മൂന്ന് സ്‌കൂള്‍ കുട്ടികള്‍ കാണാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ എന്താണെന്ന് ആലോചിക്കാന്‍ പോലും നില്‍ക്കാതെ അവരുടെ അടുത്തേക്കു ചെന്നു. വൈറ്റിലയിലെ വെല്‍കെയര്‍ ആശുപത്രിയില്‍ ആയിരുന്നു ഞാന്‍. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ മൂന്ന് മിടുക്കികളാണ് വന്നിരിക്കുന്നത്. ചെറിയൊരു സംഭാവന തരാനാണ് ഒരു ടീച്ചറുടെ നേതൃത്വത്തില്‍ അവര്‍ വന്നത്. കുറച്ചു പണം. അത് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കണം. ചെറിയൊരു കവറില്‍ 'വിത്ത് ലോട്‌സ് ഓഫ് ലവ് ആന്‍ഡ് കെയര്‍' എന്നു മാത്രം ഒരു കുറിപ്പോടെ അവര്‍ ആ പണം തന്നു. ചോയ്‌സ് സ്‌കൂളിലെ 5, 6, 7, 8, 9 ക്ലാസുകളിലെ 'ഇ' ഡിവിഷനുകളില്‍ പഠിക്കുന്ന കുട്ടികളുടെ പേരിലാണ് കുറിപ്പും പണവും. 'ഇ' ക്ലാസിലെ കുട്ടികള്‍ ചേര്‍ന്ന് അങ്ങനെയൊരു സ്‌നേഹക്കൂട്ടം വേറെയും. അതായിരുന്നു ആദ്യം തോന്നിയ കൗതുകം.

ഇക്കഴിഞ്ഞ ക്രിസ്മസിന് അവര്‍ സ്‌കൂളില്‍ കുറേ ബേക്കിങ് സാധനങ്ങള്‍ ഉണ്ടാക്കി കൊണ്ടുവന്ന് വില്‍പ്പന നടത്തി. അങ്ങനെയുണ്ടാക്കിയ പണമാണ് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കണമെന്ന് അവര്‍ തീരുമാനിച്ചത്. ഷിവലി ഗാര്‍ഗ്, നദിയ സനൂജ്, അനൗഷ്‌ക തിരുള്ളക്കാട്ട്... ഇവരാണ് മൂവര്‍ സംഘത്തിലുണ്ടായിരുന്ന പ്രതിനിധികള്‍. അവര്‍ പണമുണ്ടാക്കിയ രീതിയും സംഭാവന ചെയ്യാനെടുത്ത തീരുമാനവും അതിനെക്കുറിച്ചുള്ള വിവരണങ്ങളും എനിക്ക് വല്ലാത്തൊരു സന്തോഷം തന്നു. 'നിങ്ങള്‍ എന്തുകൊണ്ടാണ് ഈ പൈസ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കണമെന്ന് തീരുമാനിച്ചത്...?' എന്ന് അവരോടു ചോദിച്ചു.

'അത്... ഡോക്ടര്‍, ഞങ്ങളെക്കാള്‍ പൈസയ്ക്ക് ആവശ്യമുള്ളത് അവര്‍ക്കായിരിക്കുമല്ലോ എന്നുതോന്നി..' അനൗഷ്‌കയാണ് മറുപടി പറഞ്ഞത്. ഇങ്ങനെ സംഭാവനകള്‍ നല്‍കുന്ന നിരവധിയാളുകളുണ്ട്. ആ സംഭാവനകളാണ് സൊസൈറ്റിയുടെ ബലം. എന്നാല്‍, ഈ കുട്ടികളുടെ മറുപടി, അവര്‍ നല്‍കിയ പണത്തെക്കാള്‍ മൂല്യമേറിയതാണെന്ന് എനിക്കു തോന്നി. 'മറ്റുള്ളവരുടെ ആവശ്യങ്ങളാണ് വലുത്' എന്നു കരുതാനുള്ള മനോഭാവം സാധാരണഗതിയില്‍ നമുക്കുണ്ടാകാറുള്ളതല്ല.'ഒരു കാരുണ്യം.',പണം നല്‍കാന്‍ തീരുമാനിച്ചതാണ്.' എന്നൊക്കെയാണ് എല്ലാവരും പറയാറുള്ളത്. 'പണത്തിന് നമ്മെക്കാളധികം ആവശ്യമുള്ളവരുണ്ട്' എന്ന തോന്നലുണ്ടാകുന്നത് തൃപ്തിയുള്ളൊരു മനസ്സില്‍ നിന്നേ വരൂ. പണത്തിന്റെ കാര്യത്തില്‍ ആര്‍ത്തി തീരാറില്ലല്ലോ നമുക്ക്. അതുകൊണ്ടല്ലേ ആയിരം കോടിയും പതിനായിരം കോടിയുമൊക്കെ തട്ടിപ്പിലൂടെയും മറ്റും സ്വന്തമാക്കാന്‍ തട്ടിപ്പുവീരന്മാര്‍ മെനക്കെടുന്നത്. ഒരാള്‍ക്ക് എത്ര ആര്‍ഭാടത്തോടെ ജീവിച്ചാലും ആയിരം കോടി രൂപയൊന്നും ഒരിക്കലും വേണ്ടിവരില്ലല്ലോ. 

മനസ്സില്‍ തൃപ്തിയുണ്ടായിരിക്കുകയും മറ്റുള്ളവരുടെ കാര്യത്തില്‍ പരിഗണനയുണ്ടായിരിക്കുകയും ചെയ്യുക എന്നതിനെക്കാള്‍ വലിയ എന്തു നേട്ടമാണ് നമുക്കു വേണ്ടത്...? ഈ സന്തോഷവും കാരുണ്യവും നിങ്ങളുടെ മനസ്സില്‍ എന്നുമുണ്ടായിരിക്കട്ടെ' എന്നു മാത്രമാണ് അവരെ ചേര്‍ത്തുപിടിച്ച് എനിക്ക് ആശംസിക്കാനുണ്ടായിരുന്നത്.

അവരുടെ സന്ദര്‍ശനം നല്‍കിയ പ്രത്യേക സന്തോഷത്തിലായിരുന്നു ആ ദിവസം മുഴുവനും. വീട്ടിലെത്തിയപ്പോള്‍ അവിടെ ഒരു കത്ത് വന്നിരിക്കുന്നു. തിരുവനന്തപുരത്ത് പേയാട് എന്ന സ്ഥലത്തെ കണ്ണശ്ശ മിഷന്‍ സ്‌കൂളിലെ രേവതിയാണ് കത്തെഴുതിയിരിക്കുന്നത്. ഈ മാര്‍ച്ച് ഏഴിന് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോവുകയാണ് രേവതി.'ഡോക്ടര്‍ക്ക് എന്നെ പരിചയമില്ലെന്ന് അറിയാം. എന്നാലും സാരമില്ല. ഈ പരീക്ഷയില്‍ എനിക്കും മറ്റു കുട്ടികള്‍ക്കും ഡോക്ടറുടെയും കൂടെയുള്ളവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണേ..' എന്നാണ് കത്ത്.വീണ്ടും ഒന്നുകൂടി വായിച്ചുനോക്കി കത്ത്. എനിക്കും മറ്റു കുട്ടികള്‍ക്കും എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. 

എല്ലാ കാര്യത്തിലും അവരവരുടെ കാര്യം മാത്രം നോക്കാനുള്ള വെമ്പല്‍ നിറഞ്ഞ നമ്മുടെ കാലത്ത് ഇങ്ങനെ മറ്റുള്ളവരെ പരിഗണിക്കുന്ന മനോഭാവം കാണുന്നത് വിരളമാണ്. 'ഞാന്‍, എന്റെ വീട്ടുകാര്‍, എന്റെ ജാതിക്കാര്‍, എന്റെ മതക്കാര്‍...' എന്നിങ്ങനെ 'ഞാന്‍... ഞാന്‍...' എന്ന അതിസങ്കുചിത മനോഭാവങ്ങള്‍ക്ക് ശക്തിയും വീറും കൂടിവരുന്ന കാലമാണല്ലോ ഇത്.  അപ്പോള്‍ത്തന്നെ ഇരുന്ന് രേവതിക്ക് മറുപടിയെഴുതാന്‍ തീരുമാനിച്ചു. 'ഞാന്‍...' എന്റെ കൈയക്ഷരം രേവതിക്ക് വായിക്കാന്‍ ബുദ്ധിമുട്ടാകുമോ എന്ന സംശയത്താല്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് ഞാന്‍ എഴുതിയത്.

തൊട്ടടുത്ത ദിവസം ഒരു സുഹൃത്ത് വിളിച്ചിട്ട് ഒരു സങ്കടം പറഞ്ഞു. അദ്ദേഹത്തിന്റെ മകന്റെ കല്യാണം കഴിഞ്ഞിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. അവര്‍... മകനും ഭാര്യയും ചേര്‍ന്ന് അവര്‍ക്ക് മക്കള്‍ വേണ്ട എന്ന് തീരുമാനമെടുത്തിരിക്കുന്നു. സ്വന്തം മക്കള്‍ സന്തോഷത്തോടെ എടുത്ത തീരുമാനം മൂലമുള്ള സങ്കടം പങ്കുവയ്ക്കാനാണ് അദ്ദേഹം വിളിച്ചത്.

അപ്പോള്‍ ഞാനോര്‍ത്തത് രേവതിയെയും അനുഷ്‌കയെയും ഷിവലിയെയും സനൂജയെയുമൊക്കെയാണ്.സ്വയം സംതൃപ്തരായിരിക്കാനും മറ്റുള്ളവരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന പുലര്‍ത്താനും കഴിയുന്ന ഈ കുട്ടികളെപ്പോലുള്ളവരുടെ ഒരു തലമുറയും ഇവിടെ വളര്‍ന്നുവരുന്നുണ്ടല്ലോ. 

ഇങ്ങനെ നന്മയുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതിനെക്കാള്‍ വലിയ എന്തു സൗഭാഗ്യമാണ് അച്ഛനമ്മമാര്‍ക്ക് വേണ്ടത്...? ജീവിതത്തിലെ വിജയം എന്നു പറയുന്നത് പണമോ സ്ഥാനമാനങ്ങളോ ഒന്നുമല്ലല്ലോ. ഇവരെപ്പോലെയുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള അവസരമാണ്, കുട്ടികള്‍ വേണ്ട എന്നു തീരുമാനിക്കുന്നതിലൂടെ ആ ദമ്പതിമാര്‍ നഷ്ടപ്പെടുത്തുന്നത്. അച്ഛനമ്മമാര്‍ മക്കളെ വളര്‍ത്തുമ്പോള്‍ ഇങ്ങനെ മനസ്സില്‍ നന്മയുള്ളവരായി കുട്ടികളെ വളര്‍ത്തിയെടുത്താല്‍ മാത്രം മതി ലോകം നല്ലതായിത്തീരാന്‍.