രാവിലെ തിരുവനന്തപുരത്തേക്ക് വിമാനം കയറാന്‍ പോകുമ്പോള്‍ എത്രയും വേഗം പോയി മടങ്ങണമെന്ന ചിന്തയായിരുന്നു. കേരളത്തില്‍ത്തന്നെയുള്ള വിമാനമാണെങ്കിലും പൊതുവേ ആളുകള്‍ ഒച്ചയടക്കി, കുറച്ചൊന്ന് മസിലുപിടിച്ചൊക്കെത്തന്നെയേ നില്‍ക്കാറുള്ളൂ. എന്നാല്‍, ഇത്തവണ അങ്ങനെയായിരുന്നില്ല. വിമാനത്താവളത്തില്‍ വെച്ചുതന്നെയുണ്ട് ഒരു കലപിലയും ചിരിയും ബഹളങ്ങളുമൊക്കെ. കുട്ടികളോ കൗമാരക്കാരോ ഒക്കെ കൂട്ടംകൂടുമ്പോഴുള്ള ബഹളസന്തോഷം. ഇതുപക്ഷേ, കുറച്ചു പ്രായമുള്ള 'കുട്ടികളാ'ണ്. 66 വയസ്സു മുതല്‍ 89 വയസ്സു വരെ പ്രായമുള്ളവരുടെ ഒരു കൂട്ടം. ഒരു പത്തറുപതു പേരുണ്ട്. എല്ലാവരും നെടുമ്പാശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയാണ്. 

'മാജിക്' എന്ന സന്നദ്ധ സംഘടനയും കൊച്ചി കോര്‍പ്പറേഷനും ചേര്‍ന്ന്, ഐ.എം.എ.യുടെ കൂടി സഹകരണത്തോടെ മുതിര്‍ന്നവര്‍ക്കായി ഒരുക്കിയ ഒരു ഉല്ലാസയാത്ര. കൊച്ചി കോര്‍പ്പറേഷനിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബുവും കൂടെയുണ്ടായിരുന്നു. സന്നദ്ധ സംഘടനയായ 'മാജിക്കി'ലെ ചിലരും ഐ.എം.എ.യില്‍ നിന്ന് ഒരു ഡോക്ടറുമുണ്ടായിരുന്നു സംഘാംഗങ്ങള്‍ക്കൊപ്പം. 

മുതിര്‍ന്നയാളുകളില്‍ എല്ലാവര്‍ക്കും തന്നെ ആദ്യത്തെ വിമാനയാത്രയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വിമാനത്തില്‍ കയറാനായി ബോര്‍ഡിങ് പാസ്സും പിടിച്ച് ക്യൂ നില്‍ക്കുമ്പോള്‍, എല്ലാവരുടെയും ആഘോഷാരവങ്ങള്‍ വിമാനത്താവളത്തിലാകെ പതിവിനപ്പുറത്തുള്ള ഒരു സന്തോഷത്തിന്റെ തരംഗം പടര്‍ത്തുന്നുണ്ടായിരുന്നു.ഒരു കെട്ടിയിടലില്‍ നിന്ന് പുറത്തേക്കിറങ്ങിയതിന്റെ ആഹ്ലാദാരവങ്ങള്‍. 

ഓരോരുത്തരുടെയും മുഖത്തേക്കു നോക്കുമ്പോള്‍ എനിക്ക് കണ്ണാടിയില്‍ നോക്കുന്നതു പോലുള്ളൊരു തോന്നലുണ്ടായി. വാര്‍ധക്യത്തിന്റെ അലട്ടലുകളില്‍ നിന്ന് മോചനം തേടി, സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് പറക്കാനുള്ള കൗതുകത്തോടെ കാത്തുനില്‍ക്കുന്നവര്‍. അധികം വൈകാതെ ആ കൂട്ടത്തില്‍ ചേരാനുള്ള ഒരാളെന്ന തോന്നലില്‍ അവരോട് വല്ലാത്തൊരു മനസ്സടുപ്പവും തോന്നി. 

വിമാനത്തിനുള്ളില്‍ കയറിയാല്‍ സാധാരണ കനം പിടിച്ച, മരവിച്ച ഒരു മൗനമാണല്ലോ പൊതുവേ ഉണ്ടാകാറുള്ളത്. എല്ലാവരും കയറി ബാഗ് ഒക്കെ വെച്ച്, സീറ്റ് പിടിക്കുന്നതു വരെ ചില ചെറിയ ശബ്ദങ്ങളും സംസാരങ്ങളുമൊക്കെയുണ്ടാവും. അതു കഴിഞ്ഞാല്‍ പിന്നെ നിവൃത്തിയുണ്ടെങ്കില്‍ മിണ്ടാതിരിക്കലാണ് വിമാനത്തിലെ പൊതു രീതി. അഥവാ എന്തെങ്കിലും പറയണമെങ്കിലും ഒച്ച താഴ്ത്തി പതുക്കെയേ പറയൂ. വിമാനത്തില്‍ പോയിട്ടുള്ള ഏതാണ്ടെല്ലായിടത്തും അതങ്ങനെ തന്നെ. തീവണ്ടിയിലാണ് സംസാരവും പരിചയപ്പെടലുകളും ആള്‍ക്കൂട്ട മേളങ്ങളും ഒക്കെയുണ്ടാവാറുള്ളത്. എന്നാല്‍, ഈ വിമാനത്തില്‍ സ്ഥിതി ഒന്നു വേറെയായിരുന്നു. യാത്രക്കാരില്‍ നല്ല പങ്കും ആ സൗഹൃദക്കൂട്ടത്തിലുള്ളവര്‍ തന്നെ. അവര്‍ അങ്ങോട്ടുമിങ്ങോട്ടും വിളിയും പറച്ചിലും കമന്റുകളും കളിചിരികളുമൊക്കെയായി ആകെ ഉത്സവമയം. 

10-40 മിനിറ്റു കൊണ്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തും വിമാനം. അയ്യോ! കുറച്ചു നേരം കൂടി ആവാമായിരുന്നു എന്ന് അവരില്‍ പലരും പറയുന്നുണ്ടായിരുന്നു. വിമാനത്തില്‍ യാത്രക്കാരനായി നടന്‍ ജയസൂര്യയും ഉണ്ടായിരുന്നു. ജയസൂര്യയെ കണ്ടതോടെ എല്ലാവരും വിമാനത്താവളത്തില്‍ വെച്ചുതന്നെ ഒരു അധിക ഹരത്തിലായി. എല്ലാവരോടും ചേര്‍ന്ന് തമാശകളുമായി ജയസൂര്യയും യാത്ര ആഘോഷമാക്കി.

നമ്മുടെ നാട്ടില്‍ പ്രായമായവരോട് പൊതുവേ പറയാറുള്ളത്: 'വയസ്സും പ്രായവുമായില്ലേ, ഇനി അടങ്ങിയൊതുങ്ങി വീട്ടിലിരിക്ക്...'എന്നാണല്ലോ. അങ്ങനെ അടക്കിയിരുത്തുന്നവരെ തപ്പിയെടുത്ത് ആഹ്ലാദത്തിന്റെ ആകാശങ്ങളിലേക്ക് പറത്തുന്നതില്‍ കോര്‍പ്പറേഷനിലെ സാബുവിനോടും മറ്റു പ്രവര്‍ത്തകരോടും ഞാന്‍ പ്രത്യേകം നന്ദി പറഞ്ഞു. 

വിദേശരാജ്യങ്ങളിലൊക്കെ ചെല്ലുമ്പോള്‍ പലപ്പോഴും പ്രായമായവരെ അവരുടെ ആഘോഷങ്ങളുമായി പാര്‍ക്കുകളിലും പുറത്തെ സ്ഥലങ്ങളിലുമൊക്കെ ധാരാളം കാണാറുണ്ട്. മുതിര്‍ന്നയാളുകള്‍ക്ക് മികച്ച സാമൂഹിക സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമൊക്കെ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്. ജോലിയില്‍ നിന്നും മറ്റും വിരമിച്ചുകഴിഞ്ഞാല്‍ ആഹ്ലാദത്തോടെ, തികഞ്ഞ സ്വാതന്ത്ര്യത്തോടെ ജീവിതം ആസ്വദിക്കാന്‍ വിദേശങ്ങളില്‍ പലര്‍ക്കും കഴിയാറുണ്ട്. നമ്മുടെ നാട്ടില്‍ മുതിര്‍ന്നയാളുകളുടെ എണ്ണം കൂടിക്കൂടി വരികയാണെങ്കിലും 'അടങ്ങി ഒതുങ്ങി കഴിയണം' എന്ന നിര്‍ദേശത്തിനപ്പുറം സ്വാതന്ത്ര്യത്തോടെയും ആഹ്ലാദത്തോടെയും കഴിയാനാവുന്നവരുടെ എണ്ണം കുറവാണ്.

ഞങ്ങളുടെ അച്ഛന് അവസാന കാലമായപ്പോള്‍ വൃക്കരോഗം മൂലം ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എവിടെയെങ്കിലും പുറത്തുപോകാന്‍ ഒരുങ്ങിയാല്‍ 'ഞാനില്ല' എന്ന് അച്ഛന്‍ പിന്‍വലിയും. അത്രയേറെ നിര്‍ബന്ധിച്ച് ഒടുവില്‍, 'അച്ഛന്‍ വരുന്നില്ലെങ്കില്‍ ഞങ്ങളുമില്ല' എന്ന മട്ടായാലേ ഒപ്പം ചേരുമായിരുന്നുള്ളൂ. 

നമ്മുടെ അച്ഛനമ്മമാരെയും മുതിര്‍ന്നയാളുകളെയും അവരുടെ വയ്യായ്കകളോടു കൂടിത്തന്നെ നമ്മുടെ ആഘോഷങ്ങളില്‍ ഒപ്പം നിര്‍ത്താന്‍ നമുക്കു കഴിയണം. അപ്പോഴേ നമ്മള്‍ നല്ല മനുഷ്യരാവുകയുള്ളൂ.