''സാറേ, ഈ 28-ാം തീയതി ഞാന്‍ മൂവാറ്റുപുഴയില്‍ മാരത്തണ്‍ ഓടുകയാണ്. സാറിന്റെ അനുഗ്രഹമുണ്ടാകണം...'' -അഷ്റഫിന്റെ ആവേശത്തോടെയുള്ള ശബ്ദം ചെവിയില്‍ മുഴങ്ങിക്കേട്ടു. ''ഓട്ടത്തിന്റെ അന്ന് സാറ് വരേണ്ട, അതുകഴിഞ്ഞ് ഒരു ദിവസം ഞാന്‍ സാറിനെ വിളിക്കാം, മൂവാറ്റുപുഴയ്ക്ക്, അന്ന് സാറ്് വരണം, കാന്‍സറിനെക്കുറിച്ച് ഒരു ക്ലാസെടുക്കണം. എന്റെ നാട്ടുകാര്‍ക്കു വേണ്ടി... കാന്‍സറിനെക്കുറിച്ച് തെറ്റിദ്ധാരണയും പേടിയുമാണ് എല്ലാവര്‍ക്കും സാറേ, നമുക്കതൊന്ന് മാറ്റിയെടുക്കണം.'' 

അഷ്റഫ് ഒരു ബിരുദാനന്തര ബിരുദധാരിയോ ബിരുദധാരിയോ അല്ല. കോളേജിന്റെ പടിപോലും കാണാത്ത വ്യക്തി. അഷ്റഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍, വെറും എട്ടാം ക്ലാസുകാരന്‍. പക്ഷേ, ജീവിതമെന്ന കളരിയില്‍ സര്‍വ വിദ്യയും അഭ്യസിച്ച ഒരു നല്ല മനുഷ്യന്‍.

അഷ്റഫിനെ ഞാന്‍ പരിചയപ്പെടുന്നത് 2016-2017  കാലഘട്ടത്തിലാണ്. ''ഭയങ്കര ക്ഷീണം, പഴയപോലെ ഓടാന്‍ സാധിക്കുന്നില്ല സാറേ...'' -അഷ്റഫിന്റെ ശബ്ദം ഇടറിയിരുന്നു. രക്താര്‍ബുദമാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴും സാധാരണ എല്ലാവരും ചോദിക്കുന്ന ചോദ്യം..'ഞാന്‍ രക്ഷപ്പെടുമോ' എന്നുള്ള ചോദ്യം..അഷ്റഫ് ചോദിച്ചില്ല. ''എനിക്ക് പഴയപോലെ മാരത്തണ്‍ ഓടാന്‍...''അഷ്റഫ് കരയുകയായിരുന്നു. ഒരു യാന്ത്രികതയോടെ ഞാന്‍ പറഞ്ഞു, 'അഷ്റഫ് ഓടും.പൂര്‍വാധികം ശക്തിയോടെ.''ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ അഷ്റഫിനെ തളര്‍ത്തിയ നിമിഷങ്ങള്‍... ''നടക്കൂല്ല സാറേ, ഇനി ഒരു ഓട്ടം നടക്കൂല്ല... എനിക്ക് ഒരടിപോലും നടക്കാന്‍ സാധിക്കുന്നില്ല...ശ്വാസം മുട്ടുന്നു.'' -അഷ്റഫ്  ഓര്‍മകളുടെ ചെപ്പ് തുറന്നു: ''എട്ടാം ക്ലാസില്‍ പഠിക്കുന്നതിനു മുന്‍പേ തുടങ്ങിയതാണ് സാറേ ജീവിതത്തിലെ എന്റെ ഓട്ടം. ബധിരനായ വാപ്പയ്ക്ക് തടിമില്ലിലായിരുന്നു ജോലി.തുച്ഛമായ വരുമാനം. ജീവിതമാര്‍ഗം കാണാന്‍ എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തേണ്ടി വന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഉച്ചയൂണിന് രണ്ട് കിലോമീറ്റര്‍ ഓടി വീട്ടിലെത്തണം. കഴിച്ചാലായി, കഴിച്ചില്ലെങ്കിലായി.കൃത്യസമയത്ത് സ്‌കൂളിലെത്താന്‍ തിരികെ ഓടണം. അങ്ങനെയാണ് ഓട്ടപരിശീലനം തുടങ്ങുന്നത് സാറേ, സിനിമാ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ നൂറ് കിലോമീറ്റര്‍ വരെ സൈക്കിള്‍ ചവിട്ടിയ ദിവസങ്ങളുണ്ട്...'' -അഷ്റഫ് വാചാലനായി. ''ജിവിക്കാന്‍ വേണ്ടി ഓടി ഓടി ഞാന്‍ മാരത്തണ്‍ ഓട്ടക്കാരനായതാണ് സാറേ... അല്ലാതെ, ഒരു കോച്ചും എന്നെ ഓടാന്‍ പഠിപ്പിച്ചിട്ടില്ല... ഒരു ട്രാക്കിലും ഓടി പരിശീലിച്ചിട്ടില്ല.''

കൂടെ ഓടിയ കാന്‍സറിനെ അഷ്റഫ് തോല്‍പ്പിച്ചു. ചികിത്സയെല്ലാം പൂര്‍ത്തിയാക്കി തിരികെ പോകുന്ന ദിവസം അഷ്റഫ് ഒ.പി. യില്‍ വന്നു: ''സാറേ ഒരു മാസം കഴിഞ്ഞാല്‍ ഞാന്‍ ഓടിത്തുടങ്ങും..സാറിന് ഞാന്‍ തരുന്ന വാക്കാണത്...'' 
വേണ്ടെന്നു പറയാന്‍ തോന്നിയില്ല. രണ്ടുമാസം കഴിഞ്ഞ് തുടര്‍ പരിശോധനയ്ക്ക് വന്ന സമയത്ത് അഷ്റഫ് പറഞ്ഞു ''ഞാന്‍ രാവിലെ മുക്കാല്‍ മണിക്കൂര്‍ ഓടും ഒന്നര മണിക്കൂര്‍ നടക്കും... ഞാന്‍ അടുത്ത മാസം ഒരു മാരത്തണില്‍ പങ്കെടുക്കും...''

അഷ്റഫിന്റെ ശബ്ദത്തില്‍ ഒരു നിരാശ കലര്‍ന്നപോലെ: ''ഞാന്‍ ഓടുമ്പാള്‍ ഒരു അനാഥ പ്രേതംപോലെ ഓടും സാറേ...  കൈയടിക്കാനോ പ്രോത്സാഹിപ്പിക്കാനോ കുറച്ചു കൂട്ടുകാരല്ലാതെ ആരുമുണ്ടാകില്ല. ബാന്‍ഡുകളുടെ അകമ്പടിയോടെ,  ദാദാമാരുടെ കൂടെ ഓടുന്നവരുടെ മുന്‍പില്‍ ഞാനെന്നും ഒരു ചവറാണ്. ഒന്നാമനായി ഓടിവരുമ്പോള്‍ ഒറ്റയാനായിത്തന്നെ നില്‍ക്കേണ്ടിവരുന്നത് സങ്കടമാണ് സാറേ..മാരത്തണ്‍ സംഘടിപ്പിക്കുന്നവര്‍ക്ക് ഞാന്‍ വിജയിയായതില്‍ ദേഷ്യമുള്ള പോലെ.അവര്‍ അത് അംഗീകരിക്കാത്ത പോലെ.''

പക്ഷേ, ഇതൊന്നും അഷ്റഫിനെ തളര്‍ത്തിയില്ല. തളര്‍ത്തില്ല എന്ന് എനിക്കും അറിയാമായിരുന്നു. ദൂരവും സമയവും ഒരിക്കലും തീരുമാനിക്കാത്ത ജീവിതമെന്ന മാരത്തണ്‍.അതില്‍ തോല്‍ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന അഷ്റഫിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല.

''51 വയസ്സായ ഞാന്‍ കഴിഞ്ഞ ദിവസം ഒരുപറ്റം നാട്ടുകാരുടെ സാന്നിധ്യത്തില്‍ 51 കിലോമീറ്റര്‍ നിര്‍ത്താതെ ഓടി സാറേ. എന്റെ ശരീരത്തിലും മനസ്സിലും മുഴുവന്‍ സാര്‍ തന്ന ഊര്‍ജമായിരുന്നു.''എന്റെ കണ്ണുകള്‍ നിറഞ്ഞു. അഷ്റഫ് ഓടട്ടെ..കാന്‍സറിനെക്കുറിച്ചുള്ള ധാരണകളും തെറ്റിദ്ധാരണകളും മാറ്റിമറിച്ചുകൊണ്ട്  ആ ഓട്ടം അനുസ്യൂതമായി തുടരട്ടെ. കാന്‍സറിനെ തോല്‍പ്പിച്ചവര്‍ക്കും ഇനി തോല്‍പ്പിക്കാനുള്ളവര്‍ക്കും കൂടുതല്‍ ഊര്‍ജം പകര്‍ന്നുകൊണ്ട്... സമൂഹത്തിനാകെ മാതൃകയായി. തളരാതെ ധൈര്യമായി അഷ്റഫ് ഓടട്ടെ..

Content Highlight: Dr.VP Gangadharan, Fight Cancer