വിദ്യാരംഭ ദിനമായ ചൊവ്വാഴ്ച രാവിലെ കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. വീട്ടിലും രണ്ടുമൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആദ്യക്ഷരം കുറിക്കാന്‍ കഴിഞ്ഞു. അപ്പോഴാണ് വൈക്കത്തുനിന്ന് പ്രസൂര്യ വിളിച്ചത്.

രണ്ടുമൂന്ന് ആഴ്ച മുമ്പ് ഒരിക്കല്‍ ഇതുപോലെ വിളിച്ചിരുന്നു അവര്‍. 'ഒരു കാര്യത്തിനായി വിളിക്കുകയാണ്. സാറിന് ബുദ്ധിമുട്ടാകുമോ..?' എന്നൊക്കെയായി വലിയ സന്ദേഹത്തിലാണ് സംസാരം.

'എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല..പറഞ്ഞോളൂ., എന്താണെന്നറിയണമല്ലോ....'അപ്പോള്‍ പ്രസൂര്യ അവരെക്കുറിച്ചുതന്നെയാണ് പറഞ്ഞത്.

'സാറേ... ഞങ്ങള്‍ ഇവിടെ കുമരകത്താണ്. ഞാന്‍ ഒരു ഹൗസ്‌ബോട്ടില്‍ കാര്യങ്ങള്‍ നോക്കിനടത്തുകയാണ്. മാനേജര്‍. ഭര്‍ത്താവ് ഇവിടെ ഒരു ലോക്കല്‍ ചാനലിനുവേണ്ടി ഫ്രീലാന്‍സായും മറ്റും ജോലിചെയ്യുന്നു. രണ്ടു മക്കളാണ്. ഒരാള്‍ ഒന്‍പതിലും ഒരാള്‍ രണ്ടിലും. ഞങ്ങള്‍ ഇവിടെ അടുത്ത് ചില രോഗികളെയൊക്കെ കഴിവുപോലെ സഹായിക്കാനും മറ്റും ശ്രമിക്കാറുണ്ട്. അങ്ങനെ ഒരു കാര്യത്തിനാണ് സാറിനെ വിളിക്കുന്നത്. കുമരകത്തുള്ള ഒരാളുണ്ട്. കുറച്ചുനാളായി കിടപ്പിലാണ്. ബ്രെയിന്‍ ട്യൂമറാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളയാളാണ്. വൈക്കത്ത് ആശുപത്രിയിലാണ്. അദ്ദേഹത്തിന് സാറിനെ ഒന്നു കാണണമെന്നുണ്ട്. അതാണ് വിളിക്കാന്‍ കാരണം. ഞങ്ങള്‍ ഒരുദിവസം വന്നാല്‍ ഡോക്ടര്‍ക്ക് ഇവിടം വരെയൊന്നു വന്ന് അദ്ദേഹത്തെ കാണാന്‍ പറ്റുമോ?'

അവര്‍ പറയുന്നതില്‍ നിന്ന് കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു.

'എന്നെ കൊണ്ടുപോകാനായി നിങ്ങള്‍ വരികയൊന്നും വേണ്ട. ഞാന്‍ വന്നു കണ്ടോളാം' എന്ന് പറഞ്ഞു.

കുമരകം എനിക്ക് സ്വന്തം നാടാണെന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നു. അച്ഛന്റെ സ്വന്തം വീട് കുമരകത്തായിരുന്നു. അവിടെ പോകുമ്പോഴൊക്കെ 'കുമരകം' ഞങ്ങള്‍ക്ക് ഒരാഘോഷമായിരുന്നു. ഇപ്പോഴും അതേ.

രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു പ്രസൂര്യയുടെ ഫോണ്‍: 'സാറേ... നമ്മുടെ പേഷ്യന്റിന് തീരെ വയ്യാതായിരിക്കുന്നു. വൈക്കത്തെ ആശുപത്രിയില്‍ നിന്ന് കുമരകത്തെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് പരിപാടി. ഇനി പാലിയേറ്റീവ് ചികിത്സകളാണ് വേണ്ടത് എന്ന് പറഞ്ഞു. ഡിസ്ചാര്‍ജ് ആകുമ്പോള്‍ ഞങ്ങള്‍ ഇദ്ദേഹത്തെയും കൂട്ടി തൃപ്പൂണിത്തുറയിലേക്ക് വരട്ടേ...?'

'വയ്യാത്ത ഒരു രോഗിയെയും കൊണ്ട് നിങ്ങള്‍ ഇങ്ങോട്ട് വരേണ്ടതില്ല. എനിക്ക് വൈക്കത്തേക്ക് വരാന്‍ വലിയ ബുദ്ധിമുട്ടില്ല...'ഞാന്‍ പറഞ്ഞു.

അങ്ങനെ വൈക്കത്ത് ആശുപത്രിയില്‍ ചെന്നു. രോഗി തീരെ ദുര്‍ബലനായിരുന്നു. ഉറക്കംതന്നെ. കുറച്ചുനേരം ഞാന്‍ അദ്ദേഹത്തിനടുത്ത് നിന്നു. ഇടയ്ക്ക് അദ്ദേഹം കണ്ണുതുറന്നു. ദുര്‍ബലമായ ആ കൈകളില്‍ ഞാന്‍ പതുക്കെ പിടിച്ചു. പതുക്കെ തലയൊന്നു ചരിച്ച് അദ്ദേഹം വീണ്ടും മയക്കത്തിലാണ്ടു.

അദ്ദേഹത്തിന്റെ ഭാര്യ വളരെ വിശദമായി വീട്ടുകാര്യങ്ങളും രോഗവിവരങ്ങളും ഈ കുട്ടികള്‍ ചെയ്യുന്ന വലിയ സഹായങ്ങളും ഒക്കെ പറഞ്ഞു കൊണ്ടിരുന്നു. ആശുപത്രിയില്‍നിന്ന് ഞങ്ങള്‍ മടങ്ങുമ്പോള്‍ അവര്‍ ആശുപത്രിയുടെ ഗേറ്റ് വരെ ഒപ്പം വന്ന് സംസാരിച്ചുകൊണ്ടിരുന്നു.

പ്രസൂര്യയുടെ മക്കള്‍ക്ക് വൈക്കത്ത് വരണമെന്നുണ്ടായിരുന്നെങ്കിലും അന്ന് ഒക്ടോബര്‍ രണ്ടിന് സ്‌കൂളില്‍ എന്‍.സി.സി.യുടെ പരിപാടി ഉണ്ടായിരുന്നതിനാല്‍ വരാനായില്ല. അച്ഛനുമമ്മയും രോഗികളെ സഹായിക്കാനായി പോകുന്നയിടങ്ങളിലൊക്കെ മക്കളും പോകാറുണ്ട്. ആളുകളുടെ ജീവിതവും ദുരിതവുമൊക്കെ കണ്ടറിയുന്നവര്‍ക്കല്ലേ ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കാനാവൂ! മക്കള്‍ക്ക് വരാന്‍ കഴിയാത്തതിനാല്‍ അവര്‍ കൊടുത്തുവിട്ട ചെറിയൊരു പൊതി പ്രസൂര്യ എനിക്ക് തന്നു. മക്കള്‍തന്നെ വരച്ചുണ്ടാക്കിയ ചെറിയൊരു കൃഷ്ണരൂപം.

അടുത്തദിവസം അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായി പ്രസൂര്യ വിളിച്ചു.

'ഡോക്ടര്‍ വന്നിരുന്നു അല്ലേ. ഞാന്‍ അറിഞ്ഞിരുന്നു.' എന്ന് അദ്ദേഹം പറഞ്ഞതായി പ്രസൂര്യ അറിയിച്ചു.

അടുത്തദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. കുമരകത്ത് അവര്‍ കഴിഞ്ഞിരുന്ന വാടകവീട് ഒരു വീടിന്റെ ഒന്നാം നിലയിലാണ്. അതിനാല്‍, അവിടേക്ക് പോവുക അത്രയെളുപ്പമല്ല. അങ്ങനെയാണ് അവിടെ അടുത്ത് ഒരു പാലിയേറ്റീവ് സെന്ററില്‍ തത്കാലം കഴിയാമെന്ന് കരുതിയത്.

കഴിഞ്ഞദിവസം രാവിലെ പ്രസൂര്യ വിളിച്ചു: 'സാറേ ഒരു മോശം വാര്‍ത്ത പറയാനാണ് വിളിച്ചത് കുഴപ്പമില്ലല്ലോ?'

ദുഃഖവാര്‍ത്തകള്‍ കേള്‍ക്കുന്നത് പുതിയ കാര്യമൊന്നുമല്ലെങ്കിലും ഓരോ വാര്‍ത്തയും വേദനിപ്പിക്കാറുണ്ട്. കുമരകത്തെ നമ്മുടെ രോഗിയുടെ ഭാര്യ മരിച്ചുപോയതായിരുന്നു ആ വാര്‍ത്ത. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. രണ്ടുമൂന്നു ദിവസം മുമ്പ് കണ്ടുസംസാരിക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നമുള്ളതായി തോന്നിയിരുന്നില്ല. ശക്തമായ ഒരു ഹൃദയാഘാതമാണ് നിമിഷനേരംകൊണ്ട് ആ ജീവന് വിരാമമിട്ടത്.

ഇനി അദ്ദേഹത്തിന്റെ പരിചരണച്ചുമതല ഏതാണ്ട് പൂര്‍ണമായും ജീവകാരുണ്യപ്രവര്‍ത്തകരുടെ മാത്രം ചുമലിലാണ്. രോഗദുരിതങ്ങള്‍ക്കിടെ ഈ വാര്‍ത്ത താങ്ങാന്‍പോലും അദ്ദേഹത്തിന് കഴിയുമോ എന്നും ഉറപ്പുണ്ടായിരുന്നില്ല. ജീവിതത്തിന്റെ തിരിവുകള്‍ ഒന്നും നമ്മുടെ ധാരണകളില്‍ നില്‍ക്കുന്നതേയല്ല. 

Content Highlights: D.r VP Gangadharan, VPG, Oncologist VP Ganhadharan