തുടര്‍ പരിശോധനയ്ക്ക് വരുന്നവര്‍ക്കു മാത്രമായുള്ള ഒരു പരിശോധനാ ദിവസം എന്റെ മനസ്സിന് ആശ്വാസവും സന്തോഷവും തരുന്ന ഒരു ദിവസമാണത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാന്‍സര്‍ രോഗികളായിരുന്നവര്‍ മുതല്‍ കഴിഞ്ഞ മാസങ്ങളില്‍ ചികില്‍സ പൂര്‍ത്തിയാക്കിയവര്‍ വരെ ഈ ദിവസങ്ങളില്‍ എന്റെ അടുത്തെത്തുന്നു. അവരെല്ലാം കാന്‍സര്‍ രോഗത്തെ ചെറുത്തു തോല്പിച്ചവര്‍. അതിന് ഒരു നിമിത്തമാവാന്‍ കഴിഞ്ഞത് എന്റെ മനസ്സിന് കുളിര്‍മ തരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഴാംക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന സമയത്ത് കാന്‍സര്‍ ചികില്‍സ തേടിയെത്തിയ കൊച്ചു കുട്ടികള്‍... ഇന്ന് അവര്‍ വളര്‍ന്ന് വലിയവരായിരിക്കുന്നു. ഏഴിലും എട്ടിലും പഠിക്കുന്ന കുഞ്ഞുങ്ങളെയും കൊണ്ടാണ് ഇന്ന് അവര്‍ എത്തുന്നത്. ഇതാണ് അമ്മയുടെ ഡോക്ടര്‍- എന്നെ ചൂണ്ടിക്കാണിച്ച് അവര്‍ മക്കളോടു പറയുമ്പോള്‍ അറിയാതെ എന്റെ കണ്ണു നിറയും. അപ്പോള്‍ ലഭിക്കുന്ന ആ സന്തോഷം, ആ അനുഭൂതി അതിന് പകരം വെക്കാന്‍ ഈ ഭൂലോകത്ത് മറ്റൊന്നുമില്ല.

ഇനി ഒരു വര്‍ഷം കഴിഞ്ഞ് പരിശോധനയ്ക്ക് വന്നാല്‍ മതി. ചികില്‍സ പൂര്‍ത്തിയാക്കിയിട്ട് വര്‍ഷം പത്ത് ആയല്ലോ! ഞാനിത് പറഞ്ഞു തീരും മുമ്പേ അബു പറയും - അയ്യോ! ഇല്ല സാറേ.. ഞാന്‍ ആറു മാസം കഴിഞ്ഞ് വരാം. എനിക്ക് ഇടയ്ക്ക് സാറിനെ കാണണം. പലരുണ്ട് അങ്ങനെ. ഞാന്‍ അവരുടെയും അവര്‍ എന്റെയും സ്വത്താണ് എന്ന സ്നേഹബോധ്യത്തില്‍ കഴിയുന്ന ഒരു വലിയ കുടുംബം. ആ കുടുംബാംഗങ്ങളെ കാണുമ്പോളുള്ള സന്തോഷം... അത് വിവരണാതീതമാണ്.


വിദ്യാര്‍ത്ഥിനിയായിരുന്ന സമയത്താണ് സോണ ചികില്‍സ തേടി എത്തിയത്. അന്ന് തിരുവനന്തപുരത്ത് ആര്‍.സി.സി.യില്‍ ആയിരുന്നു ഞാന്‍. താമസവും തിരുവനന്തപുരത്തെ വീട്ടില്‍. പഠനകാലത്ത് ഓരോ പരീക്ഷയ്ക്കു പോകുമ്പോഴും അല്ലാതെ ജീവിതത്തിലെ ഓരോ പരീക്ഷണഘട്ടം വരുമ്പോഴും ഒക്കെ സോണയുടെ ഫോണ്‍കോള്‍ വരും. ഡോക്ടറോട് ഒന്ന് സംസാരിക്കണം. അതിനു വേണ്ടി മാത്രം വിളിച്ചതാ. ഡോക്ടറോടൊന്നു സംസാരിക്കുമ്പോള്‍ എന്റെ ടെന്‍ഷന്‍ പോകും. അതാ ഇങ്ങനെ വിളിക്കുന്നത്. അവള്‍ ഇന്ന് ഒരു കോളേജ് വിദ്യാര്‍ഥിയുടെ അമ്മയാണ്. എന്നാലും അന്നത്തേതു പോലെ ഇന്നും തുടരുന്നു സോണയുടെ വിളികളും സംസാരവും. സോണയുടെ വിവാഹചിത്രമാണ് എന്റെ മനസ്സില്‍ തെളിഞ്ഞു നിന്നത്. വിവാഹത്തിന് ഒരാഴ്ച മുമ്പ് വെറ്റിലയും പാക്കുമായി അവള്‍ എന്റെയടുത്തു വന്നിരുന്നു. ദക്ഷിണ തന്ന് അനുഗ്രഹം വാങ്ങാന്‍ വേണ്ടി! പക്ഷേ, അവളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിച്ചില്ല. ഒരു സമ്മേളനവുമായി ബന്ധപ്പെട്ട് ഞാന്‍ വിദേശത്തായിരുന്നു. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഴഅവള്‍ തിരുവനന്തപുരത്ത് നേരത്തേ എത്തി എന്റെ വരവിനായി കാത്തിരുന്നു. ഞാന്‍ മടങ്ങിയെത്തിയ അന്ന് വൈകുന്നേരം അവളും ഭര്‍ത്താവും വിവാഹ വേഷം അണിഞ്ഞ് കാണാന്‍ വന്നു. ഡോക്ടറേ, ഞങ്ങള്‍ക്ക് ഈ വേഷത്തില്‍ ഡോക്ടര്‍ക്കൊപ്പം നില്‍ക്കണം. ആ ആഗ്രഹത്തിനായിട്ടാണ് നേരത്തേ എത്തി ഇവിടെ മുറിയെടുത്ത് കാത്തിരുന്നത്. ഈ വേഷത്തില്‍ ഡോക്ടര്‍ക്കൊപ്പം ഞങ്ങള്‍ക്കൊരു ഫോട്ടോ വേണം. ഇപ്പോള്‍ സന്തോഷമായി. സോണയുടെ കണ്ണ് നിറഞ്ഞപ്പോള്‍ ആ നവ വരന്‍ അവളെ ചേര്‍ത്തു പിടിച്ചു. ഞാനറിയാതെ തന്നെ എനിക്കും കണ്ണു നിറഞ്ഞിരുന്നു.

ഞാനിപ്പോഴും ഓര്‍ക്കുന്നു ചാറ്റല്‍ മഴയുള്ള ഒരു സന്ധ്യ. ഭാഗ്യയും ഒരു ചെറുപ്പക്കാരനും കൂടിയാണ് വീട്ടിലേക്ക് കയറി വന്നത്. ഇത് മിഥുന്‍-ബാങ്കില്‍ എന്റെ കൂടെ ജോലി ചെയ്യുന്നു. ഭാഗ്യ തുടര്‍ന്നു. ഞങ്ങള്‍ സ്നേഹത്തിലാണ്. സാറിനോടാണ് ഇതാദ്യമായി പങ്കു വെക്കുന്നത്. വിവാഹത്തിന് കുറേയധികം തടസ്സങ്ങളുണ്ടാകും. സാറ് ഞങ്ങളെ സഹായിക്കണം. ഞങ്ങളുടെ കൂടെ നില്‍ക്കണം. എന്റെ വീട്ടിലും സാറ് ഒന്ന് വന്നു സംസാരിക്കുമോ... അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു വിവാഹ ദല്ലാളായി. ആ വിവാഹം മംഗളമായി നടന്നു. അവരുടെ മകള്‍ ഇന്ന് മെഡിസിന്‍ വിദ്യാര്‍ഥിനിയാണ്.
വിവാഹദല്ലാളിനെക്കാള്‍ മഹത്തരമായ ഒരു കാര്യം സാറ് ചെയ്തത് മറന്നു പോയോ? പ്രശാന്തിന്റെ ശബ്ദവും മുഖവും തെളിഞ്ഞു വന്നു. അതെ, പ്രശാന്തിന്റെ വിവാഹത്തിന് കന്യാദാനം എന്ന മഹത്തായ ചടങ്ങ് നടത്താനുള്ള ഭാഗ്യവും എനിക്ക് കൈവന്നിട്ടുണ്ട്. എനിക്ക് പിറക്കാതെ പോയ എന്റെ മകളുടെ കൈ പിടിച്ച് പ്രശാന്തിനെ ഏല്പിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞോ... സന്തോഷമായി ജീവിക്കുന്ന എന്റെയൊരു കുടുംബം കൂടി.

വിവാകര്‍മം നടത്തുന്ന മുഖ്യകാര്‍മികത്വം ആ വിവാഹത്തിലെ മുഖ്യകാര്‍മികനും ആ വിവാഹത്തിലെ മുഖ്യകഥാപാത്രമായ വധുവും എന്റെ കുടുംബാംഗമാവുക- അല്ല, ഞങ്ങള്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാവുക എന്ന ഭാഗ്യവും എനിക്കുണ്ടായി. ഡോണയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത എനിക്ക് ഇന്നും ആ രംഗം ആ മറയ്ക്കാനാകുന്നില്ല. പള്ളിമേടയില്‍ നിന്ന് താഴെയിറങ്ങി വന്ന പുരോഹിതന്‍ നേരേ വന്നത് എന്റെയടുത്തേക്കാണ്. ഒരു അപൂര്‍വസൗഭാഗ്യം ഇന്ന് എനിക്ക് - അത് പറഞ്ഞത് പുരോഹിതനായിരുന്നു. ഞാന്‍ മനസ്സില്‍ മനസ്സില്‍ അത് ഏറ്റു പറഞ്ഞെന്ന് മാത്രം.

അനുഭവങ്ങളെല്ലാം മധുരമുള്ളത് മാത്രമായിരുന്നില്ലല്ലോ, അല്ലേ! കയ്പ്പേറിയ അനുഭവങ്ങളും മനസ്സില്‍ തെളിഞ്ഞു വന്നു. പാവം ഡാര്‍ലി. വിവാഹ ശോഷമാണ് അവളുടെ അസുഖം കണ്ടു പിടിച്ചതും ചികില്‍സിച്ചതും. അത് എല്ലാവര്‍ക്കും അറിയാവുന്ന സത്യം. പക്ഷേ, ഭര്‍ത്താവും കുടുംബവും കള്ളസാക്ഷികളുമായി അവളെ വളഞ്ഞു. അസുഖ വിവരം മറച്ചുവെച്ചു കൊണ്ടാണ് അവള്‍ വിവാഹം ചെയ്തതെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. സഭയും അറിഞ്ഞോ അറിയാതെയോ നിന്നത് അവര്‍ക്കൊപ്പമായി. ഡാര്‍ലി തന്റേടത്തോടെ എല്ലാം നേരിട്ടു. ഈ ധര്‍മയുദ്ധത്തില്‍ ഡാര്‍ലിയോടൊപ്പം നിന്ന് പോരാടാന്‍ കഴിഞ്ഞു എനിക്ക്. അവള്‍ ജയിക്കുക തന്നെ ചെയ്തു. വിവരങ്ങളറിയിക്കാന്‍ അവള്‍ ആദ്യം ഓടിയെത്തിയതും എന്റെ അടുത്തു തന്നെയായിരുന്നു.

നിര്‍മലയുടെ വിധി മറിച്ചായിരുന്നു. സാഹചര്യങ്ങള്‍ സമാനമായിരുന്നു. പക്ഷേ, ഫലം മറിച്ചായിപ്പോയി! തോല്‍വി സമ്മതിച്ച് അവള്‍ക്ക് പിന്മാറേണ്ടി വന്നു. പിടിച്ചു നില്‍ക്കാനുള്ള കെല്പ് അവള്‍ക്ക് ഇല്ലാതെ പോയി എന്നതാണ് സത്യം.
പെണ്‍ പിള്ളേരായാല്‍ ഇങ്ങനെ വേണം- ഈ മാളുവിനെപ്പോലെ അവളുടെ വാക്കുകളിലും മുഖത്തും കാണുന്ന ആത്മധൈര്യം കണ്ടോ! ജീവിതത്തിലെ ഏതു പ്രതിസന്ധിയും നേരിടാന്‍ താന്‍ തയ്യാറാണെന്ന് അവളുടെ ശരീര ഭാഷ വിളിച്ചു പറയുന്നുണ്ട് അല്ലേ സാറേ... ഓ.പി.യില്‍ കൂടെയുണ്ടായിരുന്ന ശ്രുതിയുടെ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരേ പോലെ ജോലിക്ക് ശ്രമിക്കുന്ന രണ്ടു പേര്‍- അങ്ങനെ വേണം ആണ്‍പെണ്‍ ചിന്താഗതി. അല്ലാതെ പെണ്‍മക്കളെ വളര്‍ത്തി വലുതാക്കി വിവാഹക്കമ്പോളത്തില്‍ സ്ത്രീധനത്തുകയും നല്‍കി വിവാഹമെന്ന കരാറിലൂടെ വീട്ടില്‍ നിന്നിറക്കി വിടുകയല്ല വേണ്ടത്. ബീനയാണ് ശ്രുതിയുടെ വാക്കുകളുടെ തുടര്‍ച്ച പറഞ്ഞത്. ശരിയാണ്- ഞാന്‍ പറഞ്ഞു. അതിന് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മനസ്സ് മാറണം. അമ്മായിയമ്മയും അമ്മായിയച്ഛനും മരുമക്കളുടെ അച്ഛനുമമ്മയുമാകണം. സഹോദരീ സഹോദരങ്ങള്‍ സ്വത്തില്‍ കണ്ണും നട്ട് ജീവിക്കുന്നവരാകരുത്. അമ്മായിമാരും അമ്മാവന്മാരും തീരുമാനങ്ങള്‍ അടിച്ചേല്പിക്കുന്നവരാകരുത്. ചുരുക്കിപ്പറഞ്ഞാല്‍ സമൂഹം മാറണം. മനസ്സ് മാറണം. ഞാനും നിങ്ങളുമെല്ലാം ഉള്‍പ്പെട്ട സമൂഹത്തിന്‍രെ മനസ്സ് മാറണം. അല്ലാതെ ബോണ്ട് വെച്ചിട്ടൊന്നും.... ഞാന്‍ പറഞ്ഞു.

രമ്യ ജനലുകള്‍ അടച്ചു തുടങ്ങി. എല്ലാവരും പുറത്തേക്കിറങ്ങിക്കോളൂ... എന്ന പറച്ചിലാണത്. ഞാന്‍ വാച്ചിലേക്ക് നോക്കി. വാച്ചിന്റെ സൂചി അനങ്ങുന്നില്ലേ... നമ്മുടെയൊക്കെ ചിന്താഗതിയും മനഃസ്ഥിതിയും പോലെ വാച്ചും അനങ്ങാപ്പാറയായിരിക്കുന്നല്ലോ... ഖേദം കലര്‍ന്ന ഒരു പതിഞ്ഞ ചിരിയോടെ ഞാന്‍ അറിയാതെ പറഞ്ഞുപോയി.

Content Highlights: Dr V P Gangadharan special coloumn