Dr. VP Gangadharan
ഡോ.വി.പി.ഗംഗാധരനും അര്‍ച്ചനയും

ദ്യം പരിചയപ്പെട്ടപ്പോള്‍ത്തന്നെ അര്‍ച്ചന ചോദിച്ചത് ഡോക്ടറെ ഞാന്‍ മാമനെന്ന് വിളിച്ചോട്ടേ എന്നായിരുന്നു. നിലാവുപോലൊരു പുഞ്ചിരിയോടെ അവള്‍ അതു ചോദിച്ചപ്പോള്‍ എനിക്കും ചിരിക്കാതിരിക്കാനായില്ല. പാലക്കാടിനടുത്താണ് അര്‍ച്ചനയുടെ വീട്. പാലക്കാട്ട് വച്ചാണ് അര്‍ച്ചനയെ കണ്ടത്. മസിലുകള്‍ ദുര്‍ബലമാകുന്ന രോഗാവസ്ഥയായിരുന്നു അവള്‍ക്ക്. പുറത്തു പോകാനോ മറ്റെന്തെങ്കിലും ചെയ്യാനോ അവള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നു അന്ന്. സമയം ചെലവാക്കാന്‍ എന്താണ് ചെയ്യുകയെന്ന് അര്‍ച്ചനയോട് ചോദിച്ചപ്പോള്‍ അവള്‍ ചിരിച്ചു. മാമനെ ഞാന്‍ എല്ലാ കാര്യങ്ങളും വിശദമായി അറിയിക്കാമെന്ന് അവള്‍ പറഞ്ഞു.

വൈകാതെ അവള്‍ വിശദമായ വിവരങ്ങള്‍ എനിക്ക് മെയില്‍ ചെയ്തു. കഥയും കവിതകളും എഴുതുന്നയാളാണ് അര്‍ച്ചന. ഇക്കാര്യങ്ങളിലൊക്കെ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുമുണ്ട്. അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും സമ്മാനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോയും അയച്ചുതന്നു. യൂത്ത് ഫെസ്റ്റിവലുകളിലും മറ്റും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് അര്‍ച്ചന. ധാരാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരാള്‍ക്ക് സമയം തികയാത്ത കുഴപ്പമല്ലേയുള്ളൂ!

ഒരിക്കല്‍ അര്‍ച്ചന പറഞ്ഞു: 'എനിക്കും മാമനെപ്പോലെ ഡോക്ടറാവണമെന്നാണ് വലിയ ആഗ്രഹം.' 'അതിനെന്താ! നന്നായി പഠിച്ചാല്‍ ആര്‍ക്കും ഡോക്ടറാകാന്‍ കഴിയുമല്ലോ. മോള്‍ നന്നായി പഠിച്ചോളൂ.' പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ അര്‍ച്ചന എം.ബി.ബി.എസിന് ചേരാനായി എന്‍ട്രന്‍സ് എഴുതി. ശാരീരികവെല്ലുവിളികള്‍ നേരിടുന്ന കുട്ടിയായതിനാല്‍ അതിനുള്ള പ്രത്യേക സംവരണ പ്രകാരം അവള്‍ക്ക് പ്രവേശനം കിട്ടാവുന്നതാണ്. എന്നാല്‍, അര്‍ച്ചനയുടെ ശാരീരിക വെല്ലുവിളികള്‍ സാധാരണയിലധികമുണ്ടെന്നും അതിനാല്‍ എം.ബി.ബി.എസ്. പഠനം അത്രയെളുപ്പമാവില്ലെന്നും പറഞ്ഞ് അധികാരികള്‍ ആദ്യ രണ്ടു തവണയും പ്രവേശനം നിഷേധിച്ചു.

എം.ബി.ബി.എസ്. അല്ലാതെ മറ്റെന്തെങ്കിലും കോഴ്സ് എടുത്ത് പഠിക്കാന്‍ എല്ലാവരും അവളെ ഉപദേശിച്ചു. ആദ്യം ഞാനും അങ്ങനെ തന്നെയാണ് ഉപദേശിച്ചത്. എന്നാല്‍, പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു അര്‍ച്ചന. രണ്ടു തവണ പിന്തള്ളപ്പെട്ടിട്ടും അവള്‍ ഒട്ടും പതറാതെ വീണ്ടും ശ്രമിച്ചു. സംവരണത്തിന്റെയൊന്നും സഹായമില്ലാതെ എന്‍ട്രന്‍സ് എഴുതിയെടുക്കാമോ എന്നൊന്നു നോക്കട്ടെ മാമാ... എന്ന മട്ടിലായിരുന്നു അര്‍ച്ചന.

കഴിഞ്ഞ തവണ അര്‍ച്ചന അത് സാധിക്കുകയും ചെയ്തു. എന്‍ട്രന്‍സ് ജയിച്ച് അര്‍ച്ചന കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേര്‍ന്നു. അത്രയെളുപ്പമല്ല അവിടെയും കാര്യങ്ങള്‍. ഒറ്റയ്ക്ക് ഹോസ്റ്റലില്‍ നിന്ന് പഠിക്കാനൊന്നും കഴിയില്ല. അതിനാല്‍ അമ്മ കോട്ടയത്തെത്തി അര്‍ച്ചനയ്ക്കൊപ്പം നില്‍ക്കുകയാണ്. അവര്‍ അവിടെയെത്തിയതോടെ കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ തന്നെയാണ് കോളേജിനടുത്ത് വീടു കണ്ടുപിടിച്ച് നല്‍കിയത്. അര്‍ച്ചനയ്ക്ക് തനിയെ നടന്നു പോകാനൊന്നും കഴിയില്ല. യന്ത്രസംവിധാനങ്ങളോടുകൂടിയ വീല്‍ച്ചെയറിലാണ് അവള്‍ കോളേജില്‍ പോകുന്നതും സഞ്ചരിക്കുന്നതുമൊക്കെ.

മെഡിസിന്‍ പഠനത്തിന്റെ ആദ്യഘട്ടത്തില്‍ രക്തം എടുത്ത് ബ്ലഡ് ടെസ്റ്റ് ഒക്കെ നടത്തി പഠിക്കണം. അര്‍ച്ചന ശരീരത്തില്‍ കുത്തി രക്തമെടുക്കേണ്ട എന്നൊക്കെ അധ്യാപകരും സഹപാഠികളും പറഞ്ഞെങ്കിലും കഴിയുന്നത്ര എല്ലാ കാര്യങ്ങളും തനിക്കു ചെയ്യണമെന്ന നിര്‍ബന്ധത്തിലായിരുന്നു അവള്‍.

അമ്മ അര്‍ച്ചനയെ കോളേജില്‍ കൊണ്ടു ചെന്നെത്തിച്ച് മടങ്ങും. അമ്മ പൊയ്ക്കോളൂ എനിക്ക് എല്ലാ കാര്യത്തിനു കൂട്ടുകാരുണ്ട് എന്നാണ് അര്‍ച്ചന പറയുന്നത്. സഹപാഠികള്‍ അത്രയേറെ സ്നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും അര്‍ച്ചനയെ സഹായിക്കാന്‍ ഒപ്പമുണ്ട്. അധ്യാപകരും.

അര്‍ച്ചനയെ പോലുള്ളവര്‍ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് പ്രസരിപ്പിക്കുന്ന വെളിച്ചം പറഞ്ഞറിയിക്കാനാവാത്തത്ര മഹത്ത്വമേറിയതാണ്. ഇത്രയേറെ ശാരീരിക വിഷമതകളുള്ള ഒരാള്‍ ഇത്രയും ദൃഢനിശ്ചയത്തോടെ പഠിച്ചു മുന്നേറുന്നതു തന്നെ വലിയ കാര്യം. ഒരുതവണ ശ്രമിച്ച് എന്‍ട്രന്‍സില്‍ പരാജയപ്പെടുമ്പോള്‍ത്തന്നെ പലരും കളംവിടും. രണ്ടു തവണ പുറന്തള്ളപ്പെട്ടിട്ടും മനസ്സ് മടുക്കാതെ തന്റെ ലക്ഷ്യത്തിനു വേണ്ടി കൂടുതല്‍ കഠിനപ്രയത്നം നടത്താനുള്ള മനസ്സ് ഒന്നു വേറെയാണ്.

തനിയെ രണ്ടു ചുവടുവെയ്ക്കാന്‍ വിഷമമുള്ളയാളാണെന്നോര്‍ക്കണം. സാമ്പത്തികമായിട്ടാണെങ്കില്‍ തികച്ചും സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ് അര്‍ച്ചന. അവളുടെ അച്ഛന്‍ പോസ്റ്റ്മാനാണ്. അച്ഛന്റെ ചെറിയ ശമ്പളമേയുള്ളൂ കുടുംബത്തിന്റ വരുമാനം. അതില്‍ ഒതുങ്ങി നിന്നുകൊണ്ട് തന്റെ ലക്ഷ്യങ്ങളിലേക്ക് അച്ചടക്കത്തോടെ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുകയാണ് അര്‍ച്ചന.

അര്‍ച്ചനയോട് ഒരു അഞ്ചു മിനിറ്റ് സംസാരിച്ചാല്‍ മതി നമുക്ക് അത്രയേറെ ഒരു പോസിറ്റീവ് ഫീല്‍ ഉണ്ടാവും. മറ്റുള്ളവരുടെ മനസ്സിലേക്ക് വലിയൊരു ഊര്‍ജം പ്രസരിപ്പിക്കാനുള്ള പ്രത്യേക സിദ്ധിയുണ്ട് അവള്‍ക്ക്. മറ്റെല്ലാറ്റിനെക്കാളുപരിയായി എനിക്ക് അര്‍ച്ചനയോട് സ്നേഹം, അല്ലെങ്കില്‍ ബഹുമാനം ഉണ്ടാക്കിയിട്ടുള്ള കാര്യം അവളുടെ ആ പോസിറ്റീവ് സ്പിരിറ്റാണ്. ആഹ്ലാദത്തോടെയിരിക്കുക കൂടുതല്‍ പോസിറ്റീവായി ജീവിതത്തെ സമീപിക്കാന്‍ കഴിയുക എന്നതിനെക്കാള്‍ വലുതായി എന്തു നേട്ടമാണ് നമുക്കുണ്ടാവാനുള്ളത്!