം വേണ്ടിവന്നില്ല.

'അവന്റെ ജീവന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കരുത്... അവനെ കൂടുതല്‍ വേദന തീറ്റിക്കരുത്... ഫാത്തിമയുടെ തീരുമാനം ഉറച്ചതായിരിക്കണം... അവനെ മരിക്കാന്‍ അനുവദിക്കണം... ഫാത്തിമയ്ക്ക് അവനോട് സ്‌നേഹമുണ്ടെങ്കില്‍ ചെയ്തുകൊടുക്കേണ്ട കാര്യം അതാണ്...' ഞാന്‍ പറഞ്ഞുനിര്‍ത്തി.

ഒരു ദീര്‍ഘനിശ്വാസത്തോടെ ഫാത്തിമ എഴുന്നേറ്റു. 'കടക്കാരെക്കൊണ്ട് ഞാന്‍ പൊറുതിമുട്ടി സാറേ... ആ അവസ്ഥ സാറിനെയറിക്കാതെ എനിക്കൊരുത്തരം വേണ്ടിയിരുന്നു... അതാണ് ഞാന്‍... ക്ഷമിക്കണം, സാറേ വീട്ടുകാരും നാട്ടുകാരും എന്റെ മനഃസാക്ഷിയും എന്നെ കുറ്റപ്പെടുത്തുമോ സാറേ...' ഫാത്തിമ വീണ്ടും കരഞ്ഞുതുടങ്ങി.

'ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ഫാത്തിമ ചെയ്തില്ല എന്ന കുറ്റബോധം ഇക്കാര്യത്തില്‍ ഒരിക്കലും വെച്ചുപുലര്‍ത്തരുത്...' ഞാന്‍ അവളുടെ കൈയില്‍ മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ വേഗംകൂടിയ നെഞ്ചിടിപ്പ് എനിക്ക് തിരിച്ചറിയാമായിരുന്നു.

ഫാത്തിമ പുറത്തേക്കിറങ്ങിയപ്പോള്‍, കണ്ണു തുടച്ചുകൊണ്ട് സിസ്റ്റര്‍ നവ്യ ചോദിച്ചു: 'സാറിന്റെ ഹൃദയം ഒരു കല്ലുപോലെ ആയി ആയിക്കാണും അല്ലേ... ഒരു വികാരവുമില്ലാതെ സാര്‍ കൊടുത്ത ഉപദേശം കേട്ട് ചോദിച്ചുപോയതാണ്...'

ഞാന്‍ ചിരിച്ചില്ല, കരഞ്ഞില്ല, മറുപടിയും പറഞ്ഞില്ല... എന്റെ മനസ്സിലെ ദുഃഖം എന്റെ വാക്കുകളെ വിഴുങ്ങി.

'അത് മനസ്സിലാക്കാന്‍, ഡോക്ടറുടെ ദുഃഖം മനസ്സിലാക്കാന്‍, ഡോക്ടറുടെ മനസ്സിലെ സംഘര്‍ഷങ്ങള്‍ മനസ്സിലാക്കാന്‍, ദൈവത്തിന് പോലും സാധിക്കില്ല' എന്ന് മനസ്സില്‍ ഓര്‍ത്തു.

ഒരു തുടര്‍ക്കഥ പോലെ അന്നുതന്നെയുണ്ടായ മറ്റൊരു അനുഭവവും പ്രിയയെ ഞാന്‍ കേള്‍പ്പിച്ചു.

തിരികെ വീട്ടിലെത്തിയ എന്നെക്കാത്ത് മധ്യവയസ്‌കയായ ഒരു സ്ത്രീ പരിശോധനാമുറിയുടെ പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു.

'അസമയത്ത് സാറിന്റെ ഉപദേശം തേടാന്‍ വന്നതില്‍ ക്ഷമിക്കണം സാറേ...' എന്ന മുഖവുരയോടെയാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്. 'ഇത് ബിപിന്‍, എന്റെ സഹോദരിയുടെ മകനാണ്...' കൂടെയിരുന്നിരുന്ന പത്തുവയസ്സുകാരനെ ചൂണ്ടിക്കാട്ടി അവര്‍ തുടര്‍ന്നു: 'ഇവന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് മരിച്ചുപോയി...'

കിഡ്‌നി മാറ്റിവെച്ച ഭാഗങ്ങളിലേക്കും രോഗം വ്യാപിച്ചുകഴിഞ്ഞിരുന്നു. 'കോണ്‍ട്രോ സാര്‍ക്കോമ' എന്ന അസാധാരണമായ, മോശപ്പെട്ട ഒരു കാന്‍സര്‍...'

'സാന്ത്വനചികിത്സ മാത്രം മതി' എന്ന് ഉപദേശിച്ച് അവരെ യാത്രയാക്കുമ്പോള്‍, ആ സഹോദരിയുടെ വാക്കുകള്‍.

കൊച്ചുമകന് അരവയസ്സ് പ്രായമേയുള്ളൂ... അവനെ രണ്ടുവയസ്സുവരെയെങ്കിലും വളര്‍ത്താന്‍, കൊതിയോടെ നോക്കിക്കാണാന്‍ ഒരവസരം ഉണ്ടാക്കിത്തരണേയെന്ന് ഡോക്ടറോട് പ്രത്യേകം അഭ്യര്‍ഥിക്കണേയെന്ന് അവള്‍ പറഞ്ഞുവിട്ടിരുന്നു...'

എന്റെ ഹൃദയത്തിലെ തേങ്ങല്‍ ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.

അക്ഷരങ്ങളുടെ തെളിമ നഷ്ടപ്പെടുന്നു... കണ്ണടയിലെ നനവുകള്‍ ഒരു പാടരൂപത്തില്‍ കണ്ണിനെ മറയ്ക്കുന്നു... ആ കണ്ണുനീര്‍ എന്റെ നെഞ്ചിലെ ദുഃഖത്തിന്റെ കണ്ണുനീരായിരുന്നു. കല്ലാകാത്ത, ഒരിക്കലും കല്ലാകാന്‍ സാധിക്കാത്ത ഒരു ഡോക്ടറുടെ നെഞ്ചിലെ ദുഃഖക്കണ്ണീര്‍.

എന്റെ കണ്‍മുന്നില്‍ ഇന്റര്‍വ്യൂവിന് വന്ന പ്രിയയില്ലായിരുന്നു... പകരം, ഞാന്‍ കുറിച്ചിട്ട ഈ അനുഭവങ്ങളും കണ്ണുനീരില്‍ കുതിര്‍ന്ന ഈ കുറിപ്പുകളും മാത്രം... പ്രിയ എന്റെ മനസ്സായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

Content Highlights: dr vp gangadharan column