കോവിഡ് കാലം ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ലോകമെമ്പാടും പറന്നു നടന്ന് ആടിപ്പാടി കഴിഞ്ഞിരുന്ന ജനം എവിടെ? ലോകം എന്റെ കാല്‍ക്കീഴില്‍ എന്ന് അഹങ്കരിച്ചിരുന്ന രാജ്യങ്ങളും ഭരണാധികാരികളും എവിടെ? ജനനവും മരണവും തങ്ങളുടെ വരുതിയില്‍ എന്ന് അഹങ്കരിച്ചിരുന്ന ശാസ്ത്രജ്ഞന്മാരെവിടെ? കഴിഞ്ഞ ഒരുവര്‍ഷം ലോകമെമ്പാടും ജന ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ദൂരം കൂടി വരുന്നതു പോലെ. ഒരു രാജ്യത്തെ നഗരങ്ങള്‍ അകന്നകന്നു പോകുന്നതു പോലെ... വീടുകള്‍ തമ്മിലുള്ള ബന്ധം തകര്‍ന്നടിയുന്നതു പോലെ... ഒരു വീട്ടില്‍ പോലും മനുഷ്യര്‍ പല പല മുറികളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ജീവിക്കുന്ന പോലെ. ഇതെല്ലാം നാം ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആനയും അമ്പാരിയും ആരവവുമില്ലാത്ത ആളൊഴിഞ്ഞ ഉത്സവപ്പറമ്പുകള്‍, ദൈവത്തെ ഒറ്റയ്ക്കാക്കി ഓടി രക്ഷപ്പെട്ടു ഭക്തര്‍. അടഞ്ഞു കിടക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍- ഇതിലൊന്നും ഒരു അസാധാരണത്വം കാണാത്ത തരത്തില്‍ നാം മനസ്സിനെ മാറ്റിയെടുത്തിരിക്കുന്നു. ഭക്ഷണവും ഭക്ഷണസാധനങ്ങളും പച്ചക്കറിയും പലവ്യഞ്ജനങ്ങളും മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടിലേക്കെത്താന്‍ ഫോണില്‍ വിരലൊന്ന് അമര്‍ത്തിയാല്‍ മതി എന്നത് നാം ആശ്വാസമായി കാണുന്നു. വീട് പ്രവര്‍ത്തന മണ്ഡലമാക്കി നാം പ്രവൃത്തി സമയത്തിനപ്പുറം അവധി ദിവസങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. കളികളില്ലാതെ, കളിക്കൂട്ടുകാരില്ലാതെ സ്‌കൂള്‍ ജീവിതമില്ലാതെ ടാബിലും ഫോണിലും കമ്പ്യൂട്ടറിലും കുരുങ്ങിക്കിടക്കുന്ന കുറേ കുരുന്നുകളുടെ ജീവിതമാണ് ഏറ്റവും സങ്കടകരം.

മനുഷ്യര്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുപോയിരിക്കുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ അവസ്ഥയില്‍ ദുഃഖിക്കുന്നവരാണ് ഏറെയും. സന്തോഷിക്കുന്നവരും ഇല്ലാതില്ല. ഒരു ഭാവവ്യത്യാസവുമില്ലാത്തവരുമുണ്ടാകാം. പക്ഷേ, ഇതെങ്ങനെ തിരിച്ചറിയും? എല്ലാവര്‍ക്കും ഒരു മുഖാവരണമുണ്ടല്ലോ. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മാസ്‌ക്! മുഖം മനസ്സിന്റെ കണ്ണാടി എന്ന് വിശേഷിപ്പിക്കാറുള്ള നമ്മുടെ മുഖം ഇങ്ങനെ മറച്ചാല്‍ മനസ്സിലിരിപ്പ് തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. കൊറോണ വൈറസ് വ്യാപനത്തിനെതിരേ മാത്രമല്ല, തങ്ങളുടെ മനസ്സിനെയും ചിന്തകളെയും തുറന്നു കാണിക്കുന്ന മുഖഭാവങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനും ഫലപ്രദമെന്ന് തിരിച്ചറിഞ്ഞ രണ്ടു വ്യക്തികളെയാണ് ഞാനിന്ന് പരിചയപ്പെടുത്തുന്നത്. അവര്‍ ജീവിതകാലം മുഴുവന്‍ സാമൂഹിക അകലം പാലിച്ചവരും പുറത്തു കാണാത്ത മുഖാവരണം അണിഞ്ഞവരുമായിരുന്നു.

അതിലൊരാള്‍ രണ്ടു മൂന്ന് മാസം മുമ്പ് എന്റെയടുത്ത് വന്നിരുന്നു. അവള്‍ രക്ഷപ്പെടുമോ? ഇനി എത്ര നാള്‍ കൂടി അവള്‍ എന്റെ കൂടെ ഉണ്ടാകും സാര്‍? ഞാന്‍ സാറിന്റെ ചികില്‍സയിലുള്ള സൈനയുടെ ഭര്‍ത്താവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് അദ്ദേഹം എന്നോട് ഈ രണ്ടു ചോദ്യങ്ങള്‍ ചോദിച്ചത്. ഐ.സി.യു.വില്‍ മരണത്തോട് മല്ലിട്ടു കിടന്നിരുന്ന സൈനബയുടെ ചിത്രം മനസ്സിലേക്കോടിയെത്തി. എന്നോടു പങ്കു വെച്ച അവളുടെ ജീവിതാനുഭവങ്ങളും മനസ്സില്‍ തെളിഞ്ഞു വന്നു. കഴിഞ്ഞ പത്തു വര്‍ഷമായി എന്റെ രോഗിയാണവള്‍. അതിനിടെ ഒരിക്കല്‍പ്പോലും ഈ മനുഷ്യന്‍ അവരോട് ഒരു സാന്ത്വനവാക്ക് പോലും പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. അവളില്‍ നിന്ന് കഴിവതും അകലം പാലിക്കാനാണ് അയാള്‍ ശ്രദ്ധിച്ചിരുന്നത്. സ്വന്തം സുഖങ്ങളും സൗകര്യങ്ങളും അന്വേഷിച്ച്, ആസ്വദിച്ച് അയാള്‍ സാവധാനം അവളില്‍ നിന്ന് അകലുകയായിരുന്നു. വല്ലപ്പോഴും വീട്ടിലെത്തുന്ന ഒരു സന്ദര്‍ശകനായി അയാള്‍ മാറി. മനസ്സ് നീറുമ്പോഴും ഒരിക്കലും മുഖത്തെ പുഞ്ചിരി മായാതെ സൂക്ഷിക്കുന്ന അവള്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ മനസ്സിലോര്‍ത്തു. എന്തിനാ അയാള്‍ ഇങ്ങനെ വീട്ടില്‍ വരുന്നത്? നിനക്ക് ഒരസുഖവുമില്ല, മറ്റുള്ളവരുടെ സ്നേഹവും അനുകമ്പയും പിടിച്ചു പറ്റാന്‍ നീ പയറ്റുന്ന ഒരു അടവല്ലേ ഇത്? - ചങ്കില്‍ കൊള്ളുന്ന ഇത്തരം വാക്കുകള്‍ പറഞ്ഞിട്ട് അയാള്‍ ഇറങ്ങിപ്പോകും. അതു പോട്ടെ, കുട്ടികളുടെ കാര്യമെങ്കിലും അയാള്‍ ഒന്ന് അന്വേഷിക്കണ്ടേ... അസുഖം മൂര്‍ഛിച്ചിരുന്ന സമയത്ത് വീട്ടില്‍ വന്ന് അയാള്‍ പറയുമായിരുന്നു- നിനക്ക് ഇതുവരെ പോകാറായില്ലേ... എന്റെ അസുഖത്തെക്കാള്‍ അയാളാണ് എന്റെ മനസ്സിലെ ദുഃഖം, എന്റെ മനസ്സിന്റെ ഭാരം...

സാറിനോട് സംസാരിച്ചു കഴിയുമ്പോള്‍ ആ ഭാരം കുറേയൊക്കെ ഇറക്കി വെച്ചതു പോലെ തോന്നും.
സോറി സാറേ... ഞാന്‍ ഇതെല്ലാം വിളമ്പി സാറിന്റെ കൂടി മനഃസമാധാനം കെടുത്തി...
ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും സൈനബയുടെ വാക്കുകളിലൂടെ എന്റെ മനസ്സ് വാര്‍ത്തെടുത്ത അദ്ദേഹത്തിന്റെ ഒരു രൂപം എന്റെ മനസ്സിലുണ്ടായിരുന്നു. ആ രൂപമാണല്ലോ മാസ്‌ക് ധരിച്ച് മുന്നില്‍ നില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ ആ മനുഷ്യനോട് ഒരു വെറുപ്പാണ് തോന്നിയത്. ഞാനും മാസ്‌ക് ധരിച്ചിരുന്നതു കൊണ്ട് എന്റെ മുഖഭാവം ആമനുഷ്യന്‍ മനസ്സിലാക്കിയിട്ടില്ലെന്ന തോന്നല്‍ ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ സംഭാഷണം.

സര്‍... ഞാന്‍ ചോദിച്ചതിന് സാര്‍ മറുപടിയൊന്നും പറഞ്ഞില്ല... അവളില്ലാതെ.. ഞാന്‍...
അയാള്‍ സ്വയം വാക്കുകള്‍ക്ക് തടയിടാന്‍ ശ്രമിക്കുകയാണെന്നെനിക്കു തോന്നി. എന്തിനാണ് നിങ്ങളുടെ ഈ അഭിനയം?- കുറച്ച് ഉച്ചത്തില്‍ തന്നെയാണ് ഞാന്‍ ചോദിച്ചത്. കഴിഞ്ഞ പത്തു വര്‍ഷമായി നിങ്ങളെ എനിക്കറിയാം. എനിക്ക് ഒരിക്കലും കാണാന്‍ ഇടവരരുത് എന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു വ്യക്തിയാണ് നിങ്ങള്‍.... എന്തൊക്കെയാണ് അയാളോടു പറഞ്ഞത് എന്ന് എനിക്കുതന്നെ അറിയില്ല. പറഞ്ഞു കഴിഞ്ഞപ്പോള്‍ പക്ഷേ, എന്റെ മനസ്സില്‍ തോന്നിയത് എന്തോ ഭാരം ഇറക്കിവെച്ചതു പോലെയുളള ഒരനുഭവമായിരുന്നു.

നിങ്ങളുടെ ആ മാസ്‌ക് ഒന്നു മാറ്റൂ. അതിനു പിന്നിലെ യഥാര്‍ഥ മുഖം ഞാന്‍ ഒന്നു കാണട്ടെ! ഞാന്‍ പറഞ്ഞു തീരേണ്ട താമസം അദ്ദേഹം മാസ്‌ക് വലിച്ചു മാറ്റി. ആ മുഖത്ത് ഒരു ഭാവഭേദവുമില്ലായിരുന്നു. യാന്ത്രികമായ ഒരു ചിരിയോടെ അയാള്‍ പറഞ്ഞു- അപ്പോള്‍ സാറിന് എല്ലാം അറിയാമല്ലേ ധൃതിയില്‍ മാസ്‌ക് ധരിച്ച് അയാള്‍ പെട്ടെന്ന് നടന്നു നീങ്ങി. മാസ്‌ക് ആവശ്യമേയില്ലാത്ത ഒരു മനുഷ്യന്‍-ഉള്ളില്‍ നിന്ന് ആരോ വിളിച്ചു പറയുന്നതു പോലെ തോന്നി.

ഇതേ തരത്തിലുള്ള മറ്റേ കഥാപാത്രം ഒരു ടെക്കിയാണ്. അനുഭവവും അതു കൊണ്ടു തന്നെ ഹൈ ടെക് ആണ്. ഒരു യുവ കലാകാരനാണ്. എന്റെ രോഗി. പേര് സുനില്‍. ടെക്കി അദ്ദേഹത്തിന്റെ ചെറുപ്പക്കാരിയായ ഭാര്യയും. ആശുപത്രിക്കിടക്കയില്‍ ഒന്ന് അനങ്ങാന്‍ പോലുമാകാതെ നിസ്സഹായനായി കിടക്കുന്ന സുനിലിന്റെ കൂട്ടിരിപ്പുകാരനായി സ്വന്തം അച്ഛന്‍ മാത്രം. വാര്‍ധക്യ സഹജമായ പ്രശ്നങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളുണ്ടെന്ന് അദ്ദേഹത്തെ കണ്ടാലേ മനസ്സിലാകും. ഒരിക്കല്‍ അദ്ദേഹം മനസ്സു തുറന്ന് സംസാരിച്ചു.

ഡോക്ടറേ... ഇവന് അസുഖമാണെന്ന് അറിഞ്ഞ നിമിഷം അവള്‍ പറന്നു- അവളുടേതായ ഒരു സ്വതന്ത്ര ലോകത്തേക്ക്. അവള്‍ സന്തോഷമായി ജീവിതം ആസ്വദിക്കുകയാണ്. ഇടയ്ക്കൊക്കെ അവനോട് ഫോണില്‍ സംസാരിക്കും. ഫോണില്‍ സംസാരിക്കാനും മെസേജ് അയയ്ക്കാനും വാക്കുകള്‍ മാത്രം മതിയല്ലോ. എന്നാല്‍, ഒരിക്കല്‍പ്പോലും അവള്‍... അദ്ദേഹം വാക്കുകള്‍ക്കു വേണ്ടി തപ്പിത്തടയുകയായിരുന്നു. സാമ്പത്തികമായും ഞങ്ങള്‍ വിഷമിക്കുകയാണ് സാറേ... അദ്ദേഹത്തിന് വാക്കുകള്‍ മുറിഞ്ഞു പോവുന്നുണ്ടായിരുന്നു. ടെക്കിയായ ഭാര്യ എന്റെ ഫോണ്‍ നമ്പറും കൈവശപ്പെടുത്തിയിരുന്നു. ചികില്‍സിക്കുന്ന ഡോക്ടറോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയാമല്ലോ എന്ന് കരുതിയിട്ടാവും! ഇടയ്ക്ക് വിളിക്കും - സുനിലിന്റെ സ്പൗസാണ് സാര്‍... സുനിലിന് എങ്ങനെ... സ്‌കോപ്പുണ്ടോ സാര്‍... പൊള്ളയായ ആ വാക്കുകള്‍ കേട്ട് ഞാന്‍ മടുത്തിരിക്കുന്നു.

സുനിലിന്റെ അവസാന ദിവസം അവളും ഹോസ്പിറ്റലില്‍ വന്നിരുന്നു. കൂട്ടുകാരായ ഏതാനും ടെക്കികള്‍ക്കൊപ്പം. 'അവന്‍ രക്ഷപ്പെടില്ല അല്ലേ സര്‍... അവനില്ലാതെ ഇനി... ആ യുവതി കൂട്ടുകാരിയുടെ തോളിലേക്ക് പതുക്കെ ചേര്‍ന്നു. തികച്ചും യാന്ത്രികമായി. ലൈഫ് ഈസ് ലൈക്ക് ദാറ്റ്... അല്ലേ സര്‍! ദുഃഖത്തിനിടയിലും അവള്‍ ധൈര്യം വീണ്ടെടുത്തതു പോലെ ആശ്വാസഭാവത്തിലാണ് പറഞ്ഞത്.
അവളുടെ മുഖത്തും മാസ്‌ക് ഉണ്ടായിരുന്നു. ആ മാസ്‌ക് മാറ്റാന്‍ പറയണമെന്ന് എനിക്ക് തോന്നിയില്ല. ആ മുഖം കാണാതിരിക്കുന്നതു തന്നെയാണല്ലോ ഉചിതം...

Content highlights: Dr. V.P Gangadharan shares a memory about life of his two patients