ല്ലാ ദുരിതങ്ങള്‍ക്കുമിടയിലും ഭാവിയില്‍ കേരളത്തിന് അഭിമാനിക്കാവുന്ന ചില കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട് 2018-ലെ വെള്ളപ്പൊക്കം. വെള്ളപ്പൊക്കം മൂലം ദുരിതത്തിലായ ചിലരെ സഹായിക്കുന്ന കുറച്ച് നല്ല സുഹൃത്തുക്കള്‍ വിളിച്ചിട്ടാണ് കഴിഞ്ഞദിവസം പാലക്കാട്ടേക്ക് പോയത്. മലമ്പുഴയില്‍ അണക്കെട്ടിന്റെ ഭാഗത്തു നിന്ന് ഉള്ളിലേക്ക് പിന്നെയും ഒരു പത്തിരുപത്തഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്കു പോയി. പ്രളയത്തില്‍ നാശമുണ്ടായ ചില പ്രദേശങ്ങളിലൊക്കെ പോവുകയും അവസ്ഥകള്‍ കാണുകയും ചെയ്തിരുന്നതാണ്. എന്നാല്‍, അതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ദുരിതക്കാഴ്ചയായിരുന്നു മലമ്പുഴയുടെ ആ ഉള്‍പ്രദേശത്ത് കണ്ടത്. അവിടങ്ങളില്‍ ഇത്തരം പ്രളയ ദുരിതമുണ്ടായതൊന്നും വാര്‍ത്തകളില്‍ പോലും കണ്ടിരുന്നതുമില്ല.

രാജീവ്, നാരായണേട്ടന്‍, കിരണ്‍ തുടങ്ങി ചിലരൊക്കെ എന്നോടൊപ്പം ഉണ്ടായിരുന്നു. വീട് പൂര്‍ണമായി തകര്‍ന്നുപോയ ചിലര്‍ക്ക് തത്കാലത്തേക്ക് താമസിക്കാനുള്ള വീടുകള്‍ പണിതു കൊടുത്തിട്ടുണ്ട് അവര്‍. അങ്ങനെ രണ്ടു വീടുകള്‍ വീട്ടുകാര്‍ക്ക് തുറന്നുകൊടുക്കുന്ന ലളിതമായൊരു ചടങ്ങില്‍ പങ്കെടുക്കാനാണ് അവര്‍ക്കൊപ്പം പോയത്.

ഞങ്ങള്‍ മൂന്നു നാലു പേരും ആ വീട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ നേരത്തേ താമസിച്ചിരുന്ന ചെറിയ വീട് ഇടിഞ്ഞുപൊളിഞ്ഞ് നാശമായി കിടക്കുന്നുണ്ടായിരുന്നു. അതിനു തൊട്ടടുത്താണ് താത്കാലിക വീട് വച്ചിരിക്കുന്നത്. കല്ലുകെട്ടി സിമന്റ് തേച്ച വീടൊന്നുമല്ല. പുതിയ ചില നിര്‍മാണ സാമഗ്രികള്‍കൊണ്ട് തത്കാലത്തേക്ക് പണിത വീടാണ്. അടച്ചുറപ്പുണ്ട്. ജനലുകളും വാതിലുകളും നല്ല മേല്‍ക്കൂരയുമുണ്ട്. അത്രയേ ഉള്ളൂ. ഏതാനും ദിവസങ്ങള്‍കൊണ്ട് വളരെ വേഗം പണിതതാണ്. നല്ല വൃത്തിയും ഭംഗിയുമുള്ള വീട്. പക്ഷേ, ഒരു രണ്ടു മൂന്നു കൊല്ലം വരെയൊക്കെയേ വീടായി ഉപയോഗിക്കാനാവൂ. അപ്പോഴേക്കും ആ വീട്ടുകാര്‍ക്ക് പഞ്ചായത്തില്‍നിന്നോ സര്‍ക്കാരില്‍നിന്നോ മറ്റോ പുതിയ വീട് വെച്ചുകിട്ടുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതുവരെ താമസിക്കാനുള്ള താത്കാലിക സംവിധാനമാണ്. അത് ഒരുക്കാനും പക്ഷേ, ചെറുതല്ലാത്ത ചെലവുണ്ട്. ആരോടും പണമൊന്നും ചോദിക്കാതെ നേരത്തേ പറഞ്ഞ സുഹൃത്തുക്കള്‍ സ്വന്തംനിലയ്ക്ക് ഒരുക്കിയതാണ് വീടുകള്‍. പാലക്കാട് നഗരസഭയിലെ എന്‍ജിനീയറായ സ്വാമിദാസാണ് ഏറ്റവുമധികം സഹായം ആവശ്യമുള്ള ആളുകളെ കൃത്യമായി കണ്ടെത്തി അറിയിച്ചത്.

ആ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളാണ്. ഒരാള്‍ 11-ാം ക്ലാസില്‍ പഠിക്കുന്നു. ചെറിയ ആള്‍ അഞ്ചില്‍. പൊളിഞ്ഞുകിടക്കുന്ന വീടിന്റെ ഒരുഭാഗത്ത് മെഡലുകളും ട്രോഫികളും സമ്മാനങ്ങളുമൊക്കെ കൂട്ടിയിട്ടിരിക്കുന്നു. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം നേടിയവള്‍. കലാ-സാംസ്‌കാരിക കാര്യങ്ങളിലും മിടുമിടുക്കി. കുട്ടികളെ പഠിപ്പിക്കുക എന്നതിനപ്പുറം മറ്റൊന്നിനും വലിയ പ്രാധാന്യം കൊടുക്കുന്നില്ല അവര്‍.

വാതിലിനു മുന്നില്‍ കെട്ടിയിരുന്ന ചെറിയൊരു റിബ്ബണ്‍ മുറിച്ച് പ്രാര്‍ഥനാപൂര്‍വം ഞങ്ങള്‍ ഉള്ളില്‍ കടന്നു. അപ്പോള്‍ ആ കുട്ടികളുടെ മുഖത്തു തെളിഞ്ഞ ചിരി ജീവിതത്തില്‍ കണ്ട വലിയ സന്തോഷക്കാഴ്ചകളിലൊന്നാണ്. ആ പ്രദേശത്തു തന്നെ തൊഴിലെടുത്തു കഴിയുന്ന കര്‍ഷകത്തൊഴിലാളികളാണ് അവിടെയുള്ളവരെല്ലാം.

അവിടെ തൊട്ടടുത്തുതന്നെ ഒരു കോളനിയിലാണ് രണ്ടാമത്തെ വീട്. വളരെ വലിയൊരു കുടുംബമാണ് അവിടെയുള്ളത്. മൂന്നു തലമുറയിലുള്ളവരുണ്ട്. ഒന്നര വയസ്സും മൂന്നര വയസ്സുമുള്ള രണ്ടു ചെറിയ കുഞ്ഞുങ്ങള്‍. അവരുടെ മുത്തശ്ശിയും. മണ്‍ചുമരിടിഞ്ഞ് വലിയൊരു കൂനയായി കിടക്കുന്നു അവരുടെ വീടിന്റെ അവശിഷ്ടങ്ങള്‍. അതിനടുത്തു തന്നെയാണ് താത്കാലിക വീട് ഒരുക്കിയിരിക്കുന്നത്.

പ്രളയദിനങ്ങളില്‍ രണ്ടു മൂന്നു ദിവസത്തോളം ഒന്നും കഴിക്കാതെ കഴിഞ്ഞുകൂടുകയായിരുന്നു ആ കുടുംബങ്ങളിലുള്ളവര്‍. കുടിക്കാന്‍ മഴവെള്ളമല്ലാതെ മറ്റൊന്നുമില്ല. അത്രയും നാള്‍ ഒന്നും കഴിക്കാതെ എങ്ങനെ കഴിഞ്ഞു എന്നു ചോദിച്ചപ്പോള്‍ അവര്‍ ചിരിച്ചു- 'ഓ! രണ്ടു മൂന്നു ദിവസമൊക്കെ കഴിയാന്‍ വിഷമമൊന്നുമില്ല സാര്‍...'

അതവര്‍ക്ക് പരിചിതമാണെന്ന മട്ടില്‍ നിസ്സാരമായി പറഞ്ഞതു കേട്ട് എനിക്ക് നെഞ്ചിലൊരു കനം തോന്നി.

ആരുടെയും സഹായമൊന്നും ചോദിക്കാതെ ഏതാനും ചില വ്യക്തികള്‍ മാത്രം ചേര്‍ന്ന് ഇത്തരത്തിലൊരു വലിയ സേവനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് അഭിമാനം തോന്നി. കൃത്യമായ ആളുകളെ കണ്ടെത്തി. വളരെ വേഗം കൃത്യമായ സഹായമൊരുക്കിയിരിക്കുന്നു. ആരും അറിയുക പോലും ചെയ്യാതെ അര്‍ഹരെ തേടിപ്പിടിച്ച് ചെയ്യുന്ന ഇത്തരം സഹായങ്ങള്‍ കേരളത്തില്‍ കുറച്ചൊന്നുമല്ല നടന്നതും നടക്കുന്നതും. മലയാളിയായിരിക്കുന്നതില്‍ ശരിക്കും അഭിമാനം തോന്നിക്കുന്ന നന്മയുടെ അനുഭവക്കാഴ്ച.

പ്രളയദുരിതങ്ങളുടെ ഓഗസ്റ്റ് കഴിഞ്ഞ് സെപ്റ്റംബര്‍ ആയതോടെയാണ് ആ പ്രദേശങ്ങളില്‍ നിന്നുള്ള രോഗികള്‍ ഒരിടവേളയ്ക്കു ശേഷം പതിവു സന്ദര്‍ശനങ്ങള്‍ക്കായി വന്നുതുടങ്ങിയത്. പറവൂരില്‍ നിന്നുള്ള ആ അമ്മയ്ക്ക് അസ്ഥിയിലാണ് രോഗബാധ. ഒരിനം മൈലോമ. കാലുകള്‍ക്ക് നല്ല പരിചരണം കൊടുത്തില്ലെങ്കില്‍ വേദനയുണ്ടാകുമല്ലോ എന്നോര്‍ത്താണ് ചോദിച്ചത് - 'സുഖമായി കിടക്കാന്‍ കഴിയുന്നുണ്ടോ' എന്ന്. അവരുടെ വീട്ടില്‍ നാലഞ്ചടി പൊക്കത്തില്‍ വെള്ളംനിറഞ്ഞതാണ്. ജീവനൊഴികെ എല്ലാം വെള്ളത്തില്‍ മുങ്ങി. കിടക്കകളെല്ലാം കുതിര്‍ന്നുനശിച്ചു. എങ്ങനെയാണ് കിടക്കുന്നതെന്ന് വീണ്ടും ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു - 'ഒരു കട്ടില്‍ കിട്ടിയിട്ടുണ്ട് സാര്‍. കിടക്കയും മറ്റെല്ലാം പോയി. കട്ടിലില്‍ ഷീറ്റുകളിട്ട് ഞാന്‍ കിടക്കും. കുഴപ്പമില്ല സാര്‍. വേദനയൊന്നുമില്ല'.

എന്താണ് അത്യാവശ്യമായി വേണ്ടതെന്ന് പറഞ്ഞാല്‍ ചെറിയ സഹായങ്ങള്‍ക്ക് വഴി കണ്ടെത്താം എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു- 'ഞങ്ങള്‍ക്ക് വീടെങ്കിലുമുണ്ട് ഡോക്ടറേ. അതുപോലുമില്ലാതെ കഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ ചുറ്റുമുള്ളത്. ഡോക്ടര്‍ തരുന്ന സഹായം സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ...'

പിറ്റേന്ന് വിളിച്ചു അവര്‍. ഡോക്ടറേ ഞങ്ങള്‍ക്ക് ഇന്ന് ഒരു കിടക്കയും അത്യാവശ്യം ചില സഹായങ്ങളും കിട്ടി. ഫ്രിഡ്ജ് നന്നാക്കാനാവുമെന്ന് പറഞ്ഞു. വലിയ കുഴപ്പമില്ല സാര്‍.

ആലപ്പുഴയിലെ കൈനകരിയില്‍ നിന്നുള്ള സ്ത്രീ ആശുപത്രിയിലെത്തിയത് അടുത്ത ദിവസമാണ്. 'രണ്ടാഴ്ചയോളം ക്യാമ്പിലായിരുന്നു ഡോക്ടറേ. വീടെല്ലാം നനഞ്ഞുകുതിര്‍ന്നു കിടക്കുകയാണ്. ഓരോ വാക്കു പറയുമ്പോഴും കരച്ചില്‍ വിങ്ങുന്നുണ്ട് അവര്‍ക്ക്. എന്നാല്‍, സഹായത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അവരും പറഞ്ഞത് കൂടുതല്‍ സഹായം ആവശ്യമുള്ള അവരുടെ ചില അയല്‍വാസികളെക്കുറിച്ചാണ്.

കഴിഞ്ഞ ദിവസം കുമരകത്ത് ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. കുമരകത്തെ എന്‍.എസ്.എസും ലേക്ഷോര്‍ ആശുപത്രിയും കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയും ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്. അവിടെ സാധനങ്ങള്‍ ഇറക്കാനും സാധനങ്ങള്‍ എത്തിക്കാനും കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കാനും ഒക്കെ എല്ലാഭാഗത്തു നിന്നുമുള്ള ആളുകള്‍ വലിയ ഉത്സാഹത്തോടെയാണ് എത്തിയത്. ഫാര്‍മസി കമ്പനികള്‍ അഞ്ഞൂറോളം കിറ്റുകളാണ് എത്തിച്ചു തന്നത്.

അങ്ങേയറ്റം അഭിമാനകരമായ ഈ കാഴ്ചകള്‍ക്കിടയിലാണ് അപമാനം തോന്നിച്ച ചില കാര്യങ്ങളും നടന്നത്. പ്രളയദുരിതാശ്വാസത്തിനായി എത്തിച്ച സാധനങ്ങള്‍ മോഷ്ടിച്ചതിന് പിടിയിലായ ചില വനിതാ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും സാധനങ്ങള്‍ സ്വന്തം താവളത്തിലേക്ക് ഒതുക്കാന്‍ ശ്രമിച്ച ചില പൊതുപ്രവര്‍ത്തകരെക്കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍. ഒരു പരിക്കുംപറ്റാത്ത ചില വീടുകള്‍ക്ക് ഏറ്റവും നേരത്തേതന്നെ ലക്ഷങ്ങള്‍ ദുരിതാശ്വാസമായി തട്ടിയെടുക്കാന്‍ നടത്തിയ ചില നീക്കങ്ങള്‍ ഒക്കെ.

മനുഷ്യര്‍ പലതരത്തിലുള്ളവരുണ്ടായിരിക്കാം. എന്നാലും ദുരിതകാലത്ത് ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍... എന്തൊരു വേദനയാണ്. പക്ഷേ, ആ വേദനകളെക്കാളും വലുതാണ് ഈ പ്രളയകാലത്ത് കണ്ട സ്‌നേഹസൗഹൃദങ്ങളുടെയും കാരുണ്യത്തിന്റെയും വലിയ കാഴ്ചകള്‍.

content highlight: dr.v.vp.gangadharan oncologist keral flood rescue mission