സ്റ്റെം  സെൽസ്‌ (stem cells) അഥവാ ‘മാതൃ കോശ’ങ്ങളെ ഏത്‌ കോശമായിട്ടും നമുക്ക്‌ മാറ്റിയെടുക്കാം. തക്കതായ ഒരു സാഹചര്യവും വളർച്ചാ സൗകര്യവും ഒരുക്കിക്കൊടുത്താൽ മാത്രം മതി. അങ്ങനെ നമുക്ക്‌ മാതൃകോശങ്ങളെ മസിലുകളുടെ കോശങ്ങളാക്കാം... ഞരമ്പുകളുടെ കോശങ്ങളാക്കാം... എന്തിന്‌, തലച്ചോറിലെ കോശങ്ങൾ പോലുമായിട്ട്‌ മാറ്റിയെടുക്കാം. ഇതിനെ മാതൃകോശങ്ങളുടെ ‘പ്ലാസ്റ്റിസിറ്റി’ എന്നാണ്‌ വിശേഷിപ്പിക്കുക.

പ്ലാസ്റ്റിക്‌ ഏത്‌ രൂപത്തിൽ വേണമെങ്കിലും രൂപാന്തരപ്പെടുത്തിയെടുക്കാം എന്നുള്ളതിനോട്‌ താരതമ്യപ്പെടുത്തിയുള്ള ഒരു വിശേഷണമാണിത്‌. ആധുനിക ചികിത്സാ ക്രമങ്ങളിലെ ഒരത്ഭുത കാൽവെപ്പായിട്ടാണ്‌ ഇതിനെ വിശേഷിപ്പിക്കാറുള്ളത്‌.

ഇതേ സ്വഭാവവിശേഷങ്ങൾ തന്നെയാണ്‌ കുഞ്ഞുങ്ങൾക്കുമുള്ളത്‌. കൊച്ചുകുട്ടികളുടെ ഹൃദയത്തേയും മനസ്സിനേയും ഏതുവിധത്തിലും രൂപാന്തരപ്പെടുത്തിയെടുക്കാം. നൽകുന്ന സാഹചര്യവും സൗകര്യങ്ങളുമനുസരിച്ച്‌ അത്‌ വളരുകയോ തളരുകയോ ചെയ്യും.

 എൻജിനീയർമാരേയും ഡോക്ടർമാരേയും സൃഷ്ടിക്കുന്ന കൊച്ചു കൊച്ചു ഫാക്ടറികളായി നാം മാറിയിരിക്കുന്നു. മറിച്ചുള്ള ഒരു ചിന്ത അനിവാര്യമായിരിക്കുന്നു. കുഞ്ഞുങ്ങളുടെ കുരുന്നുമനസ്സുകളെ ക്രിയാത്മകതയിലേക്കും സന്തോഷത്തിലേക്കും സ്നേഹത്തിലേക്കും ദീനാനുകമ്പയിലേക്കും തിരിച്ചുവിടേണ്ടിയിരിക്കുന്നു. അതു സാധിക്കുമോ...?

അതു സാധിക്കുമെന്നുള്ളതിന്‌ സാക്ഷിയാകാൻ എനിക്കൊരവസരം ലഭിച്ചു... എറണാകുളത്തെ ഡർബാർ ഹാൾ ആർട്ട്‌ ഗാലറിയിൽ ഇക്കഴിഞ്ഞ സെപ്‌റ്റംബർ 29-ാം തീയതി നാലു മണിക്ക്‌ ‘ലിറ്റിൽ സ്‌ട്രോക്സ്‌’ എന്ന പെയിന്റിങ്‌ എക്സിബിഷൻ കാണാൻ അവസരം ലഭിച്ചു. ‘ആർട്ട്‌ ൻ ആർട്ട്‌’ എന്ന സ്ഥാപനത്തിലെ, കുഞ്ഞുമനസ്സുകളുടെ മനസ്സ്‌ തൊട്ടറിയാനുതകുന്ന കുറേ പെയിന്റിങ്ങുകളുടെ പ്രദർശനമായിരുന്നു അത്‌. അഞ്ച്‌ വയസ്സു മുതൽ 16 വയസ്സു വരെ മാത്രമുള്ള കൊച്ചു മിടുക്കികളുടേയും മിടുക്കന്മാരുടേയും കൈവിരുതും മനസ്സ് തുറന്നു കാട്ടുന്ന ഒരു പ്രദർശനം തന്നെയായിരുന്നു അത്‌.

പ്രകൃതിയും ദൈവവും എന്നുവേണ്ട, ആനുകാലിക പ്രസക്തിയുള്ള പല വിഷയങ്ങളും ക്യാൻവാസിൽ തെളിഞ്ഞുകാണാമായിരുന്നു. അവയ്ക്കിടയിലൂടെ ചിത്രശലഭങ്ങളെപ്പോലെ തുള്ളിക്കളിച്ച്‌, പറന്നുനടക്കുന്ന കൊച്ചുകലാകാരന്മാർ, തങ്ങളുടെ മക്കളുടെ ക്രിയാത്മകത കണ്ട്‌ മതിമറന്ന്‌ നിൽക്കുന്ന അച്ഛനമ്മമാർ, അവർക്കിടയിലൂടെ ഇതിനെല്ലാം വഴിയൊരുക്കിയ സീമ ടീച്ചറും സംഘവും. 

‘‘ഡോക്ടറെ അറിയുമോ...?’’ -സീമ ടീച്ചറുടെ ഈ ചോദ്യത്തിന്‌ ഒരു കുട്ടിയൊഴികെ ബാക്കിയെല്ലാവരും ‘അറിയില്ല’ എന്ന അർഥത്തിൽ തലകുലുക്കി.   ചെറിയ ജാള്യത താത്‌കാലികമായി മനസ്സിൽ തോന്നിയെങ്കിലും സങ്കടം തോന്നിയില്ല. ഒരു വര പോലും നേരെ ചൊവ്വേ വരയ്ക്കാൻ അറിയാത്ത എന്നെ അവരെങ്ങനെ അറിയാൻ?

പ്രദർശനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഒരതിഥിയായി എന്നെയും ക്ഷണിച്ചിരുന്നു, സീമ ടീച്ചർ. ‘‘ഇൗ പ്രദർശനത്തിലെ വരുമാനത്തിന്റെ സിംഹഭാഗവും കാൻസറിനെതിരേ പടപൊരുതുന്ന കൊച്ചുകുട്ടികളുടെ ചികിത്സാച്ചെലവിനായി കൊച്ചിൻ കാൻസർ സൊസൈറ്റിയെ ഏൽപ്പിക്കുന്നു’’ എന്നു പറഞ്ഞ്‌ ടീച്ചർ ഒരു ചെക്ക്‌ വെച്ചുനീട്ടിയപ്പോഴാണ്‌ എന്നെ കുട്ടികൾ അറിയാതെപോയതിന്റെ കാരണം എനിക്കു മനസ്സിലായത്‌. ആ കുട്ടികളുടേയും മാതാപിതാക്കളുടേയും ടീച്ചറിന്റേയുമത്ര വിശാല മനസ്കത ഇല്ലാത്ത (പ്രത്യേകിച്ചും ആ കുട്ടികളുടെ പ്രായത്തിൽ) എന്നെ കുട്ടികൾ എങ്ങനെ തിരിച്ചറിയാൻ...? 

chidren
ലിറ്റില്‍ സട്രാക്‌സ് പെയിന്റിങ് എക്‌സിബിഷനില്‍ പങ്കെടുത്ത കൊച്ചുകലാകാരന്‍മാര്‍ക്കും കലാകാരികര്‍ക്കുമൊപ്പം വി.പി ഗംഗാധരന്‍

വിറ്റുപോയ പെയിന്റിങ്ങുകളുടെ വിലയുടെ നേർപകുതി കുട്ടികളുടെ ചികിത്സാച്ചെലവിനും ബാക്കി തുക ആ പെയിന്റിങ്ങിന്റെ സൃഷ്ടികർത്താവിനുമാണത്രെ. എന്തൊരു വിശാലമായ ആശയം... ഞാൻ ആസ്വാദിച്ച ആ വരകൾക്കും ചിത്രങ്ങൾക്കുമൊക്കെ കുറേക്കൂടി നിറം വച്ചതുപോലെ.  കുട്ടികളുടേയും മാതാപിതാക്കളുടേയും കണ്ണിലെ തിളക്കം കൂടി വരുന്നതുപോലെ.

മനസ്സിലൊരു ചാരിതാർഥ്യം തോന്നി... ഈ തുക ഉപയോഗിക്കാനുള്ള ഒരു ഉപകരണമായി ഞാൻ മാറിയതിൽ. മറുപടിപ്രസംഗത്തിൽ ഞാൻ പറഞ്ഞു: ‘‘നിങ്ങളുടെ സന്മനസ്സു മൂലം, നിങ്ങളുടെ വരകളിലൂടെ നിങ്ങളറിയാത്ത കുറേ കുട്ടികൾ നിറങ്ങളുടെ ലോകത്തേക്ക്‌ തിരികെ വരും. അതിന്‌ മനസ്സു കാണിച്ച കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും ടീച്ചർമാർക്കും എന്റെ പ്രണാമം.’’

ഒരു നാലുവയസ്സുകാരൻ എന്നെ പിറകിൽ നിന്ന്‌ തോണ്ടിയിട്ട്‌ പറഞ്ഞു: ‘‘അങ്കിളിനുള്ള ഗിഫ്‌റ്റ്‌ സ്റ്റേജിൽ ഞാനല്ല തരുന്നത്‌. ഹൈബി അങ്കിളിന്‌ ഞാനാണ്‌ കൊടുക്കുന്നത്‌. രണ്ടും നല്ല ഗിഫ്‌റ്റാണ്‌ കേട്ടോ...’’കാറിൽ തിരികെ ആശുപത്രിയിലേക്ക്‌ വരുമ്പോൾ ഞാൻ ചിന്തിച്ചു: ‘നിഷ്കളങ്കമല്ലേ കുഞ്ഞുങ്ങളുടെ മനസ്സുകൾ... ഏതു തരത്തിൽ വേണമെങ്കിലും രൂപാന്തരപ്പെടുത്തിയെടുക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്‌ മനസ്സുകൾ... ആ മനസ്സുകളെ വികൃതമായ, കാഠിന്യമുള്ള ഒരു  ലോഹക്കഷ്ണമാക്കി മാറ്റുന്നതിൽ മാതാപിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും പങ്ക്‌ വളരെ പ്രധാനം. അതുകൊണ്ടുതന്നെ, മാറേണ്ടത്‌ ഇവരുടെ മനസ്സുകളാണ്‌... അതാകട്ടെ നമ്മുടെ ഇന്നത്തെ പ്രാർത്ഥന.’