കെ.കെ.ശിവന്‍, ബാലചന്ദ്രന്‍ നായര്‍, അലിക്കുഞ്ഞ്... ഇവരെയൊന്നും വായനക്കാരില്‍ മിക്കവരും അറിയാന്‍ സാധ്യതയില്ല. പക്ഷേ, ഇവരെ അടുത്തറിഞ്ഞവര്‍ക്കാര്‍ക്കും ഇവരെ മറക്കാന്‍ സാധിക്കുകയില്ല. ഒന്നിനൊന്ന് വ്യത്യസ്തരായ മൂന്ന് മനുഷ്യര്‍. ഞാന്‍ അറിയാതെ എന്റെ മനസ്സില്‍ കയറിക്കൂടിയ മൂന്ന് ജീവിതങ്ങള്‍. മറക്കാന്‍ ശ്രമിക്കുന്തോറും അവരുടെ ചിരിക്കുന്ന മുഖങ്ങള്‍ മനസ്സില്‍ കൂടുതല്‍ തിളക്കത്തോടെ തെളിഞ്ഞു വരുന്നു. ചിരിക്കുന്ന മുഖമോ...ഉള്ളില്‍ നിന്ന് ആരോ ഉറക്കെ വിളിച്ചു ചോദിക്കുന്നു! എന്റെ മനസ്സ് അവരുടെയൊക്കെ ഓര്‍മകളിലേക്ക് ചൂഴ്ന്നിറങ്ങുകയായിരുന്നു.
 
ഞാന്‍ ശിവന്‍. വൈറ്റിലയ്ക്കടുത്ത് താമസം. ഒരു എളിയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുഖവുരയോടെയാണ് ശിവന്‍ എന്റെയടുക്കല്‍ എത്തുന്നത്. ഇത് കൃഷ്ണന്‍- കൂടെ വന്നയാളെ ശിവന്‍ പരിചയപ്പെടുത്തി. ഇവന് കാന്‍സറാണ്. വൈറ്റിലയിലെ ആശുപത്രിയില്‍ ഇന്ന് ഡോക്ടറെ കാണാന്‍ വരുന്നുണ്ട്. പ്രത്യേകിച്ചൊന്ന് ശ്രദ്ധിച്ചേക്കണേ... പരിചയപ്പെടുത്തലുകള്‍ക്കു ശേഷം മടങ്ങുമ്പോള്‍ ശിവന്‍ ഒന്നു തിരിഞ്ഞു നിന്നു. തീരെ പാവപ്പെട്ടവരാണ് സാറേ... ഒന്ന് സഹായിച്ചേക്കണം. ഞങ്ങളും ശ്രമിക്കുന്നുണ്ട്... കൃഷ്ണന്റെ ചികില്‍സക്കാലത്ത് ഉടനീളം ശിവന്റെ ശ്രദ്ധയും സഹായവുമുണ്ടായിരുന്നു. അതിനു ശേഷം എത്രയോ രോഗികള്‍! ശിവന്‍ എന്റെ അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, താനുള്‍പ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേരിലോസുഹൃത് ബന്ധത്തിന്റെ പേരിലോ ഒരിക്കല്‍പോലും ശിവന്‍ ഒരാനുകൂല്യവും ആവശ്യപ്പെട്ടിട്ടില്ല. ഞാനുമായുള്ള സൗഹൃദം ഒരവകാശമായി ശിവന്‍ ഒരിക്കല്‍പോലും എടുത്തിട്ടുമില്ല. ശിവനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ആ തികഞ്ഞ നിസ്വാര്‍ഥതയാണ്. ശാന്തമായ സ്വഭാവം, പക്വതയാര്‍ന്ന സമീപനം. വിഷാദം നിറഞ്ഞ ഒരു ചെറിയ പുഞ്ചിരി മുഖത്ത്. തികഞ്ഞ വിനയത്തോടെയുള്ള വര്‍ത്തമാനവും ഇടപെടലുകളും. ഒരു രാഷ്ട്രീയക്കാരന്റേതല്ലാത്ത ഈ സ്വഭാവ ഗുണങ്ങളാണ് ശിവനെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമെന്ന് തോന്നുന്നു. എന്റെ മൂത്തമകന്‍ ഗോകുലിന്റെ വിവാഹച്ചടങ്ങുകളില്‍ ശിവന്‍ പങ്കെടുത്തതും കൈ പിടിച്ച് യാത്ര പറഞ്ഞിറങ്ങിയതും ഞാനോര്‍ക്കുന്നു. വിളിച്ചതിന് പ്രത്യേകം നന്ദി ഡോക്ടറേ... എന്നു പറഞ്ഞാണ് അന്ന് ശിവന്‍ പിരിഞ്ഞത്.അതിനടുത്തൊരു ദിവസം ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ശിവനാണ് സ്വാഗത പ്രസംഗകന്‍. ... ഒരു വലിയ ഡോക്ടര്‍, ഒന്നുമല്ലാത്ത എന്നെ അദ്ദേഹത്തിന്റെ മകന്റെ കല്യാണത്തിന് ക്ഷണിച്ചു. എന്റെ ജീവിതത്തില്‍ അപൂര്‍വമായി കിട്ടിയ ഒരംഗീകാരമായാണ് ഞാന്‍ അതിനെ കാണുന്നത്. അര്‍ഹതയില്ലാത്ത ഒരംഗീകാരം! ശിവന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. ഒരിക്കലും പതറാത്ത ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കണ്ടു മുട്ടുമ്പോഴൊക്കെ ശിവന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ അഗാധ വിനയത്തിന്റെ പ്രകാശനങ്ങളായിരുന്നു. ഞാനല്ല, ശിവന്‍ നിങ്ങളാണ് ശരിക്കും വലിയ മനുഷ്യന്‍ എന്ന് ഓരോ തവണയും ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു പോകുമായിരുന്നു. ഒരു നന്ദിവാക്കു പോലും പ്രതിഫലമായി പ്രതീക്ഷിക്കാതെ, മറ്റുള്ളവരുടെ സങ്കടങ്ങളും ദുരിതങ്ങളും ഏറ്റെടുത്ത്, കഠിനജീവിതം നയിക്കുന്ന ശിവന്‍. വളരെ വലിയൊരു മനസ്സിന്റെ ഉടമയായ ഒരു ഒരു കൊച്ചു മനുഷ്യന്‍... അതായിരുന്നു ശിവന്‍.
***
ബലചന്ദ്രന്‍ നായര്‍- ഞങ്ങളുടെ ബാലചന്ദ്രന്‍ സാര്‍. ഒരു കാലത്ത് ബാഡ്മിന്റണ്‍ കളിക്കാരുടെ ദ്രോണാചാര്യന്‍. വിമല്‍കുമാര്‍, ഡിജു, സ്നേഹ തോമസ്, ജോര്‍ജ് തോമസ്,....ഇന്ത്യന്‍ ബാഡമിന്റണ്‍ ലോകത്തിന് കേരളത്തിന്റെ സംഭാവനകളാണിവരൊക്കെ. ആ നിര അങ്ങനെ നീണ്ടു പോകുന്നു. ഇവരെല്ലാം കളിക്കളക്കില്‍ പിച്ചവെച്ചു തുടങ്ങിയത് ബലചന്ദ്രന്‍ സാറിന്റെ കൈത്താങ്ങിലാണ്. എന്റെ മക്കളായ ഗോകുലും ഗോവിന്ദും സാറിന്റെ ശിഷ്യരായിരുന്നു. കൃത്യസമയത്ത് കളിക്കളത്തില്‍ എത്തണെമെന്നും കളിയോട് നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തണമെന്നും സാറിന് നിര്‍ബന്ധമായിരുന്നു. ശുപാര്‍ശകള്‍ക്കും സുഹൃത് ബന്ധങ്ങള്‍ക്കുമപ്പുറം കളിക്കളത്തില്‍ തികഞ്ഞ കര്‍ക്കശ സ്വഭാവം പുലര്‍ത്തുന്ന പരിശീലകന്‍. സ്വന്തം മക്കളെ ശിഷ്യരാക്കി കളിക്കാന്‍ കൊണ്ടു വരുമ്പോഴും ഈ സ്വഭാവത്തിന് മാറ്റമൊന്നുമില്ല. അവരുടെ ശിഷ്യരുടെ കൂട്ടത്തിലുള്ളവര്‍ മാത്രം. അവര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങളോ ഏതെങ്കിലുമൊരാളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ഒന്നും കാണിക്കാത്ത തികഞ്ഞ ആചാര്യന്‍. തന്റെ പ്രിയ ശിഷ്യര്‍ക്ക് സ്വന്തം കീശയില്‍ നിന്നു കാശെടുത്ത് ഭക്ഷണം വാങ്ങിക്കൊടുത്ത് അവരോടൊപ്പം കൂടുന്ന ഒരു വലിയ മനുഷ്യന്‍. കളിക്കളത്തിലും പുറത്തും നൂറഫു ശതമാനം മാന്യന്‍. തന്റെ ശിഷ്യരും അതു പോലെയായിരിക്കണം എന്ന് നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കുന്ന ഒരു ആചാര്യന്‍. ദ്രോണാചാര്യ എന്ന ബഹുമതിയ്ക്ക് നൂറുപ ശതമാനവും അര്‍ഹതയുള്ള ഒരു വലിയ മനുഷ്യന്‍. അതായിരുന്നു എന്റെ ബാലചന്ദ്രന്‍ സാര്‍.
***
 
സാറേ, വിഷുവൊക്കെയല്ലേ... വീട്ടുകാരി വറുത്ത കുറച്ച് കായ ഉപ്പേരിയും ഞാന്‍ വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കിയ ഒരു കായക്കുലയും സാറിന്റെ ഡ്രൈവറെ ഏല്പിച്ചിട്ടുണ്ട് കേട്ടോ. സാറിനിത് ധൈര്യമായി കഴിക്കാം. ഉപ്പേരിയില്‍ അധികം എണ്ണയുമില്ല. ഒന്നിലും ഒരു മായവുമില്ല. കൃഷിക്കാണെങ്കില്‍ രാസവളം ഉപയോഗിച്ചിട്ടുമില്ല കേട്ടോ- ഇക്കഴിഞ്ഞ വിഷു ദിനത്തിനു തലേന്നാള്‍ ആശുപത്രിയില്‍ വന്ന അലിക്കുഞ്ഞിന്റെ വാക്കുകളാണിവ. വര്‍ഷങ്ങളായുള്ള സുഹൃദ് ബന്ധം. അതും ആരംഭിച്ചത് ഒരു കാന്‍സര്‍ രോഗിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട ഒരവസരത്തിലാണ്. തന്റെ ഊഴവും കാത്ത് ക്ഷമയോടെ ഇരിക്കുന്ന അപൂര്‍വം ചില ഖദര്‍ വസ്ത്രധാരികളില്‍ ഒരാള്‍ - ആദ്യമൊക്കെ അത്രയേ തോന്നിയിരുന്നുള്ളൂ. പതുക്കെപ്പതുക്കെയാണ് അദ്ദേഹത്തെ അടുത്തറിയാന്‍ തുടങ്ങിയത്. നാളുകള്‍ കഴിഞ്ഞപ്പോള്‍ വലിയ അടുപ്പമായി. ഒരു കറതീര്‍ന്ന മനുഷ്യ സ്നേഹി. അങ്ങനെയാണ് അലിക്കുഞ്ഞിന്റെ പേര് ഞാന്‍ പോലുമറിയാതെ മനസ്സില്‍ പതിഞ്ഞത്. പലവട്ടം പല രോഗികളെയും കൊണ്ട് വന്നിട്ടുള്ള അദ്ദേഹം സ്വയം രോഗിയായി വന്നപ്പോഴും മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ലായിരുന്നു. അവസാനം അങ്ങനെ സ്വന്തം കാര്യവുമായി ഞാനും സാറിന്റെ അടുത്തെത്തി അല്ലേ...! അദ്ദേഹം ചിരിച്ചു കൊണ്ടാണ് അതു പറഞ്ഞത്.
 
സാന്ത്വന ചികില്‍സയുമായി ബന്ധപ്പെട്ട മേഖലയില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഒരു വര്‍ഷത്തിലേറെയായി ചികില്‍സയിലുണ്ടായിരുന്ന അലിക്കുഞ്ഞ് ഇടയ്ക്ക് പറയുമായിരുന്നു- ഒരു ദുഃഖമേ ഉള്ളൂ സാറേ... പഴയതു പോലെ ആളുകളുടെ അടുത്തേക്കിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളൊന്നും പറ്റുന്നില്ല എന്നതു മാത്രം. ഈ കോവിഡ്കാലത്ത് ദുരിതമനുഭവിക്കുന്ന എന്റെ കുറേ നാട്ടുകാരുണ്ട്. അവര്‍ക്കൊക്കെ സഹായം ആവശ്യമുണ്ട്. പക്ഷേ, എനിക്ക് പഴയതു പോലെ... വാക്കുകള്‍ അലിക്കുഞ്ഞിന്റെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ശരിക്കും ഒരു വലിയ മനുഷ്യന്‍. എന്റെ മനസ്സില്‍ അദ്ദേഹത്തിന്റെ സ്ഥാനം അതായിരുന്നു.
***
കെ.കെ.ശിവന്‍, ബാലചന്ദ്രന്‍ നായര്‍, അലിക്കുഞ്ഞ്... അടുത്തടുത്ത ദിവസങ്ങളിലാണ് മൂവരും ഈ ലോകത്തോട് വിട പറഞ്ഞു പോയത്. കോവിഡ് ബാധിച്ച് നിത്യേനയെന്നോണം വേര്‍പെട്ടു പോകുന്ന അനേകം മനുഷ്യരില്‍ ഏറെയടുപ്പമുണ്ടായിരുന്ന മൂന്നു പേര്‍. എത്രയോ മനുഷ്യര്‍ ഈ മഹാമാരിക്കു കീഴടങ്ങേണ്ടി വരുന്നു- മനസ്സ് സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴും ആറാതെ ഒരു കുറ്റബോധം മനസ്സില്‍. ഞാന്‍ ഒരു ഡോക്ടറായിരുന്നിട്ടും ഇവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലല്ലോ എന്ന്. മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് പരമപ്രാധാന്യം നല്‍കി ജീവിച്ച ഈ മനുഷ്യര്‍ക്കു വേണ്ടി...
 
വൈറസിനെയും അതിന്റെ ജനിതക മാറ്റത്തെയും മാത്രം പഴിച്ചിട്ട് കാര്യമില്ല. നമ്മളോരോരുത്തരും കുറച്ചു കൂടി ശ്രമിച്ചിരുന്നെങ്കില്‍... എങ്കില്‍... നമുക്ക് അഥവാ രോഗം വന്നാലും മറ്റൊരാളിലേക്കും അതു പകര്‍ന്നു കൊടുക്കില്ലെന്ന് ജാഗ്രതപ്പെടാനായിരുന്നെങ്കില്‍! ഇനിയെങ്കിലും ആ ജാഗ്രത നമുക്ക് പുലര്‍ത്താനായാല്‍ അതും വലിയ മനുഷ്യസേവനമായിരിക്കും... മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു.

Content Highlights: Dr. V P Gangadharan remembers Kochi corporation councillor KK Sivan and kerala badminton coach balachandran nair  Kerala Badminton Coach who died covid 19