'പിടിച്ചു ഞാൻ അവന്നെ കെട്ടി, കൊടുത്തു ഞാൻ അവെനിനിക്കിട്ട് രണ്ട്...' കുട്ടിക്കാലത്ത് രാധൻ ചേട്ടന്റെ വായിൽ നിന്ന് ഇടയ്ക്കിടെ കേൾക്കാറുള്ള രണ്ടു വരികൾ മനസ്സിൽ തെളിഞ്ഞു. സ്വയം പുകഴ്ത്തുന്ന മനുഷ്യരെക്കുറിച്ച് പാടുന്നവാക്കുകളാണിവ. ഇത്തരക്കാരെ നമുക്ക് സ്വയംപു എന്ന് വിശേഷിപ്പിക്കാം. അത്തരം കുറേ മുഖങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. അവരുടെയെല്ലാം ഉള്ളിലിരിപ്പ് സ്വയംപു തന്നെയാണ്. അവതരണ രീതി വ്യത്യസ്തമാണെന്ന് മാത്രം.

എന്തിനും ഏതിനും നിസ്സംശയം ഉത്തരം പറയുകയും നിങ്ങൾ ഈ പറയുന്നതൊക്കെ എനിക്ക് പണ്ടേ അറിയാമായിരുന്നല്ലോ എന്നും നടിക്കുന്ന അത്തരം ഒരു സഹപാഠി എനിക്കുമുണ്ടായിരുന്നു. അവന് ഞങ്ങൾ അറിഞ്ഞു നൽകിയ ഒരു ഇരട്ടപ്പേരുമുണ്ടായിരുന്നു-ജ്ഞാനി... എല്ലാം അറിയുന്നവൻ. ആദ്യകാലങ്ങളിൽ ഞങ്ങൾക്കൊക്കെ അവനെ വലിയ ബഹുമാനമായിരുന്നു. അത്ഭുതത്തോടെയാണ് ഞങ്ങൾ അവനെ നോക്കിയിരുന്നത്. എന്നാൽ, ക്രമേണ ഞങ്ങൾക്ക് അവനെ മനസ്സിലായിത്തുടങ്ങി. താമസിയാതെ ഞങ്ങൾ അവനെ ശരിക്ക് മനസ്സിലാക്കി. പിന്നീട് അവൻ ഞങ്ങളുടെ ഇടയിൽ അവൻ ഒരു ഹാസ്യ കഥാപാത്രമായി മാറി.

ഞാൻ ഇന്ന് ഉച്ചയ്ക്ക് നേരത്തേ ഉണ്ണാൻ പോകും. താമസിച്ചു മാത്രമേ തിരികെ വരികയുള്ളൂ കേട്ടോ! പറഞ്ഞിരുന്നത് ഡൽഹിയിലെ ഒരു സഹപാഠി. താമസിക്കുന്നതിനു കാരണവും അദ്ദേഹം വിശദീകരിക്കും. ഉച്ചയ്ക്ക് ഊണു കഴിക്കാൻ ചെല്ലണമെന്ന് ഇന്ദിര പറഞ്ഞിട്ടുണ്ട്. സമയം കിട്ടിയാൽ വരാമെന്ന് പറഞ്ഞിരുന്നു. ഏതായാലും പോയേക്കാം എന്ന് വിചാരിക്കുകയാണ്... ഏത് ഇന്ദിര കൂടെയുള്ള ബീഹാറി കൂട്ടുകാരന്റെ സംശയം.

ഹ.. ഇന്ദിരയെ അറിയില്ലേ... നമ്മുടെ പ്രധാനമന്ത്രി. എന്റെ സുഹൃത്താണവർ... ഇടയ്ക്കിടെ അവൾ എന്നെ ഉണ്ണാൻ വിളിക്കാറുണ്ട്. സമയക്കുറവ് മൂലം പലപ്പോഴും എനിക്ക് പോകാൻ പറ്റാറില്ല. പല കാര്യങ്ങളും അവൾ എന്നോട് പറയാറുണ്ട്. എന്തെങ്കിലും പ്രശ്നം വന്നാൽ അപ്പോൾ വിളിക്കും. എന്തു പ്രശ്നമുണ്ടായാലും പരിഹാരം പറഞ്ഞു കൊടുക്കണം. ഇന്നും കാണും എന്തെങ്കിലും പ്രശ്നങ്ങൾ. പിന്നെ, ഇതൊന്നും വല്യ കാര്യമൊന്നുമല്ലല്ലോ. കുട്ടിക്കാലത്തു തന്നെ, രാഷ്ട്രീയത്തിലുണ്ടായിരുന്ന അച്ഛന് പല കാര്യങ്ങളിലും ഞാനാണ് ഉപദേശങ്ങളൊക്കെ കൊടുത്തിരുന്നത്. അതു കൊണ്ട് എല്ലാവരും വലിയ സങ്കീർണ പ്രശ്നമായി പറയുന്ന കാര്യങ്ങളൊന്നും എനിക്കത്ര കാര്യമായി തോന്നാറില്ല്.... ആ സ്വയംപു അങ്ങനെ നീണ്ടു നീണ്ടു പോകും.
****
ഒരു ആന്ധ്രക്കാരൻ സഹപാഠിയുണ്ടായിരുന്നു ചെന്നൈയിലെ പഠന കാലത്ത്. പേര് രാജു. ലോകത്തു തന്നെ അത്യപൂർവമായി കാണപ്പെടുന്ന ചില കാൻസറുകൾ വിപുലമായ ശാസ്ത്രീയ ചർച്ചകൾക്ക് വിധേയമാകാറുണ്ട്. അത്തരം ചില വേദികളിൽ രാജു വിളിച്ചു പറയും- ഞാൻ ഇത്തരം 15 രോഗികളെ പണ്ടേ കണ്ടിട്ടുണ്ട്. ചികിൽസിച്ച് സുഖപ്പെടുത്തിയിട്ടുമുണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ പിന്നിൽ നിന്ന് ആന്ധ്രക്കാരൻ തന്നെയായ മറ്റൊരു സഹപാഠി കൈ പൊക്കി ആംഗ്യം കാണിക്കും- ഒന്ന്.. ഒന്നേയൊന്ന്. അതായത് രാജു അത്തരം ഒരേയൊരു രോഗിയെ മാത്രമേ കണ്ടിട്ടുള്ളൂ എന്ന്. വളരെ വേഗം തന്നെ രാജുവിനെക്കുറിച്ചും ഞങ്ങൾ കൃത്യമായി മനസ്സിലാക്കി. രാജുവിന്റെ നൂറ് മറ്റെല്ലാവരുടെയും പത്തായും രാജുവിന്റെ പത്ത് നമ്മുടെ ഒന്ന് മാത്രമാണെന്നും ചിരിയോടെ തിരിച്ചറിഞ്ഞു.

ഇത്തരം സ്വയംപു ക്കളുടെ വിഹാര കേന്ദ്രമാണ് രാഷ്ട്രീയം.. ഈ ഇന്ത്യ പടുത്തുയർത്തിയത് താനാണെന്നും ഭാരതീയ സംസ്കാരത്തിനു തന്നെ അടിത്തറയിട്ടതു പോലും താനാണെന്നും വരെ അതിൽ പലരും ലജ്ജയേതുമില്ലാതെ വിളിച്ചു പറയും. ഈ പഞ്ചായത്തിലെ ഓരോ സ്കൂൾ കെട്ടിടവും തന്റെ വിയർപ്പാണെന്ന് പഞ്ചായത്തംഗം പ്രസംഗിക്കുമ്പോൾ, ഈ കൊച്ചു കേരളത്തിലെ ഓരോ പാലവും തീവണ്ടിപ്പാതകളും താൻ വിഭാവനം ചെയ്തതാണെന്ന് മന്ത്രി പ്രസംഗിക്കും. രാഷ്ട്രീയവും സേവനവും തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്ന് ഒരാൾ പ്രസംഗിക്കുമ്പോൾ തന്നെപ്പോലെ സത്യസന്ധനും നെറിവുള്ളവനുമായ ഒരു കർമയോഗിയെയാണ് ഈ നാടിനാവശ്യം എന്ന് മറ്റൊരാൾ വാദിക്കും. ഞാനൊരു മഹാസംഭവമാണ് എന്ന മട്ടിൽ തുറന്നു പ്രസംഗിക്കുകയും പറയുകയും ചെയ്യുന്നവരെയും നാം കാണുന്നുണ്ട്. ഇതെല്ലാ്ം ഞങ്ങളുടെ വയറ്റുപ്പിഴപ്പിന്റെ ഭാഗമാണല്ലോ എന്ന് അവരിലാരെങ്കിലും തുറന്നു പറയുമ്പോൾ അതു ശരിതന്നെ എന്ന് ഉത്തരം പറയേണ്ടിവരും എന്ന് ഞാൻ മനസ്സിലാക്കുന്നു.

ഉയർന്ന ഉദ്യോഗസ്ഥർക്കിടയിലുമുണ്ട് ഇത്തരത്തിൽ പെടുന്നവർ. പ്രത്യേകിച്ചും ഒരു ..എസ് ഔദ്യോഗികപ്പേരിനു പിന്നിലുണ്ടെങ്കിൽ പറയാനില്ല. സൂര്യനു താഴെ കാണുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിയാമെന്നും ഭാവിച്ചു നടക്കുന്ന സ്വയംപുക്കൾ തന്നെ ഇക്കൂട്ടരും. വിഷയം ശാസ്ത്രമായാലും കലയായാലും സംഗീതമായാലും എന്തിന്, സങ്കീർണമായ ശസ്ത്രക്രിയകളെക്കുറിച്ചു പോലും അവർ ആധികാരികമായി വിശദീകരിക്കും. അവരുടെ വാദങ്ങൾ അടിച്ചേല്പിക്കുക തന്നെ ചെയ്യും. താൻ ഇതെല്ലാം പണ്ടേ മനഃപാഠമാക്കിയിരുന്നു എന്ന മട്ടിലുള്ള ഒരു ഇരിപ്പും കൂടിയാകുമ്പോൾ ചിത്രം പൂർണം.
****

പരീക്ഷകളിൽ ഉന്നത റാങ്കുകൾ നേടുന്നവർ താൽക്കാലികമായെങ്കിലും സ്വയംപുക്കളാകുന്നതും നാം കാണാറുണ്ട്. ചിട്ടയായ പഠനം, ചുരുങ്ങിയത് 10 മണിക്കൂറെങ്കിലും എല്ലാ ദിവസവും. ബാക്കി സമയം കളി, പാട്ട്, സിനിമ... ഞാൻ ഒരു പുസ്തകപ്പുഴുവായിരുന്നു എന്ന് സമർഥിക്കാനുള്ള ആത്മാർഥമായ ഒരു ശ്രമമായും ഇതിനെ കാണാം. ഇവൻ നന്നായി ക്രിക്കറ്റ് കളിക്കും. അസ്സലായി പാട്ടും പാടും. നൃത്തവും പഠിച്ചിട്ടുണ്ട് - അമ്മ കൂട്ടിച്ചേർക്കും. താൻ ഒരു മഹാസംഭവമാണ് എന്ന മട്ടിൽ ഇരിക്കാൻ ശ്രമിക്കുമ്പോഴും ഇക്കൂട്ടരുടെ നെഞ്ചിടിപ്പ് കൂടുന്നതും വിയർക്കുന്നതും നമുക്ക് തിരിച്ചറിയാൻ പ്രയാസമൊന്നും വരില്ല.

എന്റെ വാഹനം ഓടിച്ചിരുന്ന പഴയൊരു സാരഥിയുടെ ചിത്രം മനസ്സിലേക്കോടിയെത്തുന്നു. ഒരിക്കൽ ഒരു വഴി പോയാൽ, ഒരിക്കലെങ്കിലും ഒരു വീട്ടിലേക്ക് പോയിട്ടുണ്ടെങ്കിൽ, പിന്നെ എനിക്ക് തപ്പലൊന്നുമുണ്ടാവില്ല. എന്റെ മനസ്സിലെ കമ്പ്യൂട്ടറിൽ പതിയാൻ ആ ഒറ്റ പോക്ക് മതി. അതു കൊണ്ടു തന്നെ എനിക്ക് ഒരിക്കലും വഴി തെറ്റാറില്ല. ഇത് സ്വയംപുവിന്റെ ഒരു ലൈറ്റ് വേർഷൻ മാത്രം. ഇദ്ദേഹത്തിന്റെ കൂടെ ഒിക്കൽ പോലും ഞങ്ങൾ വഴി തെറ്റാതെ പോയിരുന്നില്ലല്ലോ എന്നു കൂടി ഓർക്കുമ്പോളാണ് ഈ സ്വയംപുവിന്റെ വ്യാപ്തി മനസ്സിലാകുന്നത്.
****

വിസിറ്റിങ് കാർഡുകൾ ശ്രദ്ധിച്ചാലും ചില സ്വയംപുക്കളെ തിരിച്ചറിയാം. എസ്.എസ്.എൽ.സി. മുതലുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഡിഗ്രികളായി പേരിന്റെ വാലായി കൂട്ടിച്ചേർക്കുന്നവരാണ് ചിലർ. താൻ ഉൾപ്പെടുന്ന പല സ്ഥാപനങ്ങളുടെയും പേരുകളും താൻ വഹിക്കുന്നതും വഹിച്ചിരുന്നതുമായ ഔദ്യോഗിക പദവികളും വരിവരിയായി കാർഡിൽ പ്രദർശിപ്പിക്കുന്നവരുണ്ട്. ഒരാഴ്ചത്തെ സന്ദർശനത്തിനോ ഒരു മാസത്തെ പഠനത്തിനോ ആയി പോയ ഒരു വിദേശ സർവകലാശാലയിലെ വിസിറ്റിങ് കൺസൾട്ടന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും ഉണ്ട്. ഇവരൊക്കെ വിവിധ തരം സ്വയംപുക്കളുടെ പട്ടികയിൽ പെടുന്നവരാണ്.

ഞാൻ പരിചയപ്പെട്ട മറ്റൊരു മുഖം പെട്ടെന്ന് ഓർമയിൽ തെളിയുന്നു. ഒരു സാമൂഹ്യ പ്രവർത്തകനാണ് അദ്ദേഹം. താൻ ചെയ്ത സാമൂഹ്യ പ്രവർത്തനങ്ങൾ അദ്ദേഹം മൈക്കിലൂടെ ഓരോന്നായി വിവരിച്ചു കൊണ്ടിരുന്നു. ഓരോ വാചകം കഴിയുമ്പോഴും അദ്ദേഹം പറയും- ഇതൊന്നും ഞാൻ ആരോടും വിളിച്ചു പറയാറില്ല! ദീർഘമായ പ്രസംഗത്തിനു ശേഷം എന്റെ അടുത്തു വന്നിരുന്ന അദ്ദേഹം എന്നോട് ചെവിയിൽ പറഞ്ഞു- ഇതൊന്നും ഇങ്ങനെ വിളിച്ചു പറയുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. സാറിന് എന്നെ അറിയാമെന്നും പല രോഗികളുടെയും ചികിൽസയ്ക്ക് ഞാൻ സാറിനെ സഹായിക്കാറുണ്ടെന്നും പ്രസംഗത്തിൽ ാറൊന്ന് പറഞ്ഞേക്കണേ... അദ്ദേഹം ഇടത്തേ കണ്ണ് ഒന്ന് ഇറുക്കിക്കാണിച്ചു. സ്വയംപുവിന്റെ മറ്റൊരു മാരക മുഖം
****
ചരമ കോളങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മരിച്ചയാളുടെ പേര് ഔസേപ്പ് എന്നോ ഗോപാലൻ എന്നോ അബ്ദുള്ള എന്നോ ഒക്കയാവും കാണുക. അതിനു പിറകേ വരുന്ന വരികൾ നോക്കിയാലോ! മക്കൾ- സലിം (യു.എസ്.എ.), ഷൈൻ (കാനഡ), ഷൈനി (ദുബായ്)... മക്കളുടെ പേരിനൊപ്പം ബ്രായ്ക്കറ്റിലുള്ള യു.എസ്.എ.യും കാനഡയും ദുബായിയുമൊക്കെ സ്വയംപുവിന്റെ ഭാഗമായി കാണണോ... ആവോ എനിക്കറിയില്ല. ആരോ വിളിച്ചു പറയുന്നതു പോലെ തോന്നി- ഭ്രാന്തൻ ചിന്തകളാണ് ഇതൊക്കെ.... അതെ അത് എന്റെ തന്നെ ഉള്ളിലുണർന്ന ശബ്ദമായിരുന്നു.
ഇതൊക്കെ തള്ള് എന്ന് പറയുന്നതല്ലേ ശരി? അത് ഒരു ന്യൂജെൻ ശബ്ദമായിരുന്നു. ആരൊക്കെയോ ഏറ്റു പറയുന്നുണ്ടായിരുന്നു. അതെ തള്ള് തന്നെ. പുതിയ തലമുറയ്ക്ക് ഈ തള്ളിനെക്കുറിച്ച് നല്ല ബോധമുണ്ട്. തള്ളി മറിക്കാൻ ആർക്കും അത്രയെളുപ്പമല്ലാതായിട്ടുണ്ടെന്നു തോന്നുന്നു.

Content Highlights: Dr. V.P Gangadharan Snehagangaself praise people