ക്കഴിഞ്ഞ ആഴ്ച കുവൈത്ത് സന്ദര്‍ശനത്തിനിടെ എന്നേയും ചിത്രയേയും (എന്റെ ഭാര്യ ഡോ. ചിത്രതാര) ഒരു മാധ്യമപ്രവര്‍ത്തക ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു... ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടലും പ്രണയകാലവും ആദ്യകാല വിവാഹജീവിതവും പ്രൊഫഷണല്‍ ജീവിതവുമെല്ലാം വള്ളിപുള്ളി വിടാതെ അവര്‍ പകര്‍ത്തിയെടുത്തു.

അടുത്തത് ഒരു കുസൃതിച്ചോദ്യമായിരുന്നു: 'നിങ്ങള്‍ വഴക്കുകൂടാറുണ്ടോ...?'

'ചട്ടീം കലവുമാകുമ്പോള്‍...' -ചിരിച്ചുകൊണ്ട് അതിന് മറുപടി പറഞ്ഞ ചിത്രയുടെ വാക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പുതന്നെ അടുത്ത ചോദ്യം വന്നു: 'ആരാണ് കൂടുതല്‍ വഴക്കുണ്ടാക്കാറുള്ളത്...?'

'അത് ഞാനാണ്...'സ്വയം കുറ്റം സമ്മതിച്ചെന്നവണ്ണം ചിത്ര പറഞ്ഞുതുടങ്ങുന്നതിനോടൊപ്പം ഞാനും പറഞ്ഞു: 'അല്ല, ഞാനാണ്. ചിത്ര ഇതാ, ഇതുപോലെ എപ്പോഴും പാവം...'

ഞങ്ങള്‍ പരസ്പരം നോക്കി. രണ്ടുപേരുടെ ചുണ്ടിലും ഒരു ചെറിയപുഞ്ചിരി കടന്നുവന്നു. ആ ചിരിയാണ് ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ, ബന്ധത്തിന്റെ, ബഹുമാനത്തിന്റെ മുഖമുദ്ര. എത്രയോവട്ടം പരസ്പരം വഴക്കുണ്ടാക്കിയിരിക്കുന്നു. പക്ഷേ, അതിനുശേഷമുള്ള ഒരു ഒത്തുതീര്‍പ്പ്. തുടര്‍ന്ന്, പതിന്മടങ്ങ് ബലത്തോടെ തിരിച്ചുവരുന്ന പരസ്പരസ്‌നേഹത്തിന്റെ ഊഷ്മളത. ശരിയാണ് എന്ന് ഞങ്ങളുടെ മനസ്സ് ഉറക്കെ വിളിച്ചുപറയുന്നപോലെ.

'അതെ, അതാണ് ദാമ്പത്യ ജീവിതം.'എന്റെ മനസ്സ് മന്ത്രിച്ചു. ചിത്രയുടെ മനസ്സും അതുതന്നെ മന്ത്രിച്ചെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

കുവൈത്തില്‍നിന്ന് തിരികെയെത്തി, ഒ.പി.യില്‍ വന്ന് രോഗികളെ പരിശോധിച്ചുതുടങ്ങിയതേയുള്ളു. ആദ്യമായി മുറിയില്‍ കടന്നുവന്നത് ഏകദേശം പത്തുവര്‍ഷമായി പരിചയമുള്ള മോഹനനാണ്. എന്നും ചിരിച്ചുകൊണ്ടുമാത്രം മുറിയില്‍ കടന്നുവരാറുള്ള മോഹനന്റെ മുഖത്ത് ഒരു വിഷാദഭാവം പ്രകടമായിരുന്നു.

കാരണമാരാഞ്ഞപ്പോള്‍ മോഹനന്‍ പറഞ്ഞുതുടങ്ങി: 'എനിക്ക് അസുഖത്തെക്കുറിച്ചൊന്നും പേടിയും സങ്കടവുമില്ല സാറേ. സാറിനറിയാമല്ലോ എന്റെ ഒറ്റ മോളെ...'

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു: 'അവള്‍ക്ക് 30 വയസ്സാകാറായി. പഠിപ്പൊക്കെ കഴിഞ്ഞ് നല്ലൊരു ജോലിയുമായി. അവള്‍ വിവാഹത്തിന് സമ്മതിക്കുന്നില്ല. എനിക്ക് വിവാഹമേ വേണ്ട എന്ന നിലപാടിലാണവള്‍. അവളതിന് പറയുന്ന കാരണമോ. അവളുടെ പല ഉറ്റസുഹൃത്തുക്കളും വിവാഹംകഴിഞ്ഞ് കുടുംബക്കോടതിയില്‍ കേസുമായി നടക്കുകയാണ്. വിവാഹമോചനത്തിനായി കോടതികള്‍ കയറിയിറങ്ങുകയാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അക്കൂട്ടത്തിലുണ്ട്' -അദ്ദേഹം മകളുടെ വാക്കുകള്‍ പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞദിവസം ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഇന്റര്‍വ്യൂ എന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. കൂടെ മറ്റൊരു പെണ്‍കുട്ടിയുടെ മുഖവും മനസ്സില്‍ തെളിഞ്ഞുവന്നു. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് എന്നോട് ഉള്ളുതുറന്ന മറ്റൊരു പെണ്‍കുട്ടി. അത്, ഒരമ്മയുടെ വേദന അറിഞ്ഞുകൊണ്ട് മകളോട് ചോദിച്ചപ്പോള്‍, ആ പെണ്‍കുട്ടി പറഞ്ഞ ഉത്തരമാണ്: 'എന്നെ വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്ന് അമ്മയോട് പറയണം. പിന്നെ, അമ്മയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാം. പക്ഷേ, എനിക്ക് കുട്ടികള്‍ വേണ്ട. അതിന് സമ്മതിച്ച് അമ്മയും ആരെങ്കിലും ഒരാളും വരികയാണെങ്കില്‍ മാത്രം.'-ഞാന്‍ ബാക്കി കേള്‍ക്കാന്‍ നിന്നില്ല.

'നിബന്ധനകള്‍ക്ക് വിധേയമായ വിവാഹജീവിതം. ഭയത്തോടെ വിവാഹജീവിതത്തെ കാണുന്ന മനസ്സുകള്‍. ഇതിനെല്ലാം കാരണമെന്ത്?' -എന്റെ മനസ്സ് അതിനൊരുത്തരം കണ്ടെത്തി: 'വിവാഹജീവിതത്തിലെ വില്ലന്മാരാണ് അതിന് കാരണം.'

സിനിമകളില്‍ നായകന്റേയും നായികയുടേയും ജീവിതങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വില്ലന്‍ കഥാപാത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നു. വിവാഹജീവിതം എന്ന കഥയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ അമ്മ, അച്ഛന്‍, സഹോദരന്‍, സഹോദരി... അങ്ങിനെ പട്ടിക നീണ്ടുപോകുന്നു.

മകനെ തന്റേതായി മാത്രം കാണാന്‍ ശ്രമിക്കുന്ന അമ്മ. മകന്റെ സ്‌നേഹം തനിക്കുമാത്രം അവകാശപ്പെട്ടതെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മനസ്സിലും പ്രവൃത്തിയിലും കാണുന്ന അമ്മ. ആ അമ്മ അറിഞ്ഞോ അറിയാതെയോ മകന്റെ ജീവിതകഥയിലെ വില്ലത്തിയാകുകയാണ്. അമ്മായിയമ്മ മാത്രമാകുകയാണ്. മകന്റെ ഭാര്യ ഏറ്റവും ഭയപ്പെടുന്ന കഥാപാത്രമായി മാറുകയാണ്.

'നീ ഒരിക്കലും വിട്ടുകൊടുക്കരുത്.' എന്ന് മകളെ ഉപദേശിക്കുന്ന അമ്മയും കൂട്ടിനുണ്ടെങ്കില്‍ രംഗങ്ങള്‍ക്ക് കൊഴുപ്പേകും.

കാര്‍ക്കശ്യക്കാരനായ അച്ഛനെ എന്നും ഒരു വില്ലന്‍കഥാപാത്രമായേ കാണാന്‍ സാധിക്കുകയുള്ളു. കുടുംബപാരമ്പര്യവും സ്വത്തിന്റെ കണക്കും നിരത്തി മകനേയും മരുമകളേയും മകളേയും മരുമകനേയും രണ്ടുതട്ടില്‍ നിര്‍ത്തി, വിശകലനം ചെയ്യുന്ന അച്ഛന്‍ രണ്ടുപേര്‍ക്കും ഒരു പേടിസ്വപ്നമായി മാറുന്ന കാഴ്ച വിരളമല്ല.

സഹോദരന്മാരും സഹോദരിമാരും അച്ഛനമ്മമാരുടെ മുന്‍പില്‍ എരിവും പുളിയും ചേര്‍ത്ത് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പ്രാപ്തരാണെങ്കില്‍, അവര്‍ നല്ല സഹവില്ലന്മാരും സഹവില്ലത്തികളുമാകും.

നായകനും നായികയും സ്വയം വില്ലനും വില്ലത്തിയുമായി മാറുന്ന എത്രയോ സിനിമകള്‍ നാം കണ്ടിരിക്കുന്നു. വിവാഹജീവിതത്തിലും അതിന് പഞ്ഞമൊന്നുമില്ല.

ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയും മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന എത്രയോ ഭാര്യമാരേയും ഭര്‍ത്താക്കന്മാരേയും നാം ജീവിതത്തില്‍ കണ്ടുമുട്ടുന്നു. ജീവിക്കാന്‍ മറന്നുപോകുന്നു ഇക്കൂട്ടര്‍.

ഞാന്‍ ഇതുവരെ എഴുതിയതെല്ലാം കഥയുടെ ഒരുവശം മാത്രം. പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എത്രയോ കുടുംബങ്ങള്‍. അച്ഛന്‍, അമ്മ, അമ്മായിയച്ഛന്‍, അമ്മായിയമ്മ, മകന്‍, മരുമകന്‍, മകള്‍, മരുമകള്‍. ഇതൊക്കെ പരിചയപ്പെടുത്താനുള്ള പദങ്ങള്‍ മാത്രം. മകനെന്നോ, മരുമകനെന്നോ, മകളെന്നോ മരുമകളെന്നോ വ്യത്യാസമില്ലാതെ സ്‌നേഹിക്കുന്ന അച്ഛനമ്മമാരും അവര്‍ക്കെല്ലാം പതിന്മടങ്ങ് സ്‌നേഹം തിരികെ നല്‍കുന്ന മക്കളും മരുമക്കളും... അവര്‍ എത്ര സന്തോഷമായി, സുഖമായി ജീവിക്കുന്നു. അത് സാധിക്കും എന്ന് മക്കളെ കാണിച്ചുകൊടുക്കുക. അവരുടെ മനസ്സിലെ ഭീതി അലിഞ്ഞലിഞ്ഞില്ലാതാകും.

ഞങ്ങള്‍ക്ക് മരുമക്കളില്ല. മക്കള്‍ മാത്രം. ഗോകുല്‍, ഗോവിന്ദ്, ഉമ, ദേവിക... അവര്‍ക്കും അമ്മായിയച്ഛനും അമ്മായിയമ്മയുമില്ല... അച്ഛനും അമ്മയും മാത്രം.

Content Highlights: Dr. VP Gangadharan, Relationships