ഴുപതുകാരിയായ അമ്മ, ചൈതന്യമുള്ള മുഖം, നെറ്റിത്തടത്തില്‍ നീട്ടിവരച്ചൊരു ചന്ദനക്കുറി. സന്തോഷം നിറഞ്ഞുതുളുമ്പുന്ന മുഖഭാവം. ചുണ്ടുകളില്‍ നിറഞ്ഞ പുഞ്ചിരി.'കാന്‍സര്‍' എന്ന അസുഖവും ചികിത്സയുമൊന്നും ആ അമ്മയുടെ രൂപത്തിലും ഭാവത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ലായിരുന്നു.ചികിത്സയെല്ലാം പൂര്‍ത്തിയാക്കി, പരിശോധനാ ഫലങ്ങളുമായി കഴിഞ്ഞദിവസം ആ അമ്മ എന്നെക്കാണാന്‍ വന്നിരുന്നു.

'അസുഖം ഭേദമായിട്ടുണ്ട് കേട്ടോ...'-കൂടെ വന്ന മകനെ നോക്കിയാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്. മകന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അമ്മയുടെ മുഖത്ത് എന്നും കാണാറുള്ള അതേ പുഞ്ചിരി മാത്രം.

അമ്മ പതുക്കെ എന്റടുത്തേക്ക് നടന്നുവന്നു. 'ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ഡോക്ടര്‍ ദേഷ്യപ്പെടുമോ ? മണ്ടന്‍ ചോദ്യമാണ്...'എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അവര്‍ തുടര്‍ന്നു: 'ഞാന്‍ നാളെമുതല്‍ കുളത്തില്‍പ്പോയി മുങ്ങിക്കുളിച്ചോട്ടെ...?' എഴുപതുവയസ്സുകാരിയുടെ ഈ ചോദ്യത്തിന് ഒരു ഏഴുവയസ്സുകാരിയുടെ മനസ്സിന്റെ നൈര്‍മല്യമുണ്ടായിരുന്നു.

'അതിനെന്താ, സുഖമായി മുങ്ങിക്കുളിച്ചോളൂ...'-തെല്ലൊരു അസൂയയോടെ ഞാന്‍ പറഞ്ഞു.

ആ സമയംകൊണ്ട് എന്റെ മനസ്സ് ഏഴുവയസ്സുകാരനായ 'ഗംഗ'യിലെത്തിയിരുന്നു. ഇരിങ്ങാലക്കുടയിലെ വള്ളിനിക്കറിട്ട ഏഴുവയസ്സുകാരന്‍.

പേഷ്‌കാര്‍ റോഡില്‍ അടുത്തടുത്ത മൂന്ന് വീടുകളിലും നല്ല കുളങ്ങള്‍. വെട്ടിയാട്ടില്‍, വടവട്ടത്ത് (എന്റെ വീട്), തെക്കേതില്‍ (അതും വടവട്ടത്ത് വീട്), പിന്നെ വാരിയത്തെ വീടുകളിലും കളിയും കുളിയും കുളത്തില്‍. വെള്ളത്തില്‍ തിമിര്‍ത്താടി ആഘോഷമായി എന്റെ കുട്ടിക്കാലം. അമ്മയുടെ കൈയില്‍ക്കിടന്ന് നീന്താന്‍ പഠിച്ച ദിവസം. അമ്മുമ്മയുടെ ഈര്‍ക്കിലിപ്രയോഗത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ കുളത്തില്‍ ചാടുന്നത്. ഓര്‍മകള്‍ മനസ്സില്‍ ഓളങ്ങളായി മാറി. ഓളങ്ങള്‍ മനസ്സിനെ തിരുപ്പൂരിലേക്കെത്തിച്ചു.

വേനലവധിക്ക് തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക്. അച്ഛന്റെയും അമ്മയുടേയും അടുത്തെത്താനുള്ള സന്തോഷവും ആവേശവും ഒരുവശത്ത്. താത്കാലികമായെങ്കിലും നഷ്ടപ്പെടുന്ന ഇരിങ്ങാലക്കുടയിലെ കളിക്കൂട്ടുകാരും കളിയും കുളങ്ങളും ദുഃഖമായി മറുവശത്ത്.

'ഇവിടെ കുളവും കിണറുമൊന്നുമില്ല. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം കേട്ടോ...'അമ്മയുടെ സ്‌നേഹമസൃണമായ ശാസന ഇടയ്ക്കിടക്ക് കേള്‍ക്കാം. വെള്ളത്തിന്റെ വിലയറിയുന്ന ദിവസങ്ങള്‍.ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ വീതം, രണ്ടുദിവസം നേര്‍ത്ത വണ്ണത്തില്‍ പൈപ്പിലൂടെ വരുന്ന വെള്ളം. ഏതുസമയത്താണ് വെള്ളം വരുന്നതെന്ന് പറയാന്‍ സാധിക്കില്ല. മിക്കവാറും രാത്രികളിലാണ് വെള്ളം ലഭിക്കുന്നതെന്ന് അറിയുമായിരുന്ന അമ്മ, രാത്രിമുഴുവന്‍ ഉറക്കമൊഴിച്ച് വെള്ളത്തിനുവേണ്ടി കാവലിരിക്കുന്ന ചിത്രം മനസ്സില്‍ തെളിഞ്ഞുവന്നു. വഴിയോരത്തെ നീണ്ടനിരയില്‍ ഞാനും ചേച്ചിയും കുടവും ബക്കറ്റുമായി, വെള്ളത്തിനായി ഊഴം കാത്ത് നിന്ന എത്രയെത്ര ദിവസങ്ങള്‍. 

'ചിന്ന കുളന്തൈകള്‍ തണ്ണിക്കാക നിനക്കറാങ്കമ്മ, അവങ്കളുക്ക് മുതലിലെ തണ്ണികൊട്...'അയല്‍വീട്ടിലെ ചെട്ടിയാരമ്മയുടെ ഈ ഔദാര്യം കൊണ്ട് പലപ്പോഴും വരിതെറ്റിച്ച് ഞങ്ങള്‍ക്ക് വെള്ളം ലഭിക്കുമായിരുന്നെന്ന് മാത്രം.

കുളത്തിലെ കുളിയുടെ സുഖം തിരിച്ചറിയുന്ന ദിവസങ്ങള്‍. തിരുപ്പൂരിലെ ശരിക്കുള്ള കുളി, വെള്ളംവരുന്ന ദിവസങ്ങളില്‍ മാത്രമായി ഒതുങ്ങുമായിരുന്നു. ഒരാള്‍ തലകുളിക്കാനുപയോഗിച്ച വെള്ളം, അടുത്തയാള്‍ ശരീരം കഴുകാന്‍ ഉപയോഗിക്കുമായിരുന്നു. ബാക്കി ദിവസങ്ങളില്‍ ഇതിനേക്കാള്‍ മോശമായി 'കാക്കക്കുളി' മാത്രം. ഇതിനെല്ലാം ലഭിക്കുന്ന വെള്ളമോ, പലപ്പോഴും ഉപ്പുവെള്ളമായിരിക്കും. സോപ്പുപോലും പതയാത്തതായ ഉപ്പുവെള്ളം.

വെള്ളത്തിന്റെ വില ചെന്നൈയില്‍ ഡി.എമ്മിന് പഠിക്കുന്ന സമയത്തും നേരിട്ടറിഞ്ഞിട്ടുണ്ട്. ദൗര്‍ലഭ്യം നേരിട്ടിട്ടുമുണ്ട്. പ്രഭാതകൃത്യങ്ങള്‍ക്കായി വെള്ളത്തിനുവേണ്ടി കാത്തിരുന്ന ദിവസങ്ങള്‍. 'കാളവണ്ടി'യില്‍ ഘടിപ്പിച്ച ടാങ്കില്‍ വെള്ളവുമായെത്തുന്ന ദുരൈസ്വാമിയെ ഒരവതാര പുരുഷനായി മനസ്സില്‍ കാണുന്ന നിമിഷങ്ങള്‍. ഇതെല്ലാം ഒന്നൊന്നായി മനസ്സില്‍ തെളിഞ്ഞുവന്നു.

'അമ്മ ദിവസവും രാവിലെ മൂന്നര-നാല് മണിക്ക് എഴുന്നേല്‍ക്കും. അതിരാവിലെതന്നെ കുളത്തിലെ മുങ്ങിക്കുളി. അത് അമ്മയുടെ ചിട്ടയാണ്. അമ്മയുടെ ആരോഗ്യരഹസ്യം അതാണെന്നാണ് അമ്മ പറയാറ്. കീമോതെറാപ്പി എടുത്തിരുന്നതുകൊണ്ട് കഴിഞ്ഞ ആറുമാസമായി അമ്മയുടെ ഈ ചിട്ട തെറ്റി. അതാണ്, ഡോക്ടറോട് ഈ വിഡ്ഢിച്ചോദ്യം ചോദിച്ചത്. സോറി...' മകന്റെ വാക്കുകളാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.

'അമ്മയുടെ ഭാഗ്യം ആലോചിച്ചിരുന്നുപോയതാണ്. എനിക്ക് നഷ്ടപ്പെട്ടുപോയ ആ ഭാഗ്യവും'അമ്മയുടെ മുഖത്തേക്ക് നോക്കി ഞാന്‍ പറഞ്ഞു.

'എന്റെ മനസ്സ് വായിച്ചറിഞ്ഞപോലെ അമ്മ തുടര്‍ന്നു: 'ഞങ്ങളും ഇരിങ്ങാലക്കുടക്കാരാണ് കേട്ടോ, അവിടത്തെ കുട്ടങ്കുളവും അമ്പലക്കുളവുമൊക്കെ ഞങ്ങള്‍ക്കും സുപരിചിതം. ഡോക്ടറുടെ വീടുമറിയാം...'

'ആ വീടുകളും കുളങ്ങളുമെല്ലാം ഇന്ന് അന്യംനിന്നുപോയി അമ്മേ...'എന്ന് ആരോ ഉറക്കെ വിളിച്ചുപറയുന്നതുപോലെ തോന്നി. അത് എന്റെതന്നെ ശബ്ദമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

'ചെന്നൈയില്‍ എന്റെ ഫ്‌ളാറ്റില്‍ മാത്രം വെള്ളത്തിന് വലിയ ക്ഷാമമില്ല, അച്ഛാ' -മകന്‍ ഗോവിന്ദിന്റെ ശബ്ദം.

'പാനി ആ ഗയാ,അച്ഛാ 'അടുക്കളയില്‍ നിന്ന് മകള്‍ ഉമയുടെ ശബ്ദം.

കുളങ്ങള്‍ സങ്കല്‍പങ്ങളാകുന്നതും വെള്ളം ഒരു കിട്ടാക്കനിയാകുന്നതുമായ ദിവസങ്ങള്‍ വിദൂരമല്ല എന്ന് ആരൊക്കെയോ വിളിച്ചുപറയുന്ന പോലെ. ദാഹജലത്തിനും ശുദ്ധജലത്തിനുമായി ആളുകള്‍ നെട്ടോട്ടമോടുന്നു. അതിനിടയിലും കുളത്തില്‍ മുങ്ങി ഈറനണിഞ്ഞ് നില്‍ക്കുന്ന അമ്മയുടെ ചിത്രം തെളിഞ്ഞുനിന്നു. 

Content Highlight: Dr. VP Gangadharan writes about water scarcity