ഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നിന്ന് ഒരു സ്ത്രീ വിളിച്ചിരുന്നു. മുമ്പ് ഒരു പരിചയവുമുള്ളയാളല്ല. എവിടെ നിന്നോ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചതാണ്. അവര്‍ക്ക് ബ്രെയിന്‍ ട്യൂമറാണെന്നും ചികിത്സയുടെ ബുദ്ധിമുട്ടുകള്‍ വലുതാണെന്നും പറഞ്ഞു. 

'പ്രത്യേക രീതിയില്‍ നാരങ്ങാവെള്ളം പിഴിഞ്ഞു കുടിക്കുന്നത് കീമോ തെറാപ്പിയുടെ ഫലം ചെയ്യുമെന്ന് ഡോക്ടര്‍ എഴുതിയതായി കണ്ടു. അത് ശരിയാണോ...? അങ്ങനെ ചെയ്താല്‍ മതിയോ...?''എന്നാണ് അവര്‍ക്കറിയേണ്ടത്.  ഏതാനും ദിവസങ്ങള്‍ക്കിടെ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമൊക്കെയായി എന്റെ ചിത്രം വെച്ച് പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയാണത്. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമൊക്കെ നല്ല പരിചയമുള്ളവര്‍ക്കും സാധാരണ മലയാളികള്‍ക്കും അത് വെറുമൊരു വ്യാജ വാര്‍ത്തയാണെന്ന് തമാശയായി തള്ളിക്കളയാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. നോട്ടീസുപോലെ തയ്യാറാക്കിയ ആ ചിത്രം കണ്ട് തെറ്റിദ്ധരിച്ചവര്‍ അധികമില്ലായിരിക്കാം. പരിചയമുള്ള കുറച്ചുപേര്‍ വിളിച്ച് അതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അടുത്തദിവസം രാവിലെതന്നെ സൈബര്‍ പോലീസില്‍ ഞങ്ങള്‍ പരാതി നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ഒരുപാട് തെറ്റിദ്ധരിപ്പിക്കലുകള്‍ മുമ്പ് നടന്നിട്ടുള്ളത് അറിയാവുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും ഇതൊരു വ്യാജ വാര്‍ത്തയാണെന്ന്. 

ഇത്തരം വ്യാജ വാര്‍ത്തകളെക്കുറിച്ച് നമ്മള്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഏതൊരാളുടെ പേരിലായാലും ഇത്തരം പ്രചാരണങ്ങള്‍ കണ്ടാല്‍, അവ തിരിച്ചറിയാനും അതിനെതിരേ കഴിയുന്ന നടപടിയെടുക്കാനും ഓരോരുത്തരും ശ്രദ്ധിച്ചാലേ ഇത്തരം കള്ളങ്ങളുടെ പ്രചാരം കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. പുതിയ ഇ- മാധ്യമങ്ങള്‍ വന്നതോടെ ഏതു പ്രചാരണത്തിന്റെയും വേഗവും വ്യാപ്തിയും നമുക്കു ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വലുതാണ്. 

കുറേ മുമ്പ് 'മുള്ളന്‍ചക്ക'യെന്നും 'മുള്ളാത്ത' എന്നും ഒക്കെ അറിയപ്പെടുന്ന ഒരു പഴത്തെക്കുറിച്ച് ഇതുപോലെ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഞങ്ങളുടെയടുത്തു നിന്ന് ചികിത്സ എടുത്തിരുന്ന ഒരു രോഗിയെ ഉപയോഗിച്ചായിരുന്നു പ്രചാരണം. ചികിത്സയൊക്കെ ചെയ്‌തെങ്കിലും അയാളുടെ അസുഖം ഭേദമായത് മുള്ളന്‍ചക്ക (മുള്ളാത്ത) കഴിച്ചിട്ടാണെന്ന് അയാള്‍ പറയുന്ന മട്ടില്‍ ചില പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പോലും വന്നു. ബോധപൂര്‍വം ചിലര്‍ തുടക്കമിട്ട കള്ളപ്രചാരണമായിരുന്നു അതെന്നാണ് മനസ്സിലാക്കിയത്. 'ലക്ഷ്മിതരു' എന്ന ചെടിയെക്കുറിച്ചും ഇങ്ങനെ ചില ഗ്രൂപ്പുകാര്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ടിരുന്നു. 

കാര്യങ്ങളെ ഗൗരവമായി കാണാന്‍ ശേഷിയുള്ളവര്‍ക്ക് ഇത്തരം പ്രചാരണങ്ങളൊന്നും വലിയ കാര്യമായിരിക്കില്ല. അവര്‍ ഈ കള്ളങ്ങളെ തമാശയായി അവഗണിച്ചുകൊള്ളും. എന്നാല്‍, വളരെ വലിയ ഒരുവിഭാഗം ആളുകളുണ്ട്. ഇപ്പറയുന്നതിലും കാര്യമുണ്ടാവില്ലേ എന്നു വിചാരിക്കുന്ന, അധികം അന്വേഷണങ്ങളൊന്നും നടത്താന്‍ ശേഷിയില്ലാത്ത സാധാരണക്കാര്‍. കരുതലും ഉപദേശങ്ങളും ആവശ്യമുള്ള ഈ വിഭാഗക്കാരില്‍ കുറേപ്പേരെങ്കിലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങിപ്പോകും. 

ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഏറ്റവും പുതിയ മുന്നേറ്റങ്ങളായ പുതുമാധ്യമങ്ങളാണ് ഏറ്റവും വിലകെട്ട ഇത്തരം കടുത്ത നുണകളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രചാരണവേദി എന്നതാണ് തമാശ. കഴിഞ്ഞദിവസം ഇത്തരം വ്യാജ പ്രചാരണങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ ഒരാള്‍ ചോദിച്ചു: 'എങ്ങനെയാണ് ഞങ്ങള്‍ക്കിത് തിരിച്ചറിയാന്‍ കഴിയുക?' എന്ന്. അതൊരു വലിയ പ്രശ്‌നമാണ്. ആയിരക്കണക്കിന് രൂപ കൊടുത്ത് പുതുപുത്തന്‍ മൊബൈല്‍ ഫോണുകള്‍ നമ്മള്‍ വാങ്ങും. ഏറ്റവും പുതിയ ടെക്‌നോളജികള്‍ അതില്‍ ഉപയോഗിക്കാന്‍ നമ്മള്‍ പഠിക്കും. അതിലേക്കു വേണ്ട ഡേറ്റ ഏറ്റവും കുറഞ്ഞ ചെലവില്‍ എങ്ങനെ സംഘടിപ്പിക്കാമെന്ന് നമ്മള്‍ അന്വേഷിച്ചറിഞ്ഞ് ഉപയോഗിക്കും. പക്ഷേ, അതിലൂടെ ലഭിക്കുന്ന വിവരങ്ങളെക്കുറിച്ച് ഒരു പ്രാഥമിക ധാരണയെങ്കിലും നേടിയിരിക്കണം എന്നു പറഞ്ഞാല്‍, അത് നമ്മുടെ ഉത്തരവാദിത്വമല്ലല്ലോ എന്നാകും. 

നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ പ്രാഥമിക വിവരങ്ങള്‍ നേടാനും കുറച്ചെങ്കിലും ശാസ്ത്രീയ അവബോധം ഉള്‍ക്കൊള്ളാനുമൊക്കെയുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. അങ്ങനെയൊരു സാമൂഹിക ഉത്തരവാദിത്വമുണ്ടായാലേ തട്ടിപ്പുകളില്‍ നിന്നും വ്യാജ പ്രചാരണങ്ങളില്‍ നിന്നും നമ്മള്‍ രക്ഷപ്പെടുകയുള്ളൂ. ഏറ്റവും ചുരുങ്ങിയത്, നമുക്കു കൃത്യമായ അറിവില്ലാത്ത ഒരു കാര്യവും പ്രചരിപ്പിക്കാതിരിക്കുക എന്ന മിനിമം മര്യാദയെങ്കിലും നമുക്കുണ്ടാകണം. അനാവശ്യമായ ഷെയറിങ്ങുകളും ഗ്രൂപ്പ് അയയ്ക്കലുകളും ഇല്ലാതായാല്‍ പകുതി സമാധാനമാകും.

കുറച്ചുകാലം മുമ്പ് സര്‍വരോഗ സംഹാരിയായ ഒരിനം 'കാന്തക്കിടക്ക' കേരളത്തില്‍ വളരെ വ്യാപകമായി വിറ്റുപോയിരുന്നു. ശാസ്ത്രീയമെന്നു തോന്നിക്കുന്ന ചില വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച്, ഏറ്റവും അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ചിലര്‍ക്ക് വലിയ വൈദഗ്ധ്യമുണ്ട്. വലിയ വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയും ഉള്ളവരായിരുന്നു കാന്തക്കിടക്കയുടെ ഉപഭോക്താക്കള്‍. 

'ചുണ്ടങ്ങ', 'ഇരുമ്പന്‍പുളി', 'കാന്താരിമുളക്' തുടങ്ങി ഒട്ടേറെ സാധനങ്ങളുടെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. 'ഇരുമ്പന്‍പുളി'യെന്നും 'ഇലുമ്പിപ്പുളി'യെന്നുമൊക്കെ അറിയപ്പെടുന്ന പുളി കഴിച്ചാല്‍ മതി ബി.പി.യും കൊളസ്‌ട്രോളുമൊക്കെ കുറയുമെന്നാണ് പ്രചാരണം. ഇപ്പോഴും പ്രചാരത്തിലുള്ള ഒന്നാണ് 'കാന്താരിമുളക്' കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുന്ന അത്ഭുതം.

നാട്ടിലുള്ള പഴങ്ങളും പച്ചക്കറികളും കായ്കനികളുമൊക്കെ നമുക്ക് കഴിക്കാവുന്നതാണ്. ഇത്തരം ചെടികളിലും കായ്കളിലുമൊക്കെയുള്ള ചില ഘടകങ്ങളില്‍ നിന്നാണ് ഒട്ടുമിക്ക ആധുനിക ഔഷധങ്ങളും വേര്‍തിരിച്ചെടുത്തിട്ടുള്ളതും. എന്നാല്‍, ആ കായ്കളും കനികളുമൊന്നും മരുന്നിനോ ചികിത്സയ്‌ക്കോ പകരമാവില്ല. 

പ്രമേഹം, രക്താതിമര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്തിയാല്‍, തുടക്കത്തില്‍ത്തന്നെ മരുന്നുകള്‍ നിര്‍ദേശിക്കുന്ന രീതി ഇപ്പോള്‍ പൊതുവേ ഇല്ല. ചില പ്രശ്‌നങ്ങളൊക്കെ ജീവിതക്രമീകരണങ്ങള്‍ കൊണ്ടും ഭക്ഷണച്ചിട്ടകള്‍ കൊണ്ടും വ്യായാമം കൊണ്ടുമൊക്കെ നിയന്ത്രിക്കാന്‍ കഴിയും. അങ്ങനെ നിയന്ത്രിക്കാവുന്ന ഘട്ടം പിന്നിട്ടവര്‍ക്ക് പക്ഷേ, മരുന്നുകള്‍ കഴിക്കുക തന്നെ വേണം. 

മരുന്നു നിര്‍മാണവും ചികിത്സാ രംഗവുമൊക്കെ കച്ചവടവത്കരിക്കപ്പട്ടിട്ടുണ്ട് എന്നും അതിനാല്‍, ആധുനിക ചികിത്സകളും മരുന്നുകളുമൊക്കെ പാടേ ഉപേക്ഷിക്കണം എന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. കച്ചവടവത്കരണത്തിന്റെ ദോഷങ്ങളും അപകടങ്ങളുമൊക്കെയുണ്ടെന്നത് ഒരുപരിധി വരെ ശരിയുമാണ്. അത്തരം ദോഷങ്ങള്‍ മോഡേണ്‍ മെഡിസിന്റേതോ മരുന്നുകളുടേതോ അല്ല. അവ ഉപയോഗിക്കുന്ന രീതിയുടേതാണ്. അത്തരം ദോഷങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനും ചികിത്സകര്‍ക്കുമൊക്കെ ബാധ്യതയുണ്ട്. ആ ദോഷങ്ങള്‍ പരിഹരിക്കുന്നതിനു പകരം മരുന്നും ചികിത്സയും ഉപേക്ഷിക്കുകയും വ്യാജ പ്രചാരണങ്ങളില്‍ വീണുപോവുകയുമല്ല വേണ്ടത്.

അടുത്തകാലത്താണ് വീട്ടില്‍ പ്രസവിക്കുന്നതിനെ മഹത്വവത്കരിക്കുന്ന വലിയ പ്രചാരണങ്ങള്‍ നമ്മുടെ നാട്ടിലും കേട്ടുതുടങ്ങിയത്. പ്രസവം ഒരു സ്വാഭാവിക കാര്യമാണെന്നും അതിനായി ആശുപത്രിയില്‍ പോകരുതെന്നുമാണ് പ്രചാരണം. ജനനവും മരണവുമൊക്കെ സ്വാഭാവിക കാര്യങ്ങള്‍ തന്നെയാണ്. വീട്ടില്‍ പ്രസവിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. നമ്മുടെ അമ്മൂമ്മമാരോടൊക്കെ ഒന്നന്വേഷിച്ചാലറിയാം, പത്തും പന്ത്രണ്ടും പ്രസവങ്ങള്‍ വീട്ടില്‍ത്തന്നെ നടത്തിയ പഴയ ആളുകളുടെ കഥകള്‍. പ്രസവത്തിനിടെ അമ്മയോ കുഞ്ഞോ രണ്ടുപേരുമോ മരിച്ചുപോയ സംഭവങ്ങളും പറയാനുണ്ടാകും അവര്‍ക്ക്. പ്രസവത്തോടൊപ്പമുള്ള മരണവും നവജാത ശിശുക്കളുടെ മരണവും പരമാവധി കുറയ്ക്കുക, ഓരോ ജീവനും പരമാവധി കരുതല്‍ നല്‍കുക എന്ന ലക്ഷ്യത്തിലാണ് പ്രസവ സമയത്ത് ശരിയായ പരിചരണം നല്‍കുക എന്ന നിലപാടിലേക്ക് ആധുനിക മനുഷ്യന്‍ എത്തിയത്. വാശിപിടിച്ച് വീട്ടില്‍ പ്രസവിക്കുന്നവരെക്കാളധികം പേര്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ കാറിലും തീവണ്ടിയിലും വിമാനത്തില്‍ പോലും പ്രസവിച്ച സംഭവങ്ങളുമുണ്ട്. പ്രസവത്തോടൊപ്പമുള്ള മരണവും നവജാത ശിശു മരണവും കാര്യമായി കുറയ്ക്കാന്‍ നമുക്കു കഴിഞ്ഞത് ശരിയായ ചികിത്സാ സൗകര്യങ്ങളും പരിചരണ രീതികളും വ്യാപിപ്പിച്ചതിലൂടെയാണ്.

ലോകമെമ്പാടുമുണ്ട് വാക്‌സിന്‍ വിരുദ്ധരുടെ വ്യാജ പ്രചാരണങ്ങള്‍. നമ്മുടെ അപ്പൂപ്പനമ്മൂമ്മമാരുടെ തലമുറയ്ക്ക് പേടിസ്വപ്നമായിരുന്ന പല അസുഖങ്ങളും ഇന്ന് ഇല്ലാതായത് വാക്‌സിനുകളുടെ ശരിയായ ഉപയോഗംകൊണ്ടു തന്നെയാണ്. ഒരു 4045 വയസ്സിന് മുകളിലുള്ള ആളുകളെ നോക്കിയാല്‍ മുമ്പ് 'പോളിയോ' വന്ന് ശാരീരികാസ്വസ്ഥതകളുണ്ടായിട്ടുള്ള ചിലരെയെങ്കിലും കണ്ടെത്താനാവും. എന്നാല്‍, 2025 വയസ്സില്‍ താഴെയുള്ളവരില്‍ പോളിയോക്കാര്‍ തീരെ കുറവായിരിക്കും. 'വസൂരി' എന്നൊരു രോഗമുണ്ടായിരുന്നു മുമ്പ്..മഹായുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നതിനെക്കാളധികം മനുഷ്യരെ കൊന്നൊടുക്കിയ മഹാമാരി. ഇന്ന് ആ രോഗം പഴയ പുസ്തകങ്ങളില്‍ മാത്രമേയുള്ളൂ. വാക്‌സിന്‍ വിരുദ്ധത എന്നാല്‍, മനുഷ്യവിരുദ്ധത തന്നെയാണെന്ന് ഞാന്‍ പറയും. പ്രമേഹം വന്നവരെ ലഡു കഴിക്കാനും ചക്കപ്പഴം തിന്നാനുമൊക്കെ പ്രേരിപ്പിക്കുന്ന ചില ചികിത്സകര്‍ക്ക് നൂറുകണക്കിന് അനുയായികളുണ്ട് നമ്മുടെ നാട്ടില്‍പ്പോലും. 

കാലങ്ങളായി തുടര്‍ന്നുപോരുന്ന ചില നാട്ടറിവുകള്‍ക്കും ആളുകളുടെ വിശ്വാസങ്ങള്‍ക്കുമൊക്കെ തീര്‍ച്ചയായും വില കല്‍പ്പിക്കേണ്ടതാണ്. നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ലാത്തതും മനസ്സിലാക്കാനോ വിശദീകരിക്കാനോ പറ്റാത്തതുമൊക്കെയായ ഒരുപാടു കാര്യങ്ങള്‍ ഈ ലോകത്തുണ്ട്.ശരിയാണ്. പക്ഷേ, അതിന്റെയൊക്കെ പേരില്‍ കള്ളം പ്രചരിപ്പിക്കുന്നതും വ്യാജ ചികിത്സകള്‍ നടത്തി പണമുണ്ടാക്കുന്നതും മോശമാണ്. 

ഇപ്പോഴും നമ്മുടെ തെരുവുകളില്‍ ചിലപ്പോഴൊക്കെ കാണാം ചിലയിനം തൈലങ്ങളും എണ്ണകളുമുണ്ടാക്കി വില്‍ക്കുന്ന ലാട വൈദ്യന്മാരെയും മറ്റും. അവര്‍ ജീവിതവൃത്തിക്കു വേണ്ടി ചെയ്യുന്ന ഒരു തൊഴിലാണത്. ആ എണ്ണയോ കുഴമ്പോ വാങ്ങുന്നവരും അതിനെ അത്രയ്‌ക്കേ കാണുന്നുള്ളു. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഈ ചികിത്സ മതി, മറ്റെല്ലാം കള്ളമാണ് എന്ന വ്യാജ പ്രചാരണം അവര്‍ നടത്താറില്ല. എന്നാല്‍, ഇത്തരം ഇടപാടുകള്‍ ജീവിതവൃത്തിയാക്കിയ ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും വന്‍തോതില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പെടാപ്പാടു പെടുന്നുണ്ട്. 
അസുഖങ്ങളൊന്നുമില്ലാത്തവര്‍ക്ക്, അവരവര്‍ക്കിഷ്ടമുള്ള ഭക്ഷണച്ചിട്ടകളോ ജീവിതക്രമങ്ങളോ ഒക്കെ സ്വീകരിക്കാമല്ലോ. എന്നാല്‍, അസുഖങ്ങള്‍ വന്നാല്‍ ശരിയായ പരിശോധനകള്‍ നടത്തി, ലഭ്യമായ മികച്ച ചികിത്സ എടുക്കുന്നതു തന്നെയാണ് നല്ലത്. അങ്ങനെ നല്ല പരിശോധനയും ചികിത്സയും എടുക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ വേണ്ടിയുള്ള പ്രചാരണം പക്ഷേ, ക്രൂരമാണ്.മനുഷ്യവിരുദ്ധമാണ്.

ലൈസന്‍സ് ഇല്ലാത്തയാള്‍ വണ്ടിയോടിച്ചാല്‍ പോലീസ് പിടിച്ച് അകത്താക്കും. യോഗ്യതയില്ലാത്ത ഒരാളും സ്‌കൂളിലോ കോളേജിലോ പഠിപ്പിക്കുന്ന ജോലിക്ക് ശ്രമിക്കുകപോലുമില്ല. ക്ലാര്‍ക്കാകണമെങ്കില്‍ എസ്.എസ്.എല്‍.സി. പാസ്സായി പിന്നെ പി.എസ്.സി.യുടെ പരീക്ഷയും പാസ്സാകണം. 

എന്നാല്‍, നിങ്ങള്‍ക്കൊരു ചികിത്സകനാകണമെങ്കില്‍ എന്ത് അറിവില്ലായ്മയും വിളിച്ചുപറയാനുള്ള ചങ്കൂറ്റമുണ്ടായാല്‍ മാത്രം മതി. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള യോഗ്യത ഇല്ലാതെ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യാജ ചികിത്സകരുണ്ടാക്കുന്ന തെറ്റിദ്ധാരണയില്‍ കുടുങ്ങി അകാലമരണം വരിക്കേണ്ടിവന്നവര്‍ കുറവല്ല നമ്മുടെ നാട്ടില്‍. 
എപ്പോഴും എന്തെങ്കിലും ഒച്ചപ്പാടുകളുമായി അവര്‍ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചെടുത്തു കൊണ്ടിരിക്കും. ഇത്തരം വ്യാജന്മാരുടെ കള്ളപ്രചാരണങ്ങള്‍ക്കെതിരേ സര്‍ക്കാരോ സാമൂഹിക ഉത്തരവാദിത്വമുള്ള സംഘടനകളോ ഒന്നും ഒന്നുമേ ചെയ്യുന്നില്ലെന്നതാണ് സങ്കടകരം. 

ശരിയല്ലാത്ത ചികിത്സ നടത്തുന്നത്, ചികിത്സയിലെ അലംഭാവം, അനാവശ്യ ചികിത്സ. തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഡോക്ടര്‍മാരുടെയും ചികിത്സാ സ്ഥാപനങ്ങളുടെയും പേരില്‍ നിയമ നടപടികളെടുക്കാന്‍ സാധിക്കും ഇപ്പോള്‍. എന്നാല്‍, വ്യാജ ചികിത്സകര്‍ക്ക് അവിടെയും ഒന്നും പേടിക്കാനില്ല. 

മദ്യപാനാസക്തിയോ ലഹരികളോടുള്ള വിധേയത്വമോ ഒക്കെപ്പോലെ, ഒരുതരം അഡിക്ഷനാണ് വീഡിയോ ഗെയിമുകളോടൊക്കെയുള്ളത് എന്നൊരു സമീപനത്തിലേക്ക് അന്താരാഷ്ട്ര മനഃശാസ്ത്ര സമൂഹം എത്തിയതായി വായിച്ചിരുന്നു. വ്യാജ ചികിത്സകളോടും വ്യാജ പ്രചാരണങ്ങളോടും ഒരുതരം അഡിക്ഷനുള്ളവരായിരിക്കും ഇത്തരത്തില്‍ തികച്ചും മനുഷ്യവിരുദ്ധമായ കാര്യങ്ങളില്‍ അഭിരമിക്കുന്നത്.