സാര്‍, എന്നോട് ക്ഷമിക്കണം. മകളുടെ കല്യാണത്തിന് സാറിനെ ക്ഷണിക്കാന്‍ സാധിച്ചില്ല. സാറിനെ അറിയിക്കാന്‍ പോലും സാധിച്ചില്ല. രക്താര്‍ബുദ രോഗിയായ ലാലിന്റെ ക്ഷമാപണമായിരുന്നു അത്. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ അടുത്തറിയുന്ന ലാലിന്റെ മുഖഭാവമായിരുന്നില്ല ആ മുഖത്ത് കാണുന്നത് എന്നത് എന്നെ തെല്ലൊരദ്ഭുതപ്പെടുത്തി. ചിരിച്ചുകൊണ്ടു മാത്രമേ കണ്‍സള്‍ട്ടേഷന്‍ മുറിയിലേക്ക് കടന്നുവരാറുള്ളൂ. അദ്ദേഹത്തിന്റെ മുഖത്ത് മ്ലാനതയാണ് ഞാന്‍ കണ്ടത്. കണ്ണുകളില്‍ കണ്ണീരിന്റെ നനവ് വ്യക്തമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. സാരമില്ല ലാലേ... മകളെയും മരുമകനെയും കൂട്ടി ഒരു ദിവസം വീട്ടിലേക്ക് വന്നാല്‍ മതി. ഇതിനൊരു ക്ഷമാപണമൊന്നുമാവശ്യമില്ല. ഞാന്‍ മുഴുമിക്കുന്നതിനു മുമ്പുതന്നെ ലാല്‍ പറഞ്ഞു തുടങ്ങി. അത് നടക്കില്ല സാറെ. അതാണ് എന്റെ ഏറ്റവും വലിയ സങ്കടവും. സാറിനറിയാമോ, ഞാന്‍ അവള്‍ക്കു വേണ്ടിയാണ് ജീവിച്ചത്. സ്വന്തം ഭാര്യയും സഹോദരങ്ങളും അമ്മയും എന്നെ വെറുത്തപ്പോളും എന്റെ ജീവിതത്തില്‍ ഇരുട്ട് പരത്തിയപ്പോളും എന്റെ വെളിച്ചം അവളായിരുന്നു സാറെ. അവളും പോയി. അവസാന തിരിയും ഊതിക്കെടുത്തി, എന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട് അവളും നടന്നുപോയി സാറെ. ലാലിന്റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്ന പോലെ.
ഛെ, എന്താണ് ലാലെ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. അവളിവിടെ അടുത്ത് തന്നെയുണ്ടല്ലോ ഭര്‍ത്താവിന്റെ കൂടെ. ഇതൊക്കെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളല്ലേ. അവളുടെ ജീവിതം അവള്‍ തുടങ്ങുന്നതല്ലേയുള്ളൂ. അവള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് നമ്മള്‍ ഇതില്‍ സന്തോഷിക്കുകയല്ലെ വേണ്ടത്, ഞാന്‍ വാചാലനായി.
ഞാനവള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു സാറെ, വളരെ താമസിച്ചായിരുന്നു. ആരെയായിരുന്നു എന്നതു മാത്രം. എന്റെ മുഖഭാവം കണ്ടിട്ടാവണം. ലാല്‍ എന്റെയടുത്തേക്ക് നടന്നുവന്നു. സാറിനൊന്നും മനസ്സിലായില്ല അല്ലേ. എനിക്കാ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോലും കഴിഞ്ഞില്ല സാറെ. ഞാനറിയാതെ അവള്‍ എന്റെ മോള്‍ടെ കല്യാണം നടത്തി. ഞാനറിയുന്നത് എന്റെ നാട്ടുകാരില്‍ നിന്നാണ്, മോളെങ്കിലും എന്നെ വിളിക്കുമെന്ന് ഞാന്‍ കരുതി. ഒരാഴ്ച മുന്‍പുപോലും അവളെന്നോട് ഫോണില്‍ സംസാരിച്ചതാണ്. അവളും വിചാരിച്ചുകാണും അല്ലെ സാറെ കാന്‍സര്‍ രോഗിയായ അച്ഛനോട് എന്തിന് ഇതൊക്കെ സംസാരിക്കണം, എന്തിനറിയണം എന്നൊക്കെ. ഒരു മാസം മുന്‍പാണ് സാറെ അവരെല്ലാവരും എന്നെ ഉപേക്ഷിച്ച് ഭാര്യവീട്ടിലേക്ക് മാറിത്താമസിച്ചത്. മകളുടെ കല്യാണാലോചന തകൃതിയായി നടക്കുന്നുണ്ടായിരുന്നു എന്നറിയാമായിരുന്നു. എന്റെ കുടുംബവസ്തു സംബന്ധിച്ച കേസില്‍ കോടതി വിധി എനിക്കനുകൂലമായിരുന്നു. അതവരെ അറിയിച്ചുകൊണ്ട് ഞാന്‍ പറഞ്ഞതാണ് സാറെ. മകളുടെ കല്യാണത്തിന് നമുക്ക് അത് വിറ്റിട്ട് പണം കണ്ടെത്താം. ആര്‍ഭാടമായി നടത്താം എന്നൊക്കെ. ഇനി എന്തിനാണ് ഞാന്‍ ജീവിച്ചിരിക്കുന്നത് സാറെ. ഉത്തരം പറയാന്‍ വാക്കുകള്‍ക്കു വേണ്ടി ഞാന്‍ മനസ്സ് ചികയുകയായിരുന്നു.
വാക്കുകള്‍ക്കു പകരം ആ മനസ്സ് എന്നെ കൊണ്ടു പോയത് മറ്റ് മൂന്ന് വിവാഹ വേദികളിലേക്കാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഞാന്‍ പങ്കെടുത്ത മൂന്ന് വിവാഹച്ചടങ്ങുകള്‍. രണ്ടെണ്ണം ഗുരുവായൂരിലും മറ്റൊന്ന് പാലക്കാട്ടും.
ഗുരുവായൂരിലെ ആദ്യ വിവാഹത്തില്‍ തുടങ്ങാം. എട്ടു വര്‍ഷം മുന്‍പ് ഞാന്‍ ചികിത്സിച്ച ഒരു പത്താം ക്‌ളാസുകാരിയാണ് വധു. ഇന്നവള്‍ ഒരു എം.ടെക് ബിരുദധാരിയാണ്. അമ്പലനടയിലാണെങ്കിലും പതിവുപോലെ വലിയ വിവാഹത്തിരക്ക്. ഏകദേശം അമ്പതോളം വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം അന്ന് ഗുരുവായൂരപ്പന്‍ എനിക്ക് തന്നു. പലരും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കല്യാണങ്ങള്‍ ആസ്വദിക്കാന്‍വന്ന് നില്‍ക്കുകയാണോ എന്ന് അര്‍ത്ഥംവെച്ചുള്ള ചിരിപോലെ തോന്നി അതില്‍ പലതും. മനസ്സില്‍ അതേ ചിന്തയോടെയായിരിക്കണം സെക്യൂരിറ്റി ഉദ്യോഗസ്ഥനും എന്റെ അടുത്തെത്തിയത്. 'സാറ് വേണമെങ്കില്‍ ഈ വേലിക്കെട്ടിനകത്തേക്ക് കയറിനിന്ന് കണ്ടോ സാറെ... കല്യാണം നന്നായി കാണാന്‍ സാധിക്കും'. സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് നന്ദിപറഞ്ഞ് മറ്റൊരിടത്തേക്ക് മാറിനിന്നു. ഒരു സായ്പ് ആവേശത്തോടെ ഓടിനടന്ന് ഈ വിവാഹങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. സായ്പിന്റെ ക്യാമറയിലെ എല്ലാ കല്യാണങ്ങളിലും എന്റെ മുഖം പതിഞ്ഞിരിക്കുമോ ആവോ? ഈ കല്യാണങ്ങളുടെയെല്ലാം നടത്തിപ്പുകാരന്‍ ഞാനാണെന്ന് സായിപ്പ് തെറ്റിദ്ധരിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല എന്റെ മനസ്സില്‍ ഒരു കുസൃതിച്ചിരി.
'അതാ സാറെ നമ്മുടെ കല്യാണപ്പാര്‍ട്ടികള്‍'. കൂട്ടുകാരന്‍ മണികണ്ഠന്റെ ശബ്ദമാണ് എന്നെ വീണ്ടും ഗുരുവായൂര്‍ നടയിലെത്തിച്ചത്. അഞ്ചുനിമിഷത്തിനകം ചടങ്ങുകള്‍ കഴിഞ്ഞ് മണ്ഡപത്തില്‍നിന്ന് താഴെയിറങ്ങിയ വധൂവരന്മാരുടെ അടുത്തേക്ക് ഞാന്‍ നടന്നടുത്തു. നവവധുവിന്റെ വേഷത്തില്‍ എന്റെ പുത്രി. അവളുടെ കണ്ണുകളില്‍ തിളക്കം. പെട്ടെന്ന് സന്തോഷാശ്രുക്കള്‍. അവള്‍ കരഞ്ഞുതുടങ്ങി. ഞാനവളുടെ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു... 'എല്ലാ ഭാവുകങ്ങളും'. രണ്ടുപേരും എന്റെ കാല്‍തൊട്ടുവന്ദിച്ച് നടന്നകന്നു.
രണ്ടാമത്തെ വിവാഹവും ഗുരുവായൂരിലായിരുന്നു. ചടങ്ങ് ഒരു ഹാളിലാണെന്ന് മാത്രം. പൂക്കളം അലങ്കരിച്ച മണ്ഡപം. എന്നെക്കണ്ടതും വധുവിന്റെ അമ്മ ഓടിയെത്തി. 'സാറ് വരുമെന്ന് പ്രതീക്ഷിച്ചില്ല. മോള്‍ടെ ഭാഗ്യം'. അമ്മ വാചാലയായി. എന്നെ മുന്‍വരിയില്‍ കൊണ്ടിരുത്തി നടന്നുനീങ്ങിയ അമ്മ പെട്ടെന്ന് എന്റെയടുത്തേക്ക് തിരികെ വന്നു. 'ഞാനൊരു കാര്യം ആവശ്യപ്പെട്ടാല്‍ സാറ് 'നോ' പറയരുത്. പറയട്ടെ'. അമ്മ ശബ്ദംതാഴ്ത്തി പറഞ്ഞു. 'മോള്‍ടെ കല്യാണമാല മണ്ഡപത്തില്‍വന്ന് സാറിന്റെ കൈകൊണ്ടുതന്നെ എടുത്തുകൊടുക്കണം'. അങ്ങനെ ഒന്നിച്ചുചേരുന്ന രണ്ടു കുടുംബങ്ങളിലെ അംഗമായി ഞാനും സ്റ്റേജില്‍ നിന്നു. വധൂവരന്മാര്‍ എന്റെ കാല്‍തൊട്ടു വണങ്ങി. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് ഞാന്‍ നടന്നുനീങ്ങി. അതെ, എന്റെ മകളുടെ വിവാഹം. മനസ്സ് മന്ത്രിച്ചു.
പാലക്കാട്ടെ കല്യാണം. കല്യാണനിശ്ചയത്തിന് മുമ്പുതന്നെ ജയയുടെ മകന്‍ എന്നോട് ചട്ടംകെട്ടിയതാണ്. കല്യാണം ആറുമാസം കഴിഞ്ഞാണ്. പക്ഷേ, ആ സമയത്ത് അമ്മ എന്റെ കൂടെ വേണം. രോഗിയായിട്ടല്ല, പരിപൂര്‍ണ ആരോഗ്യവതിയായിട്ട്. അതിന് സാക്ഷ്യംവഹിക്കാന്‍ സാറുമെത്തണം. തീയതി സാറ് ഡയറിയില്‍ കുറിച്ചിട്ടോ ചിരിച്ചുകൊണ്ട് അവന്‍ നടന്നു നീങ്ങുന്നു.
ആ മുഖംതന്നെ ഓര്‍ത്തുകൊണ്ടാണ് വിവാഹഹാളിലേക്ക് കയറിയത്. 'കുറച്ച് താമസിച്ചുപോയി' എന്ന മുഖവുരയോടെയാണ് ഞാന്‍ സ്റ്റേജില്‍ കയറിയത്. കൂടെ ആരോഗ്യവതിയായി 'അമ്മ'യും. എന്നെ കണ്ടതും പരിസരം മറന്ന് അവന്‍ കെട്ടിപ്പിടിച്ചു. ആ കണ്ണുനീരിന്റെ നനവ് എന്റെ ഷര്‍ട്ടിലൂടെ നെഞ്ചിലേക്ക് ഊര്‍ന്നിറങ്ങുന്നത് ഞാനറിഞ്ഞു. കാല്‍ക്കല്‍ തൊട്ട് ആശീര്‍വാദം വാങ്ങാന്‍ കുനിഞ്ഞുനിന്ന രണ്ടുപേരെയും പിടിച്ചുയര്‍ത്തി ഞാന്‍ ആശംസിച്ചു. 'എല്ലാ ഭാവുകങ്ങളും'. എന്റെ കൂടെ സ്റ്റേജില്‍നിന്ന് താഴെയിറങ്ങിവന്ന് അവനെന്നെ വീണ്ടും കെട്ടിപ്പിടിച്ചു. 'നന്ദി സാറെ...' അതെ, എന്റെ മകന്റെ കല്യാണം.. മനസ്സ് പറയുന്നുണ്ടായിരുന്നു.
നിമിഷങ്ങള്‍കൊണ്ട് ഈ ചിന്തകള്‍ക്കെല്ലാം വിരാമമിട്ട് എന്റെ മനസ്സ് വീണ്ടും ലാലിന്റെയടുത്ത് ഓടിയെത്തി. ലാലിന്റെ ചോദ്യത്തിനുള്ള മറുപടിക്കു വേണ്ടി എനിക്ക് മനസ്സ് ചികയേണ്ടിവന്നില്ല. അതിനുള്ള ഉത്തരം എന്റെ മനസ്സിലുണ്ടായിരുന്നു. മകള്‍ ഉപേക്ഷിച്ചുപോയെങ്കിലും സ്വന്തം രക്തത്തില്‍ പിറക്കാതെപോയ മക്കള്‍ നമുക്കുചുറ്റുമുണ്ട്. അച്ഛനമ്മമാരെ തേടിനടക്കുന്ന മക്കള്‍. അവര്‍ക്കു വേണ്ടിയാകണം ശിഷ്ടജീവിതം. ലാലിന്റെ മറുപടിക്കായി ഞാന്‍ കാത്തുനിന്നില്ല.
Content Highlights: dr vp gangadharan column