നസ്സിലൊരു ദുഃഖഭാരം. ചിന്തകള്‍ക്ക് ആരോ കടിഞ്ഞാണിട്ട പോലെ. മനസ്സ് മരവിച്ച പോലെ. ഒരു മൂകത എന്റെ വീട്ടിലും തളം കെട്ടി നില്‍ക്കുന്നു. അത് കഴിഞ്ഞ ദിവസം മരടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു പോയ പിഞ്ചു കുഞ്ഞുങ്ങളുടെയും ആയയുടെയും ഓര്‍മകള്‍ തന്നെയാണ്. എന്റെ കൊച്ചു മകള്‍ ചിത്തിരാനി ആര്യയും ഒന്നു രണ്ടു ദിവസം ആ കുട്ടികള്‍ കളിക്കുന്നത് നോക്കിനിന്നിരുന്ന കഥ ഞാന്‍ ഓര്‍ക്കുന്നു. ഉമയുടെ മനസ്സ് അസ്വസ്ഥമാകുന്നതും ഞാന്‍ തിരിച്ചറിയുന്നു. പകരം വെയ്ക്കാനില്ലാത്ത ആ പിഞ്ചു കുഞ്ഞുങ്ങളുടെയും ആയയുടെയും ആത്മാവിന് നിത്യശാന്തി നേരുന്നു. അവരുടെ ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും ഈ ദുഃഖം ഉള്‍ക്കൊള്ളാനുള്ള മനഃശക്തി ഈശ്വരന്‍ നല്‍കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

സ്‌നേഹങ്ങളുടെയും സ്‌നേഹബന്ധങ്ങളുടെയും ജീവിക്കുന്ന ചിത്രങ്ങള്‍ ഓരോ ദിവസവും എന്റെ മുന്നിലൂടെ കടന്നുപോകാറുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന രണ്ട് സംഭവങ്ങള്‍ തന്നെ ഒരായുസ്സു മുഴുവന്‍ മനസ്സില്‍ തിളങ്ങി നില്‍ക്കുന്ന അനുഭവങ്ങളായിരുന്നു. അച്ഛനും മക്കളുമായുള്ള സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കിത്തരുന്ന രണ്ട് അനുഭവങ്ങള്‍... അത് പതുക്കെ പതുക്കെ മനസ്സില്‍ തെളിഞ്ഞു.

ഈ ഓഗസ്റ്റില്‍ കല്ല്യാണം നിശ്ചയിച്ചു വച്ചിരിക്കുന്ന 25 കാരിയായ മകള്‍... അവള്‍ക്ക് കാന്‍സറാണ് എന്ന് ഒരു ബയോപ്‌സി പരിശോധനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നു. ആ റിപ്പോര്‍ട്ടും കൊണ്ടാണ് തളര്‍ന്ന മനസ്സുമായി അച്ഛനും അമ്മയും മകളും ഒരാഴ്ച മുമ്പ് എന്റെ അടുത്തെത്തിയത്. അവരുടെ നിസ്സഹായതയും മനസ്സിന്റെ ഭാരവും വിളിച്ചോതുന്നതായിരുന്നു അവരുടെ മുഖഭാവം. പ്രത്യേകിച്ചും അച്ഛന്റെ. ആ മുഖഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ല. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നതുപോലെ. ആ അച്ഛനും അമ്മയ്ക്കും മകളുടെ അസുഖത്തെക്കുറിച്ച് ഒരക്ഷരം പോലും എന്നോട് പറയാന്‍ സാധിക്കുന്നില്ല. ധൈര്യം സംഭരിച്ച് മകള്‍ തന്നെയാണ് കുറച്ചൊക്കെ പറഞ്ഞൊപ്പിച്ചത്. ഒരു ആശുപത്രിയിലെ പരിശോധനയില്‍ കാന്‍സറാണെന്നും മറ്റൊരിടത്ത് നടത്തിയ പരിശോധനയില്‍ കാന്‍സറുണ്ടോ എന്ന് സംശയിക്കണമെന്നുമുള്ള റിപ്പോര്‍ട്ടുണ്ടെന്നും അവള്‍ പറഞ്ഞൊപ്പിച്ചു. ബയോപ്‌സി സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി നല്‍കി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും കാണാനുള്ള തിയ്യതിയും നിശ്ചയിച്ചിട്ടാണ് അവര്‍ പോയത്. ആ റിപ്പോര്‍ട്ടിനാണ് കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും ആ അച്ഛനും അമ്മയും മകളും എന്റെ അടുത്തെത്തിയത്. കല്ല്യാണം.. മാറ്റി വെയ്ക്കണോ ഡോക്ടറേ... അമ്മയാണ് ആദ്യം സംസാരിച്ചത്. ഭാവി വരനോടും കുടുംബത്തോടും ഇക്കാര്യങ്ങള്‍ എല്ലാം സൂചിപ്പിച്ചിട്ടുണ്ടോ?.. മോളേ നോക്കിയാണ് ഞാന്‍ ചോദിച്ചത്. 'ഈ നിമിഷം വരെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ അവരെ അറിയിച്ചിരുന്നു, ഡോക്ടറെ, ഇങ്ങോട്ട് ഇന്ന് പോരുന്ന വിവരവും അവരോട് വിളിച്ച് പറഞ്ഞിരുന്നു. അച്ഛന്‍ പറഞ്ഞു നിര്‍ത്തി. ഏതമ്പലത്തിലാണ് ഇന്നലെ പോയത്. ഏതു ദൈവത്തെ വിളിച്ചാണ് പ്രാര്‍ത്ഥിച്ചത്  ഞാന്‍ ചോദിച്ചത് അവര്‍ കേട്ടില്ലെന്ന് തോന്നുന്നു. ചോദ്യം ഞാന്‍ ആവര്‍ത്തിച്ചു. പ്രാര്‍ത്ഥിക്കാത്ത ദൈവങ്ങളില്ല. കഴിഞ്ഞ ആഴ്ച ഞാന്‍ ശബരിമലയിലായിരുന്നു ഡോക്ടറെ... അച്ഛന്‍ പൊട്ടിക്കരഞ്ഞു. കരച്ചിലടക്കാന്‍ പാടുപെടുന്ന അമ്മയും മകളും..
 
ഞങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കാന്‍സറില്ല എന്നാണ് വന്നിരിക്കുന്നത്. അതുകൊണ്ടാണ് ഏത് അമ്പലത്തിലാണെന്ന്... ഞാന്‍ മുഴുമിച്ചില്ല. അവര്‍ പരസ്പരം കെട്ടിപ്പിടിച്ച് ഉറക്കെക്കരഞ്ഞു. 'സാരിക്കടയും ആഭരണക്കടയുമൊക്കെ ഞാന്‍ പറഞ്ഞു തരാം... ഒരു തമാശമട്ടില്‍ ഞാന്‍ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ വിവാഹം ഓഗസ്റ്റില്‍ത്തന്നെ.. അമ്മയ്ക്ക് സന്തോഷ് കൊണ്ട് മുഴുമിപ്പിക്കാന്‍ സാധിക്കുന്നില്ല. നല്ല മനസ്സാണ് സാറെ അവരുടേത്. ഇക്കാലത്ത് ആരും ഇതൊന്നും വരന്റെ കുടുംബത്തോട് ഈ സ്റ്റേജില്‍ തുറന്ന് പറയില്ല.   എന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടി ഡോക്ടറുടെ വാക്കുകള്‍, ശരിയാണ് എന്റെ മനസ്സും മന്ത്രിച്ചു. 

അതേ വെള്ളിയാഴ്ച ഞാന്‍ കാണുന്ന അടുത്ത രോഗി.. അച്ഛനാണ് രോഗി. മകനും മകളും അച്ഛനുമാണ് എന്റെ മുന്‍പില്‍ ഇരിക്കുന്നത്.  അസുഖത്തെക്കുറിച്ച് വിവരിച്ചശേഷം ഞാന്‍ പറഞ്ഞു. കുറച്ച് കീമോ തെറാപ്പി മരുന്നുകള്‍ എടുക്കേണ്ടി വരും. ഏകദേശം ആറു മാസത്തോളം ചികിത്സ  വേണ്ടി വരും. ഒരു നീണ്ട മൗനത്തിന് വിരാമമിട്ടത് അച്ഛനാണ്. രണ്ടു മക്കളെയും തോളോട് ചേര്‍ത്ത് പിടിച്ച് അദ്ദേഹം വിതുമ്പി.

അമ്മയില്ലാത്ത ഈ രണ്ടു മക്കളെയും കഷ്ടപ്പെട്ടാണ് ഞാന്‍ വളര്‍ത്തി വലിയതാക്കിയത് സാറെ. ഇവര്‍ എനിക്കുവേണ്ടി കഷ്ടപ്പെടാന്‍ പാടില്ല. അതുകൊണ്ട് ചികിത്സ വേണ്ട. അച്ഛന്‍ പറഞ്ഞു. മുഴുമിപ്പിക്കുന്നതിന് മുന്‍പ് തന്നെ മക്കള്‍ രണ്ടു  പേരും ചാടിയെഴുന്നേറ്റു. ഞങ്ങളെ വളര്‍ത്തി വലുതാക്കിയ അച്ഛനില്ലാതെ ഞങ്ങള്‍ക്ക് ഒന്നും വേണ്ട. മകനാണ് രോഷാകുലനായത്. 'മറ്റൊന്നും വേണ്ട' മകളും കൂട്ടിച്ചേര്‍ത്തു. എന്തായാലും ഞങ്ങള്‍ അച്ഛനെ ചികിത്സിക്കും സാറെ. മക്കളുടെ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു. അവരുടെ സ്‌നേഹബന്ധങ്ങളുടെ ആഴം ഞാന്‍ തിരിച്ചറിഞ്ഞു.

അതെ, ഓരോ മനുഷ്യനും ജീവിക്കുന്നത് കുറേയധികം മനുഷ്യരുടെ സ്‌നേഹവലയങ്ങള്‍ക്ക് നടുവിലാണ് എന്ന ഒരു തിരിച്ചറിവ് ഈ രണ്ട് അനുഭവങ്ങളും എന്നെ ഓര്‍മിപ്പിക്കുന്നു. ഓരോ മരണവും ഓരോ വേര്‍പാടും കുറെ മനസ്സുകളെ നോവിക്കുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിയുന്നു. നോവാത്ത മനസ്സുകള്‍ മനുഷ്യമനസ്സുകളല്ല. മരടിലെ അപകടത്തില്‍ മരിച്ച പിഞ്ചു കുഞ്ഞുങ്ങളും ആയയും തീരാത്ത ദുഃഖമായി എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതും സ്‌നേഹം അനശ്വരമാണ് എന്ന സത്യം മനസ്സിനെ ഓര്‍മിപ്പിച്ചുകൊണ്ടു തന്നെയാണ്.