ഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ ഒരു പരിപാടിക്കായി പോയിരുന്നു. അവിടെ അല്‍ഷിഫ ഫാര്‍മസി കോളേജില്‍ ഒരു ക്ലാസ്. ഒരു കുട്ടി നടത്തിയ സര്‍വേയുടെ ഫലം നോക്കാനുമുണ്ടായിരുന്നു. വലിയ തിരക്കൊന്നുമുണ്ടാവില്ലെന്നു തോന്നിയതിനാല്‍ പഴയ ചില പരിചയക്കാരെ കാണാന്‍ തീരുമാനിച്ചു... ബാപ്പുട്ടിക്കയെയും പാര്‍വതി അമ്മയെയും.

പത്തു കൊല്ലത്തിലധികമായി ബാപ്പുട്ടിക്ക ചികിത്സ കഴിഞ്ഞുപോയിട്ട്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാനാവാത്തയാളാണ് ബാപ്പുട്ടിക്ക. നല്ല ഉയരം, അതിനൊത്ത ശരീരം, ആരോഗ്യവുമുണ്ട്. വളരെ ആധികാരികമായ രീതിയില്‍ ഉറച്ച ശബ്ദത്തിലാണ് സംസാരം. കഴിഞ്ഞ വര്‍ഷം അവിടെയൊരു പരിപാടിക്കു പോകുമ്പോള്‍ ബാപ്പുട്ടിക്കയെ കാണാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷേ, അതിനിടയ്ക്ക് എനിക്ക് അസുഖമായി, ആ യാത്ര ഒഴിവാക്കേണ്ടി വന്നു. 

അപ്രതീക്ഷിതമായി ബാപ്പുട്ടിക്കയുടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം അമ്പരന്നുപോയി. 'അയ്യോ! എന്തുചെയ്യും...' എന്നുപറഞ്ഞ് അദ്ദേഹം വലിയ കൈകള്‍ നീട്ടി ചേര്‍ത്ത് കെട്ടിപ്പിടിച്ചു. 'ഭക്ഷണം കഴിച്ചിട്ടേ പോകാവൂ' എന്ന് ഒരേ നിര്‍ബന്ധം. ആദ്യത്തെ അമ്പരപ്പു കഴിഞ്ഞതോടെ ബാപ്പുട്ടിക്ക വര്‍ത്തമാനംപറയാന്‍ തുടങ്ങി. കൈപിടിച്ച്, ചേര്‍ത്തുനിര്‍ത്തിയാണ് സംസാരം.അദ്ദേഹത്തിന്റെ പിടിവിടീച്ച് പോകാന്‍ എളുപ്പമല്ല!.
'സാറേ... ഇങ്ങനെയാണെങ്കില്‍ നമുക്ക് ഇന്ന് ഇവിടെ കിടക്കേണ്ടിവരും'. ഒപ്പമുണ്ടായിരുന്ന റസാക്ക് ഓര്‍മിപ്പിച്ചു. അതു കേട്ടതും ബാപ്പുട്ടിക്കയ്ക്ക് കൂടുതല്‍ സന്തോഷമായി. 'ങാ... ഇവിടെ താമസിച്ചിട്ട് പോയാല്‍ മതി. ഇന്ന് ഇവിടെ കിടക്കാം'. അദ്ദേഹം ഞങ്ങളെ അവിടെ താമസിപ്പിക്കാനുള്ള വട്ടംകൂട്ടിത്തുടങ്ങി.

'പോയേതീരൂ' എന്നുറപ്പിച്ചു പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ബാപ്പുട്ടിക്ക ഒരുനിമിഷം നില്‍ക്കാന്‍ പറഞ്ഞു. നല്ലൊരു കര്‍ഷകനാണ് അദ്ദേഹം. മനോഹരമായ ആ നാട്ടിന്‍പുറത്തെ വീട്ടുമുറ്റത്തും സമൃദ്ധമായി വിളഞ്ഞുനില്‍ക്കുന്നുണ്ട് പലവിധ പച്ചക്കറികളും മറ്റും. നാടന്‍ ഇഞ്ചി, തുവര... തൊടിയില്‍ അപ്പോള്‍ വിളവെടുത്ത നിരവധി പച്ചക്കറിയിനങ്ങള്‍ അദ്ദേഹം വണ്ടിയില്‍ എടുത്തുവയ്ക്കാന്‍ തുടങ്ങി.

അപ്പോഴേക്കും അടുത്ത വീടുകളില്‍നിന്നും മറ്റുമായി നിറയെ ആളുകളെത്തി. വീട്ടുമുറ്റത്ത് ചെറിയൊരു ആള്‍ക്കൂട്ടം. എല്ലാവരുടെയും തലയ്ക്കുമീതേ ബാപ്പുട്ടിക്കയുടെ തെളിഞ്ഞ ചിരിയും ആഹ്ലാദം മുഴങ്ങുന്ന ശബ്ദവും. ഞങ്ങളുടെ വണ്ടി കണ്ണില്‍നിന്ന് മറയുന്നതു വരെ അദ്ദേഹം നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ഇനി കാണാനുള്ളത് പാര്‍വതിയെയാണ്. പാര്‍വതി അമ്മ. വയസ്സ് 83. ചികിത്സ കഴിഞ്ഞു പോയിട്ട് 12-13 വര്‍ഷത്തിലധികമായി. വണ്ടിയില്‍നിന്ന് ഞങ്ങള്‍ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതും പാര്‍വതി അമ്മ ഓടിയെത്തി കൈയില്‍ മുറുകെപ്പിടിച്ചു. ഏറെനാള്‍കൂടി കാണുന്ന മക്കളോട് അമ്മമാര്‍ പരിഭവത്തോടെ സ്‌നേഹം പൊഴിക്കുന്നതുപോലെ പാര്‍വതി അമ്മ നിറയെ സംസാരിക്കുന്നുണ്ടായിരുന്നു.

ഓരോ വാക്കു പറയുമ്പോഴും എന്റെ കൈയിലെ പിടി ഒന്നുകൂടി മുറുകും.'അയ്യോ! ഡോക്ടര്‍... ഞങ്ങളുടേത് ചെറിയ വീടാണ്... എന്നാലും ഡോക്ടര്‍ വന്നല്ലോ...''ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇതുപോലെ ചെറിയ വീട്ടിലാണ്. വീടിന്റെ വലിപ്പമല്ല, അവിടെ താമസിക്കുന്നവരുടെ മനസ്സിന്റെ വലിപ്പമാണ് കാര്യം'- ഞാന്‍ പറഞ്ഞപ്പോള്‍ പാര്‍വതി അമ്മ വിതുമ്പി. കൈയിലെ പിടിത്തം പിന്നെയും മുറുകി. അപ്പോഴേക്ക് അമ്മയുടെ മക്കളും കുടുംബാംഗങ്ങളുമൊക്കെ എത്തി. 

വീട്ടിലെ ചെറിയൊരു പൂജാമുറിയില്‍ നിറയെ ഗുരുവായൂരപ്പന്റെ പലതരം ചിത്രങ്ങള്‍. അതിലൊരു ഗുരുവായൂരപ്പനെ കാണിച്ച് അമ്മ പറഞ്ഞു- 'ഓര്‍ക്കുന്നുണ്ടോ ഇത് അന്ന് ചികിത്സ കഴിഞ്ഞ് പോരുമ്പോള്‍ ഡോക്ടര്‍ തന്നതാണ്...'പാര്‍വതി അമ്മയും ഞാനുമായി നില്‍ക്കുന്ന പഴയൊരു ഫോട്ടോയുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. സമയം വല്ലാതെ വൈകുന്നു എന്നായപ്പോള്‍, ഒപ്പമുണ്ടായിരുന്ന റിയാസും അനിലും വീണ്ടും ഇടപെട്ടു. 'സാറേ.. നമുക്ക് പോകണ്ടേ...'

'അയ്യോ! ഡോക്ടര്‍ക്ക് ഞാന്‍ എന്താണ് തരിക!' അവര്‍ പരിഭ്രമത്തിലായി. നോക്കുമ്പോള്‍ മുറ്റത്ത് ചട്ടികളില്‍ മനോഹരമായി വളര്‍ത്തിയൊരുക്കിയിരിക്കുന്ന ചെടികളുണ്ട്. 'ങാ... ഡോക്ടര്‍ ഈ ചട്ടിയിലെ ചെടികള്‍ കൊണ്ടുപോകണം. അവിടെ വീട്ടില്‍ വയ്ക്കാം...'
കര്‍ശനമായി പറഞ്ഞിട്ടേ ചെടിച്ചട്ടികള്‍ എടുത്തു വയ്ക്കുന്നതില്‍നിന്ന് അവര്‍ പിന്മാറിയുള്ളു. പോരാന്‍നേരം പെട്ടെന്ന് പാര്‍വതി അമ്മ കരയാന്‍ തുടങ്ങി. 'അപ്പോള്‍, ഇനി ഡോക്ടര്‍ ഇതുവഴി വരുമ്പോഴേക്ക് ഞാന്‍ മരിച്ചു മണ്ണായിട്ടുണ്ടാവും...'

അങ്ങനെയൊന്നും വിചാരിക്കരുത്. 'ആര്, എപ്പോള്‍ മരിക്കും എന്നൊന്നും നമുക്ക് അറിയില്ലല്ലോ' എന്നു പറഞ്ഞപ്പോള്‍ കരച്ചില്‍ കൂടി. അതിനൊപ്പം എന്റെ കൈയിലുണ്ടായിരുന്ന പിടി പിന്നെയും മുറുകി.'മരിക്കുന്നതൊന്നും അത്ര ഭയങ്കര കാര്യമല്ല. ജീവിച്ചിരിക്കുമ്പോള്‍ ഇത്തരം സ്‌നേഹവും മനസ്സു നിറഞ്ഞ അനുഭവങ്ങളുമുണ്ടാവുക എന്നതാണ് കാര്യം. അത് മരണത്തെക്കാളൊക്കെ വലുതല്ലേ. ജീവിച്ചിരിക്കുമ്പോള്‍ മനസ്സു നിറഞ്ഞ് സന്തോഷിക്കുകയാണ് വേണ്ടത്. ആ സന്തോഷങ്ങള്‍ക്ക് മരണത്തെ തോല്‍പിക്കാനാവും. 

സ്‌നേഹം നിറഞ്ഞ, തുറന്ന മനസ്സുണ്ടായാല്‍ മനസ്സു നിറയെ സന്തോഷവുമുണ്ടാകും. മനസ്സിന്റെ ആ വലിപ്പത്തിനു മുന്നില്‍, ആഹ്ലാദത്തിനു മുന്നില്‍, രോഗവും മരണവുമൊക്കെ മാറിനില്‍ക്കും. അങ്ങനെയുള്ള സന്തോഷം കിട്ടാന്‍വേണ്ടിയാണല്ലോ ഞാന്‍ അമ്മയുടെ അടുത്തേക്കു വന്നത്' എന്നു പറഞ്ഞപ്പോള്‍ കണ്ണുനീര്‍ച്ചാലുകളിലൂടെ പാര്‍വതി അമ്മ തെളിഞ്ഞു ചിരിച്ചു. മടക്കയാത്രയില്‍ റിയാസും അനിലും പറഞ്ഞു- 'ഇങ്ങനെയുള്ളവരുടെ അടുത്തേക്ക് പോകുമ്പോള്‍ പറയണേ സാര്‍... ഞങ്ങളും വരുന്നുണ്ട്'.