കടം കൊടുത്ത പണം തിരികെ മേടിക്കാൻ, വിരോധമുള്ളയാളെ കൊല്ലാൻ, ശത്രുതയുള്ളയാളെ ഉപദ്രവിച്ച് രസിക്കാൻ... എന്തിനും ക്വട്ടേഷൻ കൊടുക്കുന്ന കാലമാണിത്. അത്തരം കാര്യങ്ങൾക്കു മാത്രമല്ല, കല്യാണമോ മറ്റ് ആഘോഷങ്ങളോ നടത്താൻ, പറ്റിയ വരനെയോ വധുവിനെയോ കണ്ടെത്താൻ ഒക്കെ നമ്മൾ ക്വട്ടേഷൻ കൊടുക്കുകയാണല്ലോ ചെയ്യുന്നത്. ക്വട്ടേഷനുകളുടെ കാലമാണിത്

 ക്വട്ടേഷനില്ലാതെ എന്തു കാര്യമാണ് നടത്തുന്നത്. ഒരു രോഗം വന്നാൽ ചികിത്സിച്ചു മാറ്റാനായി ആശുപത്രിക്കോ ഡോക്ടർക്കോ ക്വട്ടേഷൻ കൊടുക്കുകയാണെന്നു പോലും പറയാം. അങ്ങനെ നോക്കുമ്പോൾ, ഇപ്പറഞ്ഞ ക്വട്ടേഷൻ അത്ര മോശം കാര്യമൊന്നുമല്ലെന്നു തോന്നും. മറ്റെല്ലാറ്റിലും നല്ലതും ചീത്തയുമായ കാര്യങ്ങളുള്ളതു പോലെ ക്വട്ടേഷനിലും ഉണ്ടാവാമെന്നല്ലേയുള്ളൂ.

 ഒന്നാലോചിച്ചാൽ, നാം ജനിക്കുന്നതു തന്നെ ദൈവത്തിന്റെ ഒരു ക്വട്ടേഷൻ ഏറ്റെടുത്തു കൊണ്ടല്ലേ ജനിക്കുന്ന സമയത്ത് ഏറ്റവും അബലനായ ജീവിയാണ് മനുഷ്യൻ. മറ്റേതൊരു മൃഗവും ജനനവേളയിലും ശൈശവത്തിലുമൊക്കെ മനുഷ്യനെക്കാൾ ബലമുള്ളവരാണ്. പിറന്നാൽ ദിവസങ്ങളോ ആഴ്ചകളോ കഴിയുമ്പോൾ തൻകാര്യ പ്രാപ്തി നേടുന്നവർ. എന്നാൽ മനുഷ്യന്റെ കാര്യമോ! അമ്മിഞ്ഞപ്പാൽ കുടിക്കുമ്പോൾ ഇത്തിരി അധികമായി നെഞ്ചിൽ കെട്ടിയാൽ മതി ജീവൻ പോകാൻ.

ഒരു കൊതുകു കടിക്കുകയോ ഈച്ച വന്നിരിക്കുകയോ ചെയ്താൽ ജീവൻ പോകാൻ അതുമതിയാകും. അത്രയേറെ അബലനാണ് മനുഷ്യൻ. ആ വേളയിൽ നമ്മെ സംരക്ഷിച്ചു നിർത്തുന്നത് ദൈവത്തിന്റെ ക്വട്ടേഷനാണ്. 
തിരികെ നമ്മെയും ചില ക്വട്ടേഷൻ ജോലികൾ ഏല്പിച്ചിട്ടുണ്ട് ദൈവം. ഇവിടെ നമുക്കു ചെയ്യാനുള്ള ഒട്ടേരെ കാര്യങ്ങൾ ആ ക്വട്ടേഷനാണ്. ദൈവത്തിന്റെ കൈയിൽ നിന്ന് ക്വട്ടേഷൻ അഡ്വാൻസ് വാങ്ങിയിട്ടാണ് നമ്മൾ ഇങ്ങനെ നടക്കുന്നത്. നമ്മുടെ ജീവിതമാണ് ദൈവത്തിന്റെ ക്വട്ടേഷനുള്ള ആ അഡ്വാൻസ്. ദൈവം ഏല്പിച്ചു വിടുന്ന ക്വട്ടേഷൻ ശരിയായി നടത്തിക്കൊടുക്കാൻ നമുക്ക് പറ്റുന്നുണ്ടോ എന്നതാണ് കാര്യം.

കുറച്ചു കൂടി കടത്തിച്ചിന്തിച്ചാൽ അകത്തും പുറത്തും ക്വട്ടേഷനുകളുമായി നടക്കുന്നവനാണ് അബലനായ ഈ മനുഷ്യൻ. നമ്മുടെ ഹൃദയത്തെയും കരളിനെയും വൃക്കയെയും ഒക്കെ എന്തെന്തു ക്വട്ടേഷനുകളാണ് ഏല്പിച്ചിട്ടുള്ളത്! ആ ക്വട്ടേഷനുകൾ ഏറ്റെടുത്തു നടത്തുന്നതിൽ അവരാരെങ്കിലും പരാജയപ്പെട്ടാൽ നമ്മുടെ കഥ. അകത്ത് അവരുടെ ആ ക്വട്ടേഷനുകൾ ഭംഗിയായി നടന്നാലെ പുറത്ത് നമ്മുടെ ക്വട്ടേഷനുകൾ നമുക്ക് നടത്താൻ പറ്റൂ.
മരണവും ഒരു തരം ക്വട്ടേഷൻ തന്നെ. ഓരോരുത്തരുടെയും മരണം ഭംഗിയായി നടപ്പാക്കാനുള്ള ക്വട്ടേഷൻ ഓരോര ഇടങ്ങളിലാണ്. ചിലർക്ക് അത് പ്രകൃതിയാണ്. മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ ഒക്കെയായിരിക്കും ആ ക്വട്ടേഷൻ ഏറ്റെടുത്തു നടത്തുന്നത്‌.

പലപ്പോഴും നമ്മുടെ കാര്യം ശരിയാക്കാനുള്ള ക്വട്ടേഷൻ കൊടുത്തിരിക്കുന്നത് നമ്മുടെ തന്നെ ഉള്ളിലുള്ള അവയവങ്ങളെയാണ്. ഗുരുതര രോഗങ്ങളായി അവതരിച്ച് ആ ക്വട്ടേഷനങ്ങു നടപ്പാക്കും. നമ്മൾ മഹാ ബലവാന്മാരാണ്, എല്ലാ കാര്യങ്ങളും സ്വയം ഏറ്റെടുത്തും അല്ലാത്തവ മറ്റുള്ളവർക്ക്‌ ക്വട്ടേഷൻ കൊടുത്തും നാമങ്ങു നടത്തിക്കളയും എന്ന അബദ്ധധാരണയുമായി കഴിയുന്നതാണ് നമ്മുടെ അഹങ്കാരങ്ങൾക്കും പൊങ്ങച്ചങ്ങൾക്കുമൊക്കെ കാരണം.

ദൈവം നമ്മളെ ഏല്പിച്ചിട്ടുള്ള ഒരു ക്വട്ടേഷനുണ്ട്- കഴിവതും സൗമ്യമായി മറ്റുള്ളവർക്ക് പറ്റുന്ന സഹായങ്ങൾ ചെയ്യാനുള്ള ക്വട്ടേഷനുകൾ മാത്രം ഏറ്റെടുത്ത് സന്തോഷത്തോടെ ജീവിച്ചു തീർക്കുക എന്ന ക്വട്ടേഷൻ. അതിനപ്പുറം തിന്മയുടെ ഇരുണ്ട നിറമാണ്ട ക്വട്ടേഷനുകളിലേക്ക് അഹന്തയുടെ വിരലും പിടിച്ച് നടന്നു കയറുമ്പോളാണ് എല്ലാം പൊളിഞ്ഞു വീഴുന്നത്.