കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരു പരിപാടിക്കു പോയിരുന്നു. ചട്ടമ്പിസ്വാമികളുടെ സ്മരണയിലുള്ള ഒരു അവാർഡ് ചടങ്ങിൽ പങ്കെടുക്കാനാണ് പോയത്. അവിടെ പോകുന്ന വിവരം അറിഞ്ഞാണ് അദ്ദേഹം വിളിച്ചത്. വളരെ മുമ്പ് ചികിത്സയിലുണ്ടായിരുന്നയാളാണ്. നമുക്ക് അദ്ദേഹത്തെ ജിനൻ എന്നു വിളിക്കാം. ഡോക്ടറേ ഞാൻ ജിനനാണ് 1994-ൽ ഡോക്ടറുടെ ചികിത്സയിലുണ്ടായിരുന്നയാളാണ് ഓർമയുണ്ടാവണമെന്നില്ല.


ജിനന്റെ അന്നത്തെ അസുഖവിവരങ്ങളും ചികിത്സാ സമയത്തെ ബുദ്ധിമുട്ടുകളുമൊക്കെ പെട്ടെന്ന് എനിക്ക് ഓർമയിൽ വന്നു. അവ പറഞ്ഞുകേട്ടപ്പോൾ ജിനൻ ചോദിച്ചു ‘‘ഡോക്ടറേ ഇവിടെ വരുമ്പോൾ ഞാൻ കാണാൻവന്നാൽ ബുദ്ധിമുട്ടാകുമോ ?’’
ജിനനും ഒപ്പം അദ്ദേഹത്തിന്റെ പരിചയത്തിൽപ്പെട്ട കൃഷ്ണകുമാറും കൂടിയാണ് വഴിയിൽവെച്ച് എന്നെ കണ്ടത്.

കൃഷ്ണകുമാറിന്റെ സഹോദരി കോമളം രക്താർബുദം വന്ന് കുറച്ചുനാൾ പിടിച്ചുനിന്നെങ്കിലും മരണത്തിനു കീഴടങ്ങേണ്ടിവന്നു. അവിടെ കൃഷ്ണന്റെ അമ്പലത്തിനു മുന്നിൽ ആൽമരത്തിന്റെ തണലിൽ ഞങ്ങൾ വർത്തമാനം പറഞ്ഞ് അല്പനേരം നിന്നു.
എങ്ങനെയുണ്ട് ജിനൻ, സുഖമായിരിക്കുന്നല്ലോ അല്ലേ?

ഓ! ഞാനൊരു ഭാഗ്യമില്ലാത്തയാളാ ഡോക്ടർ അങ്ങനെയൊക്കെ കഴിഞ്ഞുപോകുന്നു. ങേ! എന്തുപറ്റി ജിനൻ? കുട്ടികളൊക്കെ ഇപ്പോൾ വലുതായില്ലേ.  മക്കൾ മൂന്നുപേരും വലുതായി. മൂന്നുപേരും നല്ല നിലയിൽ ജീവിക്കുന്നു. പിന്നെന്താ? ജിനന് മറ്റെന്തെങ്കിലും വിഷമതകളുണ്ടോ?ഇല്ല ഡോക്ടർ. ജീവിക്കാൻ പ്രശ്നങ്ങളൊന്നുമില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ല വീട്ടിൽ എല്ലാവരും സന്തോഷമായി പോകുന്നു.

പിന്നെ എന്താണ് പ്രശ്നം? ഓ! ഞാനൊരു ഭാഗ്യമില്ലാത്തവനാ ഡോക്ടർ ജിനൻ ഭാഗ്യമില്ലായ്മയുടെയും ദൈവാധീനക്കുറവിന്റെയും പരാതികളിൽ നിന്ന് വിടുന്നതേയില്ല. 

അപ്പോൾ കൃഷ്ണകുമാർ പറഞ്ഞു-‘ജിനൻ, ഇത് അമ്പലനടയിലാണ് നമ്മൾ നിൽക്കുന്നത്. ഇവിടെെവച്ചെങ്കിലും ദൈവദോഷം പറയരുത്.’
എനിക്ക് ചെറിയൊരു ചിരിയാണ് വന്നത്. ഏതാണ്ടൊരു 25 കൊല്ലം മുമ്പ് ആശുപത്രിയിൽ വന്ന ജിനൻ ശരീരത്തിൽ കഷ്ടി ജീവൻ പിടിച്ചുനിർത്താൻ മാത്രം കഴിയുന്ന ഒരാളായിരുന്നു.

വയറ്റിൽ സർകോമ വന്ന് ഭക്ഷണംകഴിക്കാനേ കഴിയാതെ മെലിഞ്ഞുണങ്ങി കണ്ണുകൾ തുറിച്ചുനിൽക്കുന്ന അസ്ഥിക്കോലം പോലൊരാൾ. ചികിത്സ എത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ ഞങ്ങൾക്കും വലിയ സംശയമായിരുന്നു. അന്നാണെങ്കിൽ ചികിത്സകളും മരുന്നുകളും ഇന്നത്തെക്കാൾ എത്രയോ പരിമിതവുമായിരുന്നു.

ദൈവാധീനമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. കീമോ തെറാപ്പിയോട് ജിനന്റെ ശരീരം വളരെ നന്നായാണ് പ്രതികരിച്ചത്. സർകോമ പൂർണ നിയന്ത്രണത്തിലായി. അതുവരെ ശരീരത്തിനാവശ്യമായ ഭക്ഷണം നൽകി ജീവൻ പിടിച്ചുനിർത്താനും പ്രത്യേക കരുതൽ നൽകണമായിരുന്നു. ശസ്ത്രക്രിയ ചെയ്യാനായാലേ രക്ഷയുള്ളൂ എന്ന് അദ്ദേഹത്തോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു. അതിനു പറ്റിയ നിലയിലേക്ക് എത്തിക്കാൻ മരുന്ന്‌ നൽകാമെന്നേയുള്ളൂ ഡോക്ടർമാർക്ക്.

മരുന്നുകളോട് ശരീരം ഇന്ന വിധത്തിൽ കൃത്യമായി പ്രതികരിച്ചു കൊള്ളണം എന്ന് നമുക്കു പറയാനാവില്ലല്ലോ. ഏതായാലും ജിനന് ശസ്ത്രക്രിയ നടത്താനായി. രോഗം പൂർണമായും ഭേദമായി. അതെല്ലാംകഴിഞ്ഞ് പത്തിരുപത്തിനാലു വർഷമാകുന്നു. അതിനിടെ ജിനൻ ആഹ്ലാദകരമായ കുടുംബ ജീവിതം നയിച്ചു. മൂന്നു മക്കൾ നല്ലനിലയിലായി. സാമ്പത്തികമായി മികച്ച നിലയിലായി.
ഇതൊക്കെ കഴിഞ്ഞ് ജിനൻ പറയുന്നു അദ്ദേഹത്തിന് ഭാഗ്യവും ദൈവാധീനവുമില്ല എന്ന്.

ഒപ്പമുണ്ടായിരുന്ന കൃഷ്ണകുമാർ ജിനനെ ഓർമിപ്പിച്ചു. ‘നോക്കൂ ജിനൻ, നിങ്ങൾ ആശുപത്രിയിലുണ്ടായിരുന്ന സമയത്തുതന്നെയാണ് എന്റെ സഹോദരിയും അവിടെയുണ്ടായിരുന്നത്. അവൾക്ക് ജീവൻ തിരിച്ചു കിട്ടിയില്ല. രോഗം ഭേദമായി തുടർന്നും ജീവിക്കാൻ കഴിയുന്നു എന്നതിനേക്കാൾ വലിയ എന്തു ഭാഗ്യമാണ് നിങ്ങൾക്ക് വരാനുള്ളത്! നിങ്ങളെപ്പോലെ ഭാഗ്യവാനും ദൈവാധീനമുള്ളവനുമായി മറ്റൊരാളില്ലെന്നേ എനിക്കു പറയാനാവൂ.

ജിനൻ അപ്പോഴും ഭാഗ്യക്കേടിന്റെയും മറ്റും കാര്യങ്ങൾ പതുക്കെ പറയാൻ ശ്രമിക്കുകയായിരുന്നു. ശരിയായിരിക്കാം. രോഗം വരാതിരിക്കുകയും കൂടുതൽ വലിയ നേട്ടങ്ങളുണ്ടാവുകയും ചെയ്തെങ്കിൽ അദ്ദേഹത്തിന് ഇപ്പോഴുള്ളതിനെക്കാൾ വലിയ അവസ്ഥ ഉണ്ടായെന്നു വന്നേക്കാം. ആ രോഗം വന്നിട്ടോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ മരണമോ സമാന സാഹചര്യങ്ങളോ ഉണ്ടായാൽ ഇത്തരം ആലോചനകൾക്കൊന്നും അദ്ദേഹം ബാക്കിയുണ്ടാവുകപോലും ചെയ്യുമായിരുന്നില്ലല്ലോ.

നമ്മളിൽ വലിയൊരു വിഭാഗം പേർ ഇത്തരത്തിൽ ലഭിച്ച സൗഭാഗ്യങ്ങളെ മനസ്സിലാക്കുന്നതിനെക്കാൾ ലഭിക്കാതെപോയ സൗഭാഗ്യങ്ങളുടെ പേരിൽ തീരാത്ത പരാതിയുമായി നടക്കുന്നവരാണ്. എന്തെങ്കിലും വിഷമമോ ദുരിതമോ വരുമ്പോൾ പ്രാർഥനയും വഴിപാടുകളും വാഗ്ദാനങ്ങളുമായി മുന്നിട്ടിറങ്ങും. ആ വിഷമകാലം പിന്നിട്ടാൽ പിന്നെ വരുന്നത് ലഭിക്കാതെ പോയ സൗഭാഗ്യങ്ങളെക്കുറിച്ചുള്ള പഴയ പരാതികൾ തന്നെയായിരിക്കും.

പരീക്ഷ വരുമ്പോൾ കരഞ്ഞുവിളിച്ച് പ്രാർഥിച്ചും വഴിപാടു നേർന്നും നടക്കും. ആഗ്രഹിച്ച വിജയം നേടിയാൽപ്പോലും പഴയ പ്രാർഥനയുടെയും വഴിപാടുകളുടെയും ഉപകാരസ്മരണ മനസ്സിലുദിക്കുന്നവർ കുറവായിരിക്കും. പാലം കടക്കുവോളം നാരായണ നാരായ. പാലം കടന്നാൽ കൂരായണ എന്ന് പണ്ടുള്ളവർ പറഞ്ഞിരുന്ന ആ സ്വഭാവം വലിയൊരു വിഭാഗം പേരുടെയും അടിസ്ഥാന മനോഭാവമാണെന്നു തോന്നുന്നു. അങ്ങനെയുള്ളവർക്ക് പക്ഷേ, ഒരിക്കലും മനസ്സിൽ സംതൃപ്തിയോ ആഹ്ലാദമോ ഉണ്ടായെന്നുവരില്ല. അവരെന്നും പരാതിക്കാരും സങ്കടക്കാരുമായിത്തന്നെ ജീവിച്ചുമരിക്കും. ആഹ്ലാദവും സംതൃപ്തിയുമുള്ള മനസ്സുകളുടെ ഒരു പ്രതികരണമാണ് ഉപകാരസ്മരണയും നന്ദിനിറഞ്ഞ മനസ്സുമൊക്കെ.