76 വയസ്സുകാരി രത്‌നമ്മയ്ക്ക് രണ്ട് ആണ്‍മക്കള്‍ മാത്രം എന്നും തുണ... ചികിത്സയുടെ സമയത്തും തുടര്‍പരിശോധനയ്ക്ക് വരുമ്പോഴും 'ബ്ലാക്ക് ക്യാറ്റ്' പോലെ ഈ രണ്ടുമക്കളുടേയും അകമ്പടിയുണ്ടാകും എന്നും രത്‌നമ്മയ്ക്ക്.

'നിങ്ങള്‍ രണ്ടുപേരും എന്തു ചെയ്യുന്നു...?' കഴിഞ്ഞ ആഴ്ച അമ്മയുമൊത്ത് എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ മക്കളെ നോക്കി ചോദിച്ചു.

'ഞങ്ങള്‍, 82 വയസ്സായ അച്ഛനേയും 76 കാരിയായ ഈ അമ്മയേയും ശുശ്രൂഷിച്ച് സുഖമായി ജീവിക്കുന്നു... ഞാന്‍ ദുബായിലായിരുന്നു... 48 വയസ്സുകാരനായ ഞാന്‍ നാലുവര്‍ഷം മുമ്പാണ് നാട്ടില്‍ തിരികെയെത്തിയത്. ഇവന്‍ എന്റെ അനിയന്‍. 44 വയസ്സുകാരനായ ഇവന്‍ കഴിഞ്ഞ വര്‍ഷമാണ് മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയത്. ഞങ്ങള്‍ക്ക് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ... പ്രായമായ അച്ഛനമ്മമാരുടെ അവസാനകാലത്ത് അവരെ സഹായിച്ച്, അവരുടെ കൂടെ ജീവിക്കുക'' മൂത്തമകന്‍ പറഞ്ഞുനിര്‍ത്തി.

അമ്മയുടെ തോളത്ത് കൈവെച്ചുകൊണ്ട് ഇളയവന്‍ തുടര്‍ന്നു: 'ചേട്ടനും ഞാനും വിവാഹം കഴിച്ചില്ല, സാറേ... ഞങ്ങളുടേത് കുറച്ച് കുടുംബങ്ങള്‍ മാത്രമുള്ള ഒരു പ്രത്യേക സാമുദായിക വിഭാഗമാണ്... വിവാഹപ്രായമായ പെണ്‍കുട്ടികളെ കിട്ടാനാണെങ്കില്‍ വളരെ പ്രയാസവും. എന്നാലും ഞങ്ങള്‍ വധുവിനെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു... മടുത്തിട്ട് നിര്‍ത്തിയതാണ് സാറേ...' ഇളയവന്‍ പറഞ്ഞു നിര്‍ത്തി.

''എവിടെച്ചെന്നാലും മനസ്സുമടുപ്പിക്കുന്ന ഒരു കാര്യം പെണ്‍കുട്ടിയും വീട്ടുകാരും ആവശ്യപ്പെടും, സാര്‍... 'ബാഗും ബാഗേജുമായി' വരാതിരിക്കാമെങ്കില്‍ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു പലരുടേയും മറുപടി...'' മൂത്തമകന്‍ പറഞ്ഞുനിര്‍ത്തി.

''സാറിന്റെ മുഖം കണ്ടാലറിയാം സാറിന് ഒന്നും പിടികിട്ടിയില്ലെന്ന്. എന്താണ് 'ബാഗും ബാഗേജു'മെന്ന് സാര്‍ തലപുകഞ്ഞ് ആലോചിക്കുകയാണെന്നറിയാം...' ഇളയമകന്‍ തുടര്‍ന്നു. 'അത് പ്രായമായ അച്ഛന്റേയും അമ്മയുടേയും വിശേഷണമാണ് സാറേ... 'അച്ഛനേയും അമ്മയേയും കൂട്ടി ഇങ്ങോട്ട് പോരേണ്ട' എന്ന് രത്‌നച്ചുരുക്കം. അവരുടെ കൂടെ വന്ന് താമസിക്കാനും ഇഷ്ടമില്ലെന്ന് പറഞ്ഞുകഴിയുമ്പോള്‍ കഥ പൂര്‍ണം. സ്വന്തം ജീവിതസുഖങ്ങള്‍ ഉപേക്ഷിച്ച്, ഞങ്ങള്‍ക്കുവേണ്ടി ജീവിച്ച അച്ഛനമ്മമാരെ ഉപേക്ഷിച്ചുള്ളൊരു ജീവിതം വേണ്ടെന്ന് ഞങ്ങളും തീരുമാനിച്ചു...'

'ഞാന്‍ പലവട്ടം ഇവരെ ഉപദേശിച്ചതാ സാറേ, ഞങ്ങളുടെ കാര്യം ആലോചിച്ച് നിങ്ങളുടെ ജീവിതം കളയേണ്ടെന്ന്...' അമ്മയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.

ആ കണ്ണുകളിലെ നിസ്സഹായത എനിക്ക് തിരിച്ചറിയാമായിരുന്നു. ആ 'ബാഗിന്റേയും ബാഗേജി'ന്റെയും വില തിരിച്ചറിയാതെ പോകുന്ന കുറേ ഓര്‍മകള്‍ എന്റെ മനസ്സിലേക്കോടിയെത്തി...

വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ പ്രായമായ അച്ഛനേയും അമ്മയേയും ഒരു മുറിയിലാക്കി പൂട്ടിയിടുന്ന മക്കളേയും മരുമക്കളേയും കണ്ടിട്ടുണ്ട്. 'അമ്മ ഞങ്ങളുടെ കൂടെ നിന്നോ... അച്ഛന്‍ ജ്യേഷ്ഠന്റെയടുത്ത് നില്‍ക്കട്ടെ...'

ഈ തീരുമാനം എടുക്കുന്നവരുമുണ്ട്.

ഇത് അമ്മയോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടൊന്നുമല്ല, രണ്ടുവയസ്സുകാരനായ കൊച്ചുമോനെ പകല്‍സമയം നോക്കാന്‍ വീട്ടിലൊരാള്‍ വേണ്ടേ...? ആയയ്ക്ക് കൊടുക്കുന്ന ശമ്പളത്തിന്റെയത്രയും ചെലവ് വരില്ല അമ്മയെ സംരക്ഷിക്കാന്‍... അതെ, കണക്കുകളുടെ ലോകം.

ഇത്തരക്കാരെ ഓര്‍ക്കാതിരിക്കുന്നതാണ് നല്ലതെന്ന് എന്റെ മനസ്സ് പറയുന്നു.

'വീട്ടില്‍ പ്രായമുള്ളവര്‍ ഉണ്ടായാല്‍ എന്തു രസമാണ്... അവരുടെ കഥകള്‍ കേട്ട് രസിച്ചിരിക്കാം... അവര്‍ വീട്ടിലുണ്ടെങ്കില്‍ വീടിനൊരു പ്രത്യേക ചൈതന്യമുണ്ട്...' ഇങ്ങിനെ ചിന്തിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളത് ഒരു ആശ്വാസമാണ്.

'അച്ഛനോ അമ്മയോ ഒരു ദിവസം വീട്ടിലില്ലെങ്കില്‍ ഈ വീട് ഉറങ്ങിപ്പോയ പോലെ...' ഇത് ഉമയുടെ വാക്കുകളാണ്.

കൊച്ചുകുട്ടികളും പ്രായമായവരുമാണ് ഒരു വീടിന്റെ ജീവന്‍... അവരില്ലെങ്കില്‍ ആ വീട് ഉറങ്ങിപ്പോകും.

'അമ്മച്ചി ഇവിടെയുണ്ടെങ്കില്‍പ്പോലും എന്തു രസമാണെന്നറിയാമോ...? ഉമ അമ്മച്ചിക്കഥകള്‍ ഓര്‍ത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു.

'അതെ..' ഞാന്‍ മനസ്സില്‍ പറഞ്ഞു.

അമ്മച്ചിയെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സിലേക്കോടിയെത്തി. തിരുവനന്തപുരത്ത് താമസിക്കുന്ന കാലഘട്ടം... ഞാനും ചിത്രയും മക്കളുമടങ്ങുന്ന ഞങ്ങളുടെ കൊച്ചുകുടുംബത്തില്‍ അന്നദാതാവായാണ് അമ്മച്ചി ഞങ്ങളുടെ വീട്ടിലെത്തുന്നത്... ഇരുപത് വര്‍ഷത്തെ പരിചയം, സഹവാസം... ഇപ്പോഴും അമ്മച്ചി ഇടയ്ക്കിടയ്ക്ക് എറണാകുളത്ത് ഇങ്ങളുടെ വീട്ടിലെത്തും. കൊച്ചുമകള്‍ ചിത്രാനിയുമായും സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞു, ഈ 75 വയസ്സുകാരി... അവളുടെ കൂടെയിരുന്ന് കളിക്കാനും പാട്ടുപാടാനും എന്നു വേണ്ട, ന്യൂജെന്‍ ഡാന്‍സിനും അമ്മച്ചി തയ്യാര്‍... 'മനസ്സിന് വയസ്സാവില്ല' എന്ന് ഞങ്ങളെ പഠിപ്പിച്ച അമ്മച്ചി.

'കൊച്ചുമക്കളുടെ മാനസിക വളര്‍ച്ചയ്ക്കും മുത്തശ്ശനും മുത്തശ്ശിയും ഒരു വലിയ മുതല്‍ക്കൂട്ടാണ്...' ഉമയുടെ ശബ്ദം വീണ്ടും.

എന്റെ ചിന്തകള്‍ വീണ്ടും 'ബാഗിലേക്കും ബാഗേജിലേക്കും' പോയി... സ്‌നേഹംമാത്രം നിറച്ച ബാഗുകള്‍, വര്‍ഷങ്ങളുടെ ജീവിതപരിചയം തിക്കിനിറച്ച ബാഗുകള്‍, ബാഗിലുള്ളത് മാത്രമല്ല, ബാഗടക്കം പങ്കുവെക്കാന്‍ മനസ്സുള്ളവര്‍... അവരെ മറന്നുള്ളൊരു ജീവിതം കൊതിക്കുന്നവരോട് രണ്ടുവാക്ക്: 'അവരില്ലെങ്കില്‍... അവരില്ലായിരുന്നെങ്കില്‍ നമ്മളില്ല... ആ ബാഗിലാണ് നമ്മള്‍ വളര്‍ന്നത്... ആ ബാഗേജാണ് നമ്മളെ വളര്‍ത്തിയത്...'

'പഴുത്തപ്ലാവില വീഴുമ്പോള്‍ പച്ചപ്ലാവില ചിരിക്കും...' ഓര്‍ക്കുക വല്ലപ്പോഴുമെങ്കിലും... നമ്മളും ഒരു ബാഗും ബാഗേജുമായി മാറാന്‍ അധികനാളുകളില്ല.

Content Highlights: dr vp gangadharan column