ണ്ടി നിര്‍ത്ത് ഇങ്ങോട്ടു മാറ്റി വെക്കെടാ വണ്ടി! റോഡിന്റെ നടുക്കാണോ വണ്ടിനിര്‍ത്തുന്നത്! എവിടെ നിന്റെ മാസ്‌ക്? പോലീസുകാരന്റെ ആക്രോശം കേട്ട് മാവേലി ഞെട്ടി! ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് വേണമെന്ന് അറിയമായിരുന്നു. അത് ഓര്‍ത്ത് ധരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം... ശരിയാണ് മാവേലി ഓര്‍ത്തു. കഴിഞ്ഞ വര്‍ഷം മാസ്‌ക് ധരിക്കേണ്ടി വന്നത് ഓര്‍ത്തു നില്‍ക്കുമ്പോഴേക്ക് പോലീസുകാരന്‍ ഫൈന്‍ അടയ്ക്കാനുള്ള തുക എഴുതാന്‍ പുസ്തകം കൈയിലെടുത്തു.

സാറേ... ഞാന്‍...ഞാന്‍ മാവേലിയാ. വര്‍ഷത്തില്‍ ഒരിക്കലേ കേരളത്തില്‍ വരാറുള്ളൂ. അതു കൊണ്ടാണ്.

മാവേലി പറഞ്ഞുമുഴുമിപ്പിക്കുന്നതിനു മുമ്പേ തന്നെ പോലീസുകാരന്‍ കത്തിക്കയറി.

നീ ഒരു പ്രാവശ്യം വന്നാലും പത്തു പ്രാവശ്യം വന്നാലും മാസ്‌ക് ധരിക്കണം. ഇല്ലെങ്കില്‍ പിഴ അടയ്ക്കണം. പിന്നെ എനിക്ക് എന്റെ ടാര്‍ജറ്റ്...

പോലീസുകാരനും പറഞ്ഞ് മുഴുമിപ്പിക്കാനായില്ല. മാവേലി ചാടിക്കേറി പറഞ്ഞുസാറേ.. കൈയില്‍ നയാ പൈസയില്ല. ഞാന്‍ പത്തു ദിവസം ഇവിടെ കാണും. തിരികെ പോകുമ്പോള്‍ തന്നാല്‍ മതിയോ!

ഭ! ഒരു ആട്ടും അതിനെ തുടര്‍ന്ന് മാവേലി ഇന്നേവരെ കേട്ടിട്ടില്ലാത്ത കുറേ വാക്കുകളുമായിരുന്നു പോലീസുകാരന്റെ മറുപടി.
എന്തായാലും കുറച്ചു സമയം ഇവിടെ നില്‍ക്കേണ്ടി വരും. ശിവ.. ശിവ.. ഇനി എന്തൊക്കെയാണാവോ! ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട് മാവേലി വഴിയരികിലേക്ക് മാറി നിന്നു. 

നിരനിരയായി പല നിറത്തിലും രൂപത്തിലുമുള്ള വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നുണ്ടായിരുന്നു. വലത്തോട്ടും ഇടത്തോട്ടും തെന്നിച്ചു കൊണ്ട് സര്‍ക്കസുകാരെ അമ്പരപ്പിക്കുന്ന വിധത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഒരു കാഴ്ച തന്നെയായിരുന്നു. എല്ലാവരും മുഖാവരണം അണിഞ്ഞിട്ടുണ്ടെന്നത് മാവേലിയെ തെല്ലൊന്ന് അതഭുതപ്പെടുത്തി. പക്ഷേ, എന്തിനാണ് ഇത് അണിയുന്നതെന്നുമാത്രം എത്രയാലോചിച്ചിട്ടും മാവേലിക്ക് പിടി കിട്ടിയില്ല. ഒരാള്‍ മൂക്കിനു താഴെ, മറ്റൊരാള്‍ താടിക്കു താഴെ. മൂന്നാമതൊരാള്‍ മൂക്കില്‍ നിന്ന് താഴേക്കു തൂക്കിയിട്ട്, ഇനിയൊരാള്‍ താന്‍ ഉടുത്തിരിക്കുന്ന അടിവസ്ത്രത്തിന്റെ രൂപത്തില്‍ ചെവിയില്‍ തൂക്കിയിട്ട്... പല നിറത്തിലും രൂപഭംഗിയിലുമുള്ള ഈ മുഖാവരണമാണ് താന്‍ മറന്നു പോയതെന്ന് മനസ്സിലാക്കിയ മാവേലിതെല്ലൊരു ശങ്കയോടും ജാള്യതയോടും കൂടി പോലീസുകാരനോട് സംസാരിക്കാന്‍ തുടങ്ങി.

ക്ഷമിക്കണം പ്രഭോ... എന്നുള്ള വിളി കേട്ട് തെല്ലൊന്ന് അമ്പരന്ന പോലീസുകാരന്‍ കുറച്ചൊന്നു ശാന്തനായി മാവേലിയെ നോക്കി.
തെറ്റു പറ്റി... ഇനി ആവര്‍ത്തിക്കില്ല- മാവേലി വിറയോടെ പറഞ്ഞു.
മാവേലിയുടെ ദയനീയാവസ്ഥ കണ്ടിട്ടാവണം വേഗം സ്ഥലം വിട്ടോളാന്‍ പോലീസുകാരന്‍ ആംഗ്യഭാഷയില്‍ നിര്‍ദേശം നല്‍കി.

മേല്‍മുണ്ടു കൊണ്ട് മുഖാവരണമണിഞ്ഞ് പതുക്കെ നടന്നു നീങ്ങുമ്പോള്‍ അതാ വരുന്നു ഒരു പറ്റം ആളുകള്‍ മുദ്രാവാക്യങ്ങളുമായി. അവര്‍ക്കാര്‍ക്കും മുഖാവരണമില്ല. ഇവര്‍മാത്രം എന്താണിങ്ങനെ സ്വതന്ത്രരായി എന്നു ചിന്തിക്കുന്നതിനിടയില്‍ ആരോ വിളിച്ചു പറയുന്നതു കേട്ടു- ഇവരെല്ലാം രാഷ്ട്രീയക്കാരല്ലേ എന്തും ചെയ്യാം, എങ്ങനെയും നടക്കാം. മാസ്‌കും വേണ്ട അകലവും വേണ്ട. പോലീസുകാരന്‍ തിരിഞ്ഞുനില്‍ക്കുന്നത് മാവേലി പ്രത്യേകം ശ്രദ്ധിച്ചു.

റോഡിന്റെ ഇരുവശവും ശ്രദ്ധിച്ചു കൊണ്ട് മാവേലി പതുക്കെ മുന്നോട്ടു നടന്നു. ഇരുവശത്തും വഴിയില്‍ കൂട്ടിയിട്ടിരിക്കുന്ന പച്ചക്കറികള്‍, ഉള്ളി, പഴക്കുലകള്‍... മാവേലിയുടെ കണ്ണു നിറഞ്ഞു. താന്‍ വിഭാവനം ചെയ്ത സമൃദ്ധിയുടെ കാലം, താന്‍ ആഗ്രഹിച്ച കേരളം ഇതാണ്- മാവേലി മനസ്സിലോര്‍ത്തു. ദാരിദ്ര്യമില്ല, ദരിദ്രരില്ല... സുഭിക്ഷം! എങ്ങും എല്ലാവര്‍ക്കും. വഴിനീളെ ആര്‍ക്കും എടുക്കാവുന്ന പഴങ്ങള്‍, പച്ചക്കറികള്‍. കൈയിലെടുത്ത ഒരു പഴത്തിന്റെ തൊലിയുരിഞ്ഞതേയുള്ളൂ അതുവരെ അവിടെയെങ്ങും കാണാനില്ലാതിരുന്ന ഒരാള്‍ എവിടെനിന്നോ ചാടി വന്ന് മാവേലിയുടെ കൈയിലെ പഴം തട്ടിത്തെറിപ്പിച്ചു കളഞ്ഞു.

കാശുണ്ടോ കൈയില്‍ കാര്‍ന്നോരേ... ശേഷം പറഞ്ഞ വാക്കുകള്‍ മാവേലിക്കറിയാത്ത മലയാളമാണ്! നേരത്തേ പോലീസുകാരന്‍ പറഞ്ഞ അതേ മലയാളം! മലയാളം എത്ര മാറിപ്പോയിരിക്കുന്നു! മലയാളിയും. മാവേലി വേഗം നടന്നു നീങ്ങി. ഏതാനും ചുവടുകള്‍ വെച്ച് മുന്നോട്ടു നീങ്ങിയ മാവേലി ചെണ്ടകൊട്ടും പഞ്ചാരിമേളവും കേട്ടാണ് പെട്ടെന്ന് നിന്നത്. വഴിയരികില്‍ മേളവും താളവും. അതും പേരുകേട്ട സംഗീതജ്ഞര്‍. സംഗീതോപകരണ വിദഗ്ധര്‍. പലരെയും മാവേലി തിരിച്ചറിഞ്ഞു. രാജസദസ്സില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സംഗീതം വഴിയിലെത്തിയതില്‍ മാവേലി സന്തോഷിച്ചു. മാനുഷരെല്ലാരുമൊന്നു പോലെ... എല്ലാവര്‍ക്കും ആസ്വദിക്കാന്‍!
മാവേലിയുടെ മനസ്സില്‍ വീണ്ടും സന്തോഷും. കലാകാരന്മാരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ അടുത്തേക്ക് നീങ്ങിയ മാവേലി പെട്ടെന്നു നിന്നു. മാസങ്ങളായിട്ട് പട്ടിണിയിലാണ് ഇവരൊക്കെ. അവശകലാകാരന്മാര്‍... അവരുടെ വഴിയോര പ്രതിഷേധമാണിത്.

തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പറ്റം ചെറുപ്പക്കാര്‍ നടന്നകലുന്നത് കണ്ടു. ഇനി ഗ്രാമങ്ങളിലേക്ക് പോകാം... പറഞ്ഞത് മാവേലിയുടെ മനസ്സു തന്നെയാണ്. ആവൂ- സന്തോഷമായി ഇവിടെയെങ്കിലും ആ പഴയ കളിയും ചിരിയുമുണ്ടല്ലോ! ഒരു പെണ്‍കുട്ടിയെയും കുറേ ചെറുപ്പക്കാരെയും കണ്ട് മാവേലിക്ക് സന്തോഷമായി. സ്ത്രീപുരുഷ ഭേദമന്യേ ഒളിച്ചു കളിക്കുന്ന ഗ്രാമീണര്‍! മാവേലിക്ക് മനസ്സിലൊരു ചിരിയുണര്‍ന്നു. ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും... മാവേലി മനസ്സിലോര്‍ത്തതേയുള്ളൂ. ആ പെണ്‍കുട്ടിയെയും വലിച്ചിഴച്ചു കൊണ്ട് ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ചെറുപ്പക്കാര്‍ വരുന്നതു കണ്ടു. പട്ടാപ്പകലും സ്ത്രീപീഡനം... ആരോ വിളിച്ചു പറയുന്നത് മാവേലി കേട്ടു.

ഓണത്തല്ല് ഇത്ര നേരത്തെയോ! തുടര്‍ച്ചയായ അടിയുടെ ശബ്ദം കേട്ടാണ് മാവേലി അങ്ങോട്ടു കയറിച്ചെന്നത്. അകത്തു ചെന്നപ്പോളാണ് അത് ഒരു ആശുപത്രിയാണെന്ന് അറിഞ്ഞത്. ഓണത്തല്ല്, അവിട്ടത്തല്ല്- കയ്യാങ്കളി... തന്റെ ജനങ്ങള്‍ ഇതൊന്നും മറന്നിട്ടില്ലല്ലോ- മാവേലി ഓര്‍ത്തു. അകത്തു ചെന്നപ്പോള്‍ കണ്ട കാഴ്ച മാവേലിയെ ഞെട്ടിച്ചു.
ഒരാളെ ചുറ്റും നിന്ന് കുറേ പേര്‍ മര്‍ദിക്കുന്നു. അടി, ഇടി, തൊഴി.. എല്ലാമുണ്ട്. ങേ! ഇത് ഓണത്തല്ലും ഓണക്കളിയുമൊന്നുമല്ലല്ലോ! നേരത്തേ കേട്ട അതേ ശബ്ദം വീണ്ടും- ഈ ആശുപത്രിയില്‍ രോഗികളെ ചികില്‍സിച്ചു കൊണ്ടിരുന്ന ഡോക്ടറെ ഒരു രോഗിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയാണ്. ആശുപത്രിയുടെ ബോര്‍ഡൊക്കെ അക്രമികള്‍ തല്ലിത്തകര്‍ത്തു. ഇത് ഇപ്പോള്‍ കൂടെക്കൂടെയുണ്ടാകുന്ന സാധാരണ കാര്യമായിട്ടുണ്ട്...മാവേലി തിരിഞ്ഞു നോക്കാതെ ഓടി.

ദാഹവും ക്ഷീണവും തീര്‍ക്കാം... എന്റെ പിന്നില്‍ ഈ വരിയില്‍ നിന്നോ.. ഓടി ക്ഷീണിച്ച മാവേലിയെക്കണ്ട് ആ നീണ്ട ക്യൂവില്‍ നിന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. കള്ളന്‍! ഇന്നലെ രാത്രി തന്നെ മുഴുവന്‍ അടിച്ചു തീര്‍ത്തു അല്ലേ! മാവേലിയുടെ കവിളില്‍ നുള്ളിക്കൊണ്ട് ചെറുപ്പക്കാരന്‍ ചോദിച്ചു. അയാളുടെ കൈയുടെ മണം കഞ്ചാവിന്റേതാണെന്ന് മാവേലിക്ക് മനസ്സിലായില്ലെന്നു തോന്നുന്നു. എന്നാല്‍, അയാളുടെ കാലുകള്‍ നിലത്ത് ഉറയ്ക്കുന്നില്ലെന്ന് മനസ്സിലായി. ക്യൂവില്‍ നില്‍ക്കുന്ന എല്ലാവരും ഒന്ന് പോലെ! ഇവിടെ എ്ല്ലാവര്‍ക്കും സുഭിക്ഷം! ആരോടെന്നില്ലാതെ അയാള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വിളിച്ചു പറയുന്നുണ്ടായിരുന്നു. മാവേലിക്ക് പക്ഷേ, ചിരിയല്ല, കരച്ചിലാണ് വന്നത്.

വീട്ടുമുറ്റത്ത് പൂക്കളമിടുന്ന പെണ്‍കുട്ടികളെ കണ്ട് മാവേലി അങ്ങോട്ടു നടന്നു നീങ്ങി. പൂക്കള്‍ക്കു പകരം അരിയും കടലയും പയറും പഞ്ചസാരയും കണ്ട് മാവേലി ഞെട്ടി. ഓടി നടന്നു പറിക്കാന്‍ പൂക്കളില്ല. ഓടി നടക്കാന്‍ അനുവാദമില്ല. സര്‍ക്കാര്‍ തരുന്ന സൗജന്യ കിറ്റ് ഉപയോഗിച്ചാണ് ഓണപ്പൂക്കളം... അവര്‍ കുശുകുശുക്കുന്നത് മാവേലി കേട്ടു.

മടുത്തു! മനസ്സ് മടുത്തു! തിരികെ പോകാം. പാതാളം വഴി ദേവലോകത്തേക്കാണ് മാവേലി യാത്ര തിരിച്ചത്. അപ്പോള്‍ അതാ വഴിയില്‍ കിടക്കുന്നു ഭംഗിയുള്ള മുള്ളുകളോടു കൂടിയ ചെറിയ ഉരുണ്ട വസ്തുക്കള്‍. താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത് വസ്തുക്കള്‍... കൗതുകം തോന്നി. ആരും കാണാതെ അഞ്ചാറെണ്ണം മേല്‍മുണ്ടില്‍ പൊതിഞ്ഞും തോളത്തെടുത്തും സ്വര്‍ഗലോകത്തെത്തി. ഏഴാം ദിവസം ആ വാര്‍ത്ത ജനം അറിഞ്ഞു-മാവേലിക്ക് കോവിഡ് ആണ്. ആശുപത്രിയിലാണ്. തിരുവോണത്തിന് അദ്ദേഹം കേരളത്തിലേക്കെത്താത് അതാണ്. ആരൊക്കെയോ വിളിച്ചു പറയുന്നതു ഞാന്‍ കേട്ടു! മേല്‍മുണ്ടിലിരുന്ന കൊറോണ വൈറസുകള്‍ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു...

Content Highlights: Dr.V.P.Gangadharan shares his Onam memories, Health