vp gangadharan
ഡോ.വി.പി ഗംഗാധരനും അബ്ദുള്‍ കരീമും

കഴിഞ്ഞയാഴ്ച ചികിത്സ തേടിയെത്തിയ രണ്ടു പേരെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഒരാള്‍ അബ്ദുള്‍ കരീം. വയസ്സ് 73. നേരത്തെ ഗൗരവമായ ചില അസുഖങ്ങളൊക്കെ ഉണ്ടായിരുന്നയാളാണ്. ഇപ്പോള്‍ കടുത്ത ചുമയായിട്ടാണ് വന്നത്. അദ്ദേഹം തൊണ്ടയില്‍ ഒരു ടൗവല്‍ ചുറ്റി മറച്ചിട്ടുണ്ടായിരുന്നു. 25 കൊല്ലം മുമ്പ് തൊണ്ടയില്‍ കാന്‍സര്‍ വന്ന് സ്വനപേടകം നീക്കം ചെയ്യേണ്ടി വന്നയാളാണ്. അതിനാല്‍ ഇപ്പോള്‍ സംസാരിക്കുമ്പോള്‍ ശബ്ദം ഉണ്ടാവില്ല. അദ്ദേഹത്തിന് ഉള്ളില്‍ സംസാരമുണ്ട്. പക്ഷേ, നമുക്ക് കേള്‍ക്കാനാവില്ല. ശബ്ദം ഇല്ല!

ഒരു കാലത്ത് വാക്കുകള്‍ കൊണ്ട് വിസ്മയം സൃഷ്ടിച്ചിരുന്ന ഒരാളാണ് അദ്ദേഹം. ഒന്നാന്തരം പ്രസംഗകനായിരുന്നു. വെറുതേ പ്രസംഗകന്‍ എന്നു പറഞ്ഞതു കൊണ്ടായില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗമത്സരത്തില്‍ വിജയിയായതിന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന് സമ്മാനം വാങ്ങിയ മിടുക്കന്‍. അതിനു ശേഷം ഉജ്വല വാഗ്മിയായി ആദരിക്കപ്പെട്ടിട്ടുള്ളയാള്‍. പക്ഷേ, ഏതാണ്ട് 22-23 വയസ്സില്‍ പുകവലി തുടങ്ങി. ഒരു ദിവസം ശരാശരി 15 പായ്ക്കറ്റ് സിഗരറ്റ് വലിച്ചു തള്ളി. ഏതാണ്ട് 47-48 വയസ്സായപ്പോഴേക്ക് തൊണ്ടയില്‍ ചില അസ്വസ്ഥതകള്‍ തുടങ്ങി. ജീവിതത്തിലെ ഏറ്റവും ഊര്‍ജസ്വലമായ ആ 25 വര്‍ഷം അദ്ദേഹം ഏറ്റവും ഊര്‍ജത്തോടെ ചെയ്ത ഒരു കാര്യം പുകവലിയായിരുന്നു. 

ഫലം തൊണ്ടയില്‍ കാന്‍സര്‍. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്ന പ്രസംഗശേഷി എന്നേക്കുമായി ഇല്ലാതാക്കിക്കൊണ്ട് സ്വനപേടകത്തെ തകര്‍ത്തു കളഞ്ഞു കാന്‍സര്‍. പക്ഷേ, ശബ്ദം പോയതു കൊണ്ട് തളരുന്നയാളല്ല അബ്ദുള്‍ കരീം. ജീവിതത്തോട് അദ്ദേഹത്തിനുള്ള പ്രസാദ പൂര്‍ണവും സ്‌നേഹഭരിതവുമായ കാഴ്ചപ്പാടിന് മാറ്റമൊന്നും വന്നില്ല. പ്രസംഗമില്ലാതെ തന്നെ അദ്ദേഹം പൊരുതി ജീവിച്ചു ജയിച്ചു.

അന്നു മുതല്‍ പുകവലിക്കെതിരായ പോരാട്ടം അദ്ദേഹത്തിന് ജീവിതവ്രതമായി. പുകവലിക്കെതിരായ കുരിശുയുദ്ധത്തെ ക്രുസേഡ് എഗെന്‍സ്റ്റ് സ്‌മോക്കിങ് എന്ന പേരില്‍ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തു അബ്ദുള്‍ കരീം. എപ്പോഴും അദ്ദേഹത്തിന്റെ പക്കല്‍ ചെറിയ കുറച്ചു നോട്ടീസുകളുണ്ടാവും. എവിടെയെങ്കിലും പുകവലിക്കാരെ കണ്ടാല്‍ അവര്‍ക്ക് ആ നോട്ടീസ് നല്‍കും. അതില്‍ പറയുന്നതിങ്ങനെ-

സുഹൃത്തേ, താങ്കള്‍ ഇപ്പോള്‍ പുകവലിക്കുന്നതു കണ്ടു. അമിതമായ പുകവലി മൂലം ലാരിങ്സില്‍ കാന്‍സര്‍ പിടിപെടുകയും അതു നീക്കം ചെയ്യുക വഴി സംസാരിക്കുമ്പോള്‍ ശബ്ദം നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. ദയവായി ഇന്നു മുതല്‍ പുകവലി നിര്‍ത്തുക. പുകവലി നിര്‍ത്താന്‍ താങ്കള്‍ തയ്യാറാണെങ്കില്‍ ഇതിനു ചെലവഴിക്കുന്ന തുക കൂട്ടി വെച്ച് വീട്ടു ചെലവിന് ഉപയോഗിക്കാന്‍ വേണ്ടി ഒരു സേവിങ്സ് ബോക്‌സ് തികച്ചും സൗജന്യമായി താങ്കളുടെ വീട്ടിലോ സ്ഥാപനത്തിലോ എത്തിച്ചു തരാം. താത്പര്യമുണ്ടെങ്കില്‍ താങ്കളുടെ മേല്‍വിലാസം ഒരു പോസ്റ്റ് കാര്‍ഡില്‍ താഴെക്കാണുന്ന മേല്‍ വിലാസത്തില്‍ അയച്ചുതരിക.

ഒട്ടേറെ ആളുകളെ പുകവലിയെന്ന മാരകമായ ദുശ്ശീലത്തില്‍ നിന്ന് പുറത്തു കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. അന്ന് പിടിപെട്ട കാന്‍സര്‍ ഒരു സര്‍ജറിയിലൂടെയും മറ്റു ചികിത്സകളിലൂടെയും പൂര്‍ണമായി ഭേദമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ശബ്ദം കേള്‍പ്പിക്കാതെയാണെങ്കിലും 25 വര്‍ഷത്തിലധികം സംതൃപ്തിയോടെ ജീവിതം അനുഭവിക്കാനായി. പക്ഷേ, മുമ്പ് വലിച്ചു തീര്‍ത്ത പുകയിലയുടെ ദോഷഫലങ്ങള്‍ അദ്ദേഹത്തെ വിട്ടകന്നില്ല. പുകവലിയുടെ അനന്തരഫലമായുണ്ടാകുന്ന ശ്വാസകോശ കാന്‍സര്‍ ഏറെക്കാലത്തിനു ശേഷം ബാധിച്ചിരിക്കുകയാണ്. ഇത്തവണയും അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ്. രോഗത്തെ കീഴടക്കാനും കൂടുതലാളുകളെ പുകവലിയെന്ന മാരക വിപത്തില്‍ നിന്ന് കരകയറ്റാനും അദ്ദേഹത്തിന് ഇനിയും ഏറെക്കാലം ആരോഗ്യത്തോടെയും ആഹ്ലാദത്തോടെയും ജീവിക്കേണ്ടതുണ്ട്.

കഴിഞ്ഞയാഴ്ച കണ്ട മറ്റൊരാള്‍ ഏതാണ്ട് 50 വയസ്സ് പ്രായമുള്ളയാളാണ്. യുവാവ് എന്നു തന്നെ പറയാം ഇപ്പോഴും. നമുക്കദ്ദേഹത്തെ രാജു എന്ന് വിളിക്കാം. അദ്ദേഹം പുകവലിക്കാരനായിരുന്നില്ല. പുകയില ചവയ്ക്കുന്നയാളായിരുന്നു. നാവിനടിയില്‍ പുകയിലത്തരികള്‍ വെച്ച് രസം ആസ്വദിച്ചിരുന്നയാള്‍. എത്രയോ വര്‍ഷമായി നാവില്‍ പുകയില ഇല്ലാത്ത നേരമില്ലായിരുന്നു അദ്ദേഹത്തിന്. നാവിന്റെ ഒരു ഭാഗത്ത് കാന്‍സര്‍ ബാധിച്ചിരിക്കുന്നു. ഓപ്പറേഷനിലൂടെ അത് മുറിച്ചു നീക്കാതെ നിവൃത്തിയില്ല. അദ്ദേഹത്തിന് രണ്ട് പെണ്‍ മക്കളാണ്. മൂത്തയാളുടെ കല്യാണക്കാര്യങ്ങള്‍ നടക്കുന്നു. അത് നടക്കും മുമ്പ് രോഗിയായി ശബ്ദമില്ലാതെ ഒതുങ്ങിക്കൂടുന്നതെങ്ങനെ എന്ന വേവലാതിയിലാണ് അദ്ദേഹം.

സിനിമാ തീയേറ്ററിലൊക്കെ ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്... എന്ന മട്ടിലുള്ള പുകവലി വിരുദ്ധ പരസ്യങ്ങള്‍ കാണുമ്പോള്‍ തമാശയേ തോന്നിയിരുന്നുള്ളൂ എന്നു പറഞ്ഞു രാജു. എന്നാല്‍, പുകവലിയും പുകയില ഉപയോഗവും ഒട്ടും തമാശയല്ലെന്ന് ജീവിതം കൊണ്ടറിഞ്ഞിരിക്കുന്നു.

കുറേ മുമ്പ് ഒരാളുണ്ടായിരുന്നു. ഗള്‍ഫിലായിരുന്നു അദ്ദേഹം. അന്ന് അവിടെ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ടായിരുന്നില്ല. കടുത്ത പുകവലി മൂലം കാന്‍സര്‍ ബാധിതനായ അദ്ദേഹം ഒരിക്കല്‍ ലോക കാന്‍സര്‍ ദിനത്തില്‍ പുറത്തിറങ്ങി തെരുവിലൂടെ നടന്ന് പുകവലിക്കാരുടെ പക്കല്‍ നിന്ന് സിഗരറ്റുകള്‍ ബലമായി പിടിച്ചെടുത്ത് ബഹളമുണ്ടാക്കി. ബലപ്രയോഗം പ്രശ്‌നമായപ്പോള്‍ പലയിടത്തും പോലീസിന് ഇടപെടേണ്ടി വന്നു. അപ്പോളാണ് പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള ഫലവത്തായ പ്രചാരണമായിരുന്നു അതെന്ന് എല്ലാവരും മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ പ്രവൃത്തി നിരവധി രാജ്യങ്ങളില്‍ വാര്‍ത്തയായി മാറിയിരുന്നു. 

മുമ്പ് കാര്യമായി കുറഞ്ഞിരുന്ന പുകവലിയും പുകയില ഉപയോഗവും ഇപ്പോള്‍ വീണ്ടും പ്രചാരം നേടുന്നതായി തോന്നുന്നുണ്ട്. വളരെ എളുപ്പം ഒഴിവാക്കാവുന്നതും ശീലിക്കുന്നതു കൊണ്ട് ആര്‍ക്കും ഒരാഹ്ലാദവും കിട്ടാനിടയില്ലാത്തതുമായ മാരകമായ ഒരു ദുശ്ശീലമാണ് പുകയില ഉപയോഗം. അബ്ദുള്‍ കരീമിന്റെ ഉപദേശം സ്വീകരിച്ച് പുകയില ഉപയോഗക്കാര്‍ അതിനായി ചെലവഴിക്കുന്ന പണം മാറ്റി വെച്ചിരുന്നെങ്കില്‍ അത് ലോകത്തിനു വലിയ നേട്ടമാകുമായിരുന്നു.