ഴിഞ്ഞയാഴ്ച പയ്യന്നൂരില്‍ ഒരു പരിപാടിക്ക് പോയിരുന്നു. അവിടെ മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പോയത്. പ്രധാനമായും അവര്‍ ചെയ്തിരുന്ന ഒരുകാര്യം കാന്‍സര്‍ മൂലം മുടി പോയ സ്ത്രീകള്‍ക്ക് വിഗ്ഗ് നിര്‍മിച്ച് നല്‍കലാണ്. മുടി ദാനമായി സ്വീകരിച്ച് തൃശ്ശൂരിലെ ഒരു സ്ഥാപനത്തില്‍ നല്‍കി, ക്ലബ്ബ് തന്നെ വിഗ്ഗ് നിര്‍മിക്കും. ആശുപത്രികളുമായി ബന്ധപ്പെട്ട് ഡിസ്ചാര്‍ജാകുന്ന സ്ത്രീകള്‍ക്ക് ആവശ്യാനുസരണം വിഗ്ഗ് എത്തിച്ചുനല്‍കും. 

പയ്യന്നൂരിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് അവര്‍ മുടി ദാനമായി സ്വീകരിച്ചിരുന്നു. അക്കൂട്ടത്തില്‍ പ്രധാന സ്ഥാപനം പയ്യന്നൂര്‍ സെയ്ന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളാണ്. ആ സ്‌കൂളിലെ കുട്ടികളോട് സംസാരിക്കുക എന്നത് പയ്യന്നൂരില്‍ എന്റെ ഒരു പ്രധാന പരിപാടിയായിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഞങ്ങള്‍ സ്‌കൂളിലെത്തിയത്. അവരുടെ അവസാനത്തെ പീരീഡ് ഈ ബോധവത്കരണ പരിപാടിയായി അറേഞ്ച് ചെയ്തതാണെന്നു തോന്നുന്നു. ഉച്ച കഴിഞ്ഞെങ്കിലും കുട്ടികളെല്ലാവരും നിറഞ്ഞ പ്രസാദത്തോടെയും തെളിഞ്ഞ മുഖത്തോടെയും നിറദീപങ്ങളായി പുഞ്ചിരിയോടെയിരിക്കുന്നത് ആഹ്ലാദകരമായിരുന്നു. 'കുഞ്ഞുങ്ങള്‍ ഭൂമിയുടെ പ്രകാശമാണ്' എന്നൊക്കെ പറയുന്നത് വെറുതെയല്ല. അവരുടെ പുഞ്ചിരിക്ക് അത്രമേല്‍ തെളിച്ചമുണ്ട്. കളങ്കങ്ങളോ കൗടില്യങ്ങളോ ഇല്ലാത്ത സ്‌നേഹച്ചിരി തെളിയുന്നത് കുട്ടികളുടെ മുഖത്തു മാത്രമാണ്. മുതിരുന്നതോടെ പലവിധ സമ്മര്‍ദങ്ങളും കള്ളത്തരങ്ങളുമൊക്കെ നമ്മുടെ ചിരിയുടെ ശോഭ കെടുത്തും.

വേദിയില്‍ എനിക്ക് ഒരു കുഞ്ഞുപൂച്ചെണ്ടുമായി ഒരു കൊച്ചുമിടുക്കി കയറിവന്നു. ആ പൂച്ചെണ്ടിനെക്കാള്‍ ഭംഗിയും ഹൃദ്യതയുമുണ്ട് അവള്‍ക്ക്. ആ സ്‌കൂളില്‍ നിന്നുമാത്രം 186 കുട്ടികളാണ് വിഗ്ഗ് നിര്‍മാണത്തിനായി മുടി മുറിച്ചുനല്‍കിയത്. വേറെയും നൂറിലധികം കുട്ടികള്‍ മുടി മുറിച്ചുനല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിരുന്നു. എന്നാല്‍, രക്ഷിതാക്കളില്‍ നിന്ന് വ്യക്തമായ അനുമതിപത്രം കിട്ടാതിരുന്നതിനാല്‍ അവരുടെ മുടി എടുക്കാനായില്ല. ഇത്തരത്തില്‍ മുടി ദാനമായി സ്വീകരിക്കുന്ന പരിപാടി പലേടത്തും നടത്താറുണ്ടെങ്കിലും ഒരു സ്‌കൂളില്‍ നിന്ന് ഇത്രയധികം കുട്ടികള്‍ മുന്നോട്ടുവരുന്നത് വിരളമാണ്.

നേരത്തേ പറഞ്ഞ നമ്മുടെ പൂച്ചെണ്ടുകുട്ടി റോട്ടറി ഭാരവാഹികളുടെ പിറകേ 'അങ്കിള്‍... അങ്കിള്‍...' എന്നു വിളിച്ച് നടക്കുന്നത് കാണാമായിരുന്നു. 'അങ്കിള്‍... എന്റെ മുടിയും എടുക്കണം...' എന്നാണ് അവളുടെ ആവശ്യം.

ചെറിയ കുട്ടിയാണ്. നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടിയായിരിക്കും. എന്താണ് പരിപാടി എന്നും എന്തിനാണെന്നുമൊക്കെ അവള്‍ക്ക് നന്നായറിയാം. മുടി നല്‍കിയാലേ അച്ഛനുമമ്മയ്ക്കും സന്തോഷമാവുകയുള്ളൂ എന്നാണ് അവള്‍ പറയുന്നത്. ക്ലബ്ബ് ഭാരവാഹികള്‍ എങ്ങനെയാണ് അവളെ സമാധാനിപ്പിച്ചത് എന്നറിയില്ല.

കുട്ടികളില്‍ നിന്ന് മുടി ദാനമായി സ്വീകരിക്കാന്‍ സ്‌കൂളിലെത്തിയപ്പോള്‍ ഒരുപിടി അരിയും പ്രതീക്ഷിച്ചാണ് ഞങ്ങള്‍ വന്നതെന്നും എന്നാല്‍, വിഭവസമൃദ്ധമായ സദ്യയാണ് കിട്ടിയത് എന്നുമാണ് ക്ലബ്ബ് ഭാരവാഹികള്‍ അവിടെ പ്രസംഗിച്ചത്.

ഇത്തരത്തിലൊരു പരിപാടിയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ മുതിര്‍ന്നയാളുകള്‍ ഈ പരിപാടിക്കു പിന്നില്‍ എന്തെങ്കിലും പ്രത്യേക കാരണം കാണുമായിരിക്കും എന്ന മട്ടിലാണ് ചിന്തിക്കുക. എന്നാല്‍, കുട്ടികള്‍ക്ക് അത്തരം ചിന്തകളൊന്നുമുണ്ടാവില്ല.ഒരായിരം സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ സൂര്യകാന്തിപ്പാടം പോലെ സെയ്ന്റ് മേരീസ് സ്‌കൂള്‍ മനസ്സു നിറച്ചു.

അപ്പോഴാണ്, അവര്‍ക്കിടയില്‍ നിന്നൊരാള്‍ കൂടുതല്‍ തിളക്കമുള്ളൊരു സ്‌നേഹപ്പുഞ്ചിരിയുമായി മുന്നിലെത്തിയത്. കുറച്ചു നാളുകളേ ആയിട്ടുള്ളൂ അവള്‍ ചികിത്സ പൂര്‍ത്തിയാക്കി പോയിട്ട്. സ്‌നേഹത്തോടെ അവള്‍ എന്നോട് ചേര്‍ന്നുനിന്നു.

സ്‌കൂളിലെ ചില കുട്ടികളും പ്രസംഗിക്കാന്‍ വന്നു. അവര്‍ കാലില്‍ തൊട്ടു വന്ദിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ മനസ്സു നിറഞ്ഞ്, ഒന്നും പറയാനാവാതെ നിന്നുപോയി. ചില ഉദ്ഘാടന വേദികളില്‍ ഭദ്രദീപം കൊളുത്തുമ്പോള്‍ ഞാന്‍ പറയാറുണ്ട്: 'ഇവിടെ വിളക്കില്‍ ദീപം പ്രകാശിപ്പിക്കുമ്പോള്‍ അതിനൊപ്പം മനസ്സിലും ഒരു ഭദ്രദീപം കൊളുത്തിവയ്ക്കാന്‍ നമുക്കു കഴിയണം.'

മനസ്സിലെ ആ ദീപത്തിന്റെ ശോഭയാണ് പ്രധാനം. ജനിക്കുമ്പോള്‍ നമ്മളോരോരുത്തരുടെയും ഉള്ളില്‍ പവിത്രമായ ആ ഭദ്രദീപത്തിന്റെ ശോഭയുണ്ടാവും. കുട്ടിക്കാലം പിന്നിട്ട് നമ്മള്‍ മുതിര്‍ന്ന മനുഷ്യരായിത്തീരുന്നതോടെ ഉള്ളിലെ ആ ദീപത്തിന്റെ പ്രഭ നമ്മള്‍തന്നെ കെടുത്തിക്കളയും. അല്ലെങ്കില്‍, അതിനെക്കാള്‍ വലിയ മറ കൊണ്ട് ഉള്ളിലെ വെളിച്ചം നമ്മള്‍ മൂടിവയ്ക്കും. നമ്മുടെ കൗടില്യങ്ങളുടെയും അസൂയയുടെയും അത്യാഗ്രഹങ്ങളുടെയുമൊക്കെ മറകള്‍ കൊണ്ട്. കുട്ടികളുടെ മനസ്സില്‍ ആ ദീപം നിറശോഭയോടെ നില്‍ക്കും.

മനസ്സില്‍ തെളിയുന്ന ആ ഭദ്രദീപത്തിന്റെ ചൈതന്യമാണ് കുട്ടികളുടെ ചിരിയെ അത്രമേല്‍ പ്രഭാമയമാക്കുന്നത്. കുട്ടികളുടെ മനസ്സിലെ ആ ഭദ്രദീപം കെടാതെ സൂക്ഷിക്കാനെങ്കിലും ശ്രദ്ധവയ്‌ക്കേണ്ടതുണ്ട്. കുട്ടികളോട് സ്‌നേഹപൂര്‍ണമായി ഇടപെട്ട്, ആ നന്മയുടെ പ്രഭ കണ്ടറിയാനെങ്കിലും നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍...