റ്റവും കൂടുതല്‍ സന്തോഷം തോന്നുന്നത് എപ്പോളാണ് ഡോക്ടര്‍... ഒരു അഭിമുഖ പരിപാടിക്കിടെ ഒരാള്‍ ചോദിച്ചതാണ്. ഒരു ഡോക്ടറെ സംബന്ധിച്ച് പറഞ്ഞാല്‍ വലിയ സന്തോഷങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ സന്തോഷം കാണുന്നതു തന്നെയാണ്. ചികിത്സയിലുള്ള ഒരാള്‍ക്ക് രോഗം ഭേദമാകുമ്പോള്‍, സുഖാവസ്ഥ വരുന്നതു കാണുമ്പോള്‍ നമുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും വലുതാണ്.

ആ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ അറിയാതെ ചില ഓര്‍മകള്‍ മനസ്സിലേക്കു വന്നുകൊണ്ടിരുന്നു. ഏതൊരു ഡോക്ടറുടെയും വലിയ സന്തോഷങ്ങളും സങ്കടങ്ങളും മറ്റുള്ളവരുടെ ജീവനെയും സുഖത്തെയും ചൊല്ലിയായിരിക്കും. ചികിത്സ കഴിഞ്ഞു പോകുന്ന രോഗികളും രോഗികളുടെ ബന്ധുക്കളുമൊക്കെ ചിലപ്പോള്‍ കത്തുകള്‍ അയയ്ക്കാറുണ്ട്. ചിലര്‍ വീണ്ടും സൗഹൃദ സന്ദര്‍ശനവുമായി വരാറുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളിലാണ് മനുഷ്യര്‍ എത്രയൊക്കെ വ്യത്യസ്ത തരത്തില്‍ പെട്ടവരാണ് എന്നു തോന്നാറുള്ളത്. പഠിപ്പ്, വിദ്യാഭ്യാസം, സമൂഹത്തിലെ ഉന്നത സ്ഥാനം തുടങ്ങിയവയൊന്നും അക്കാര്യത്തില്‍ അത്ര പ്രധാനമല്ല. വിദ്യാഭ്യാസവും വിവേകവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പലപ്പോഴും തോന്നാറുണ്ട്. വലിയ നിലകളിലുള്ളവരുടേതിനെക്കാള്‍ എത്രയോ വലിയ മനസ്സാണ് സാധാരണക്കാരുടേത് എന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ടിട്ടുമുണ്ട്.

ഒരാഴ്ച മുമ്പാണ് അജിത്തിന്റെ കത്ത് കിട്ടിയത്. ഇപ്പോള്‍ കത്തെഴുതി തപാലില്‍ അയയ്ക്കുന്നതുതന്നെ വിരളമായിട്ടുണ്ടല്ലോ. അപ്പോള്‍ അങ്ങനെയൊരു കത്ത് കിട്ടുന്നതിന്റെ സുഖം ഒന്നു വേറെയാണ്. അജിത്തും ഭാര്യയും കൂടിയാണ് ചികിത്സ തേടി വന്നിരുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്ക് രോഗം ഗുരുതര നിലയിലായി. അവര്‍ക്ക് കാര്യമായ ബുദ്ധി മുട്ടുകളുണ്ടാകാതെ നോക്കാനാണ് പിന്നെ ഞങ്ങളുടെ ടീം പ്രത്യേകം ശ്രദ്ധവച്ചത്. അനിവാര്യമയ മരണത്തിന് അവര്‍ കീഴടങ്ങി. അതുകഴിഞ്ഞ് കുറേ നാളുകള്‍ക്കു ശേഷമാണ് അജിത്തിന്റെ കത്ത് വന്നത്.

ഹൃദയപൂര്‍വം നന്ദി എന്നാണ് അദ്ദേഹം എഴുതിയിരുന്നത്. അത് ശരിക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി പ്രകാശനമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മനോഹരമായ കൈപ്പടയിലുള്ള ആ കത്ത്. അജിത്തിന്റെ ഭാര്യയെ പരിചരിച്ച ഓരോ ഡോക്ടറെയും നഴ്‌സുമാരെയും ആശുപത്രിയിലെ മറ്റ് സ്റ്റാഫംഗങ്ങളെയും പ്രത്യേകം പേരെടുത്തു പറഞ്ഞ് അദ്ദേഹം നന്ദി അറിയിച്ചിരുന്നു. ഞങ്ങളുടെ ടീമിലെ എല്ലാവരും ആ കത്ത് വായിച്ചു. പലരും ഒന്നിലേറെ തവണ. ഞങ്ങളെ സംബന്ധിച്ചാണെങ്കില്‍, ആശുപത്രി ജീവിതത്തില്‍ കിട്ടാവുന്ന വലിയ അവാര്‍ഡുകളാണ്, വിലമതിക്കാനാവാത്ത ബഹുമതിയാണ് അത്തരം കത്തുകള്‍.

ഒരിക്കല്‍ ഇതുപോലെ ഭാര്യയെയും കൂട്ടി ചികിത്സ തേടിയെത്തിയ ശശി എന്നൊരാളുണ്ടായിരുന്നു. ആദ്യ പരിശോധനയില്‍ തന്നെ മനസ്സിലായി രോഗം ഗുരുതരാവസ്ഥയിലാണെന്ന്. കാര്യമായ ചികിത്സയ്ക്കൊന്നുമുള്ള സാധ്യതകള്‍ പോലുമുണ്ടായിരുന്നില്ല. ശശിയോട് വിവരം പറഞ്ഞു. വൈകാതെ രോഗാവസ്ഥയുടെ ഗൗരവം രോഗിയെയും അറിയിച്ചു. ഏതാനും ദിവസങ്ങള്‍ കൊണ്ട് അവര്‍ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടു. ഭാര്യയുടെ മരണ ശേഷം കുറേ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും വന്നത്. ആശുപത്രിയിലെത്തി ഓരോ സിസ്റ്ററിനെയും മറ്റു സ്റ്റാഫിനെയും അവരുടെ അടുത്തുചെന്നു കണ്ട് പ്രത്യേകം നന്ദി പറഞ്ഞിട്ടാണ് അദ്ദേഹം പോയത്.

ഗള്‍ഫില്‍ നിന്നു വന്ന് ചികിത്സ കഴിഞ്ഞ് സുഖമായി പോയ ചിലരും ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങേണ്ടി വന്നവരുടെ അടുത്ത ബന്ധുക്കളായ ചിലരും ഇപ്പോഴും നാട്ടിലെത്തുമ്പോള്‍ ആശുപത്രിയില്‍ വന്നു കണ്ട് സ്നേഹ സൗഹൃദങ്ങള്‍ പുതുക്കാറുണ്ട്. ഡോക്ടര്‍മാര്‍ക്ക് പിന്നെയും ചില അംഗീകാരങ്ങളൊക്കെ കിട്ടിയെന്നിരിക്കും പൊതു സമൂഹത്തില്‍ നിന്ന്. എന്നാല്‍, രാപകലില്ലാതെ രോഗികള്‍ക്കു വേണ്ടി കഷ്ടപ്പെടുന്ന സിസ്റ്റേഴ്‌സിനും മറ്റ്‌ സ്റ്റാഫ് അംഗങ്ങള്‍ക്കും ഇത്തരം ചില നന്മ മനസ്സുകളുടെ സ്നേഹപ്രകാശത്തിലൂടെ അംഗീകാരവും ആദരവും എത്ര വിലപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാനാവില്ല. ഞങ്ങളുടെയൊക്കെ ജീവിതം സഫലമായിത്തീരുന്നത് അവിടെയൊക്കെയാണ്.

കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ്, ഒരു ഭാര്യയും ഭര്‍ത്താവും കൂടി ആശുപത്രിയിലെത്തി. രണ്ടുപേരും എന്‍ജിനീയറിങ് കോളേജിലെ അധ്യാപകരായി വിരമിച്ചതാണ്. വലിയ സ്ഥാനത്തുള്ളവര്‍. നൂറുകണക്കിന് ശിഷ്യര്‍ ലോകമെങ്ങുമുണ്ട്. ഭര്‍ത്താവിന്റെ രോഗാവസ്ഥ കുറച്ച് ഗൗരവമുള്ളതായിരുന്നു. തിരിച്ചറിയാന്‍ വൈകിയതു മൂലമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാകുമായിരുന്നു. അതീവ ജാഗ്രതയോടെ നിരന്തരം ശ്രമിച്ചിട്ടാണ് അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറച്ച് സുഖാവസ്ഥ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നത്. ചികിത്സാ കാര്യങ്ങളെക്കുറിച്ചൊക്കെ രണ്ടു പേരോടും കൃത്യമായി വിശദീകരിക്കാറുമുണ്ടായിരുന്നു. എന്നാല്‍, അവരിരുവര്‍ക്കും എന്തു ചെയ്തുകൊടുത്താലും മതിയാകുമായിരുന്നില്ല. നിങ്ങളെയൊക്കെ എന്തിനു കൊള്ളാം എന്നൊരു മട്ടിലാണ് വാക്കുകളും പെരുമാറ്റവും.

ഭര്‍ത്താവിന്റെ മരണ ശേഷം ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വിശദമായൊരു മെയില്‍ അയച്ചു. നിങ്ങള്‍ പലയാളുകളുടെയും മരണം കാണുന്നവരായിരിക്കും. നിത്യവുമെന്ന പോലെ മരണങ്ങള്‍ കാണുന്നതുകൊണ്ട് നിങ്ങള്‍ക്ക് അതിന്റെ വേദന മനസ്സിലാവില്ല... ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴേ അതിന്റെ വിഷമം നിങ്ങള്‍ അറിയുകയുള്ളൂ... എന്നൊക്കെ പറഞ്ഞ് ഓരോ വാക്കിലും മനപ്പൂര്‍വം കുത്തി നോവിക്കുന്നൊരു മെയില്‍.

ഞാനത് സ്റ്റാഫിലെ എല്ലാവരെയും കാണിച്ചു. വായിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ കണ്ണു നിറയുന്നുണ്ടായിരുന്നു. ആശുപത്രിയിലെ സ്റ്റാഫ് എന്നതിനപ്പുറം ഞങ്ങളെല്ലാവരും സാധാരണ മനുഷ്യര്‍ തന്നെയാണല്ലോ. ഞങ്ങള്‍ക്കുമുണ്ടാകാറുണ്ട് അസുഖങ്ങള്‍. അതിന് ചികിത്സയെടുക്കാറുമുണ്ട്. ഞങ്ങള്‍ക്കുമുണ്ട് അച്ഛനുമമ്മയും ചേട്ടനും ചേച്ചിയും ഭാര്യയും ഭര്‍ത്താവും മക്കളും കൊച്ചു മക്കളുമൊക്കെ. സാധാരണ മനുഷ്യര്‍ തന്നെയാണ് ഞങ്ങളെല്ലാവരും. പലരും വളരയെറേ കഷ്ടപ്പാടുകളിലൂടെ ജീവിച്ചു പോകുന്നവരുമാണ്. അതെല്ലാം മാറ്റി വെച്ചിട്ടാണ് മുന്നിലെത്തുന്ന രോഗികളുടെ സുഖസൗകര്യങ്ങള്‍ക്കു വേണ്ടി പരമാവധി ശ്രദ്ധയോടെ, പ്രാര്‍ഥനയോടെ പ്രവര്‍ത്തിക്കുന്നത്.

ഞങ്ങളുടെയും അച്ഛനുമമ്മയും ചേട്ടനും ചേച്ചിയുമൊക്കെ മരണത്തിനു കീഴടങ്ങുമ്പോഴുള്ള വേദന താങ്ങാനാവാതെ കടുത്ത ദുഃഖാവസ്ഥകളിലൂടെ കടന്നുപോകാറുണ്ട്. ഓരോ ഡോക്ടറുടെയും ഓരോ നഴ്‌സിന്റെയും മറ്റു സ്റ്റാഫംഗങ്ങളുടെയും പേര് എടുത്തുപറഞ്ഞ് ഓരോ സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു ആ മെയിലില്‍. കത്തിനു ചുവടെ അവരുടെ പേരിനൊപ്പം അവര്‍ നേടിയ വലിയ ബിരുദങ്ങളും രേഖപ്പെടുത്തിയിരുന്നു. വലിയ ബിരുദങ്ങളൊന്നും മനുഷ്യത്വം കൊണ്ടു വരുന്നവയല്ലല്ലോ.

അതു വായിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ടീമിലുള്ളവരോടു പറഞ്ഞു - ആ സ്ത്രീ അവരുടെ വേദനകൊണ്ടു പറയുന്നതായിരിക്കും. നമ്മള്‍ അതിനെ അങ്ങനെ കണ്ടാല്‍ മതി. ഇനി നമ്മുടെ മുന്നിലെത്തുന്ന ഓരോരുത്തരോടും കൂടുതല്‍ സ്നേഹത്തോടെയും കാരുണ്യത്തോടെയും ഇടപെടാനുള്ള ഒരു നിര്‍ദേശമായിക്കൂടി നമുക്കാ കത്തിനെ കാണാം.

30 വര്‍ഷത്തിലധികമായി ആളുകളുടെ ഇത്തരം പെരുമാറ്റങ്ങളൊക്കെ കാണുന്നതിനാല്‍ എനിക്ക് ആളുകളുടെ മനോഭാവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാറുണ്ട്. എന്നാല്‍, പുതിയ സാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക്, പുതിയ കുട്ടികള്‍ക്ക് ഇത്തരം ആഘാതങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. നമ്മളെന്തു ചെയ്താലും ആളുകള്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ പിന്നെ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടായേക്കാം.

ഓരോ മനുഷ്യനും ഓരോ തരത്തിലുള്ളവരാണ്. അത് സ്വാഭാവികം മാത്രം. എന്നാല്‍, മറ്റുള്ളവരെക്കുറിച്ചും അവരുടെ ജീവിതാവസ്ഥകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമൊക്കെ ഉള്‍ക്കൊള്ളാന്‍ കൂടി നമുക്കു കഴിയുമ്പോഴാണ് നമ്മുടെ ജീവിതത്തിനും മഹത്ത്വമുണ്ടാവുക.

Content Highlights: Dr.V P Gangadharan