ജീവിതത്തിലെ ഏറ്റവുംവലിയ സമ്പാദ്യം സുഹൃത്തുക്കളാണ്... സുഖത്തിലും ദുഃഖത്തിലും കൈയും മെയ്യും മറന്ന് കൂടെനില്‍ക്കുന്ന സുഹൃത്തുക്കള്‍.

ആഴമേറിയ സുഹൃദ്ബന്ധങ്ങള്‍ എത്രയോവട്ടം സെല്ലുലോയ്ഡിലും നാം കണ്ടിരിക്കുന്നു. 'ഷോലെ' എന്ന ഹിന്ദി ചിത്രത്തില്‍ സുഹൃത്തായ ധര്‍മേന്ദ്രയ്ക്കുവേണ്ടി നുണപറഞ്ഞ് സ്വജീവന്‍ വെടിയുന്ന അമിതാഭ് ബച്ചനെ എങ്ങനെ മറക്കും...? അതേപോലെ 'ദളപതി' എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വലംകൈയായി നില്‍ക്കുന്ന രജനീകാന്തിനേയും കഥാവസാനം സ്വന്തം സുഹൃത്തിനെ വധിച്ച വില്ലനെ പിച്ചിച്ചീന്തുന്ന രജനീകാന്തിനേയും മറക്കാന്‍ സാധിക്കുമോ...? 1970ല്‍ നാഷണല്‍ ഇന്റഗ്രേഷന്‍ അവാര്‍ഡ് ലഭിച്ച 'തുറക്കാത്ത വാതില്‍' എന്ന മലയാളചിത്രത്തിലും നസീറും മധുവുമായുള്ള സുഹൃദ്ബന്ധം ഒരു വിഷയം തന്നെയായിരുന്നു.

dr.vp gangadharan

സുഹൃദ്ബന്ധത്തിന്റെ ആഴവും വ്യാപ്തിയും വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്. പക്ഷേ, നമ്മള്‍ മാറിച്ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. 'ഞാന്‍, എനിക്ക്, എന്റേത്...' എന്നതിനപ്പുറം ചിന്തിക്കാന്‍ നാം മറന്നുതുടങ്ങിയിരിക്കുന്നു. അതിനപ്പുറം ചിന്തിക്കരുത് എന്ന തെറ്റായ സന്ദേശം നാം കുട്ടികളുടെ മനസ്സില്‍ ഊട്ടിവളര്‍ത്തിയിരിക്കുന്നു. കഴിഞ്ഞയാഴ്ച ഒരു സുഹൃദ്‌സംഭാഷണത്തിനിടയില്‍, എന്റെ ഒരു കുടുംബസുഹൃത്ത് പങ്കുവെച്ചത് ഇത്തരം ഒരനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ 12ാം ക്ലാസിലെ അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. സ്‌കൂളിലെ 'ടോപ്പര്‍' എന്ന് വേണമെങ്കില്‍ അവനെ വിശേഷിപ്പിക്കാം. ഉറ്റ സുഹൃത്തുക്കള്‍ എന്ന് അവന്‍ വിശേഷിപ്പിക്കുന്ന കുട്ടികള്‍പോലും സന്തോഷിക്കുന്നത്, ആഘോഷിക്കുന്നത്, അവന് മാര്‍ക്ക് കുറഞ്ഞുകാണുമ്പോഴാണത്രെ.

സ്വന്തം മാര്‍ക്ക് കൂടുന്നതിനേക്കാള്‍ അവര്‍ സന്തോഷിക്കുന്നത് മകന്റെ മാര്‍ക്ക് കുറയുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, ഞാന്‍ ഓര്‍ത്തുപോയത് പല എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളില്‍നിന്ന് കേള്‍ക്കാറുള്ള ചില കഥകളാണ്.

എല്ലാ പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിരുന്ന ഒരു കുട്ടിയുടെ പുസ്തകങ്ങളെല്ലാം പരീക്ഷ അടുക്കാറായപ്പോള്‍ ഒരു ദിവസം നഷ്ടപ്പെട്ടുപോയ കഥ മനസ്സില്‍ തെളിഞ്ഞുവന്നു. ഒരു കുറ്റാന്വേഷണ കഥയുടെ അന്ത്യംപോലെ. അവസാനം അത് കണ്ടെത്തിയത് അവന്റെ ഉറ്റ സുഹൃത്ത് അത് ഒളിപ്പിച്ചുവെച്ച നിലയിലാണ്. മക്കളുടെ മനസ്സിനെ ഇത്തരത്തില്‍ വികൃതമാക്കുന്നതിന്റെ ഉത്തരവാദികള്‍ ആരായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. യഥാര്‍ഥ പ്രതികള്‍ അച്ഛനമ്മമാര്‍ തന്നെയാണ്... മാത്സര്യബുദ്ധി മാത്രം മക്കളില്‍ ഊട്ടിവളര്‍ത്തുന്ന മാതാപിതാക്കള്‍.

ഇത്തരം മനസ്സുകള്‍ക്ക്, ചിന്തകള്‍ക്ക് അപവാദമായി ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. വിശേഷിപ്പിക്കാനുള്ള സൗകര്യത്തിനായി ഞാനവനെ 'അപ്പു' എന്ന് വിളിക്കുന്നു. അപ്പുവിന്റെ വിവാഹത്തിന് അവന്റെ ഒരുവലിയ സുഹൃദ്‌വലയം ആഴ്ചകള്‍ക്ക് മുമ്പേ വിവാഹ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ സ്ഥലത്തെത്തിയിരുന്നു... ദൂരെനിന്നുപോലും ലീവെടുത്ത് വന്നവര്‍.

'എന്തുകൊണ്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും അപ്പുവിനോട് ഇത്ര സ്‌നേഹം....?' കപ്പിലെ ചായ മൊത്തിക്കൊണ്ട് ഞാന്‍ ആന്ധ്രക്കാരനായ പ്രദീപിനോട് ചോദിച്ചു.

ചിരിച്ചുകൊണ്ട് പ്രദീപ് പറഞ്ഞു: ''അപ്പു... അവന്‍ ഞങ്ങള്‍ക്ക് വ്യത്യസ്തനായ ഒരു സുഹൃത്താണ് അങ്കിളേ... അവനെ വ്യത്യസ്തനാക്കുന്ന ഒരു സന്ദര്‍ഭം ഞാന്‍ അങ്കിളിനോട് പങ്കുവെയ്ക്കാം. ഞങ്ങളുടെ അവസാനവര്‍ഷ, അവസാന പ്രാക്ടിക്കല്‍ പരീക്ഷ. ഞങ്ങള്‍ അഞ്ചാറുപേരും അപ്പുവും പരീക്ഷാഹാളിലേക്ക് കടന്നു. എല്ലാവരുടേയും മനസ്സില്‍ ഒരേ ഒരു പ്രാര്‍ത്ഥന മാത്രം, 'കിട്ടുന്ന രോഗിയുടെ കേസ് എളുപ്പമായിരിക്കണേ' എന്നുമാത്രം (രോഗിയെ പരിശോധിച്ച് സ്വയം ഒരു നിഗമനത്തിലേക്ക് എത്തേണ്ട പരീക്ഷയാണ് പ്രാക്ടിക്കല്‍). ഞങ്ങളുടെ ഒരു സുഹൃത്തിന് നിര്‍ഭാഗ്യവശാല്‍ ലഭിച്ചത് വിഷമമുള്ള ഒരു കേസായിരുന്നു, അപ്പുവിന് ലഭിച്ചത് വളരെ എളുപ്പമുള്ളതും. ഒരു സംശയവുമില്ലാതെ അപ്പു അവനോട് പറഞ്ഞു, 'എന്റെ കേസ് നീയെടുത്തോ, നിന്റേത് ഞാന്‍ എടുത്തോളാം.' രണ്ടുപേരും പരീക്ഷ പാസ്സായി. അങ്ങനെ ചിന്തിക്കാന്‍, പ്രവര്‍ത്തിക്കാന്‍ അപ്പുവിന് മാത്രമേ സാധിക്കുകയുള്ളൂ, അങ്കിളേ... അതാണ് ഞങ്ങളെല്ലാവരും...'' പ്രദീപിന്റെ കണ്ണുകളില്‍ സ്‌നേഹത്തിന്റെ തിളക്കം.

ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ചെറിയ ഒരനുഭവം... അതും ഇതുപോലെ വ്യത്യസ്തമായ ഒന്നായിരുന്നു. ചാന്ദിനിക്ക് കൊച്ചിയില്‍ താമസിക്കാനൊരു സ്ഥലം വേണം. അവള്‍ ഒരു പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഒന്നുരണ്ടു മാസം താമസിക്കേണ്ടിവരും.

''അവള്‍ എന്റെ വീട്ടില്‍ താമസിക്കട്ടെ സാറേ...' പരിചയമുള്ള ശബ്ദം. തിരിഞ്ഞുനോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു, മരിയ പിറകില്‍.

'ഞാനും ഭര്‍ത്താവും കൊച്ചുകുഞ്ഞും മാത്രമേയുള്ളൂ വീട്ടില്‍ സാറേ. ഒരു മുറി ഒഴിഞ്ഞുകിടക്കുകയാണ്. അവള്‍ അവിടെ താമസിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. സാറ്് പറഞ്ഞാല്‍ അവള്‍ അനുസരിക്കും.''

'മരിയയുടെ മനസ്സും അപ്പുവിന്റെ പോലെ...' ഞാനോര്‍ത്തു.

ഞാനെന്റെ ജീവിതത്തെക്കുറിച്ചോര്‍ത്തു. എന്റെ സുഹൃത്തുക്കള്‍ ഓരോരുത്തരായി മുന്നില്‍ തെളിഞ്ഞുവന്നു. എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ മുതല്‍ എന്റെ ഉറ്റസുഹൃത്തായ തിരുപ്പൂരിലെ രാമമൂര്‍ത്തി മുതല്‍, ഇന്നലെ പരിചയപ്പെട്ട രാജപ്പന്‍ നായര്‍ വരെ.

1970-1973 കാലഘട്ടത്തില്‍ മഹാരാജാസ് കോളേജില്‍ ഒരുമിച്ചുണ്ടായിരുന്ന കുറച്ച് സുഹൃത്തുക്കള്‍ രണ്ടാഴ്ച മുന്‍പും ഒത്തുകൂടിയിരുന്നു... കൃത്യമായി പറഞ്ഞാല്‍ 'പത്ത് വയസ്സന്മാര്‍'... ഒരിക്കലും ഉലയാത്ത സുഹൃദ്ബന്ധം. എല്ലാവരും പങ്കുവെച്ചത് അതേ വികാരം തന്നയാണ്.

അറിയാതെ ഞങ്ങളെല്ലാവരും വര്‍ഷങ്ങള്‍ പിറകോട്ട് പോയി... മഹാരാജാസ് ഓര്‍മകള്‍, പൂവണിയാത്ത പ്രണയകഥകള്‍, പൂര്‍ത്തീകരിക്കാനാകാതെ പോയ മോഹങ്ങള്‍, മോഹഭംഗങ്ങള്‍... എല്ലാം പങ്കിട്ട കുറേ മണിക്കൂറുകള്‍. മറയില്ലാത്ത, മതിലുകളില്ലാത്ത ഒരു സുഹൃദ്ബന്ധത്തിന്റെ പുനരാവര്‍ത്തനമായിരുന്നു ആ മണിക്കൂറുകള്‍. ആ ഓര്‍മകള്‍ മതി വര്‍ഷങ്ങളോളം ഞങ്ങളെ ഒന്നാക്കാന്‍, ഒരേ സുഹൃദ്‌വലയത്തിലാക്കാന്‍.

എങ്ങുനിന്നോ മനോഹരമായ ഒരു ഗാനത്തിന്റെ ഈരടികള്‍: 'യേ ദോസ്തി, ഹം നഹി, തോടേംഗെ...' അത് കൂട്ടുകാരന്‍ അഷ്‌റഫിന്റെ ശബ്ദമായിരുന്നു.

Content Highlights: dr vp gangadharan column