മഹാരാജാസിൽ പഠിക്കുമ്പോൾ മുതലേ ഉള്ള പഴയ സുഹൃത്താണ് പാലക്കൻ. ഇടയ്ക്കൊക്കെ വിളിക്കുകയും വിശേഷങ്ങൾ പറയുകയും പതിവാണ് ഇപ്പോഴും. കഴിഞ്ഞ ദിവസം പാലക്കൻ വിളിച്ചപ്പോൾ പേരക്കുട്ടിയുടെ വിശേഷങ്ങളാണ് പറഞ്ഞത്. കുഞ്ഞ് ശരിക്ക് പറയാൻ തുടങ്ങിയിട്ടില്ല. പിച്ച നടക്കുന്ന പ്രായം. പക്ഷേ, എന്റമ്മേടെ ജിമിക്കിക്കമ്മൽ... എന്ന പാട്ടു കേട്ടാൽ അപ്പോൾ തുള്ളാൻ തുടങ്ങും. അത് ഒരു സിനിമയിലെ പാട്ടാണെന്നും അതിലെ വരികളെന്താണെന്നുമൊക്കെ കുറേ കഴിഞ്ഞേ കൂട്ടുകാരന് പിടി കിട്ടിയുള്ളൂ. വിവരണങ്ങൾക്കൊപ്പം ഞങ്ങളിരുവരും നന്നായി ചിരിച്ചു. എന്റെ പേരക്കുട്ടിയുടെ കഥയും വ്യത്യസ്തമല്ല. കൊച്ചു ചിത്രാനിക്ക് രണ്ടു വയസ്സായിട്ടില്ല. കൊച്ചു കൊച്ചു വാക്കുകൾ പറയും. ചിത്രാനിക്കുട്ടിയും എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്ന പാട്ടു കേട്ടാൽ താളം ചവിട്ടാൻ തുടങ്ങും. ആ പാട്ട് കേൾക്കണമെന്നില്ല. അതിന്റെ താളം കേട്ടാൽ മതി.

സിനിമാ പാട്ടുകൾ മുമ്പു മുതലേ താത്പര്യത്തോടെ കേൾക്കാറുണ്ട് ഞങ്ങൾ. ഈ പാട്ടിന് എന്താണ് പ്രത്യേകത എന്ന് കൗതുകം തോന്നി. പഴയ പാട്ടുകൾ, സന്ന്യാസിനീ നിൻ പുണ്യാശ്രമത്തിൽ..., ആമ്പൽപ്പൂവേ... തുടങ്ങിയ പാട്ടുകളൊക്കെ ഇപ്പോഴും മനസ്സിൽ നിൽക്കുന്നത് പ്രധാനമായും അതിലെ വരികളുടെ ഭംഗി കൊണ്ടുകൂടിയാണ്. അവയുടെ ലയം, ശ്രുതി, മനസ്സിൽ നിറയുന്ന സൗമ്യമായ താളം ഒക്കെ ഒന്നുവേറെ. കാലം മാറിയപ്പോൾ മറ്റെല്ലാം മാറിയതു പോലെ പാട്ടുകളും മാറി. അത് സ്വാഭാവികമാണ്. ഇപ്പോഴത്തെ പാട്ടുകൾ കേട്ടു കേട്ട് മതിവരാതെ ആസ്വദിക്കാനുള്ളതു മാത്രമല്ല. പാട്ടുകളെല്ലാം ഇപ്പോൾ വലിയ വെളിച്ച ക്രമീകരണങ്ങളോടെയാണ് അവതരിപ്പിക്കുന്നത്. കണ്ട് ആസ്വദിക്കാനും ഒപ്പം തുള്ളിത്തിമിർക്കാനും കൂടിയുള്ളതാണ് ഇപ്പോഴത്തെ പാട്ടുകൾ. വേഗമാണ് ഇന്നത്തെ പാട്ടുകളുടെ ഏറ്റവും വലിയ സവിശേഷത എന്നു തോന്നുന്നു.

വേഗത്തോടുള്ള ഈ ക്രെയ്‌സ് ജീവിതത്തിന്റെ സകല തുറകളിലുമുള്ളതാണ്. ഇപ്പോഴത്തെ ബൈക്കുകൾ നോക്കൂ. അതിവേഗം, പ്രത്യേക ശബ്‌ദം, വലിയ ശക്തിയൊക്കെയുള്ളവയാണ് അവ. അത്തരം ബൈക്കുകൾ വളരെക്കൂടുതൽ അപകടങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, പുതിയ ചെറുപ്പക്കാരെല്ലാം ഈ അതിവേഗ ബൈക്കുകളുടെ ആരാധകരാണ്.

പഴയ സിനിമകളെടുത്താൽ, നായകനും വില്ലനും കൂടി കണ്ടു കഴിഞ്ഞാൽ നാലഞ്ചു മിനിറ്റ് നെടുങ്കൻ ഡയലോഗുകളുണ്ടാവും. പിന്നെയാണ് അടി തുടങ്ങുക. അതും കുറച്ചു നേരം നീണ്ടുനിൽക്കും. ഇപ്പോളാണെങ്കിൽ തെരുതെരെ വെടിവെച്ച് കൊന്നു മുന്നേറുന്ന വില്ലന്മാരാണ് പല സിനിമകളിലും. നായകനും വില്ലനും തമ്മിലുള്ള വ്യത്യാസവും നേർത്തു നേർത്ത് ഏതാണ്ട് ഇല്ലാതായിട്ടുണ്ട്.

മുമ്പ് ക്രിക്കറ്റ് എന്നാൽ ടെസ്റ്റ് ക്രിക്കറ്റായിരുന്നു. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ആ കളിരീതി തന്നെ ഇപ്പോൾ ഇല്ലാതായ മട്ടാണ്. അതുകഴിഞ്ഞ് ഏകദിന മത്സരങ്ങൾ വന്നു. ഇപ്പോൾ ക്രിക്കറ്റിലെ ഹരം പിടിച്ച മത്സരങ്ങൾ ട്വന്റി-20 ആണ്. അതിവേഗം കാര്യം കഴിയണം. ക്രിക്കറ്റിൽ മാത്രമല്ല, ഷട്ടിൽ ബാഡ്മിന്റണിലും നെഗറ്റീവ് പോയിന്റ് ഒക്കെയായി അതിവേഗമാണ് കളി സമാപ്തിയിലേക്ക് നീങ്ങുക.

മുമ്പ് ലോകത്തു നടക്കുന്ന പല വിവരങ്ങളും നാം അറിയുന്നത് വളരെ സാവധാനത്തിലായിരുന്നു. എന്നാൽ, നമുക്കറിയാം ഇന്ന് അപ്പപ്പോൾ വിവരങ്ങളെല്ലാം നമ്മുടെ വിരൽത്തുമ്പിലുണ്ട്. ഇന്റർനെറ്റിന്റെ വേഗം പിന്നെയും കൂട്ടാനാണ് എല്ലാവരും ശ്രമിക്കുന്നത്. വേഗം, എന്നല്ല അതിവേഗം എന്നതാണ് ജീവിതത്തിന്റെ താളം എന്ന മട്ടിലായിരിക്കുന്നു.

ഇപ്പോഴും പക്ഷേ, ഒരു കുഞ്ഞ് ജനിക്കാൻ നമുക്ക് 9-10 മാസം കാത്തിരിക്കണം. സിസേറിയൻ നടത്തി വേഗം കുഞ്ഞിനെ പുറത്തു കൊണ്ടുവരാൻ ശ്രമിച്ചാലും ഒന്നു രണ്ടു ദിവസമൊക്കെ നേരത്തേയാക്കാം എന്നേ പറ്റൂ. ചില കാര്യങ്ങൾക്ക് അതിന്റേതായ താളമേ പ്രകൃതി അനുവദിച്ചിട്ടുള്ളൂ. ഒരുപക്ഷേ, ശാസ്ത്രം ഇനിയും മുന്നേറുമ്പോൾ ഏതാനും ആഴ്ചകൊണ്ടോ ദിവസങ്ങൾ കൊണ്ടോ ഗർഭസ്ഥ ശിശുവിന് പൂർണവളർച്ചയാവാനോ കുഞ്ഞിനെ നേരത്തേ ജനിപ്പിക്കാനോ ഉള്ള വഴികൾ തേടിയെന്നും വന്നേക്കാം. വേഗത്തിന്റെ കാര്യത്തിൽ എന്തൊക്കെയാണ് സംഭവിക്കാൻ പാടില്ലാത്തത്.

നമുക്കറിയാം ഇപ്പോൾ ആളുകൾക്ക് ഒന്നിനും സമയം കിട്ടാറില്ല. ഭക്ഷണം കഴിക്കാൻ പോലും സമയമില്ല പലർക്കും. നിന്ന നില്പിൽ എന്തെങ്കിലും എടുത്തു കഴിച്ചിട്ടാണ് പോവുക. അല്ലെങ്കിൽ പോകുന്നതിനിടെ വണ്ടിയിൽ വെച്ചോ ഒക്കെയാവും കഴിക്കുക. മുമ്പൊക്കെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇഷ്ടം പോലെ സമയമുണ്ടായിരുന്നു. ഇന്നിപ്പോൾ ഏറ്റവും തിരക്കു പിടിച്ചവരാണ് കുട്ടികൾ. അഞ്ചിലോ ആറിലോ എത്തുമ്പോൾത്തന്നെ പലതരം പരിശീലനങ്ങളുടെ തിരക്കാവും. വലിയൊരു നോവലൊന്നും വായിക്കാൻ പത്തിലോ പതിനൊന്നിലോ പഠിക്കുന്ന കുട്ടിക്ക് കഴിയുകയേയില്ല. എന്തെല്ലാം കോച്ചിങ്ങുകളുടെ തിരക്കിലായിരിക്കും അവർ!

ഇപ്പോൾ മനുഷ്യരുടെ ആയുർദൈർഘ്യം കാര്യമായി വർധിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. അതു കൊണ്ടെന്താണ്! ആളുകൾ അതിവേഗമാണ് വാർധക്യത്തിലേക്കെത്തുന്നത്.

ജീവിതത്തിന്റെ താളമാകെ മാറി നമ്മൾ വേഗത്തിനു പിന്നാലെ പായുന്നവരായിരിക്കുന്നു എന്നത് തിരിച്ചറിയാനായാൽ കുറച്ചൊക്കെ നമ്മുടെ ജീവിതം തിരിച്ചു പിടിക്കാൻ നമുക്കു കഴിഞ്ഞേക്കാം. ചുറ്റുമുള്ള ലോകത്തിന്റെ വേഗത്തിനൊപ്പം ഓടിയെത്തുക എന്നത് ഇന്നത്തെക്കാലത്ത് പ്രധാന കാര്യം തന്നെയാണ്. അതിനൊപ്പം നമ്മുടെ ജീവിതത്തിന്റെ താളം ഒരു പരിധിവരെയെങ്കിലും നിർണയിക്കാനും നമുക്ക് കഴിയണം. നമ്മുടെ ജീവിതം നമ്മുടേതു തന്നയായിരിക്കണമല്ലോ.

അതിവേഗത്തിന്റെ ഈ കാലഘട്ടത്തിന്റെ ഒരു മുദ്രാവാക്യമോ മുദ്രാ താളമോ ആണ് എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്നാണെനിക്കു തോന്നുന്നത്. ആ താളം ഉൾക്കൊള്ളാൻ കഴിയുന്നതു കൊണ്ടായിരിക്കാം കൊച്ചുമക്കൾ അതിനൊപ്പം താളം ചവിട്ടുന്നത്.