വെളിച്ചമില്ലാതായാല്‍ ഇരുട്ട് തനിയേ വരും. വെളിച്ചം വരണമെങ്കില്‍ പക്ഷേ, ഒരു തിരി കൊളുത്തുകയോ സൂര്യന്‍ ഉദിക്കുകയോ വേണം. അല്ലെങ്കില്‍, മറ്റേതെങ്കിലും സ്രോതസ്സില്‍ നിന്ന് വെളിച്ചം വരണം. ഇരുട്ടിനെ അകറ്റാന്‍ കഴിയുംവിധം ഒരു ദീപം തെളിക്കുകയാണ് വേണ്ടത്, ഏതു കാര്യത്തിലായാലും.

കാന്‍സര്‍ ബോധവത്കരണ പരിപാടികളിലായാലും ചികിത്സാ സഹായം നല്‍കുന്ന പരിപാടികളിലായാലും ആരെങ്കിലുമൊരാള്‍ പ്രസംഗിക്കാറുള്ളത് കാന്‍സറിനെക്കുറിച്ചുള്ള പേടിയുടെ ഇരുട്ടിന് കട്ടികൂട്ടും വിധമായിരിക്കും. മിക്കയിടത്തും അതങ്ങനെയാണ് കാന്‍സര്‍ വന്നാല്‍ രോഗിയെ മാത്രമല്ല, രോഗിയുടെ കുടുംബത്തെക്കൂടി അത് കഷ്ടപ്പെടുത്തിക്കളയുമെന്ന വിധത്തില്‍. 

ഇന്ന് കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ എത്രയോ മുന്നേറിയിരിക്കുന്നു. രോഗം നേരത്തെ കണ്ടെത്താനുള്ള സൗകര്യങ്ങളും വളരെയേറെ മെച്ചപ്പെട്ടു. അതുകൊണ്ടുതന്നെ, കാന്‍സര്‍ മറ്റു രോഗങ്ങളെപ്പോലെ ഒരു സാധാരണ അസുഖം മാത്രമായി മാറിക്കഴിഞ്ഞു. ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെട്ടതു പോലെ തന്നെ, ചികിത്സാ സഹായങ്ങളും കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഗൗരവമായ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന പരിപാടി. ചികിത്സാ സഹായം നല്‍കിയവരില്‍ ഒരുവിഭാഗം പേര് സ്വാഭാവികമായും കാന്‍സര്‍ രോഗികളായിരുന്നു. അബ്ദുല്‍കലാം, ജോസഫ്, ലക്ഷ്മി..സഹായം ഏറ്റുവാങ്ങാനുള്ളവര്‍ വേദനയുടെ ഭാരവും പേറിയാണെത്തിയത്. വൃക്കരോഗികളും ഹൃദ്രോഗികളുമൊക്കെ ഉണ്ടായിരുന്നു കൂട്ടത്തില്‍. ജാതി-മത വ്യത്യാസങ്ങളൊന്നുമില്ലാതെ, രോഗികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച്, ഓരോരുത്തരുടെയും രോഗാവസ്ഥ മാത്രം പരിഗണിച്ചാണ് അവിടെ നിന്ന് സഹായം നല്‍കുന്നത്. അങ്ങനെ നല്‍കാനാവുന്ന തുകയുടെ കാര്യം തീരുമാനിച്ചിട്ടേ രോഗിയുടെ പേരു പോലും നോക്കാറുള്ളൂ. 

ദൈവത്തിന്റെ പേരില്‍ പണം നല്‍കാന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ മത്സരിക്കുകയാണല്ലോ. ഏതു മതത്തിലായാലും ദേവാലയങ്ങളിലേക്ക് ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും നല്‍കാന്‍ ആളുകള്‍ക്ക് മടിയില്ല. എന്നാല്‍, ഒരു സഹജീവിക്ക് സഹായമായി നല്‍കാന്‍ പണമെടുക്കുമ്പോള്‍ ആ ഉദാരതയൊന്നുമുണ്ടാവില്ല. കുറച്ചെന്തെങ്കിലും നല്‍കിയാലായി. നമുക്കറിയാം ദൈവത്തിന് നമ്മുടെ പണമോ വമ്പന്‍ കെട്ടിടങ്ങളോ ഒന്നും ആവശ്യമില്ല. അതൊക്കെ വേണ്ടത് മനുഷ്യര്‍ക്കാണ്. 

അപ്പോള്‍, ഇങ്ങനെ ദേവാലയങ്ങള്‍ക്കെല്ലാം ഇതൊരു മാതൃകയായെടുക്കാവുന്നതാണല്ലോ എന്നെനിക്കു തോന്നി. ഇത് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഉറൂസുകളുടെയും വാര്‍ഷികാഘോഷങ്ങളുടെയുമൊക്കെ കാലമാണല്ലോ. എല്ലാ ദേവാലയങ്ങളിലും ആഘോഷ പരിപാടികളുടെ പേരിലുള്ള ആര്‍ഭാടം തെല്ലൊന്നു കുറച്ചാല്‍, നാലു പേര്‍ക്കെങ്കിലും ചികിത്സാ സഹായം നല്‍കാന്‍ കഴിയും. ഒരു സംശയവും വേണ്ട, ആ ദേവാലയത്തില്‍ ദൈവസാന്നിധ്യമുണ്ടെങ്കില്‍ ആ ദൈവം കൂടുതല്‍ പ്രസാദിക്കുക ഈ കാരുണ്യത്തിന്റെ പേരില്‍ത്തന്നെയായിരിക്കും. 

കാന്‍സറിന് ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമില്ലെന്ന് നമ്മള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ രോഗങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങളൊന്നുമില്ലാതെ ഇത്തരത്തില്‍ ചികിത്സാ സഹായ വിതരണമോ രോഗനിര്‍ണയ ക്യാമ്പുകളോ നടത്താന്‍ എല്ലാ ദേവാലയങ്ങള്‍ക്കും കഴിയും. ഉത്സവത്തിന്റെ ഭാഗമായി കാന്‍സര്‍ നിര്‍ണയ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും നടത്താന്‍ ചിലയിടങ്ങളിലെങ്കിലും ഉത്സവക്കമ്മിറ്റിക്കാരും പെരുന്നാള്‍ സമിതിക്കാരുമൊക്കെ മുന്നിട്ടിറങ്ങുന്നുണ്ട് ഇപ്പോള്‍. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമൊക്കെ ഇത്തരം ചികിത്സാ സഹായ സംരംഭങ്ങളും ക്യാമ്പുകളുമൊക്കെ നടത്താന്‍ കഴിയും. രോഗങ്ങളെ പരമാവധി പ്രതിരോധിക്കാനും അതിനെക്കുറിച്ച് ശരിയായ അറിവു നേടാനും എല്ലാവര്‍ക്കും കഴിയുക എന്നതാണ് ഏറ്റവും പ്രധാനം. നമ്മുടെ മുഴുവനാളുകള്‍ക്കും രോഗസാധ്യതാ പരിശോധനകള്‍ നടത്താന്‍ കഴിയണം. ഏറ്റവും നേരത്തേ രോഗസാധ്യത കണ്ടെത്തുക തന്നെയാണ് ചികിത്സക്കാര്യത്തില്‍ പരമപ്രധാനം. രോഗം വന്നാലാകട്ടെ, ഏറ്റവും മികച്ച ചികിത്സ ഏറ്റവും കൃത്യമായി നല്‍കാന്‍ നമുക്കു കഴിയണം. 

പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ എല്ലാവരും പുതിയ പ്രതിജ്ഞകളും തീരുമാനങ്ങളുമൊക്കെ എടുക്കുക പതിവാണല്ലോ. പലപ്പോഴും പഴയ പ്രതിജ്ഞകള്‍ പൊടിതട്ടിയെടുക്കല്‍ തന്നെയായിരിക്കും പതിവ്. എങ്കിലും ആരോഗ്യ കാര്യത്തില് നല്ല ശ്രദ്ധ നല്‍കുമെന്നൊരു പ്രതിജ്ഞ കൂടി എടുക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. രോഗത്തെക്കുറിച്ച് ശരിയായി അറിയുക, പ്രതിരോധ മാര്‍ഗങ്ങള് സ്വീകരിക്കുക, വന്നാല്‍ ഏറ്റവും നേരത്തെ മികച്ച ചികിത്സതേടുക, രോഗദുരിതമനുഭവിക്കുന്നവരെ കഴിവുപോലെ സഹായിക്കുക... ആരോഗ്യഭരിതമായ, സ്‌നേഹ നിര്‍ഭരമായ പുതുവത്സരാശംസകളോടെ...