പാട്ട് കേള്‍ക്കുമ്പോള്‍ത്തന്നെ നാവിന്‍തുമ്പത്ത് വെള്ളമൂറും... അപ്പോള്‍ അത് ഏതുസമയത്തും വെച്ചുവിളമ്പാന്‍ തയ്യാറായി നില്‍ക്കുന്നവരെക്കൂടി ഓര്‍ത്താലോ...? അവരുടെ വിഭവങ്ങളുടെ സ്വാദുകൂടി നാവില്‍ തെളിഞ്ഞുവന്നാലോ...? നാടന്‍ഭാഷയില്‍ പറഞ്ഞാല്‍, 'വായില്‍ കപ്പലോടിക്കാവുന്ന' അവസ്ഥയുണ്ടാകും. പക്ഷേ, ഇത്തരം സ്വാദിഷ്ടമായ വിഭവങ്ങള്‍ മനസ്സറിഞ്ഞ് വെച്ചുവിളമ്പിത്തരുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നത് സത്യം. ആ ഗണത്തില്‍പ്പെടുത്താവുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുള്ളതാണ് ആകെയുള്ളൊരു ആശ്വാസം. അങ്ങനെയുള്ള കുറച്ചുപേരെ ഓര്‍ക്കാം ഈ പുതുവത്സര ദിനത്തില്‍...

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ഇരിങ്ങാലക്കുടയിലെത്തി... ബന്ധങ്ങളും ബന്ധുക്കളുമുള്ള എന്റെ സ്വന്തം ഇരിങ്ങാലക്കുട. എന്റെകൂടെ സിദ്ധുവും മണികണ്ഠനും ജഫ്രിയുമടക്കമുള്ള ഒരു ഏഴംഗ സംഘമുണ്ടായിരുന്നു. എല്ലാം കുംഭയുള്ളവര്‍, കുംഭനിറയെ കഴിക്കുന്നവര്‍. സിദ്ധു(സിദ്ധാര്‍ത്ഥ് ശിവ) വിന്റെ ഭാഷ കടമെടുത്ത് പറയുകയാണെങ്കില്‍, 'നാണമില്ലാതെ കഴിക്കുന്നവര്‍.'

'ഉച്ചയ്ക്കും രാത്രിയും ഭക്ഷണം വീട്ടിലാക്കാം കേട്ടോ...' ഹരിയേട്ടന്റെ മനസ്സുതുറന്നുള്ള ക്ഷണം കൂടിയായപ്പോള്‍ ഞങ്ങളുടെ വിശപ്പ് കൂടുതലായി. കുറേ പരിപാടിയുണ്ടായിരുന്നതിനാല്‍ ഉച്ചഭക്ഷണം പുറത്തെവിടെയെങ്കിലുമാകാമെന്ന് തീരുമാനിച്ചു. വിവരമറിയിച്ചപ്പോള്‍ ഹരിയേട്ടന്‍ മനസ്സില്ലാ മനസ്സോടെ അതിന് സമ്മതിച്ചു.

'രാത്രി എന്തായാലും ഭക്ഷണം നമ്മുടെ വീട്ടില്‍ത്തന്നെ, കേട്ടോ ഗംഗച്ചേട്ടാ...' ജ്യോതിയുടെ ഉച്ചത്തിലുള്ള ശബ്ദം, ഹരിയേട്ടന്റെ ശബ്ദത്തിന്റെ ഇടയിലൂടെ കേള്‍ക്കാമായിരുന്നു.

'ഞങ്ങള്‍ ഏഴെട്ടുപേരുണ്ട് ജ്യോതീ...' ജ്യോതിയുടെ ആഹാരത്തിന്റെ രുചി പലവട്ടം ആസ്വദിച്ചിട്ടുള്ള ഞാന്‍ അര്‍ദ്ധമനസ്സോടെ പറഞ്ഞു.

'ഒരു പ്രശ്‌നവുമില്ല ഗംഗച്ചേട്ടാ...' ജ്യോതിയുടെ സ്ഥിരം പ്രതികരണം.

അത് കേട്ടിട്ടാകണം സിദ്ധു ഒരു ദീര്‍ഘനിശ്വാസം വിടുന്നത് ഞാന്‍ ശ്രദ്ധിച്ചു. പരിപാടികളെല്ലാം കഴിഞ്ഞപ്പോള്‍ രാത്രി ഏകദേശം 9.30.

അപ്രതീക്ഷിതമായി ഉമയും ചിത്രാനിയുമടക്കം ആറേഴുപേര്‍ കൂടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അവരെക്കൂടി ജ്യോതി അത്താഴത്തിന് ക്ഷണിച്ചു. കൃത്യമായി പറഞ്ഞാല്‍, 13 പേര്‍ അത്താഴത്തിന് തയ്യാര്‍. സാധാരണ ഒരു വീട്ടമ്മയുടെ മുഖംകറുക്കാന്‍ ഇതൊക്കെ ധാരാളം. അടുക്കളയില്‍ പാത്രങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ ഉയരാന്‍ ഇനിയെന്ത് വേണം... പക്ഷേ, ഹരിയേട്ടന്റേയും ജ്യോതിയുടേയും മുഖത്ത് സന്തോഷം കലര്‍ന്ന പുഞ്ചിരി മാത്രം. പ്രശാന്തിനേയും രമ്യയേയും രശ്മിയേയും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്... ആ കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാകാം, അവരുടെ വികാരങ്ങളും ഭാവങ്ങളും മറിച്ചാകാറില്ല.

അത്താഴം കഴിഞ്ഞ് തിരികെ യാത്രചെയ്യുമ്പോള്‍ പ്രശാന്തിന്റെ ഫോണ്‍ വന്നു: 'ഇന്ന് ഞങ്ങള്‍ക്ക് നല്ലൊരു ദിവസമായിരുന്നു, എല്ലാവരും ചേര്‍ന്ന് ആഘോഷിച്ച നല്ലൊരു ദിവസം...'

ഹരിയേട്ടന്റേയും ജ്യോതിയുടേയും ചിത്രം മനസ്സില്‍ തെളിഞ്ഞുവന്നു.

'കരുനാഗപ്പള്ളിയില്‍ ഇതുപോലൊരു വീടുണ്ട്, വീട്ടുകാരുണ്ട്. അവിടെയെത്തുമ്പോള്‍ കാറിന്റെ സ്റ്റിയറിങ് അറിയാതെ അങ്ങോട്ടു തിരിയും' ഇത് സാരഥി ജഫ്രിയുടെ വാക്കുകളാണ്. കുട്ടിസാറും ഭാര്യ ഷറീഫയും കരുനാഗപ്പള്ളിവഴി ഞാന്‍ കടന്നുപോകുന്നുണ്ടെങ്കില്‍ ഫോണ്‍ വിളിവരും: 'ഭക്ഷണം ഇവിടെയാണ് േേകട്ടാ...'

'പത്തുപന്ത്രണ്ടു പേര്‍ കൂടെയുണ്ട്...'

ഞാന്‍ പറയേണ്ട താമസം കുട്ടിസാറിന്റെ നര്‍മംകലര്‍ന്ന മറുപടി വരും: 'നേരത്തെ പറഞ്ഞത് നന്നായി, വീടുപൂട്ടിയിറങ്ങാമല്ലോ...'

പക്ഷേ, ആ വീട് ഒരിക്കലും പൂട്ടാറില്ല... പത്തുപേരായാലും പതിനഞ്ചുപേരായാലും എന്നും തുറന്നിട്ട വാതിലുകള്‍...

'രണ്ട് പഴംകൂടി കഴിച്ചിട്ടുപോ...' കുട്ടിസാറിന്റെ സ്ഥിരം പല്ലവി.

തിരികെ കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ കുട്ടിസാറിന്റെ ഭാര്യ കൈയിലൊരു പൊതിയുമായി ഓടിയെത്തും: 'ഇത് ഉമയ്ക്കുള്ള ബിരിയാണി...' ആ മുഖത്ത് ക്ഷീണമില്ല... പുഞ്ചിരി മാത്രം... കണ്ണുകളില്‍ തിളക്കംമാത്രം.

തിരുവനന്തപുരത്ത് ജയ്‌നഗറില്‍ ഞങ്ങളുടെ അയല്‍ക്കാരായിട്ടുള്ള അങ്കിളും ആന്റിയും... സ്വന്തം വീട്ടില്‍നിന്ന് കഴിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം ഞങ്ങള്‍ കഴിച്ചിട്ടുള്ളത് ആ വീട്ടില്‍നിന്നാണ്. ഞങ്ങള്‍ മാത്രമല്ല, ഞങ്ങളുടെ വീട്ടില്‍ ആരുവന്ന് താമസിച്ചാലും ഭക്ഷണവുമായി ഓടിയെത്തുന്ന അങ്കിളും ആന്റിയും... അതൊക്കെ ഒരു പ്രത്യേക മനസ്സാണ്, അപൂര്‍വമായി കാണുന്ന മനസ്സുകള്‍.

പ്രിയ കൊടുത്തുവിടുന്ന മധുര പലഹാരങ്ങളുമായി ഓടിയെത്തുന്ന മണികണ്ഠന്‍, സറീന കൊടുത്തുവിടുന്ന ബിരിയാണിയുമായി പാഞ്ഞുവരുന്ന റിയാസ്, ഡല്‍ഹിയിലെ വാസകാലത്ത് ഞങ്ങള്‍ക്ക് വെച്ചുവിളമ്പിത്തരുമായിരുന്ന കൊടുങ്ങല്ലൂര്‍ക്കാരായ അമ്മാമന്‍, അമ്മായി, സതീശിന്റെ അമ്മ, ചെന്നൈയിലെ തിരക്കുപിടിച്ച ദിവസങ്ങളില്‍ എത്രയോവട്ടം ആഹാരം വെച്ചുവിളമ്പിത്തന്നിട്ടുള്ള വത്സ, കൃഷ്ണകുമാര്‍... ഇവരെല്ലാം ഇത്തരം മനസ്സിന്റെ ഉടമകളാകുന്നു.

അട്ടപ്പാടിയിലെ രമേശനേയും ഭാര്യയേയും കുറിച്ച് ഉമയ്ക്കും ഗോകുലിനും പറയാന്‍ ആയിരംനാവുകള്‍... നീണ്ടുപോകുന്ന ഇത്തരം മനസ്സുള്ളവരുടെ പട്ടികകള്‍.

എന്റെ മനസ്സ് വീണ്ടും ഇരിങ്ങാലക്കുടയിലെത്തി... വെട്ടിയാട്ടിലെ അടുക്കളയില്‍. എന്റെ കുട്ടിക്കാലം മുതല്‍ ഈനിമിഷം വരെ രണ്ടോ മൂന്നോ തലമുറയുമായി ബന്ധമുള്ള വെട്ടിയാട്ടില്‍ വീട്... വീട്ടുകാര്‍... അടുക്കള. ആ വീട്ടിലെ എല്ലാവരും ഇതേ മനഃസ്ഥിതിക്കാരായിരുന്നു. അതുകൊണ്ടായിരിക്കാം പതിവുപോലെ ഇപ്രാവശ്യവും ഞാനറിയാതെ ആ അടുക്കളയില്‍ കയറിയത്, ദോശ ചുട്ടത്, സിദ്ധുവിന് ആ ദോശ പങ്കുവെച്ചത്... 'മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം' എന്ന് പാടിയപോലെ.

'വെച്ചുവിളമ്പാന്‍ അറിഞ്ഞാല്‍ മാത്രം പോരാ, അതിനുമുള്ള മനസ്സുംകൂടി വേണം...' അത് അമ്മയുടേയും ചേച്ചിയുടേയും ശബ്ദമായിരുന്നു.

Content Highlights: Column Dr V P Gangadharan