സാറേ ഞാന്‍ പരിശോധനയ്ക്ക് വരാന്‍ വളരെ വൈകി. ക്ഷമിക്കണം, എന്നെ വഴക്കു പറയരുത്. വരാന്‍ പറ്റുന്ന മാനസികാവസ്ഥ അല്ലായിരുന്നു. അതാണ്... കൈ കൂപ്പിക്കൊണ്ടാണ് രാധ പറഞ്ഞത്.

വരാന്‍ ഏറെ നാള്‍ വൈകിയതിനെക്കുറിച്ച് ഞാന്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ, ശാസന വരികയാണെന്ന് മനസ്സിലാക്കിയതാണ് രാധ. അവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയപ്പോള്‍ ആ കൂപ്പിയ കൈകളെ ഞാന്‍ ചേര്‍ത്തു പിടിച്ചു. കോവിഡ് കാലമല്ലേ! പലര്‍ക്കും ആശുപത്രിയില്‍ വരാന്‍ പറ്റാതെ പോകാറുണ്ട്. സാരമില്ല... ശാസിക്കാന്‍ തുടങ്ങിയ ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

അതു കൊണ്ടല്ല സാറേ... എന്റെ മോന്‍... പൊന്നുമോന്‍... അവനായിരുന്നു എന്റെ ആശ്രയം സാറേ! അവന്‍ പോയി...
എന്റെ ഒരേയൊരു മോന്‍... അവന്‍ എന്നെ വിട്ട് പോയി.
ഞാനിനി... അവര്‍ പൊട്ടിക്കരയുകയായിരുന്നു.

ആശുപത്രിയില്‍ ചുറ്റും കിടന്നിരുന്നവരെല്ലാം ബെഡ്ഡില്‍ എഴുന്നേറ്റിരുന്നു, എന്തു പറയണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം പകച്ചു നിന്നു.

മോന് എന്തു പറ്റി? വാര്‍ഡില്‍, കൂടെ വന്ന സീ സിസ്റ്ററാണ് അതു ചോദിച്ചത്.

സ്‌കൂട്ടറപകടം ആയിരുന്നു. മരണം അവനെ അന്വേഷിച്ച് വന്നതു പോലെ- ആരോടെന്നില്ലാതെ രാധ പറഞ്ഞു.

സ്‌കൂട്ടറില്‍ ജോലിക്കു പോകുമ്പോളാണോ അപകടമുണ്ടായത്? എന്റെ ചോദ്യത്തിന് അവരുടെ മറുപടി പെട്ടെന്നായിരുന്നു.

അവന് സ്‌കൂട്ടറില്‍ പോകാന്‍ പേടിയായിരുന്നു. അതുകൊണ്ട് അടുത്ത ബസ്സ്റ്റോപ്പ് വരെ മാത്രമേ അവന്‍ സ്‌കൂട്ടറില്‍ പോയിരുന്നുള്ളൂ. സ്‌കൂട്ടര്‍ അവിടെ വെച്ച് ബസില്‍ ജോലിസ്ഥലത്തേക്ക് പോകും. അന്നും അങ്ങനെ തന്നെ ആയിരുന്നു. ജോലി കഴിഞ്ഞ് തിരികെ വന്ന് സ്‌കൂട്ടര്‍ എടുത്ത് വീട്ടിലേക്ക് പോന്നതാണ്. ഇരുട്ടായിരുന്നു. മഴയുമുണ്ടായിരുന്നു. ഒരു ബൈക്കുകാരന്‍ ദിശ തെറ്റിച്ച് വന്നതാണ്. അയാളെ രക്ഷിക്കാന്‍ അവന്‍ സ്‌കൂട്ടര്‍ വെട്ടിച്ചു. തലയടിച്ചാണ് റോഡില്‍ വീണത്. പുറമേയ്ക്ക് കാര്യമായ പരിക്കൊന്നുമില്ലായിരുന്നു. ചേതനയറ്റ ശരീരമാണ് ഡോക്ടറേ ഞാന്‍ കണ്ടത്. അവന്റെ മുഖത്ത് അപ്പോഴുമുണ്ടായിരുന്നു ചെറിയൊരു പുഞ്ചിരി. ആ മുഖം..... അതുപറഞ്ഞതും അവര്‍ പൊട്ടിക്കരഞ്ഞു.

ഞാന്‍ അവരുടെ കൈയില്‍ മുറുകെ പിടിച്ചു.എന്തു പറയണം എന്ന് അറിയില്ലായിരുന്നു. കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ആ മൗനത്തിനു വിരാമമിട്ടത് രാധ തന്നെ ആയിരുന്നു. ഒരു പൊട്ടിക്കരച്ചിലോടെ രാധ പറഞ്ഞു- അതു കഴിഞ്ഞ് നാലാം ദിവസം അമ്മയും പോയി സാറേ... കോവിഡ് ആയിരുന്നു. . ആ നാലുദിവസവും അമ്മയായിരുന്നു എനിക്കൊരാശ്വാസം. എല്ലാം ഈശ്വരന്റെ കളി... അമ്മയെയും അങ്ങോട്ടേക്ക് എടുത്തു. എനിക്കും വന്നു കോവിഡ്. പക്ഷേ, എന്നെ ഈശ്വരന് വേണ്ടായിരുന്നു. കാന്‍സര്‍ വന്നിട്ടും ഞാന്‍ മരിച്ചില്ല, കോവിഡ് വന്നിട്ടും ഞാന്‍ മരിച്ചില്ല. ഭര്‍ത്താവ് മരിച്ച എന്റെ വലങ്കൈയും ഇടങ്കൈയും വെട്ടിയെടുത്ത പോലെയായി, മോനും അമ്മയും കൂടി ഇല്ലാതായതോടെ ഈ ലോകത്ത് ഞാന്‍ ഒറ്റയ്ക്കായിപ്പോയി സാറേ... ഇനി എന്തിനു ജീവിക്കണം എന്നറിയില്ല. ആത്മഹത്യ ചെയ്യാന്‍ പേടിയാണ് സാറേ... രാധ വീണ്ടും പൊട്ടിക്കരഞ്ഞു.

വീണ്ടും എല്ലാവരും മൗനത്തിലായിപ്പോയി. ഒരു ശ്മശാനമൂകത. രാധയുടെ ദുഃഖം മനസ്സിലാക്കാനാവുന്നുണ്ട് രാധേ, ഇക്കാര്യത്തിലൊക്കെ നമ്മളെല്ലാവരും നിസ്സഹായരല്ലേ... രാധയുടെ കണ്ണീര് തുടയക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. ഇവരെല്ലാം രാധയുടെ കുട്ടികളാണ്. അവരെ സ്വന്തം കുട്ടികളായി കാണുക. അടുത്ത കിടക്കകളിലുണ്ടായിരുന്ന കുട്ടികളെല്ലാവരും രാധയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ചിലരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരിന്നു.

രാധ ഇടയ്ക്ക് ഇവിടെ വന്ന് ഇവരുടെ കൂടണം. എല്ലാം മറക്കാനാവും. ഞാന്‍ എന്റെ ദുഃഖങ്ങള്‍ക്ക് അവധി കൊടുക്കുന്നത് അങ്ങനെയാണ്. രാധയെ ആശ്വസിപ്പിച്ച് ഞാന്‍ പതുക്കെ അടുത്തയാള്‍ക്കടുത്തേക്ക് നീങ്ങി. ഒപ്പമുണ്ടായിരുന്ന നഴിസുമാരും അടുത്ത കട്ടിലിനരികിലെത്തി. അഞ്ചു വയസ്സുകാരി മീരയായിരുന്നു ആ കട്ടിലില്‍. അവള്‍ ഞങ്ങളോരോരുത്തരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളില്‍ സാധാരണ കാണാറില്ലാത്ത ഒരു ഭീതി ഞാന്‍ ശ്രദ്ധിച്ചു. സോറി, അങ്കിള്‍! അറിയാതെ ചെയ്തതാണ്... ഇനി ഞാന്‍ ചെയ്യില്ല... അവള്‍ കരഞ്ഞു തുടങ്ങി. സാരമില്ല മീരക്കുട്ടീ... സാരമില്ല... ഞാന്‍ അവളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. അവളുടെ തേങ്ങല്‍ എന്റെ ഹൃദയത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞു.

ഞാന്‍ പറഞ്ഞതല്ലേ സാറേ, അവളോട് അതിനെക്കുറിച്ചൊന്നും ചോദിക്കേണ്ടെന്ന്. അവള്‍ കൊച്ചു കുഞ്ഞല്ലേ സാറേ...
സാരമില്ല മോളേ... ഏലിയാമ്മ സിസ്റ്റര്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സിസ്റ്ററിന്റെ വലത്തേ കണ്‍പോളകളിലും താഴെയും ചുവപ്പും തടിപ്പുമുണ്ടായിരുന്നത് കൈകൊണ്ട് മറച്ചുകൊണ്ട് സിസ്റ്റര്‍ പറഞ്ഞു- വിചാരിച്ചിരിക്കാത്തപ്പോള്‍ ഒറ്റച്ചവിട്ടു തന്നു ഇവള്‍. കുറച്ചു നേരത്തേയ്ക്ക് കണ്ണില്‍ ഇരുട്ടുകയറുകയാണെന്ന് തോന്നി. തലകറക്കവും അനുഭവപ്പെട്ടു. അടുത്തുണ്ടായിരുന്ന ചിലരാണ് എന്നെ താങ്ങിയിരുത്തിയത്. നല്ല ശക്തിയായിരുന്നു മീരമോള്‍ക്ക് കേട്ടോ! ഞാന്‍ ഇന്നലെ വൈകിട്ട് തന്നെ അങ്കിളിനെ വിളിച്ച് സോറി പറഞ്ഞല്ലോ. സിസ്റ്റര്‍ കൈയിലെ സൂചി ഊരാന്‍ വന്നപ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് ഉണര്‍ന്ന് അറിയാതെ ചവിട്ടിയതാണെന്ന് ഞാന്‍ അങ്കിളിനോട് പറഞ്ഞു. അവള്‍ കരച്ചില്‍ നിര്‍ത്തി സിസ്റ്ററിന്റെ കൈ തലോടിക്കൊണ്ടിരുന്നു. ആ കണ്ണുകളില്‍ ഇപ്പോള്‍ ഭീതിയുടെ ലാഞ്ചന പോലുമില്ല. എന്നും കാണാറുള്ള തിളക്കമുണ്ട് അവിടെ. അങ്കിളിനൊരു പിറന്നാള്‍ സമ്മാനം ഞാന്‍ വാങ്ങിച്ചിട്ടുണ്ട് കേട്ടോ. ഞങ്ങള്‍ അടുത്ത രോഗിയുടെ അടുത്തേക്ക് നടക്കുമ്പോള്‍ അവള്‍ വിളിച്ചു പറഞ്ഞു.

ഗുഡ്മോണിങ് അങ്കിള്‍ ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ റിയ എന്റെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു. ഇന്ന് അടിപൊളി ഷര്‍ട്ടാണല്ലോ ഇട്ടിരിക്കുന്നത്! അല്ലേ സിസ്റ്ററേ... അവള്‍ എന്റെ കൂടെയുണ്ടായിരുന്ന സിസ്റ്റര്‍മാരെ നോക്കി. അവരാരും പ്രതികരിക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവള്‍ തുടര്‍ന്നു- ഇവര്‍ക്കൊക്കെ അങ്കിളിനെ പേടിയാ. എനിക്കൊരു പേടിയുമില്ല. എന്റെ കൈയില്‍ അവള്‍ ചെറിയൊരു നുള്ളു തന്നു.

സ്പോര്‍ട്സ് കാരിയാണോ നീ? കിടക്കയില്‍ നിവര്‍ത്തിയിട്ടിരുന്ന മാതൃഭൂമി പത്രത്തിന്റെ സ്പോര്‍ട്സ് പേജില്‍ കണ്ണോടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. അത് അങ്കിളിന് എന്നെ കണ്ടാല്‍ അറിയില്ലേ? പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ ചോദിച്ചു. 17 വയസ്സുകാരിയെക്കാള്‍ വളര്‍ച്ചയും പുഷ്ടിയുമില്ലേ എനിക്ക്? അങ്കിളിന്റെ കീമോതെറാപ്പിയാണ് എന്നെ ഈ പരുവത്തിലാക്കിയത്. അവള്‍ ചിരി തുടര്‍ന്നു. നീ എല്ലാ ദിവസവും പത്രം വായിക്കുമോ-ന്യൂ ജെന്‍ കുട്ടികളില്‍ ആ പതിവ് അങ്ങനെ കാണാറില്ലാത്തതു കൊണ്ട് ഞാന്‍ എടുത്തു ചോദിച്ചതാണ്  അവളോട്.

മുടങ്ങാതെ വായിക്കും. ആദ്യം വായിക്കുന്നത് സ്പോര്‍ട്സ് പേജാണ്. പിന്നെ ഒരു പേജും കൂടി സൂക്ഷിച്ച് വായിക്കും-ചരമക്കോളങ്ങളുടെ പേജ്. മരിച്ചവരുടെ ഫോട്ടോ കാണാന്‍. അറിയാതെ അതിലെങ്ങാനും എന്റെ ഫോട്ടോ വന്നിട്ടുണ്ടോ എന്നു നോക്കാനാണ്- അവള്‍ പൊട്ടിച്ചിരിച്ചു. അറിയാതെ ഞാനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.

അവളുടെ കൈവിരലില്‍ നീട്ടി വളര്‍ത്തിയിരുന്ന നഖങ്ങള്‍ അപ്പോളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതെന്താ ഇപ്പോഴത്തെ ഫാഷനാണോ? ഞാന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു. ഫാഷനൊന്നുമല്ല അങ്കിളേ! ഒരു രക്ഷാ കവചമാ. എനിക്കിഷ്ടമല്ലാതെ ആരെങ്കിലും എന്റെ ശരീരത്തില്‍ തൊടാനൊക്കെ വന്നാല്‍ ഒരു ഡോസ് കൊടുക്കും... അവള്‍ ചിരിച്ചു കൊണ്ട് എന്റെ കൈയില്‍ ചറുതായൊന്ന് ഇറുക്കി.

രാധയുടെ തീരാത്ത ദുഃഖത്തിന് ആശ്വാസം പകരാന്‍, മനസ്സിന് കുളിര്‍മയേകാന്‍ ഇവര്‍ക്കൊക്കെ കഴിയും. ഇവിടെയുണ്ട് ഇങ്ങനെ മീരമാരും റിയമാരും ഇനിയും പലര്‍. എനിക്കു ലഭിച്ച സൗഭാഗ്യവും അതു തന്നെയാണല്ലോ- ഞാന്‍ മനസ്സിലോര്‍ത്തു. ഞാന്‍ അടുത്ത രോഗിയുടെ അടുത്തേക്ക് നീങ്ങുമ്പോള്‍ അല്പം പേടിയോടെ റിയ ഉറക്കെ വിളിച്ചു ചോദിച്ചു- അങ്കിളേ നൊന്തോ...

Content Highlights: Dr VP Gangadharan coloumn Snehaganga