ന്നെന്താ പതിവില്ലാതെ ഒരു പകലുറക്കം...? സാധാരണ ഉച്ചയ്ക്ക് ഉറങ്ങാറില്ലല്ലോ.. രമയുടെ കണ്ണുകളില്‍ അത്ഭുതം. എന്തായാലും സന്ധ്യക്ക് കിടന്നുറങ്ങരുത് കേട്ടോ... ദോഷമാണ്! രമ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. കുട്ടിക്കാലത്ത് അമ്മൂമ്മ ആവര്‍ത്തിച്ചു പറയാറുള്ളത് ഓര്‍മയില്‍ തെളിഞ്ഞു വന്നു. സന്ധ്യാനേരത്ത് തിണ്ണയില്‍ കിടന്നുറങ്ങാതെ പോയി നാമം ജപിക്ക്. പട്ടി നീട്ടി ഓളിയിടുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ? അപശകുനമാണത്. കാലന്റെ വരവ്. അതു കേള്‍ക്കേണ്ട താമസം ഗംഗ ഓടി അകത്തു കയറിയിരുന്ന് നാമജപം തുടങ്ങും. നാമജപത്തിനിടയില്‍ ഗംഗയുടെ കുഞ്ഞു മനസ്സില്‍ ഒരു സംശയം മാത്രം ബാക്കി നില്‍ക്കും. അമ്മൂമ്മ പറയുന്ന സമയത്തൊന്നും ഒരു പട്ടിയും ഓളിയിടുന്നത് ഞാന്‍ കേട്ടിട്ടില്ല. പിന്നെ അമ്മൂമ്മ മാത്രം എങ്ങനെ അത് കേള്‍ക്കുന്നു?

തലേന്ന് രാത്രിയില്‍ താമസിച്ചുറങ്ങിയതു കൊണ്ട് നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. ഉറങ്ങാന്‍ കിടന്നതു മാത്രമേ ഓര്‍മയുള്ളൂ.

ഒരു പട്ടി നീട്ടി ഓളിയിടുന്നു. അനേകായിരം പട്ടികള്‍ ഓളിയിട്ടു കൊണ്ട് ആകാശത്തേക്ക് നോക്കി നില്‍ക്കുന്നു. രണ്ടു പേര്‍ ഒരു കറുത്ത് തടിച്ച പോത്തിന്റെ പുറത്തിരുന്ന് ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുന്നു. ദൂരെയായതു കൊണ്ട് സഞ്ചാരികളുടെ മുഖം വ്യക്തമല്ല. അവര്‍ എന്റെ വീടിന്റെ മുറ്റത്ത് വന്നിറങ്ങുന്നു... ഗംഗയുടെ വീട് ഇതല്ലേ? ശബ്ദം എന്റെ അടുത്തേയ്ക്കടുത്തേയ്ക്ക് വരുന്നു. ആരോ കതക് തുറന്നുകൊടുത്തിരിക്കുന്നു. ഞങ്ങളെ മനസ്സിലായോ... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ വേഷഭൂഷാദികളോടെ രണ്ടു പേര്‍ എന്റെ കിടക്കയ്ക്കരികില്‍. ഞാന്‍ യമധര്‍മന്‍- മുമ്പേ വന്നയാള്‍ സ്വയം പരിചയപ്പെടുത്തി. ഇത് ചിത്രഗുപ്തന്‍- ഒരു കെട്ട് ഫയലുകളുമായി പിറകില്‍ നില്‍ക്കുന്നയാളെ ചൂണ്ടിക്കാട്ടി യമദേവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. കാലന്റെ കൊലച്ചിരി- എന്റെ മനസ്സില്‍ ഞാന്‍ കുറിച്ചതങ്ങനെയാണ്! എന്റെ അനുവാദത്തിന് കാത്തു നില്‍ക്കാതെ അവര്‍ കിടക്കയ്ക്കരികില്‍ ഇരിപ്പുറപ്പിച്ചു. മാസ്‌ക് ധരിച്ചതു കൊണ്ടാകാം നിനക്ക് എന്നെ മനസ്സിലാകാതിരുന്നത്-യമദേവന്‍ മുഖത്തെ മാസ്‌ക് പതുക്കെ ഊരിമാറ്റി. എന്തേ സാമൂഹിക അകലം പാലിക്കാതെ എന്റെ അടുത്ത് വന്നിരുന്നത് എന്ന് ഞാന്‍ ചോദിച്ചില്ല. അതിനു പകരം മനസ്സില്‍ നിന്നു വന്നത് ഒരു കുസൃതി ചോദ്യമാണ്. അപ്പോള്‍, ഞങ്ങള്‍ ദൈവങ്ങളായി കാണുന്ന നിങ്ങള്‍ക്കും മാസ്‌കും സാനിറ്റൈസറുമൊക്കെ വേണം അല്ലേ? നിങ്ങളുടെ നാട്ടിലും കോവിഡ് എത്തിയോ? ഉത്തരം പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

ഞങ്ങള്‍ എന്തിനാണ് വന്നിരിക്കുന്നത് എന്നറിയുമോ? യമദേവന്റെ ഈ ചോദ്യത്തിന് ചിത്രഗുപ്തനാണ് മറുപടി നല്‍കിയത്. തന്റെ കൈയിലിരിക്കുന്ന പുസ്തകത്തിന്റെ താളുകള്‍ തലങ്ങും വിലങ്ങും മറിച്ചു നോക്കിക്കൊണ്ട് ചിത്രഗുപ്തന്‍ പറഞ്ഞു- നിന്നെ കൊണ്ടു പോകാനാണ് ഞങ്ങള്‍ വന്നത്. പക്ഷേ, ഈ ഫയലുകളില്‍ നിന്റെ പേര് കാണുന്നില്ലല്ലോ! ചിത്രഗുപ്തന്‍ അസ്വസ്ഥനായി. ഞാനൊന്നു നോക്കട്ടെ... എന്റെ ആകാംക്ഷ യമദേവന് ഇഷ്ടപ്പെട്ടില്ലെങ്കിലും ചിത്രഗുപ്തന്‍ ആ ഫയലുകളെല്ലാം എന്റെ നേരേ വെച്ചു നീട്ടി. വിട്ടു പോയതാകാന്‍ വഴിയില്ലല്ലോ... ആരോടെന്നില്ലാതെ ചിത്രഗുപ്തന്‍ പറയുന്നുണ്ടായിരുന്നു.

വെട്ടിയെഴുത്തും മായ്ച്ചെഴുത്തും തിരുത്തലുകളുമടങ്ങുന്ന ഫയലുകള്‍ നിത്യവും കണ്ടു പരിചയമുള്ള എനിക്ക് അതില്‍ എന്റെ പേര് കണ്ടുപിടിച്ച് ചിത്രഗുപ്തനെ സഹായിക്കാനാവുമെന്നുള്ള അമിത വിശ്വാസമാണ് അത്തരം ഒരപേക്ഷ സമര്‍പ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പരാജയം സമ്മതിച്ചു കൊണ്ട് ഫയലുകള്‍ തിരികെ നല്‍കുമ്പോള്‍ ഞാന്‍ എണ്ണി. 2015 മുതല്‍ 2025 വരെയുള്ള ഫയലുകള്‍. 2015, 2016... 2017 കാണുന്നില്ല. 2017 ലെ ഫയല്‍ കാണുന്നില്ല... ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. യമദേവന്റെ ശബ്ദം ഉയര്‍ന്നു - ഞാനിപ്പോള്‍ ഓര്‍ക്കുന്നു നിന്റെ തീയതി 2017 ലെ ഫയലിലായിരുന്നു. എന്നു ഞാന്‍ നിന്റെയടുത്ത് വന്നതാണ്. അന്ന് നിന്റെ ഭാര്യ ബലമായി നിന്നെയും കൊണ്ട് ഓടി രക്ഷപ്പെട്ടതാണ്. പിന്നെ ലോകത്തെമ്പാടുമുള്ള സകല ദൈവങ്ങളെയും വിളിച്ച് നിന്റെ പേരില്‍ പ്രാര്‍ഥനകള്‍, ആരാധനാലയങ്ങളില്‍ പ്രത്യേക പൂജകള്‍ കര്‍മങ്ങള്‍... അവസാനം ഇരു ചെവിയറിയാതെ രാത്രിക്കു രാത്രി എനിക്ക് ഓടി രക്ഷപ്പെടേണ്ടി വന്നു. അന്ന് ഇവന്‍ കൂടെയില്ലായിരുന്നു- ചിത്രഗുപ്തനെ നോക്കി യമദേവന്‍ പറഞ്ഞു.

2017 ലെ എന്റെ ഹൃദയാഘാതം - എന്നെയും കൊണ്ട് വായുവേഗത്തില്‍ രമ ആശുപത്രിയിലേക്ക്.. നൂറുകണക്കിനാളുകളുടെ പ്രാര്‍ഥന... ഞാന്‍ തിരികെ ജീവിതത്തിലേക്ക് എത്തിയ ചിത്രങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു. പക്ഷേ, 2017ലെ ആ ഫയല്‍ എവിടെ? യമദേവന്റെ സ്വരം കൂടുതല്‍ പൗരുഷമുള്ളതാകുന്നതായി എനിക്ക് തോന്നി. അത്... അത്... അത് തീപ്പിടിത്തത്തില്‍.. ചിത്ര ഗുപ്തന്‍ എന്നെ നോക്കി കണ്ണിറുക്കി. ഏത് തീപ്പിടിത്തം..യമദേവന് ക്ഷമ നശിക്കുന്നതു പോലെ...

അന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം കുറച്ചു ഫയലുകള്‍ കത്തിപ്പോയതിന്റെ കൂടെ 2017 ഉം... ചിത്രഗുപ്തന്‍ പൂര്‍ത്തിയാക്കിയില്ല. അവിടെയും പഴയ വയറിങ്ങും ഫാനും ഷോർട്ട് സര്‍ക്യൂട്ടുമെല്ലാം ഉണ്ടോ... ഞാനറിയാതെ ചിരിച്ചു പോയി! എന്റെ ചിരി യമദേവന്റെ ക്ഷോഭം വര്‍ധിപ്പിച്ചെന്നു തോന്നുന്നു. എന്തായാലും ഞങ്ങള്‍ നിന്നെ കൊണ്ടു പോകാന്‍ പോവുകയാണ്. ഇവനെ വേഗം തയ്യാറാക്ക്.. യമദേവന്‍ ക്ഷോഭം കൊണ്ടു വിറയ്ക്കുകയായിരുന്നു. സാധിക്കില്ല പ്രഭോ!

ചിത്രഗുപ്തന്‍ തന്റെ നിസ്സഹായാവസ്ഥ വിവരിച്ചു. ആവശ്യമായ രേഖകളില്ലാതെ, അനുമതിയില്ലാതെ കൊണ്ടു പോയാല്‍... പിടിക്കപ്പെട്ടാല്‍... വിളിച്ചു പറയാന്‍ പോലും നമുക്ക് ആരുമുണ്ടാവില്ല. ഇവനെ എവിടെ കൊണ്ടു പോകണമെന്നു പോലും ആ ഫയലില്ലാതെ എനിക്ക് തീരുമാനിക്കാനാവില്ല. ചിത്രഗുപ്തന്റെ സ്വരത്തിനും പൗരുഷം ഏറി വരുന്ന പോലെ. ആഫയലിലാണ് ഇവന്‍ ഭൂമിയില്‍ ചെയ്ത കര്‍മങ്ങളും കര്‍മഫലങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. ആ കണക്കെടുത്തെങ്കില്‍ മാത്രമേ ഇവനെ സ്വര്‍ഗത്തില്‍ പാര്‍പ്പിക്കണോ അതോ നരകത്തിലേക്ക് തള്ളി വിടണോ എന്ന് തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ. അതൊന്നുമില്ലാതെ.... ഇല്ല, ഞാനതിന് കൂട്ടുനില്‍ക്കില്ല- രേഖകളില്ലാതെ കടത്താന്‍...ചിത്രഗുപ്തന്‍ ചാടിയെഴുന്നേറ്റു.

അങ്ങനെ കൊണ്ടുപോകാന്‍ ഞാനും സമ്മതിക്കില്ല! ധൈര്യം വീണ്ടെടുത്ത് ഞാനും ഉറക്കെ വിളിച്ചു പറഞ്ഞു. ഒരു രേഖയും ആധാരവുമില്ലാതെ അങ്ങനെ എങ്ങനെ എന്നെ കൊണ്ടു പോകൂം! കള്ളക്കടത്ത് വസ്തുവോ നയതന്ത്ര പാഴ്സലോ ആയിട്ടൊന്നും എന്നെ കൊണ്ടു പോകാന്‍ പറ്റില്ല. ഞാന്‍ അഭിപ്രായത്തില്‍ ഉറച്ചു നിന്നു. യമദേവന്റെ ക്ഷോഭം തണുത്തെന്ന് തോന്നുന്നു. നിനക്ക് എന്നത്തേയ്ക്ക് വരാന്‍ പറ്റും? യമദേവന്‍ എന്നെ നോക്കി.മുന്‍കൂര്‍ ജാമ്യാപേക്ഷ അല്ലേ.. വിട്ടുകൊടുക്കാന്‍ ഭാവമില്ലാത്ത മട്ടില്‍ ഞാന്‍ ഉറക്കെ പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ പോവുകയാണ്- ചിത്രഗുപ്തന്‍ യമദേവന്റെ കൈ പിടിച്ച് എഴുന്നേറ്റു.

2017ലെ ഫയലിന്റെ അവശിഷ്ടങ്ങള്‍ നോക്കട്ടെ ആവശ്യമായ വിവരങ്ങളും രേഖകളും നശിച്ചിട്ടുണ്ടാവില്ല. കോവിഡ് കാരണം കുറച്ച് തിരക്കുണ്ടായിരുന്നു. പിന്നെ, ഇതു കാരണം ഞങ്ങളുടെ കൂടെ പോരാത്തവരുടെ കാര്യത്തില്‍ 2020 ല്‍ നിങ്ങളാരും ജീവിച്ചതായി ഞങ്ങള്‍ കണക്കു കൂട്ടിയിട്ടില്ല. അങ്ങനെ ഒരു വര്‍ഷത്തെ ഇളവ് മിക്കവര്‍ക്കും അനുവദിച്ചിട്ടുണ്ട്. പിന്നെ, എട്ടാം ക്ലാസ്സ് മുതല്‍ ആറോ എട്ടോ വര്‍ഷമുള്ള പഠന കാലം... എന്‍ട്രന്‍സ് കോച്ചിങ് പരീക്ഷകള്‍... ഈ കാലഘട്ടത്തിലൊന്നും നിങ്ങളാരും ജീവിക്കുന്നില്ലല്ലോ... അതിനും ഇളവ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അത് പക്ഷേ, നിന്റെ തലമുറയിലുള്ളവര്‍ക്ക് ബാധകമായിരിക്കില്ല എന്നറിയാമല്ലോ... കടന്നു പോ പുറത്ത്... എന്റ ശബ്ദം പൗരുഷമുള്ളതായി. കടക്കു പുറത്ത്... ഞാന്‍ വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞു.

സന്ധ്യയ്ക്ക് വെറുതേ കിടന്നുറങ്ങരുതെന്ന് ഞാന്‍ പറഞ്ഞതാ... രമയുടെ ശബ്ദം. കണ്ണു തുറന്ന് ജനലിലൂടെ പുറത്തേയ്ക്ക് നോക്കി..ഇല്ല, ആ സന്ദര്‍ശകരുടെ പൊടി പോലും കാണാനില്ല. നേരം ഇരുട്ടി വരികയാണ്.. സ്വപ്നത്തിലാണെങ്കിലും സാക്ഷാല്‍ യമധര്‍മനെയും ചിത്രഗുപ്തനെയും പേടിപ്പിച്ച് ഇറക്കിവിട്ടതില്‍ ഞാനറിയാതെ ഒരു പുഞ്ചിരി ചുണ്ടിലൂറി.. ജീവനാണല്ലോ തിരികെ കിട്ടിയത്.

Content Highlights: Dr. V P Gangadharan share about a memory of a dream